Friday, August 31, 2012

നരോദ പാട്ടിയ: ബിജെപി മുന്‍മന്ത്രിക്ക് 18 വര്‍ഷം തടവ്


നരോദാ പാട്ടിയ കേസില്‍ പ്രതികള്‍ക്ക് കടുത്തശിക്ഷ. ബിജെപി എംഎല്‍എ മായ ബെന്‍ കൊദ്നാനിക്ക് 28 വര്‍ഷവും ബജ്രംഗ്ദള്‍ നേതാവ് ബാബു ബജ്രംഗിക്ക് 21 വര്‍ഷവും ശിക്ഷ വിധിച്ചു. അഹമ്മദാബാദിലെ പ്രത്യേകകോടതിയാണ് ശിക്ഷ വിധിച്ചത്. 7 പ്രതികള്‍ക്ക് 21 വര്‍ഷം ശിക്ഷയുണ്ട്. കൊദ്നാനി 18 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. വിധി സ്വാഗതാര്‍ഹമാണെന്ന് കേസില്‍ വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തിയ ടീസ്റ്റ ടെസ്തല്‍വാദ് പ്രതികരിച്ചു. നരേന്ദ്രമോഡി മന്ത്രിസഭയിലെ അംഗമായിരുന്ന മായ ബെന്‍ കൊദ്നാനി എംഎല്‍എയടക്കം 32 പേര്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തി. ശിക്ഷ വിധിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 61 പ്രതികളില്‍ 29 പേരെ വിട്ടയച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേകസംഘം കേസ് അന്വേഷിച്ചത്.


കൊലപാതകം, ഗൂഢാലോചന, കലാപത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഗുജറാത്ത് വംശഹത്യയില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്ന നരേന്ദ്രമോഡിയുടെ വാദത്തിനേറ്റ കനത്ത തിരിച്ചടിയാണ് പ്രത്യേക കോടതിവിധി.ഗോധ്രയില്‍ ട്രെയിന്‍ യാത്രക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും വിശ്വഹിന്ദുപരിഷത്തും 2002 ഫെബ്രുവരി 28ന് ആഹ്വാനംചെയ്ത ബന്ദിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഭവദിവസം രാവിലെ അഹമ്മദാബാദിലെ മുസ്ലിംഭൂരിപക്ഷപ്രദേശമായ നരോദാ പാട്ടിയയില്‍ ഒത്തുചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത്, ബിജെപി പ്രവര്‍ത്തകര്‍ 97 മുസ്ലിങ്ങളെ കൂട്ടക്കൊലചെയ്തശേഷം മൃതദേഹങ്ങള്‍ ഒരു പൊട്ടക്കിണറ്റിലിട്ട് കത്തിച്ചു.

നരോദാ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന മായ ബെന്‍ കൊദ്നാനിയാണ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്നാണ് കേസ്. സംഭവത്തെത്തുടര്‍ന്ന് പൊലീസ് ആരംഭിച്ച അന്വേഷണം പക്ഷപാതപരമാണെന്ന ആക്ഷേപത്തെത്തുടര്‍ന്ന് 2003 നവമ്പറില്‍ കേസന്വേഷണം സുപ്രീംകോടതി സ്റ്റേചെയ്തു. 2008 മാര്‍ച്ചില്‍ സുപ്രീംകോടതി നരോദാ പാട്ടിയ അടക്കം ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഒമ്പത് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. നരോദാ പാട്ടിയ കേസ് വിചാണയ്ക്ക് ജ്യോത്സ്ന യാജ്ഞിക്കിനെ പ്രത്യേക അതിവേഗ കോടതി ജഡ്ജിയായി നിയമിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് വനിത-ശിശുക്ഷേമ മന്ത്രിയായിരിക്കെ 2009 മാര്‍ച്ച് 27ന് മായ കൊദ്നാനിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അവര്‍ മന്ത്രിസ്ഥാനം രാജിവച്ചു.


കേസില്‍ മൊത്തം 70 പ്രതികളെയും അറസ്റ്റുചെയ്തെങ്കിലും ഇവരില്‍ ആറുപേര്‍ 2009 ഒക്ടോബറില്‍ കുറ്റപത്രം സമര്‍പ്പിക്കുംമുമ്പ് മരിച്ചു. രണ്ട് പേര്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോയി. കോടതി നിയോഗിച്ച സംഘം 2012 ജനുവരിയില്‍ നരോദാ പാട്ടിയ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഏപ്രിലില്‍തന്നെ വിധി തയ്യാറായിരുന്നെങ്കിലും വീണ്ടും പ്രതികളിലൊരാള്‍ മരിച്ചതിനെത്തുടര്‍ന്ന് വിധിപ്രസ്താവം നീട്ടിവയ്ക്കുകയായിരുന്നു.ഗൈനക്കോളജി വിഭാഗം ഡോക്ടറായിരുന്ന മായ കൊദ്നാനിയുടെ രാഷ്ട്രീയവളര്‍ച്ച അതിവേഗത്തിലായിരുന്നു. 1995ല്‍ ബിജെപിയുടെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായി. മുസ്ലിങ്ങള്‍ക്കെതിരായ പ്രകോപനപരമായ പ്രസംഗങ്ങളാണ് അവരുടെ രാഷ്ട്രീയവളര്‍ച്ചയുടെ പ്രധാന കാരണം. ബിജെപി സ്ഥാനാര്‍ഥിയായി നരോദയില്‍നിന്ന് അവര്‍ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. നരോദാ പാട്ടിയ സംഭവത്തിലും ഗുജറാത്ത് വംശഹത്യയിലും അവരുടെ പങ്കിനുള്ള പ്രതിഫലമെന്ന മട്ടിലാണ് മോഡി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിച്ചത്.

deshabhimani news

1 comment:

  1. നരോദാ പാട്ടിയ കേസില്‍ പ്രതികള്‍ക്ക് കടുത്തശിക്ഷ. ബിജെപി എംഎല്‍എ മായ ബെന്‍ കൊദ്നാനിക്ക് 28 വര്‍ഷവും ബജ്രംഗ്ദള്‍ നേതാവ് ബാബു ബജ്രംഗിക്ക് 21 വര്‍ഷവും ശിക്ഷ വിധിച്ചു. അഹമ്മദാബാദിലെ പ്രത്യേകകോടതിയാണ് ശിക്ഷ വിധിച്ചത്. 7 പ്രതികള്‍ക്ക് 21 വര്‍ഷം ശിക്ഷയുണ്ട്. കൊദ്നാനി 18 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. വിധി സ്വാഗതാര്‍ഹമാണെന്ന് കേസില്‍ വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തിയ ടീസ്റ്റ ടെസ്തല്‍വാദ് പ്രതികരിച്ചു. നരേന്ദ്രമോഡി മന്ത്രിസഭയിലെ അംഗമായിരുന്ന മായ ബെന്‍ കൊദ്നാനി എംഎല്‍എയടക്കം 32 പേര്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തി. ശിക്ഷ വിധിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 61 പ്രതികളില്‍ 29 പേരെ വിട്ടയച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേകസംഘം കേസ് അന്വേഷിച്ചത്.

    ReplyDelete