Saturday, July 14, 2012

സുധാകരനെതിരായ പൊലീസ് കേസും എഴുതിത്തള്ളുന്നു


സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടെന്ന് പ്രസംഗിച്ച കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിക്കെതിരായ പൊലീസ് കേസും സിബിഐ അന്വേഷണത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാര്‍ എഴുതിത്തള്ളുന്നു. പ്രസംഗത്തിന്റെ പേരിലുള്ള വിജിലന്‍സ് കേസ് എഴുതിത്തള്ളാന്‍ കഴിഞ്ഞ ദിവസം വിജിലന്‍സ്് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ തുടര്‍ച്ചയായാണ് ക്രൈം ഡിറ്റാച്ച്മെന്റ് വിഭാഗം അന്വേഷിക്കുന്ന കേസും എഴുതിത്തള്ളാന്‍ വെള്ളിയാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

വിജിലന്‍സ് റിപ്പോര്‍ട്ടിലെ അതേവാദമാണ് ക്രൈം ഡിറ്റാച്ച്മെന്റ് വിഭാഗവും ഉന്നയിച്ചത്. സിബിഐ അന്വേഷണം നടത്തുന്നതിനാല്‍ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നാണ് ഇവരുടെയും വാദം. എന്നാല്‍, സിബിഐ അന്വേഷണത്തിന്റെ വിശദാംശങ്ങളൊന്നും ഹാജരാക്കാത്തതിനാല്‍ പൊലീസിന്റെ വാദം കോടതി പരിഗണിച്ചില്ല. സിബിഐ കേസെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (മൂന്ന്) എ ഇജാസ് ഉത്തരവിട്ടു. പരമോന്നത നീതിപീഠത്തെയും നീതിന്യായവ്യവസ്ഥയെയാകെയും പരസ്യമായി വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് നടത്തിയ പ്രസംഗമാണ് അധികാരത്തിന്റെ പിന്‍ബലത്തില്‍ നിയമങ്ങളെയും ചട്ടങ്ങളെയും നോക്കുകുത്തിയാക്കി സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയിലാണ് എഴുതിത്തള്ളല്‍. ജയില്‍മോചിതനായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് 2011 ഫെബ്രുവരി 12ന് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണയോഗത്തിലാണ് സുധാകരന്റെ വിവാദപ്രസംഗം. ഈ കേസില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ രക്ഷപ്പെടുത്തുമെന്ന് ഉറപ്പുണ്ടായിരുന്ന സുധാകരന്‍ വീണ്ടും ഇതേരീതിയില്‍ പ്രസംഗം തുടര്‍ന്നു. തന്റെ ഗണ്‍മാന് തോക്ക് നല്‍കിയത് കാക്കയെ വെടിവയ്ക്കാനല്ലെന്നതടക്കമുള്ള പ്രകോപനങ്ങള്‍ സുധാകരന്‍ നടത്തി. പ്രസംഗത്തിനെതിരെ അഡ്വ. പള്ളിച്ചല്‍ എസ് കെ പ്രമോദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി (മൂന്ന്)യാണ് സുധാകരനെതിരെ കേസ് രജിസ്റ്റര്‍ചെയ്യാന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് പിന്നീട് ക്രൈം ഡിറ്റാച്ച്മെന്റിന് കൈമാറി. എന്നാല്‍, കേസന്വേഷണം പ്രഹസനമാക്കി. വിജിലന്‍സ് കേസിലെന്നപോലെ ഈ കേസിലും പ്രതി സുധാകരനെ ചോദ്യംചെയ്യാന്‍പോലും തയ്യാറായില്ല. ഇതേത്തുടര്‍ന്ന്, അന്വേഷണം മന്ദഗതിയിലാണെന്ന് കാണിച്ച് അഡ്വ. നെയ്യാറ്റിന്‍കര നാഗരാജന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കോടതി അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന്മറുപടിയായാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ഡിറ്റാച്ച്മെന്റ് അസി. കമീഷണര്‍ കെ ഇ ബൈജു കേസ് എഴുതിത്തള്ളണമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിലെ 12 സാക്ഷികളെ ചോദ്യംചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമാനമായ കേസ് വിജിലന്‍സ് എടുത്തിട്ടുണ്ടെന്നും അതിന്റെ അന്തിമറിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു.

സുപ്രീംകോടതി രജിസ്ട്രാര്‍ ജനറല്‍, അഡ്വ. ദീപക് പ്രകാശ് എന്നിവരുടെ പരാതികളിലും സിബിഐ അന്വേഷണം നടത്തുകയാണ്. അതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ല. അന്വേഷണം അവസാനിപ്പിച്ച് അന്തിമറിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിബിഐ അന്വേഷിക്കുന്ന കേസിന്റെ നമ്പര്‍, പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദേശിച്ചു. 19നകം റിപ്പോര്‍ട്ട് ഫയല്‍ചെയ്യാനും ആവശ്യപ്പെട്ടു. സുധാകരനെതിരായ വിജിലന്‍സ് കേസ് എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ചമുമ്പാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി അന്തിമറിപ്പോര്‍ട്ട് നല്‍കിയത്. 27ന് ഈ കേസ് വിജിലന്‍സ് കോടതി പരിഗണിക്കും.

deshabhimani 140712

No comments:

Post a Comment