Monday, June 18, 2012

കുരുക്ക് മുറുകി കയര്‍മേഖല


ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവര്‍ണ നാരിന് രാജ്യത്തിന് പുറത്തും അകത്തും ഇന്നും ഒരു പോലെ പ്രിയമാണ്. ചകിരിയും കയറും തടുക്കും മാത്രമല്ല; ചകിരിച്ചോറിനും ആവശ്യക്കാരുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ചെറുകിട കയര്‍ തറികള്‍ നിലച്ചിട്ട് നാളുകളായി. കയര്‍പിരി മേഖലയിലും പണിയില്ല. വല്ലപ്പോഴും ഒരു പണി ലഭിച്ചാല്‍ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി പോലും കിട്ടില്ല. കയര്‍ സംഘങ്ങളിലും കയര്‍ ഫെഡിലും കോടികളുടെ കയര്‍ കെട്ടിക്കിടക്കുന്നു. മൂല്യവര്‍ധിത ഉല്‍പ്പന്നമുണ്ടാക്കാന്‍ സ്ഥാപിച്ച ഫോംമാറ്റിങ്സില്‍ ആറു പ്ലാന്റുകള്‍ അടച്ചിട്ടു. വന്‍കിട കയറ്റുമതി സ്ഥാപനങ്ങളെ ആഗോളസാമ്പത്തിക പ്രതിസന്ധിയും ബാധിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ഒരു വര്‍ഷം കൊണ്ട് തന്നെ കേരളത്തിലെ കയര്‍ മേഖല പാടെ സ്തംഭിച്ചു. പിരി തൊഴിലാളികളും തറി തൊഴിലാളികളും പട്ടിണിയിലേക്ക് നീങ്ങുകയാണ്. കയറില്‍ കരവിരുത് നെയ്ത് കേരളത്തിന്റെ പ്രൗഢിയും പൈതൃക സമ്പത്തും കാത്ത കയര്‍ തൊഴിലാളികള്‍ മറ്റ് തൊഴിലിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇഛാശക്തി പ്രകടിപ്പിച്ചും പണം നല്‍കിയും സംരക്ഷിച്ച കയര്‍മേഖലയാണ് ഒരു വര്‍ഷത്തിനകം കൂപ്പുകുത്തിയത്. സര്‍ക്കാരിന്റെ നയവും നടപടികളും ഇതിന്റെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ആക്കം കൂട്ടുകയും ചെയ്തു.

സര്‍ക്കാര്‍ നിയോഗിച്ച കയര്‍ കമീഷന്‍ കയര്‍ വില ഇതുവരെ നിശ്ചയിച്ചിട്ടില്ല. നിശ്ചയിക്കാത്തതിനെ തുടര്‍ന്ന് സംഘങ്ങള്‍ക്കും കയര്‍ഫെഡിനും കയര്‍ വാങ്ങാനും വില്‍ക്കാനും വയ്യാത്ത അവസ്ഥയാണ്. സംഘങ്ങള്‍ നല്‍കുന്ന ചകിരി വീടുകളില്‍ പിരിച്ച് കയറാക്കി സംഘത്തില്‍ നല്‍കി അത് കയര്‍ഫെഡിന് നല്‍കുകയാണ് രീതി. വില തീരുമാനിക്കാത്തതിനാല്‍ തൊഴിലാളികള്‍ പിരിച്ച് കയറാക്കിയതിന്റെ വില സംഘങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നില്ല. ഇതു മൂലം കയര്‍ സഹകരണ സംഘങ്ങളില്‍ ആറുകോടി രൂപയുടെയും കയര്‍ഫെഡിന്റെ ഡിപ്പോകളില്‍ 11 കോടിയുടെയും കയര്‍ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി കയര്‍ഫെഡിന് പ്രവര്‍ത്തന മൂലധനവും അനുവദിച്ചിട്ടില്ല. കയര്‍സംഘങ്ങളുടെ പ്രവര്‍ത്തന മൂലധനം 7.5 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതു നടപ്പാക്കിയിട്ടില്ല. ഇന്‍കം സപ്പോര്‍ട്ട് സ്കീം നടപ്പാക്കാന്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 കോടി കയര്‍ഫെഡിന് അനുവദിക്കാതിരുന്നതും കയര്‍ മേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

