Monday, July 16, 2012

ആറന്മുള വിമാനത്താവളത്തിനായി ഹൈക്കമാന്‍ഡ് സമ്മര്‍ദം


ആറന്മുള വിമാനത്താവളത്തിനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമേല്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദം മുറുകി. വ്യവസായമേഖലയായി വിജ്ഞാപനം ചെയ്ത 500 ഏക്കറില്‍ പദ്ധതി തുടങ്ങാന്‍ സര്‍ക്കാരില്‍നിന്നുള്ള അനുമതിക്കാണ് കേന്ദ്രസമ്മര്‍ദം. ഇതിന്റെ ഫലമായാണ് വ്യവസായ മന്ത്രി പത്തനംതിട്ട കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 2005 വരെയുള്ള നിലംനികത്തലിന് അംഗീകാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവും ഇതിന്റെ ഭാഗമാണ്. വിമാനത്താവളത്തിന്റെ നിര്‍ദിഷ്ടസ്ഥലം 2004ലും അതിനുമുമ്പും നികത്തിയതാണ്. റിലയന്‍സ് ഗ്രൂപ്പിനെ ഉപയോഗിച്ചാണ് പുതിയ നീക്കം. വിമാനത്താവളനിര്‍മാണ കമ്പനിയായ കെജിഎസ് ഗ്രൂപ്പിന്റെ 30 ശതമാനം ഓഹരി റിലയന്‍സിനു കൈമാറിയാണ് പ്രശ്നത്തില്‍ അവരെ ഇടപെടുവിച്ചത്. റിലയന്‍സിന് ഓഹരി നല്‍കിയശേഷം കേന്ദ്ര ഇടപെടല്‍ പെട്ടെന്നുണ്ടായി. ബന്ധപ്പെട്ട കേന്ദ്രഅനുമതികള്‍ അതിവേഗം ലഭ്യമായി. പ്രതിരോധ വകുപ്പിന്റെ അനുമതി റോക്കറ്റ് വേഗത്തിലായിരുന്നു. വ്യോമയാന വകുപ്പും പരിസ്ഥിതിവകുപ്പും പച്ചക്കൊടി കാട്ടി. ഏതാണ്ട് ആറുമാസം മുമ്പ്, നടപടികള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍ക്കു നിര്‍ദേശം കിട്ടി. തുടര്‍ന്ന് കലക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ച് പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കണമെന്ന ആവശ്യം ഉന്നയിച്ചു. നിയമവിരുദ്ധമായി നെല്‍വയല്‍ നികത്തിയുള്ള സംരംഭം അനുവദിക്കില്ലെന്ന് സിപിഐ എം വ്യക്തമാക്കി. അതോടെ ആ നീക്കം അന്ന് അവസാനിപ്പിച്ചു.

കെജിഎസിന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട ഭുമി നിയമവിരുദ്ധമായി നെല്‍വയല്‍ നികത്തിയെടുത്തതാണെന്ന കണ്ടെത്തലോടെയാണ് നേരത്തെ പദ്ധതി നിയമക്കുരുക്കില്‍ അകപ്പെട്ടത്. ഇതു മറികടക്കാന്‍ മൂന്നു വില്ലേജുകളിലായുള്ള 1963 സര്‍വെ നമ്പരുകളിലെ ഭൂമിയാണ് വിജ്ഞാപനം ചെയ്യപ്പെട്ടത്. ഇത് എത്രസ്ഥലം ഉണ്ടെന്നതിന് വ്യക്തതയില്ല. 2004-ല്‍ അമേരിക്കന്‍ പ്രവാസി ഏബ്രഹാം കലമണ്ണില്‍ ആറന്മുള കരിമാരത്ത് 16.5 ഏക്കര്‍ വസ്തു വാങ്ങിയാണ് തുടക്കം. ആറന്മുള പുഞ്ചയിലെ 232 ഏക്കര്‍ ഭൂമി ഇദ്ദേഹം വാങ്ങിക്കൂട്ടി. മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍, ആറന്മുള വില്ലേജുകളിലായി 500 ഏക്കറാണ് ആറന്മുള പുഞ്ച. ആറന്മുള വില്ലേജിലെ പാടത്തോട് ചേര്‍ന്നുള്ള മല ഇടിച്ചുനിരത്തി 65 ഏക്കര്‍ പാടം നികത്തി. പമ്പാനദിയുടെ പ്രധാന ജലസ്രോതസ്സായ കോഴിത്തോടും റെവന്യൂ പുറമ്പോക്കും നികത്തി. ഏബ്രഹാമിന്റെ മൗണ്ട് സിയോണ്‍ എന്‍ജിനിയറിങ് കോളേജില്‍ എയ്റോനോട്ടിക്ക് എന്‍ജിനിയിറിങ് കോഴ്സിനായി എയര്‍സ്ട്രിപ്പിനെന്ന പേരിലായിരുന്നു നിലംനികത്തല്‍. ഇതിനെതിരെ സിപിഐ എമ്മും കെഎസ്കെടിയുവും ശക്തമായ പ്രക്ഷോഭം ആരംഭിച്ചു. ഹൈക്കോടതിയില്‍ കേസും നല്‍കി. നിലം നികത്തലിനെതിരെ ഹൈക്കോടതി ഉത്തരവുണ്ടായി. കോളേജിന് കോഴ്സ് ലഭിക്കാതെവന്നപ്പോള്‍ എയര്‍സ്ട്രിപ്പ് എന്നതു മാറ്റി മിനി വിമാനത്താവളം എന്നാക്കി. മറ്റുചില വ്യവസായികളും ചേര്‍ന്നായിരുന്നു ഈ സംരംഭം.

