Tuesday, August 28, 2012

വലതുഭരണത്തില്‍ വറുതിഓണം

കാണം വിറ്റാലും തികയില്ല ഓണമുണ്ണാന്‍

മലപ്പുറം: അവശ്യസാധനവില കൊടുമുടി കയറിയതോടെ ഇക്കുറി ഓണമുണ്ണാന്‍ കീശ കാലിയാക്കണം. ഓരോന്നുവാങ്ങുമ്പോഴും ബില്ലിലെ തുക കണ്ണുതള്ളിയ്ക്കും. സദ്യയ്ക്ക് എല്ലാ വിഭവങ്ങളുമൊരുക്കാന്‍ കാണം വിറ്റാലും തികയാത്ത അവസ്ഥ. പച്ചക്കറിയും പലവ്യഞ്ജനവും വാങ്ങാന്‍ കടകളിലെത്തുന്നവര്‍ക്ക് വില കേള്‍ക്കുമ്പോള്‍ ചങ്കിടിപ്പേറും. ചോറിനുള്ള അരി മുതല്‍ പായസമൊരുക്കാനുള്ള സേമിയയും ചെറുപയര്‍പരിപ്പും വിലയുടെ കാര്യത്തില്‍ മുന്‍പന്തിയിലെത്താനുള്ള മത്സരത്തിലാണ്. പൊതുവിപണിയില്‍ അരിയ്ക്ക് 30 രൂപയാണ് കിലോയ്ക്ക് വില. സാമ്പാറൊരുക്കാനാവശ്യമായ പച്ചക്കറി വാങ്ങാന്‍ രൂപ 222 കൊടുക്കണം.

കിലോ വില ഇപ്രകാരം: ഉള്ളി-13, തക്കാളി-18, ബീറ്റ്റൂട്ട്-20, ഉരുളക്കിഴങ്ങ് -24, മുരിങ്ങയ്ക്ക-35, വഴുതന-20, ക്യാരറ്റ്-32, പരിപ്പ്-60, കായം-40. അവിയല്‍ വെയ്ക്കാനും അല്‍പ്പമൊന്നും പോര പണം. ചേന-28, പയര്‍-44, ക്യാരറ്റ്-32, തൈര് -17, തേങ്ങ-15, പച്ചമുളക്-40 എന്നിങ്ങനെ കൂട്ടങ്ങള്‍ വാങ്ങാന്‍ വന്‍തുക മുടക്കണം. കുമ്പളം-16, തേങ്ങ-15, പച്ചമുളക്-40, മമ്പയര്‍-72, കായ-32. പായസം മധുരതരമാണെങ്കിലും അതിനാവശ്യമായ സാധനങ്ങളുടെ വില കേട്ടാല്‍ അത് കയ്ക്കും. ചെറുപയര്‍പരിപ്പ്-80, ശര്‍ക്കര - 40, തേങ്ങ-15, അണ്ടിപരിപ്പ്-450, മുന്തിരി-150. ഉയര്‍ന്നവില നല്‍കി ഇത്രയും വാങ്ങിയാലേ പായസക്കൂട്ടാകൂ. മഞ്ഞപ്പൊടി 130, മുളക് പൊടി 100, മല്ലിപ്പൊടി 90, ഉപ്പ് 8, പഞ്ചസാര 38, പച്ചരി 22 എന്നിവയെല്ലാം കൂടി വീട്ടിലെത്തിക്കണമെങ്കില്‍ 388 രൂപയെങ്കിലും കരുതണം. തിരുവോണത്തിന് സദ്യയൊരുക്കാന്‍ ഒരു ശരാശരി കുടുംബത്തിന് ചുരുങ്ങിയത് ആയിരംരൂപ വേണ്ടിവരും.

പൊതുവിപണിയിലെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്തില്ലെന്ന വിമര്‍ശം ശക്തമാണ്. ഓണച്ചന്തയില്‍ പലയിടത്തും ആവശ്യത്തിന് സാധനങ്ങള്‍ കിട്ടാത്തത്ഇരുട്ടടിയായി. സദ്യയ്ക്ക് പുറമെ പൂക്കളവും ഓണക്കോടിയുമെല്ലാമാകുമ്പോഴേക്കും പോക്കറ്റിലുള്ളത് പോരാതെവരും.

