Saturday, July 14, 2012

വിവാദ ദല്ലാള്‍ നന്ദകുമാറിനെതിരെ വിജ്ഞാപനം ആഭ്യന്തരമന്ത്രിയുടെ ഓഫീസ് മുക്കി


വിവാദ ദല്ലാള്‍ നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം നടത്താനുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാരിന് കൈമാറാതെ മാസങ്ങളായി പൂഴ്ത്തിവച്ചതിനുപിന്നില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ്. തിരുവഞ്ചൂരുമായി നന്ദകുമാറിനുള്ള അടുപ്പം നേരത്തെ വിവാദമുയര്‍ത്തിയിരുന്നു. വിജ്ഞാപനം മുക്കിയ ആഭ്യന്തരവകുപ്പ് മൂന്നു മാസത്തിനുശേഷം സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കാനുള്ള അവസരവും നന്ദകുമാറിന് ഒരുക്കിക്കൊടുത്തു. നന്ദകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരുന്ന 437/സിആര്‍/ഒസിഡബ്ല്യു-2ഇകെഎ/2010 നമ്പര്‍ കേസ് സിബിഐക്ക് കൈമാറാന്‍ ഈ വര്‍ഷം ഫെബ്രുവരി 22നാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. അഞ്ചുമാസമായിട്ടും വിജ്ഞാപനം കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് രേഖാമൂലം സമ്മതിച്ചു.

പരാതിക്കാരന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഈ കുറ്റസമ്മതം. ജോമോന്റെ വ്യാജ ഒപ്പിട്ട് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മറ്റും കള്ളപ്പരാതി അയച്ചെന്നാണ് കേസ്. അനധികൃത സ്വത്തുസമ്പാദനവും അന്വേഷണപരിധിയില്‍ വരും. ജോമോന്‍ 2011 നവംബര്‍ ഏഴിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. വിജ്ഞാപനം കേന്ദ്രസര്‍ക്കാരിന്റെ പഴ്സണല്‍ മന്ത്രാലയത്തിന് കൈമാറിയാല്‍മാത്രമേ സിബിഐ അന്വേഷണം ഏറ്റെടുക്കൂ. കേസുസംബന്ധിച്ച വിശദാംശമടങ്ങിയ റിപ്പോര്‍ട്ട് ഡിജിപിയില്‍നിന്ന് ലഭ്യമാക്കി വിജ്ഞാപനത്തിനൊപ്പം കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് കൈമാറുകയാണ് വേണ്ടതെന്നും ഇത് ചെയ്തിട്ടില്ലെന്നുമാണ് ആഭ്യന്തരവകുപ്പ് ഇപ്പോള്‍ തുറന്നുസമ്മതിച്ചത്. നന്ദകുമാറിനെതിരെ മറ്റ് കേസുകളില്‍ സിബിഐ അന്വേഷണത്തിന് വിജ്ഞാപനങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടില്ലെന്നും ആഭ്യന്തരവകുപ്പിന്റെ മറുപടിയില്‍ പറയുന്നു. വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും തുടര്‍നടപടികള്‍ സുപ്രീംകോടതി സ്റ്റേചെയ്തിരിക്കുകയാണെന്ന് ജൂണ്‍ 11ന് തിരുവഞ്ചൂര്‍ നിയമസഭയെ അറിയിച്ചു. യുഡിഎഫ് എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടിയായാണ് ഇതറിയിച്ചത്. മെയ് 25നാണ് സുപ്രീംകോടതി ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഫെബ്രുവരി 22ന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ തുടര്‍നടപടി എടുക്കാതെ നന്ദകുമാറിന് സ്റ്റേ സമ്പാദിക്കാനുള്ള എല്ലാ സൗകര്യവും ആഭ്യന്തരവകുപ്പ് ഒരുക്കിക്കൊടുത്തു. മാത്രമല്ല, നന്ദകുമാറിന്റെ ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ഹാജരായതുമില്ല. സംസ്ഥാനത്തെ ഉന്നതരുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ അസാധാരണ നടപടി. ഇടക്കാല ഉത്തരവ് നീക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചതുമില്ല. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് പറയുന്ന മറ്റൊരു കേസിലും നന്ദകുമാര്‍ സുപ്രീംകോടതിയില്‍നിന്ന് താല്‍ക്കാലിക സ്റ്റേ സമ്പാദിച്ചിരുന്നു.

റിലയന്‍സുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചില്ല. എന്നാല്‍, നന്ദകുമാര്‍ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഈ കേസിലും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ഹാജരായില്ല. നന്ദകുമാറിനെതിരായ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഒട്ടേറെ വിവാദ ഇടപാടുകളില്‍ ഉള്‍പ്പെട്ടതായി ആക്ഷേപമുള്ള ടി ജി നന്ദകുമാര്‍ എറണാകുളം സ്വദേശിയാണ്. ദീര്‍ഘകാലമായി ഡല്‍ഹിയും മറ്റും കേന്ദ്രീകരിച്ച് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ഇയാള്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നാണ് അറിയപ്പെടുന്നത്. ടി ജി എന്‍ കുമാര്‍ എന്ന പേരും ഉപയോഗിക്കുന്നു.

deshabhimani 140712

1 comment:

  1. വിവാദ ദല്ലാള്‍ നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം നടത്താനുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാരിന് കൈമാറാതെ മാസങ്ങളായി പൂഴ്ത്തിവച്ചതിനുപിന്നില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ്. തിരുവഞ്ചൂരുമായി നന്ദകുമാറിനുള്ള അടുപ്പം നേരത്തെ വിവാദമുയര്‍ത്തിയിരുന്നു. വിജ്ഞാപനം മുക്കിയ ആഭ്യന്തരവകുപ്പ് മൂന്നു മാസത്തിനുശേഷം സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കാനുള്ള അവസരവും നന്ദകുമാറിന് ഒരുക്കിക്കൊടുത്തു. നന്ദകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരുന്ന 437/സിആര്‍/ഒസിഡബ്ല്യു-2ഇകെഎ/2010 നമ്പര്‍ കേസ് സിബിഐക്ക് കൈമാറാന്‍ ഈ വര്‍ഷം ഫെബ്രുവരി 22നാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. അഞ്ചുമാസമായിട്ടും വിജ്ഞാപനം കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് രേഖാമൂലം സമ്മതിച്ചു.

    ReplyDelete