Sunday, August 26, 2012

ഭൂപരിഷ്കരണം അട്ടിമിറക്കാനുള്ള ശ്രമത്തിനെതിരെ സിപിഐ എം പ്രക്ഷോഭത്തിലേക്ക്


സുദീര്‍ഘവും ത്യാഗോജ്വലവുമായ പോരാട്ട പരമ്പരകളിലൂടെയും 1957 ലെ ഇഎംഎസ് സര്‍ക്കാര്‍ അടിത്തറയിട്ട നിയമനിര്‍മ്മാണങ്ങളിലൂടെയും ഭൂപരിഷ്കരണ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കുവാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ഗൂഢ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഐ (എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെയും സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 6ന് പാലക്കാട് നടക്കും.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമ്രാജ്യത്വപ്രേരിതമായ ആഗോളവല്‍ക്കരണനയങ്ങള്‍ ഭക്ഷ്യസുരക്ഷ അട്ടിമറിക്കുകയും വമ്പിച്ച തോതിലുള്ള വിലക്കയറ്റം സൃഷ്ടിക്കുകയുമാണ്. ക്ഷേമപദ്ധതികള്‍ ഉപേക്ഷിക്കപ്പെടുകയും രാജ്യത്തിന്റെ വിലപിടിപ്പുള്ള പ്രകൃതി വിഭവങ്ങളും സ്പെക്ട്രം പോലുള്ള സേവന സാങ്കേതിക വിദ്യയും കുത്തകകള്‍ക്ക് കൈമാറുകയും ചെയ്യുന്ന നയം തുടരുകയാണ്. പട്ടിണിക്കാര്‍ക്ക് ഭക്ഷ്യസുരക്ഷയ്ക്കും വിലക്കയറ്റം തടയുവാനും ആവശ്യമായ തുക വകയിരുത്തുവാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വന്‍കിട കുത്തകകള്‍ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 28 ലക്ഷം കോടി രൂപയുടെ ഇളവുകള്‍ അനുവദിച്ചു. ഈ സാഹചര്യത്തില്‍ സെപ്റ്റംബര്‍ 12-ന് ഭക്ഷ്യസുരക്ഷാദിനം ആചരിക്കാന്‍ അഖിലേന്ത്യാതലത്തില്‍ ഇടതുപാര്‍ടികള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.

മതതീവ്രവാദവും സദാചാര പോലീസും കേരളത്തില്‍ ഉള്‍പ്പെടെ ഗുരുതരമായ ഭീഷണിയായി ശക്തിപ്പെടുന്ന സ്ഥിതിയുണ്ട്. കേരള സര്‍ക്കാര്‍ ജാതി-മത-വര്‍ഗീയശക്തികളുടെ മുന്നില്‍ നിര്‍ലജ്ജം കീഴടങ്ങുന്നു. അഞ്ചാം മന്ത്രി വിവാദം നീറിപ്പുകയുന്നതിനു പുറമെ ഘടകകക്ഷികള്‍ തമ്മിലും കോണ്‍ഗ്രസ് ഉള്‍പ്പെടെ ഘടക പാര്‍ടികള്‍ക്കുള്ളിലും തര്‍ക്കവും അസംതൃപ്തിയും ആളിക്കത്തുകയോ അമര്‍ന്നുനീറുകയോ ആണ്. നെല്ലിയാമ്പതി നിബിഢ വനങ്ങള്‍ കൈവശപ്പെടുത്താന്‍ കയ്യേറ്റക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍. 2008 ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച്, അവശേഷിക്കുന്ന നെല്‍വയലുകള്‍ മണ്ണിട്ട് നികത്താനും ഈ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. അഞ്ചു ശതമാനം തോട്ടഭൂമി ടൂറിസം ആവശ്യത്തിന് ഉപയോഗിക്കാനുള്ള നിയമത്തിലൂടെ, ഒരുലക്ഷത്തോളം തോട്ടഭൂമി റിസോര്‍ട്ടുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുമായി മാറും. ഇതെല്ലാം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം ഭയാനകമാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വഞ്ചിക്കുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നാലായിരത്തിലധികം പേര്‍ക്ക് ദുരിതാശ്വാസത്തിന് അര്‍ഹതയുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും അതില്‍ മഹാഭൂരിപക്ഷത്തെയും അവഗണിച്ച് 150-ല്‍ താഴെ വ്യക്തികള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യുഡിഎഫ് നേതൃത്വത്തിന്റെ അഴിമതിക്കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ഭരണ നേതൃത്വത്തില്‍ എത്തിയതു മുതല്‍ അവര്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി മുതല്‍ ഇതിന്റെ സഹായത്താലാണ് പിടിച്ചുനില്‍ക്കുന്നത്. അതേസമയം, നെല്ലിയാമ്പതി തിരിമറിയോടനുബന്ധിച്ച് ധന-നിയമ മന്ത്രിക്കും സര്‍ക്കാരിന്റെ ചീഫ് വിപ്പിനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിടുകയുണ്ടായി. കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് ആറാംപ്രതിയായി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ യുഡിഎഫ് എംഎല്‍എയെ കേസില്‍നിന്നും ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍ലജ്ജം ശ്രമിക്കുകയാണ്.