ബാലരാമപുരത്തെ പാക്കളങ്ങളില്‍ ഓണത്തിനും പട്ടിണി

നാടാകെ ആഹ്ലാദത്തോടെ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ കൈത്തറി ഗ്രാമമായ ബാലരാമപുരത്തെ പാക്കളങ്ങളില്‍ പട്ടിണിയും പരിവട്ടവും. നൂറോളം പാക്കളങ്ങളിലായി അഞ്ഞൂറിലേറെപേര്‍ പണിയെടുത്തിരുന്ന ഇവിടെ ഗതകാലപ്രൗഢിയുടെ സ്മരണകള്‍ നിലനിര്‍ത്തി ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നൂറില്‍ താഴെവരുന്ന പാവുണക്ക് തൊഴിലാളികള്‍. മില്‍പാവുകളുടെ കടന്നുകയറ്റമാണ് പാവുഞക്കിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ടിരുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തില്‍ കരിനിഴല്‍ പടര്‍ത്തിയത്.

ഈടുള്ള കൈത്തറി വസ്ത്രങ്ങള്‍ നെയ്തെടുക്കുന്നതിന് പാക്കളങ്ങളില്‍ ഒരുങ്ങുന്ന പാവിന് ഗണനീയ സ്ഥാനമാണുള്ളത്. എന്നാല്‍, ഓണമടുത്തതോടെ അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന മില്‍പ്പാവിലാണ് വസ്ത്രങ്ങള്‍ നെയ്യുന്നത്. നൂല്‍ചുറ്റ്, പാവോട്ടം, പാവുണക്ക്, നെയ്ത്ത് തുടങ്ങിയ തൊഴിലുകളില്‍ സ്ത്രീകളുള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലാളികള്‍ ഏര്‍പ്പെട്ടിരുന്നു. നൂല്‍ ഒരുദിവസം മുഴുവന്‍ വെള്ളത്തിലിട്ട് പരുവപ്പെടുത്തിയാണ് താരുചുറ്റുന്നത്. ഇതുപയോഗിച്ച് റാട്ടില്‍ പാവോടുന്നു. ഈ പാവിനെയാണ് എണ്ണയും പശയും ചേര്‍ത്ത് ദൃഢപ്പെടുത്തി തറികളിലെത്തിക്കുന്നത്. ഈ രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കൈത്തറി വസ്ത്രങ്ങള്‍ക്ക് ഗുണമേന്മയും കൂടുതലാണ്.

പാക്കളങ്ങളില്‍ പുലര്‍ച്ചെ നാലിന് പണി തുടങ്ങും. പാവിനെ അടിച്ചുനിരത്തി കെട്ടുകള്‍മാറ്റി പശചേര്‍ത്ത് എണ്ണതടവി ഉണക്കിയെടുക്കും. ഇതിനാവശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവ് ഈ രംഗം നേരിടുന്ന പ്രതിസന്ധിയാണ്. 12 മണിക്കൂറിലേറെ പണിചെയ്താല്‍ കിട്ടുന്നത് ഇരുനൂറില്‍താഴെ രൂപയാണ്. പലരും ഈ തൊഴില്‍ ഉപേക്ഷിച്ചുപോകുകയാണ്. 30 ശതമാനം ബോണസ് ഓണക്കാലത്ത് നല്‍കാമെന്നാണ് വ്യവസ്ഥയെങ്കിലും ഇതും പലപ്പോഴും പാലിക്കപ്പെടാറില്ല. അസംഘടിതരായ ഈ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയോ പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ഇല്ല. അതുകൊണ്ട് ഇവരുടെ ഓണക്കാലം പാക്കളംപോലെ അനിശ്ചിതത്വത്തിലാണ്. ഓണക്കാലത്ത് എല്ലാവരും ആഘോഷത്തിമിര്‍പ്പിലമരുമ്പോഴും ഉള്ളതുകൊണ്ട് ഓണം ഉണ്ണേണ്ട അവസ്ഥയാണ് ഇവര്‍ക്ക്.
(ബാലരാമപുരം കൃഷ്ണന്‍കുട്ടി)

