Friday, August 31, 2012

തെള്ളിയൂരില്‍ ആര്‍എസ്എസ് തേര്‍വാഴ്ച സിപിഐ എം ലോക്കല്‍ സെക്രട്ടറിയുടെ വീട് അടിച്ചുതകര്‍ത്തു


ഇരവിപേരൂര്‍: തെള്ളിയൂര്‍ മേഖലയില്‍ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ്, ബിജെപി ക്രിമിനല്‍ സംഘത്തിന്റെ ആക്രമണം. സിപിഐ എം തെള്ളിയൂര്‍ ലോക്കല്‍ സെക്രട്ടറിയുടെ വീടും വീട്ടുപകരണങ്ങളും ഇരുചക്രവാഹനവും അടിച്ചുതകര്‍ത്തു. അടിച്ചിപ്പുഴ കോളനിയിലെ ആക്രമണത്തില്‍ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ലോക്കല്‍ സെക്രട്ടറി ദീപു എം ടോമിന്റെ വീടിനുനേരെ തിരുവോണ ദിനമായ ബുധനാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. വീടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും വീട്ടുപകരണങ്ങളായ സെറ്റി, ടിവി തുടങ്ങിയവയും പൂര്‍ണമായി അടിച്ചുതകര്‍ത്തു.

ബുധനാഴ്ച ഉച്ചയോടുകൂടി അടിച്ചിപ്പുഴ കോളനിയിലെ താമസക്കാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായ സുഭാഷ് തങ്കപ്പന്‍, അപ്പു, രഞ്ജിത്ത്, സുനില്‍ എന്നിവരെ സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സുഭാഷ്, അപ്പു എന്നിവരെ തിരുവല്ല താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷമാണ് നാലോളം വാഹനങ്ങളില്‍ എത്തിയ അന്‍പതു പേരടങ്ങുന്ന സംഘം തടിയൂരിന് സമീപമുള്ള ദീപുവിന്റെ വീടിനു നേരെ തിരിഞ്ഞത്. അക്രമികള്‍ എത്തുമ്പോള്‍ ദീപു വീട്ടിലുണ്ടായിരുന്നില്ല. മൂന്ന് സംഘങ്ങളായി തിരിഞ്ഞ അക്രമികളില്‍ ഒരു സംഘം മറിച്ചിട്ട ബൈക്ക് കരിങ്കല്ലിന് ഇടിച്ച് പൂര്‍ണമായി തകര്‍ത്തു. മറ്റൊരു സംഘം വടിവാള്‍, ദണ്ഡ് തുടങ്ങിയ ആയുധങ്ങളുമായി വീടിനു ചുറ്റും കൊലവിളി മുഴക്കി സമീപവാസികളെ അകറ്റി. മറ്റൊരു സംഘം വീട് തകര്‍ത്ത് അകത്തുകയറി വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. ഈ സമയം വീടിനുള്ളില്‍ ദീപുവിന്റെ മാതാപിതാക്കളും എംബിഎ വിദ്യാര്‍ഥിനിയായ സഹോദരി ദിയയും മാത്രമാണുണ്ടായിരുന്നത്. സംഘം പിരിഞ്ഞുപോകുന്നതിനു മുമ്പ് ദിയയുടെ കഴുത്തില്‍ വടിവാള്‍ വച്ച് ഇതൊരു മുന്നറിയിപ്പുമാത്രമാണ്, ദീപുവിനെ ഞങ്ങള്‍ ജീവനോടെ കത്തിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആഗസ്ത് 15ന് ഡിവൈഎഫ്ഐ ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോട്ടഭാഗത്തു നടന്ന ഫ്രീഡം റാലി കഴിഞ്ഞ് മടങ്ങിയ പ്രവര്‍ത്തകരെ തെള്ളിയൂര്‍കാവ് ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് ക്രിമിനലുകള്‍ ആക്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തിരുവോണദിനത്തിലും അക്രമം നടന്നത്. തെള്ളിയൂര്‍കാവ് ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്, ബിഎംഎസ് നേതൃത്വത്തിലുള്ള ക്ഷേത്രോപദേശക സമിതി നടത്തിയ കൂപ്പണ്‍ പിരിവില്‍ ലക്ഷക്കണക്കിനു രൂപ തിരിമറി നടത്തിയതായി പറയപ്പെടുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിരിമറി പുറത്തുവന്നു. ഇതിനെ തുടര്‍ന്ന് ക്ഷേത്രോപദേശക സമിതി പിരിച്ചുവിടാന്‍ ഉത്തരവായി. ഈ തിരിമറി പുറത്തായതിനു പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നാണ് പ്രകോപനത്തിന് കാരണം. അക്രമം നടന്ന വീടും കോളനി പ്രദേശങ്ങളും സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍, സെക്രട്ടറിയറ്റംഗങ്ങളായ ബാബു കോയിക്കലേത്ത്, രാജു ഏബ്രഹാം എംഎല്‍എ, ഇരവിപേരൂര്‍ ഏരിയ സെക്രട്ടറി ജി അജയകുമാര്‍, ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ പ്രകാശ് ബാബു, സിഐടിയു ജില്ല സെക്രട്ടറി കെ സി രാജഗോപാലന്‍, പുകസ ജില്ലാ പ്രസിഡന്റ് രാജന്‍ വര്‍ഗീസ്, എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ മനു തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