20-ാം പാര്‍ടി കോണ്‍ഗ്രസ്സും അതിന്റെ മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനവും ആവിഷ്കരിച്ച ഭാവി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നതു സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് വിശദമായ തീരുമാനങ്ങള്‍ കൈക്കൊണ്ടു. പാര്‍ടിയും പാര്‍ടി അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബഹുജനസംഘടനകളും ചേര്‍ന്ന് ജനങ്ങളുടെ വലുതും ചെറുതുമായ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പരിഹരിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ നിലപാടും പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശ്രദ്ധാപൂര്‍വ്വം ഏറ്റെടുക്കേണ്ടതാണെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. വിവിധ വിഭാഗം ജനങ്ങള്‍ നേരിടുന്ന നാനാതരം വൈഷമ്യങ്ങള്‍ മനസ്സിലാക്കി അതുമായി ബന്ധപ്പെട്ട് നല്‍കാന്‍ കഴിയുന്ന ജീവകാരുണ്യപരമായ സഹായം കാര്യക്ഷമമായി ഉറപ്പാക്കാന്‍ പ്രാദേശികമായി ശ്രദ്ധിക്കുവാന്‍ പരിപാടി തയ്യാറാക്കുന്നതാണ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ മാലിന്യം കുന്നുകൂടുന്നത് കേരളത്തില്‍ ഗുരുതരമായ ഒരു പ്രശ്നമാണ്. സ്രോതസ്സില്‍ തന്നെ മാലിന്യസംസ്കരണം സാധ്യമായത്ര നിര്‍വ്വഹിക്കാന്‍ ശ്രമിച്ചുകൊണ്ട് മാത്രമേ ഈ പ്രശ്നം ഫലപ്രദമായി കൈകാര്യം ചെയ്യാനാവൂ. ജനങ്ങളെ ബോധവല്‍ക്കരിച്ച് ഇതില്‍ പങ്കെടുപ്പിക്കുന്നതും ഇത്തരം പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്. ഈ രംഗത്ത് കൂടുതല്‍ താല്‍പ്പര്യമെടുത്ത് ഇടപെടാനും പങ്കു വഹിക്കാനും പാര്‍ടി ഘടകങ്ങളും പാര്‍ടി അംഗങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളും കൂടുതല്‍ താല്‍പ്പര്യമെടുക്കുന്നതാണ്.

deshabhimani news

1 comment:

  1. സുദീര്‍ഘവും ത്യാഗോജ്വലവുമായ പോരാട്ട പരമ്പരകളിലൂടെയും 1957 ലെ ഇഎംഎസ് സര്‍ക്കാര്‍ അടിത്തറയിട്ട നിയമനിര്‍മ്മാണങ്ങളിലൂടെയും ഭൂപരിഷ്കരണ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കുവാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ഗൂഢ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഐ (എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെയും സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 6ന് പാലക്കാട് നടക്കും.

    ReplyDelete