കയര്‍തൊഴിലാളികള്‍ക്കും ഓണത്തിനുമുമ്പ് പെന്‍ഷനില്ല

ആലപ്പുഴ ജില്ലയിലെ ബഹുഭൂരിപക്ഷം കയര്‍തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ഓണത്തിനുമുമ്പ് പെന്‍ഷന്‍ നിഷേധിച്ചു. കയര്‍ക്ഷേമനിധി ബോര്‍ഡിന്റെ അനാസ്ഥയാണ് കയര്‍തൊഴിലാളികളുടെ ഓണം കണ്ണീരിലാക്കിയത്. രണ്ടുരീതിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യാനാണ് ക്ഷേമബോര്‍ഡ് തീരുമാനിച്ചത്. പുതുതായി പെന്‍ഷന്‍ അനുവദിച്ചവര്‍ക്ക് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനും നേരത്തെ പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍ക്ക് തപാല്‍മുഖേനയുമാണ് പെന്‍ഷന്‍ നല്‍കുക. എന്നാല്‍ തപാല്‍വഴി പെന്‍ഷന്‍ നല്‍കിയാല്‍ പണം ഓണത്തിനുമുമ്പ് ലഭിക്കില്ലെന്ന് ഈ രംഗത്തെ തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കി. പെന്‍ഷന്‍ രണ്ടാംതീയതിക്കുശേഷം മാത്രമേ ലഭിക്കൂ. വിലക്കയറ്റംമൂലം നട്ടംതിരിയുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാകുന്ന പെന്‍ഷനാണ് ഇക്കുറി നിഷേധിക്കപ്പെട്ടത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കയര്‍തൊഴിലാളികള്‍ക്ക് പെന്‍ഷനുകള്‍ സമയത്ത് കിട്ടിയിരുന്നില്ല. ഉത്സവകാലങ്ങളില്‍ ഒരാഴ്ചമുമ്പെങ്കിലും പെന്‍ഷന്‍ ലഭിക്കുന്നതിനു ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് ആലപ്പി കയര്‍ഫാക്ടറി തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി ആര്‍ ശിവരാജന്‍ ആവശ്യപ്പെട്ടു.

സമ്പാദ്യ സമാശ്വാസം നല്‍കിയില്ല; മത്സ്യത്തൊഴിലാളികളുടെ ഓണം ഇരുളും

കൊച്ചി: ഓണക്കാലത്ത് തുണയാകേണ്ട സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ തുക ലഭിക്കാതെ ഒരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ കബളിപ്പിക്കപ്പെട്ടു. തൊഴിലാളികളില്‍നിന്ന് മൂന്നിലൊന്നു വിഹിതം ശേഖരിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതംകൂടി ചേര്‍ത്ത് ഓണത്തനുമുമ്പ് നല്‍കിയിരുന്ന തുകയാണ് ഇക്കുറി പലര്‍ക്കും ലഭിക്കാത്തത്. ചൊവ്വാഴ്ചമുതല്‍ നാലുദിവസം ബാങ്ക് അവധിയായതിനാല്‍ ഇവര്‍ക്ക് ഇനി ഓണം കഴിഞ്ഞേ തുക ലഭിക്കൂ.

