Friday, August 31, 2012

പാര്‍ലമെന്റിലെ ഒത്തുകളിക്ക് എതിരെ പുതിയ കൂട്ടായ്മ


യുപിഎ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും മുഖ്യപ്രതിപക്ഷമായ ബിജെപിയും തുടര്‍ച്ചയായി പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിനെതിരെ ബിജെപിയിതര-കോണ്‍ഗ്രസിതര കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടുന്നു. കല്‍ക്കരിപ്പാടങ്ങള്‍ ലേലം കൂടാതെ സ്വകാര്യകമ്പനികള്‍ക്ക് അനുവദിച്ചതിലുള്ള അഴിമതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസും ബിജെപിയും താല്‍പ്പര്യപ്പെടാത്ത സാഹചര്യത്തിലാണ് ഇടതുപക്ഷവും സമാജ്വാദി പാര്‍ടി, ടിഡിപി പാര്‍ടികളും ചേര്‍ന്ന് പുതിയ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. വ്യാഴാഴ്ചയും സഭ തടസ്സപ്പെട്ട സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ പാര്‍ലമെന്റിനു മുമ്പില്‍ ധര്‍ണ നടത്താനും പുതിയ ചേരി തീരുമാനിച്ചു. ബിജെഡി, എഐഎഡിഎംകെ എന്നീ കക്ഷികളും ധര്‍ണയില്‍ പങ്കെടുക്കും.
അനധികൃതമായി അനുവദിച്ച കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കുക, അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുക, സംസ്ഥാനങ്ങള്‍ക്കുള്ള റോയല്‍റ്റി വര്‍ധിപ്പിക്കുക, സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.

 പാര്‍ലമെന്റ് തുടര്‍ച്ചയായി ഏഴാം ദിവസവും തടസ്സപ്പെട്ടപ്പോള്‍ മതനിരപേക്ഷ പാര്‍ടികള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ യോഗം ചേര്‍ന്നു. സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ്ങിന്റെ നേതൃത്വത്തിലയിരുന്നു യോഗം. ലോക്സഭാ കക്ഷി നേതാക്കളായ ബസുദേവ് ആചാര്യ (സിപിഐ എം), ഗുരുദാസ് ദാസ് ഗുപ്ത (സിപിഐ), നമ്മ നാഗേശ്വരാവു (ടിഡിപി) എന്നിവര്‍ പങ്കെടുത്തു. യോഗത്തിനുശേഷം ബിജെഡി, എഐഎഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അവരുടെ അംഗങ്ങളും ധര്‍ണയില്‍ പങ്കെടുക്കുമെന്നും ബസുദേവ് ആചാര്യ അറിയിച്ചു.

പ്രകൃതിവിഭവങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറി അഴിമതി നടത്തുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ കുറ്റക്കാരാണെന്ന് ബസുദേവ് ആചാര്യ പറഞ്ഞു. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരാണെങ്കില്‍ കര്‍ണാടകത്തിലും ഛത്തീസ്ഗഢിലും ബിജെപിയാണ് ഈ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതെന്ന് യോഗം വിലയിരുത്തി. പുതിയ കമ്പനിക്ക് രൂപം നല്‍കി അതേ ദിവസംതന്നെ ആ കമ്പനിക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാരാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നാല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മുഖംമൂടി അഴിഞ്ഞുവീഴുമെന്നതിനാലാണ് ഇരു പാര്‍ടികളും ചേര്‍ന്ന് പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തുന്നതെന്നും ബസുദേവ് ആചാര്യ പറഞ്ഞു. സിഎജി പുറത്തുകൊണ്ടുവന്ന കല്‍ക്കരി അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉടന്‍ ഉത്തരവിടണമെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