10 പേര്‍ റിമാന്‍ഡില്‍

ഇരവിപേരൂര്‍: സിപിഐ എം തെള്ളിയൂര്‍ ലോക്കല്‍ സെക്രട്ടറി ദീപു എം ടോമിന്റെ വീട് അടിച്ചുതകര്‍ക്കുകയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ 10 പേരെ കോയിപ്രം എസ്ഐ ന്യൂമാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്ചെയ്തു. പ്രദീപ്കുമാര്‍, ബാബു, രാജേഷ്, അനു, ജയകൃഷ്ണന്‍, പ്രവീണ്‍, ഉണ്ണികൃഷ്ണന്‍, പ്രസാദ്, അനുരാധാകൃഷ്ണന്‍, ഉമേഷ് എന്നിവരയൊണ് അറസ്റ്റ്ചെയ്തത്. ബുധനാഴ്ച രാത്രി വീണ്ടും ആക്രമണത്തിന് തയ്യാറായി മാരകായുധങ്ങളുമായി തെള്ളിയൂര്‍കാവ് ക്ഷേത്രത്തിന് സമീപം നില്‍ക്കുകയായിരുന്നു ഇവര്‍. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ്ചെയ്തു. തുടര്‍ന്ന് പത്തനംതിട്ട സബ്ജയിലിലേക്ക് മാറ്റി.

ആര്‍എസ്എസ് ആക്രമണത്തില്‍ സിപിഐ എം പ്രതിഷേധിച്ചു

ഇരവിപേരൂര്‍: പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ജില്ലയില്‍ എമ്പാടും വ്യാപക ആക്രമണം നടത്തുന്ന വര്‍ഗീയവാദികളുടെ നടപടിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ പ്രതിഷേധം രേഖപ്പെടുത്തി. അക്രമികളെ അമര്‍ച്ചചെയ്യാന്‍ പൊലീസ് കാട്ടുന്ന അനാസ്ഥയില്‍ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. കുറ്റക്കാരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ ആവശ്യപ്പെട്ടു

ഓണാഘോഷത്തിനിടെ ആര്‍എസ്എസ് ആക്രമണം

മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 17-ാം വാര്‍ഡിലെ മാവേലി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ഓണാഘോഷ പരിപാടിക്കിടെ ആര്‍എസ്എസ്-ബിജെപി അതിക്രമം. ആക്രമണത്തില്‍ ഭയന്നോടിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് വീണ് പരിക്ക്. പന്തലിലെ ട്യൂബ്ലൈറ്റുകളും നൂറോളം കസേരകളും അടിച്ചുതകര്‍ത്തു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച 40 ഓളം വരുന്ന അക്രമിസംഘം ക്ലബ് ഭാരവാഹികളെ തല്ലിയാണ് ആക്രമണത്തിന് തുടക്കമിട്ടത്. 40,000ലേറെ രൂപയുടെ നാശനഷ്ടം വരുത്തി. ബുധനാഴ്ച രാത്രി ഏഴോടെയാണ് ആദ്യആക്രമണം ഉണ്ടായത്. മദ്യപിച്ച് പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ക്ലബ് ഭാരവാഹികളെ തല്ലിയത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചുപോയതിനുശേഷമാണ് രാത്രി ഒമ്പതരയോടെ കൂടുതല്‍ പേരടങ്ങുന്ന അക്രമിസംഘം വീണ്ടും തേര്‍വാഴ്ച നടത്തിയത്. പൊലീസില്‍ പരാതി നല്‍കിയതിന്റെ പേരിലായിരുന്നു അതിക്രമം.

ജില്ലാപഞ്ചായത്തംഗം പി പി സംഗീത സമ്മാനദാനം നിര്‍വഹിക്കുമ്പോഴാണ് അഭിമന്യുവിന്റെ നേതൃത്വത്തില്‍ എത്തിയ ആര്‍എസഎസ്-ബിജെപി അക്രമിസംഘം വടിവാള്‍, മഴു, ദണ്ഡ്, ഇരുമ്പുപൈപ്പ് തുടങ്ങിയ മാരാകായുധങ്ങളുമായി അഴിഞ്ഞാടിയത് പന്തലിന് ചുറ്റും സമീപത്തുമായി സ്ഥാപിച്ചിരുന്ന ട്യൂബ്ലൈറ്റുകള്‍ അടിച്ചുതകര്‍ത്തതോടെ പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടക്കം ചിതറിയോടി. ഭയന്നുനിലവിളിച്ച് ഓടുന്നതിനിടയില്‍ ഇവരില്‍ പലരും താഴെയും സമീപത്തെ കുളങ്ങളിലും വീണു. നിലത്തുവീണ പലര്‍ക്കും ചവിട്ടേറ്റു. പരിപാടി കാണാനെത്തിയവരെ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഓടിച്ചതിനുശേഷം പന്തലിലെ കസേരകള്‍ അടിച്ചുതകര്‍ത്തു. വാടകയ്ക്കും സമീപത്തെ ബാലകൈരളിയില്‍ നിന്നും എടുത്ത നൂറോളം കസേരകള്‍ നശിപ്പിച്ചു. കൊലവിളിയുമായി അതിക്രമം കാട്ടിയ സംഘം പൊലീസ് എത്തിയപ്പോഴേക്കും ഓടി രക്ഷപെട്ടു.