മത്സ്യത്തൊഴിലാളികളില്‍നിന്ന് പ്രതിമാസം 75 രൂപവീതം എട്ടുമാസം ശേഖരിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍വിഹിതമായി 600 രൂപവീതവും ചേര്‍ത്ത് 1800 രൂപയാണ് സമ്പാദ്യ സമാശ്വാസമായി നല്‍കിയിരുന്നത്. "96ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ഓണത്തിനുമുമ്പ് തുക നല്‍കുകയാണ് പതിവ്. സംസ്ഥാനത്തൊട്ടാകെ 1,60,000ത്തോളം പേര്‍ക്ക് നിലവില്‍ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ പകുതിയോളം പേര്‍ക്കു മാത്രമേ ഇനിയും തുക ലഭിച്ചിട്ടുള്ളൂ. തുക വിതരണത്തിന് ഉത്തരവാദിത്വമുള്ള ഫിഷറീസ്വകുപ്പിന്റെയും ബാങ്കുകളുടെയും വീഴ്ചയാണ് പ്രശ്നം സൃഷ്ടിച്ചത്. ഇരുവിഭാഗവും ഇപ്പോള്‍ പരസ്പരം പഴിചാരുകയാണ്. തുകവിതരണത്തിലെ ക്രമക്കേട് ഒഴിവാക്കുന്നതിനായാണ് വിതരണം ബാങ്ക്വഴി നിശ്ചയിച്ചത്. കഴിഞ്ഞവര്‍ഷം മാതൃകയായി ആലപ്പുഴ ജില്ലയില്‍ നടപ്പാക്കിയ അക്കൗണ്ട്സമ്പ്രദായം ഇത്തവണ മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഭൂരിപക്ഷം തൊഴിലാളികളും 500 രൂപ മുടക്കി അക്കൗണ്ട് ചേര്‍ന്നു. എന്നാല്‍ പലരുടെയും അക്കൗണ്ടില്‍ ഇനിയും തുക എത്തിയില്ല. ചിലര്‍ക്ക് അക്കൗണ്ട് തുടങ്ങാനുമായിട്ടില്ല. എറണാകുളം ജില്ലയില്‍ 22,546 തൊഴിലാളികളാണ് ആനുകൂല്യത്തിന് അര്‍ഹരായുള്ളത്. ഇതില്‍ 19,400 പേര്‍ അക്കൗണ്ട് ചേര്‍ന്നിട്ടുണ്ടെങ്കിലും ഇവര്‍ക്ക് തിങ്കളാഴ്ചവരെ തുക ലഭിച്ചിട്ടില്ല.

ജില്ലയില്‍ പദ്ധതിത്തുക വിതരണത്തിന്റെ ഉത്തരവാദിത്വമുള്ള നോഡല്‍ ബാങ്കിന് ഇക്കാര്യത്തില്‍ വീഴ്ച വന്നതായി ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു. ഭൂരിപക്ഷം പേര്‍ക്കുമുള്ള തുക 16ന് അയച്ചിരുന്നതായും ബാങ്കിന്റെ വീഴ്ചയാണ് വിതരണത്തിന് തടസ്സമെന്നും അധികൃതര്‍ വ്യക്തമാക്കി. കോര്‍ബാങ്കിങ്ങിലെ തകരാറും ബാങ്കുകളുടെ രണ്ടുദിവസത്തെ പണിമുടക്കും കുഴപ്പം സൃഷ്ടിച്ചു. ഫലത്തില്‍ മത്സ്യത്തൊഴിലാളികളില്‍ ഒരുവിഭാഗത്തിന്റെ ഓണാഘോഷത്തിനാണ് ഇക്കുറി പൊലിമ കുറഞ്ഞത്. തുകവിതരണത്തിന്റെ ഉത്തരവാദിത്വത്തില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി ടി രഘുവരന്‍ ആവശ്യപ്പെട്ടു.

മെഡി. കോളേജിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളികള്‍ക്ക് ഉത്സവ ബത്തയില്ല

കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 300ഓളം താല്‍ക്കാലിക ശുചീകരണത്തൊഴിലാളികള്‍ക്ക് ഈ ഓണത്തിനും ഉത്സവ ബത്തയില്ല. 15 മുതല്‍ 20 വര്‍ഷം വരെ ശുചീകരണ ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ള തൊഴിലാളികളെയാണ് ഓണം അലവന്‍സ് നല്‍കാതെ അധികൃതര്‍ വഞ്ചിക്കുന്നത്. ആശുപത്രി വികസന സമിതി ആറ് മാസത്തേക്ക് നിയമിക്കുന്നവര്‍ക്കുപോലും 2000 രൂപ ഉത്സവ ബത്ത നല്‍കുമ്പോഴാണ് പാവപ്പെട്ട തൊഴിലാളികളുടെ കാര്യത്തില്‍ ഈ അനാസ്ഥ.

