Saturday, July 14, 2012

യുപി ജാതിപഞ്ചായത്ത് പ്രേമവിവാഹം നിരോധിച്ചു


ഉത്തര്‍പ്രദേശില്‍ ബാഗ്പതിലെ ഗ്രാമത്തില്‍ ജാതിപഞ്ചായത്ത് പ്രേമ വിവാഹം നിരോധിച്ചു. 40 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുന്നതിനും വീടിനു പുറത്ത് മൊബൈല്‍ ഉപയോഗിക്കാനും വിലക്കേര്‍പ്പെടുത്തി. സ്ത്രീകള്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ തല മറയ്ക്കണമെന്നും തീട്ടൂരമിറക്കി. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍നിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെ ബാഗ്പത് ജില്ലയിലെ രാമാല മേഖലയിലെ അസര ജാതിപഞ്ചായത്തിന്റേതാണ് വിചിത്ര തീരുമാനം. പ്രേമിച്ച് വിവാഹിതരായാല്‍ ഗ്രാമത്തില്‍നിന്ന് നാടുകടത്തുമെന്നാണ് ജാതിപഞ്ചായത്തിന്റെ നിലപാട്. ബുധനാഴ്ച ചേര്‍ന്ന 36 ഗോത്രത്തലവന്മാരുടെ യോഗമാണ് തീട്ടൂരമിറക്കിയത്. പ്രേമവിവാഹവും മിശ്രവിവാഹവും സാമൂഹ്യഘടനയെ തകര്‍ക്കുമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വികാരം. സന്ധ്യകഴിഞ്ഞാല്‍ പുരുഷ അകമ്പടിയില്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്ത്രീകളെ കൂടാതെ യുവാക്കള്‍ക്കും നിരത്തുകളില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകളെ അപമാനിക്കുന്ന കല്‍പ്പന പുറപ്പെടുവിച്ച പത്ത് ഗോത്രത്തലവന്മാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് ബാഗ്പത്് പൊലീസ് സൂപ്രണ്ട് വി കെ ശേഖര്‍ പറഞ്ഞു. ജാതിപഞ്ചായത്തിന്റെ വിലക്ക് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ഒരു സംഘം ആക്രമിച്ചു. എസ്ഐയുടെ മോട്ടോര്‍സൈക്കിളും കത്തിച്ചു. സംഭവത്തില്‍ യുപി വനിതാകമീഷന്‍ ജില്ലാ അധികാരികളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഭരണഘടനാപരമായ അധികാരമില്ലാത്ത ജാതിപഞ്ചായത്തുകളുടെ തീട്ടൂരം ആധുനികകാലത്ത് ഫലിതമാണെന്ന് ദേശീയ വനിതാകമീഷന്‍ അധ്യക്ഷ മമത ശര്‍മ പ്രതികരിച്ചു. ജാതിയുടെയും ഭൂമിശാസ്ത്രഘടനയുടെയും അടിസ്ഥാനത്തില്‍ പരമ്പരാഗതമായി നിലനില്‍ക്കുന്ന ജാതി പഞ്ചായത്തുകള്‍ക്ക് ഉത്തരേന്ത്യയില്‍ വന്‍ സ്വാധീനമുണ്ട്.

deshabhimani 140712

1 comment:

  1. ഉത്തര്‍പ്രദേശില്‍ ബാഗ്പതിലെ ഗ്രാമത്തില്‍ ജാതിപഞ്ചായത്ത് പ്രേമ വിവാഹം നിരോധിച്ചു. 40 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുന്നതിനും വീടിനു പുറത്ത് മൊബൈല്‍ ഉപയോഗിക്കാനും വിലക്കേര്‍പ്പെടുത്തി. സ്ത്രീകള്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ തല മറയ്ക്കണമെന്നും തീട്ടൂരമിറക്കി.

    ReplyDelete