ഈഘട്ടത്തിലാണ് കെജിഎസിന്റെ രംഗപ്രവേശം. ഡിഎംകെ എംപി കുമരനാണ് കെജിഎസ് കമ്പനിയുടെ പ്രധാനി. കെജിഎസിലെ "കെ" ഇദ്ദേഹത്തിന്റെ പേരാണ് സൂചിപ്പിക്കുന്നത്. ടു ജി സ്പെക്ട്രം അഴിമതിയിലൂടെ ലഭിച്ച പണമാണ് ഇദ്ദേഹത്തിന്റെ സാമ്പത്തികസ്രോതസ്സെന്ന് ആക്ഷേപമുണ്ട്. കമ്പനി വക്താവായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ആറന്മുള സ്വദേശി ജിജിയാണ് "ജി". തമിഴ്നാട്ടിലെ ഷണ്‍മുഖമാണ് "എസി"ന്റെ അവകാശി. ചെന്നൈ ആസ്ഥാനമായ കമ്പനി 2009ല്‍ ഭൂമിവാങ്ങി അന്താരാഷ്ട്ര വിമാനത്താവളം എന്ന പദ്ധതിയാക്കി. അവര്‍ തയ്യാറാക്കിയ രൂപരേഖയില്‍ 57 ഏക്കര്‍ വാണിജ്യമേഖല, നാല് കിലോമീറ്റര്‍ റണ്‍വേ, 5000 ചതുരശ്രമീറ്റര്‍ ടെര്‍മിനല്‍ എന്നിവയുണ്ടായിരുന്നു. റണ്‍വേ 500 ഏക്കറില്‍ ഒതുങ്ങുമോ എന്ന സംശയം ഉയര്‍ന്നത് ഈ ഘട്ടത്തിലാണ്.

പിന്നീട് കാര്യങ്ങള്‍ നീങ്ങിയത് വേഗത്തിലാണ്. തമിഴ്നാട്ടിലെ എന്‍വിറോ കെയര്‍ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ പരിസ്ഥിതി റിപ്പോര്‍ട്ട് കെജിഎസ് സമ്പാദിച്ചു. വന്യമൃഗങ്ങളും അപൂര്‍വ സസ്യജാലങ്ങളും ഇല്ലാത്ത പ്രദേശമാണിതെന്ന റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതിവകുപ്പിന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് അവര്‍ തള്ളി. ഐഎന്‍എസ് ഗരുഢയുടെ ഫ്ളൈയിങ് സോണില്‍വരുന്ന പ്രദേശമാണ് ആറന്മുള. അതിനാല്‍ പ്രതിരോധ മന്ത്രാലയവും ആദ്യം അനുമതി നിഷേധിച്ചു. റിലയന്‍സിനെ കൊണ്ടുവന്നതോടെ ഈ കടമ്പകള്‍ കടക്കാന്‍ പ്രയാസമുണ്ടായില്ല. വിമാനത്താവളത്തിനായുള്ള കെജിഎസിന്റെ അപേക്ഷ പരിഗണിച്ച മുന്‍ സംസ്ഥാന സര്‍ക്കാര്‍, ഭൂമി ഏറ്റെടുത്ത് നല്‍കുക, നീര്‍ത്തട-നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ തള്ളി. 2010 സെപ്തംബര്‍ എട്ടിനു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക് വിധേയമായി കമ്പനി സ്വന്തം നിലയ്ക്ക് ഭൂമി കണ്ടെത്തണം എന്ന നിര്‍ദേശത്തോടെയാണ് വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്.
(എ ആര്‍ സാബു)

deshabhimani 160712

No comments:

Post a Comment