അവധി ദിവസങ്ങളില്‍ തൊഴിലെടുപ്പിച്ച ശേഷം ഉത്സവ ബത്ത നല്‍കാമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. 28 മുതല്‍ 31 വരെയുള്ള അവധി ദിവസങ്ങളില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്ക് 830 രൂപ ബോണസ് നല്‍കണമെന്ന് കഴിഞ്ഞ 17നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. സെപ്തംബര്‍ 10ന് ശേഷം തുക നല്‍കണമെന്നാണ് ഉത്തരവ്. ഇതില്‍ ഒരുദിവസമെങ്കിലും ലീവെടുത്താല്‍ ആനുകൂല്യം ലഭിക്കില്ല. 180 രൂപ ദിവസവേതനത്തിനാണ് ഇവര്‍ ജോലി ചെയ്യുന്നത്. 2011 മെയ് രണ്ടിന് ശുചീകരണത്തൊഴിലാളികളുടെ കുറഞ്ഞ വേതനം 300 രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, വര്‍ധിപ്പിച്ച ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരാണ് ഇവര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പാകാത്ത സാഹചര്യത്തില്‍ അവധി ദിവസങ്ങളില്‍ തൊഴിലെടുത്താല്‍ ഉത്സവബത്ത നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് എന്തടിസ്ഥാനത്തിലാണ് വിശ്വസിക്കുകയെന്ന് തൊഴിലാളികള്‍ ചോദിക്കുന്നു.

ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട് ആയി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന ശുചീകരണത്തൊഴിലാളികളുടെ പകല്‍ ഡ്യൂട്ടി ഒമ്പത് മണിക്കൂറും രാത്രി ഡ്യൂട്ടി 12 മണിക്കൂറുമാണ്. മാസത്തില്‍ ഒരു അവധി പോലും അനുവദിക്കുന്നുമില്ല. അതേസമയം, മെഡിക്കല്‍ കോളേജില്‍നിന്ന് വിരമിച്ച നേഴ്സിങ് അസിസ്റ്റന്റുമാരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ പുനര്‍നിയമിച്ച് 300 രൂപ ദിവസവേതനം നല്‍കുന്നുണ്ട്. ഇതിന് പുറമേ മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടിയും മാസത്തില്‍ നാല് അവധിയും മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്കുണ്ട്. നാമമാത്രമായ കൂലിക്ക് തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് യൂണിഫോമിനുള്ള പണംപോലും സര്‍ക്കാര്‍ നല്‍കുന്നില്ല. തിരിച്ചറിയല്‍ കാര്‍ഡില്ലാതെയാണ് ഇവര്‍ തൊഴിലെടുക്കുന്നത്. തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹരംവേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിനും ആരോഗ്യമന്ത്രിക്കും ഉള്‍പ്പെടെ നിവേദനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളികള്‍.

പ്രഖ്യാപനം കടലാസിലൊതുങ്ങി; ക്ഷേമപെന്‍ഷന്‍ വിതരണം അവതാളത്തില്‍

തൃശൂര്‍: വര്‍ധിപ്പിച്ച നിരക്കിലുള്ള ക്ഷേമപെന്‍ഷനുകള്‍ ഓണത്തിനും ഗുണഭോക്താക്കള്‍ക്കു കിട്ടിയില്ല. ഓണത്തിന് ക്ഷേമപെന്‍ഷനുകള്‍ക്കായി കാത്തിരുന്ന കര്‍ഷകത്തൊഴിലാളികളുള്‍പ്പെടെ നിരവധിപേര്‍ ക്ഷേമപെന്‍ഷനുകള്‍ ലഭിക്കാത്തതിനാല്‍ ദുരിതത്തിലായി. വിതരണംചെയ്ത പഴയ നിരക്കിലുള്ള പെന്‍ഷന്‍തന്നെ പലര്‍ക്കും കിട്ടിയിട്ടില്ല. ജില്ലയില്‍ രണ്ടു ലക്ഷത്തോളം ഗുണഭോക്താക്കളാണുള്ളത്.