കല്‍ക്കരി അഴിമതി: ഇടതുപക്ഷ-മതേതര പാര്‍ട്ടികള്‍ ധര്‍ണ നടത്തും

അനധികൃതമായി അനുവദിച്ച കല്‍ക്കരിപാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കുക, അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, സംസ്ഥാനങ്ങള്‍ക്കുള്ള റോയല്‍റ്റി വര്‍ധിപ്പിക്കുക. സിഎജി റിപ്പോര്‍ടിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ പാര്‍ടികളും സമാജ്വാദി പാര്‍ടിയും ടിഡിപിയും വെള്ളിയാഴ്ച പാര്‍ലമെന്റിന്്മുന്നില്‍ ധര്‍ണ നടത്തും. എഐഡിഎംകെ, ബിജെഡി അംഗങ്ങളും ധര്‍ണയില്‍ പങ്കെടുക്കുമെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ അറിയിച്ചു.

ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള ഒത്തുകളിയുടെ ഭാഗാമായാണ് പാര്‍ലമെന്റ് തടസ്സപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജിവെക്കണമെന്നാവശ്യപ്പെട്ടുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും വ്യാഴാഴ്ചയും ഉച്ചക്ക് 12 വരെ പിരിഞ്ഞു. പിന്നീട് ചേര്‍ന്നെങ്കിലും സഭ തുടരാനായില്ല. ഇതേ വിഷയം ഉന്നയിച്ച് ഏഴാം ദിവസമാണ് ബിജെപി സഭ തടസ്സപ്പെടുന്നത്. ഈ നിലപാടില്‍ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിച്ചാണ് ഇടത്-മതേതര പാര്‍ട്ടികള്‍ ധര്‍ണയക്കൊരുങ്ങുന്നത്. സിപിഐ എം ലോക്സഭാ കക്ഷി നേതാവ് ബസുദേബ് ആചാര്യ, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത, ടിഡിപി നേതാവ് നാഗേശ്വര്‍ റാവു എന്നിവര്‍ ഇതേപ്പറ്റി ചര്‍ച്ച നടത്തിയിരുന്നു.

deshabhimani 310812

1 comment:

  1. അനധികൃതമായി അനുവദിച്ച കല്‍ക്കരിപാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കുക, അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, സംസ്ഥാനങ്ങള്‍ക്കുള്ള റോയല്‍റ്റി വര്‍ധിപ്പിക്കുക. സിഎജി റിപ്പോര്‍ടിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ പാര്‍ടികളും സമാജ്വാദി പാര്‍ടിയും ടിഡിപിയും വെളളിയാഴ്ച പാര്‍ലമെന്റിന്്മുന്നില്‍ ധര്‍ണ നടത്തി. എഐഡിഎംകെ, ബിജെഡി അംഗങ്ങളും ധര്‍ണയില്‍ പങ്കെടുത്തു. അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജിവെക്കണമെന്നാവശ്യപ്പെട്ടുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ദിവസങ്ങളായി തടസപ്പെട്ടിരിക്കുന്നു. തുടര്‍ച്ചയായി എട്ടാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഈ നിലപാടില്‍ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിച്ചാണ് ഇടത്-മതേതര പാര്‍ട്ടികള്‍ ധര്‍ണ നടത്തിയത്. പ്രധാനമന്ത്രി രാജിവെക്കാതെ സഭാ നടപടികള്‍ തുടരാന്‍ അനുവദിക്കില്ലെന്നാണ് ബിജെപി നിലപാട്. സിപിഐ എം ലോക്സഭാ കക്ഷി നേതാവ് ബസുദേബ് ആചാര്യ, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത, ടിഡിപി നേതാവ് നാഗേശ്വര്‍ റാവു എന്നിവര്‍ ഇതേപ്പറ്റി ചര്‍ച്ച നടത്തിയിരുന്നു. വെള്ളിയാഴ്ച സഭാ നടപടികള്‍ ആരംഭിച്ചുവെങ്കിലും ബിജെപി അംഗങ്ങള്‍ കടുത്ത പ്രതിഷേധവുമായി ഇറങ്ങിയതിനെത്തുടര്‍ന്ന് ഇരുസഭകളും വെള്ളിയാഴ്ചത്തേക്ക് പിരിഞ്ഞു.

    ReplyDelete