വിവിധ രാഷ്ട്രീയപാര്‍ടി പ്രവര്‍ത്തകരുള്‍പ്പെടെ എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷപരിപാടി അലങ്കോലപ്പെടുത്തുകയും ക്ലബ് ഭാരവഹികളെ മര്‍ദിക്കുകയും ചെയ്ത ആര്‍എസ്എസ്-ബിജെപി നടപടിയില്‍ സിപിഐ എം മാരാരിക്കുളം ഏരിയകമ്മിറ്റി പ്രതിഷേധിച്ചു. സമാധാന ജീവിതം തകര്‍ത്ത് മുതലെടുപ്പ് നടത്താനുള്ള ഇക്കൂട്ടരുടെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അക്രമികളെ ഉടനെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയാറാകണമെന്നും സെക്രട്ടറി കെ ഡി മഹീന്ദ്രന്‍ ആവശ്യപ്പെട്ടു.

സിപിഐ എം നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമം

കൊല്ലം: ചാത്തന്നൂരിലും ഇളമാടിലും സിപിഐ എം നേതാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ചാത്തന്നൂരില്‍ ടൗണ്‍ ലോക്കല്‍കമ്മിറ്റി അംഗത്തെയും മകനെയും സാമൂഹ്യവിരുദ്ധരാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സിപിഐ എം തേവന്നുര്‍ ബ്രാഞ്ച്സെക്രട്ടറിയെ ആര്‍എസ്എസ് ക്രിമിനല്‍സംഘമാണ് ആക്രമിച്ചത്. ചാത്തന്നൂര്‍ ജങ്ഷനില്‍ പാച്ചന്‍ പാപ്പീസ് തുണിക്കട നടത്തുന്ന ടൗണ്‍ ലോക്കല്‍കമ്മിറ്റിഅംഗമായ ആര്‍ സന്തോഷിനെയും മകന്‍ പ്രകാശിനെയും കടയിലെ ജീവനക്കാരന്‍ അരശനെയുമാണ് സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെ കട അടയ്ക്കുന്നതിനിടെ മദ്യപിച്ചെത്തിയ ആക്രമികള്‍ പ്രകാശിനെ മര്‍ദിച്ചു. ഇതുകണ്ട് ഓടിയെത്തിയ സന്തോഷിനെയും ക്രൂരമായി മര്‍ദിച്ചു. ഇതിനിടയില്‍ സന്തോഷിനെ കടയ്ക്കുള്ളില്‍നിന്നു പിടിച്ചിറക്കി മാരകായുധങ്ങളുമായി ഒരു സംഘം മര്‍ദിച്ചു. നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും സാമൂഹ്യവിരുദ്ധര്‍ ഓടിമറഞ്ഞു. മര്‍ദനമേറ്റ സന്തോഷിനെയും മകനെയും ജീവനക്കാരനെയും ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷിന്റെ പരാതിയെത്തുടര്‍ന്ന് ചാത്തന്നൂര്‍ പൊലീസ് സ്ഥലത്തെത്തി കൊലക്കുറ്റത്തിന് കേസെടുത്തു.

തേവന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി ബൈജുവിനെയാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ശബ്ദംകേട്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ബൈജുവിന്റെ ബൈക്ക് പൂര്‍ണമായും അടിച്ചുതകര്‍ത്തശേഷമാണ് ക്രിമിനല്‍സംഘം രക്ഷപ്പെട്ടത്. നവഭാരത് കലാകായികവേദിയുടെ ഓണാഘോഷത്തിനുശേഷം സുഹൃത്തായ അനിലിനൊപ്പം വീട്ടിലെത്തി സംസാരിച്ചിരിക്കെയാണ് ആര്‍എസ്എസ് ക്രിമിനലുകളായ അജേഷ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘം മാരകായുധങ്ങളുമായി എത്തി ആക്രമിച്ചത്. ആര്‍എസ്എസ് ക്രിമിനല്‍സംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാന്‍ ബൈജുവിന്റെ നേതൃത്വത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചതെന്നു പറയുന്നു. ചടയമംഗലം പൊലീസ് കേസെടുത്തു.

deshabhimani 310812

1 comment:

  1. സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ്, ബിജെപി ക്രിമിനല്‍ സംഘത്തിന്റെ ആക്രമണം.

    ReplyDelete