വാര്‍ധക്യകാല പെന്‍ഷന്‍, വിധവ-അഗതി പെന്‍ഷന്‍, വികലാംഗപെന്‍ഷന്‍, 50 വയസ്സിനു മീതെയുള്ള അവിവാഹിതയായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ എന്നിവ നിലവില്‍ 400 രൂപയാണ് നല്‍കുന്നത്. ഇതില്‍ വാര്‍ധക്യകാലപെന്‍ഷന്‍ 900 രൂപയായും വിധവപെന്‍ഷനും 50 വയസ്സിനു മീതെയുള്ള അവിവാഹിതകള്‍ക്കുള്ള പെന്‍ഷനും 525 രൂപയായും വികലാംഗപെന്‍ഷനും കര്‍ഷകത്തൊഴിലാളി പെന്‍ഷനും 700 രൂപയായും ഉയര്‍ത്തിയെന്നാണ് പ്രഖ്യാപനം. വര്‍ധിപ്പിക്കാത്ത നിരക്കിലുള്ള പെന്‍ഷന് സര്‍ക്കാര്‍ തുക അനുവദിച്ചതിലുള്ള കാലതാമസമാണ് ഓണത്തിന് പെന്‍ഷന്‍ വിതരണം മുടങ്ങാന്‍ കാരണമായത്. ജില്ലയില്‍ ആര്‍ക്കും വര്‍ധിപ്പിച്ച പെന്‍ഷന്‍തുക നല്‍കിയിട്ടില്ല. പെന്‍ഷന്‍ ഉയര്‍ത്തിയതു സംബന്ധിച്ചുള്ള ഉത്തരവ് വൈകിയതിനുപുറമേ ആവശ്യമായ ഫണ്ടില്ലാത്തതും കാരണമാണ്.

പെന്‍ഷന്‍ വാങ്ങുന്നവരില്‍ 75,447 പേര്‍ക്കാണ് വിധവാപെന്‍ഷന് അര്‍ഹത. പഞ്ചായത്തില്‍ 63,707പേര്‍ക്കും മുനിസിപ്പാലിറ്റിയില്‍ 6724പേര്‍ക്കും കോര്‍പറേഷനില്‍ 5016പേര്‍ക്കുമാണ് വിധവാ പെന്‍ഷന്‍ ലഭിക്കേണ്ടത്. ആഗസ്ത് ഉള്‍പ്പെടെ കഴിഞ്ഞ നാലുമാസത്തെ കുടിശ്ശികയാണ് ലഭിക്കാനുള്ളത്. വാര്‍ധക്യകാലപെന്‍ഷന് അര്‍ഹതയുള്ളവര്‍ പഞ്ചായത്തില്‍ 14,813പേരും മുനിസിപ്പാലിറ്റിയില്‍ 1795 പേരും കോര്‍പറേഷനില്‍ 1027 പേരുമാണുള്ളത്. വികലാംഗപെന്‍ഷന്‍ ലഭിക്കേണ്ടത് പഞ്ചായത്തില്‍ 19451, മുനിസിപ്പാലിറ്റിയില്‍ 1977, കോര്‍പറേഷനില്‍ 1500 എന്നിങ്ങനെയാണ്. 50 വയസ്സിനു മുകളിലുള്ള അവിവാഹിതകളായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന് അര്‍ഹതയുള്ളവര്‍ പഞ്ചായത്തില്‍ 7554, മുനിസിപ്പാലിറ്റിയില്‍ 729, കോര്‍പറേഷനില്‍ 900 എന്നിങ്ങനെയുമാണ് കണക്ക്. കര്‍ഷകത്തൊഴിലാളിപെന്‍ഷന്‍ 400 രൂപയില്‍നിന്ന് 700രൂപയാക്കി ഉയര്‍ത്തിയതിന്റെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ലേബര്‍വകുപ്പ് വിശദീകരിക്കുന്നത്. ജില്ലയില്‍ 55,462 പേര്‍ക്കാണ് കര്‍ഷകത്തൊഴിലാളിപെന്‍ഷന്‍ വിതരണം ചെയ്യുന്നത്. പഞ്ചായത്തില്‍ 50,257 പേരും മുനിസിപ്പാലിറ്റിയില്‍ 3241 പേരും കോര്‍പറേഷനില്‍ 1964 പേരുമാണുള്ളത്.