വന്‍കിട കയറ്റുമതി സ്ഥാപനങ്ങളുടെ ഓര്‍ഡര്‍ സംഭരിച്ച് സംഘങ്ങള്‍ വഴി നല്‍കി തൊഴിലാളികളില്‍ നിന്ന് രണ്ട് ശതമാനം കമീഷന്‍ ഈടാക്കുകയായിരുന്നു നേരത്തെ ഉണ്ടായിരുന്ന രീതി. എന്നാല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് നിര്‍ത്തലാക്കി. സംഭരിക്കുന്ന കയറിന്റെ വിലയുടെ മൂന്നു ശതമാനം കമീഷന്‍ സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇതുമുലം ചെയ്യുന്ന ജോലിയുടെ മുഴുവന്‍ കൂലിയും തൊഴിലാളികള്‍ക്ക് ലഭിച്ചു. എന്നാല്‍ ഈ വര്‍ഷം ഈ കമീഷന്‍ തുക അനുവദിച്ചില്ല. ചെറുകിട തറി ഉടമകളെ സഹായിക്കാന്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരത്തെ കയര്‍കോര്‍പറേഷന്‍ സംഭരിച്ചിരുന്നു. ഓണക്കാലത്ത് ചെറുകിട തറി ഉടമകള്‍ക്ക് ഇത് ഏറെ സഹായകമായിരുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാനും ഇത് സഹായിച്ചു. എന്നാല്‍ കോര്‍പറേഷന്‍ കയറുല്‍പ്പന്ന സംഭരണം നിര്‍ത്തിയതോടെ എല്‍ഡിഎഫ് ഭരണകാലത്ത് അപ്രത്യക്ഷമായ ഡിപ്പോക്കാര്‍ വീണ്ടും സജീവമായി. കയറുല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ലെന്ന് വാദിച്ച് കുറഞ്ഞ വിലയ്ക്കാണ് തടുക്കും മറ്റ് ഉല്‍പ്പന്നങ്ങളും ഡിപ്പോക്കാര്‍ സംഭരിക്കുന്നത്. മറ്റു മാര്‍ഗമില്ലാത്തതിനാല്‍ കിട്ടുന്ന വിലയ്ക്ക് വില്‍ക്കാന്‍ ചെറുകിട ഉല്‍പ്പാദകരും നിര്‍ബന്ധിതരായി തീരുന്നു.

കയറ്റുമതി വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി ജി സുധാകരന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ അന്താരാഷ്ട്ര കയര്‍ പ്രദര്‍ശനം വന്‍ വിജയമായിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അതും പ്രഹസനമാക്കി. ഈ വര്‍ഷത്തെ കയര്‍പ്രദര്‍ശനത്തില്‍ വിദേശ ഓര്‍ഡറുകള്‍ ലഭിച്ചില്ലെന്നുതന്നെ പറയാം. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷം കേവലം 12000 ടണ്‍ കയര്‍ സംഭരിച്ച സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 70,000 ടണ്‍ കയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞു. ലക്ഷ്യം തീരുമാനിച്ച് ഇഛാശക്തിയോടെ പുനരുദ്ധരിച്ച കയര്‍ മേഖലയെ വന്‍കിടക്കാര്‍ക്ക് വേണ്ടി വീണ്ടും താറുമാറാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
(ഡി ദിലീപ്)

deshabhimani 180612

1 comment:

  1. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവര്‍ണ നാരിന് രാജ്യത്തിന് പുറത്തും അകത്തും ഇന്നും ഒരു പോലെ പ്രിയമാണ്. ചകിരിയും കയറും തടുക്കും മാത്രമല്ല; ചകിരിച്ചോറിനും ആവശ്യക്കാരുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ചെറുകിട കയര്‍ തറികള്‍ നിലച്ചിട്ട് നാളുകളായി. കയര്‍പിരി മേഖലയിലും പണിയില്ല. വല്ലപ്പോഴും ഒരു പണി ലഭിച്ചാല്‍ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി പോലും കിട്ടില്ല. കയര്‍ സംഘങ്ങളിലും കയര്‍ ഫെഡിലും കോടികളുടെ കയര്‍ കെട്ടിക്കിടക്കുന്നു. മൂല്യവര്‍ധിത ഉല്‍പ്പന്നമുണ്ടാക്കാന്‍ സ്ഥാപിച്ച ഫോംമാറ്റിങ്സില്‍ ആറു പ്ലാന്റുകള്‍ അടച്ചിട്ടു. വന്‍കിട കയറ്റുമതി സ്ഥാപനങ്ങളെ ആഗോളസാമ്പത്തിക പ്രതിസന്ധിയും ബാധിച്ചു.

    ReplyDelete