ഉണ്ണായിവാര്യര്‍ കലാനിലയത്തില്‍ ഓണത്തിനും ശമ്പളമില്ല

ഇരിങ്ങാലക്കുട: സര്‍ക്കാര്‍ ഗ്രാന്റ് പ്രഖ്യാപനത്തിലൊതുങ്ങിയപ്പോള്‍ ഉണ്ണായിവാര്യര്‍ സ്മാരകകലാനിലയത്തില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഓണത്തിനും ശമ്പളമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളവും അഡ്വാന്‍സും ബോണസും ലഭിച്ചപ്പോള്‍ പ്രൈമറി സ്കൂള്‍ അധ്യാപകരുടെ ശമ്പളസ്കെയില്‍ അനുവദിച്ച കലാനിലയം അധ്യാപകര്‍ ഓണാവധിക്ക് വെറുംകൈയോടെയാണ് വീട്ടില്‍ പോകുന്നത്. പതിനൊന്ന് അധ്യാപകരും നാല് ഓഫീസ് ജീവനക്കാരുമാണ് കലാനിലയത്തിലുള്ളത്. എട്ടു മാസമായി ഇവര്‍ക്ക് ശമ്പളം കിട്ടുന്നില്ല.

നാമമാത്രവേതനത്തിന് ജോലിചെയ്തിരുന്ന കലാനിലയം അധ്യാപകര്‍ക്ക് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രൈമറി സ്കൂള്‍ അധ്യാപകരുടെ ശമ്പള സ്കെയില്‍ അനുവദിച്ചത്. 2011 ഫെബ്രുവരിയിലെ ശമ്പളപരിഷ്കരണ ഉത്തരവുപ്രകാരം 2009 മുതലുള്ള കുടിശ്ശിക നല്‍കുന്നതിനും 2011 മാര്‍ച്ച് മാസമുള്‍പ്പെടെ ശമ്പളത്തിനും പണം നല്‍കി. യുഡിഎഫ് സര്‍ക്കാര്‍ ശമ്പളത്തിനുള്ള പണം ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല. അധിക ഗ്രാന്റും അനുവദിച്ചില്ല. ശമ്പളം മുടങ്ങിയതോടെ ജൂലൈയില്‍ കലാനിലയത്തിന് 75ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ചതായി സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതുവരെ പണം കിട്ടിയിട്ടില്ല. ജീവനക്കാരുടെ ശമ്പളം നിഷേധിച്ച് പണം മരാമത്തുജോലികള്‍ക്ക് ഉപയോഗിക്കുന്നതിന് ഭരണസമിതി നീക്കം നടത്തുന്നതാണ് കാലതാമസത്തിനു കാരണമെന്ന് ആക്ഷേപമുണ്ട്.

റേഷന്‍ വ്യാപാരികള്‍ ഇന്ന് ഉപവസിക്കും

കോഴിക്കോട്: റേഷന്‍ ഡീലേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ ചൊവ്വാഴ്ച ഉത്രാടം നാളില്‍ ഉപവസിക്കും. റേഷന്‍ വ്യാപാരികളോട് മാത്രം അവഗണന കാണിക്കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരെയാണ് ഉപവാസം. കഴിഞ്ഞ ഓണത്തിന് മുമ്പ് പ്രഖ്യാപിച്ച 500 രൂപ അലവന്‍സോ വര്‍ധിപ്പിച്ചുതരാമെന്ന് പ്രഖ്യാപിച്ച 75 രൂപ കമീഷനോ ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കിയില്ല. ജില്ലയില്‍ 21 ദിവസം സമരം ചെയ്തപ്പോള്‍ പ്രശ്നങ്ങളില്‍ തീര്‍പ്പ് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും പറഞ്ഞത് പ്രാവര്‍ത്തികമാക്കിയില്ല. കോഴിക്കോട് സിവില്‍സ്റ്റേഷന് മുമ്പിലും വടകര-കൊയിലാണ്ടി മിനി സിവില്‍സ്റ്റേഷന് മുമ്പിലുമാണ് ഉപവാസം.

വില്ലേജ് ഓഫീസുകളിലെ സ്വീപ്പര്‍മാര്‍ക്ക് 6 മാസമായി ശമ്പളമില്ല

കാഞ്ഞങ്ങാട്: ആറുമാസമായി ശമ്പളമില്ലാത്തതിനാല്‍ ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ കാഷ്വല്‍ സ്വീപ്പര്‍മാര്‍ ഓണനാളിലും പട്ടിണി കിടക്കേണ്ട അവസ്ഥയില്‍. ഹൊസ്ദുര്‍ഗ്, കാസര്‍കോട് താലൂക്കുകളിലായി 81 വില്ലേജ് ഓഫീസുകളിലെ കാഷ്വല്‍ സ്വീപ്പര്‍മാരാണ് മാര്‍ച്ച് മുതല്‍ ശമ്പളം ലഭിക്കാതെ പട്ടിണിയിലായത്. 2000 രൂപ മാത്രമായിരുന്ന ഇവരുടെ വേതനം കഴിഞ്ഞമാസം മുതല്‍ 3500 ആയി വര്‍ധിപ്പിച്ചെങ്കിലും നിലവിലുള്ളതും കിട്ടാത്തതിനാല്‍ ഇവരുടെ സ്ഥിതി കഷ്ടത്തിലായി. നാടെങ്ങും ഓണമാഘോഷിക്കുമ്പോള്‍ ഒരുനേരത്തെ ഭക്ഷണത്തിനുള്ള കാശുപോലും ഇവര്‍ക്ക് വില്ലേജ് ഓഫീസുകളില്‍നിന്ന് നല്‍കിയില്ല.

വേതനത്തിന്റെ അലോട്ട്മെന്റ് പാസാകാത്തതിനാലാണ് ശമ്പളം നല്‍കാന്‍ സാധിക്കാത്തതെന്ന് അധികൃതര്‍ പറയുന്നു. മറ്റ് ജില്ലകളില്‍ ഇതര ജീവനക്കാര്‍ക്കുള്ള ശമ്പള ബില്ലിനോടൊപ്പംതന്നെ കാഷ്വല്‍ സ്വീപ്പര്‍മാരുടെ ശമ്പളവും ട്രഷറിയില്‍നിന്ന് മാറി ലഭിക്കുമെങ്കിലും ജില്ലയിലെ കാഷ്വല്‍ സീപ്പര്‍മാര്‍ക്ക് ഇങ്ങനെ ശമ്പളം ലഭിച്ചിട്ടില്ല. അലോട്ട്മെന്റ് പാസാക്കി താലൂക്കുകളിലേക്ക് അയച്ചിട്ടുണ്ടെന്ന കലക്ടര്‍ ഓഫീസില്‍നിന്നുള്ള അറിവുമാത്രമാണ് ഇവര്‍ക്ക് ഇപ്പോള്‍ ആശ്വാസം പകരുന്നത്. തിങ്കളാഴ്ചയും ഇവര്‍ക്ക് ശമ്പളം അനുവദിച്ച് കിട്ടിയില്ലെങ്കില്‍ ആറുദിവസത്തെ ഓണാവധിക്ക് ശേഷം മാത്രമെ കിട്ടുകയുള്ളു. അതോടെ ഓണത്തിന് മറ്റുള്ളവര്‍ക്കു മുന്നില്‍ കൈനീട്ടേണ്ടി വരും.

deshabhimani news

1 comment:

  1. പെന്‍ഷനില്ല, ശമ്പളം നല്‍കിയില്ല, ക്ഷേമപെന്‍ഷന്‍ വിതരണം മുടങ്ങി, എല്ലാത്തിനും തീവില...വലതുഭരണത്തിലെ നടപ്പ് (ഓണം) രീതികള്‍

    ReplyDelete