Saturday, August 25, 2012

കപ്പല്‍ശാല ഓഹരിവില്‍പ്പന കരുതല്‍ധനം ചെലവഴിക്കാന്‍ അനുമതി നല്‍കാതെ


കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വിറ്റഴിക്കുന്നത് കപ്പല്‍ശാല വികസനത്തിനാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം പാളുന്നു. കപ്പല്‍ശാലയുടെ കരുതല്‍ധനമായി ഉള്ള 898 കോടി രൂപ ചെലവഴിക്കാന്‍ അനുമതി നല്‍കാതെയാണ് 10 ശതമാനം ഓഹരി വില്‍ക്കാനൊരുങ്ങുന്നത്. ഈ നീക്കം തന്ത്രപ്രധാനകേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനത്തെ സംബന്ധിച്ച് കനത്ത ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. കപ്പല്‍ശാലയ്ക്കായി 1500 കോടി രൂപയുടെ വികസനപദ്ധതികള്‍ നടത്തുന്നുണ്ടെന്നും ഇതിനുവേണ്ടിവരുന്ന തുകയുടെ പകുതി സമാഹരിക്കാനാണ് ഓഹരി വില്‍പ്പനയെന്നുമാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍, കരുതല്‍ധനമായി ഇതിലേറെ തുകയുള്ളപ്പോള്‍ ഓഹരിവില്‍ക്കുന്നതെന്തിനെന്ന മറുചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. വികസനപദ്ധതിയുടെ മറവില്‍ ഓഹരി വിറ്റ് തുക സര്‍ക്കാരിന്റെ പൊതുഫണ്ടിലേക്ക് മാറ്റാനുള്ള നീക്കവും ഇതിനകം പരസ്യമായിട്ടുണ്ട്.

വര്‍ഷങ്ങളായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍ശാലയ്ക്ക് സ്വന്തംകാലില്‍ നില്‍ക്കാനുള്ള ശേഷി നിലവിലുണ്ട്. 2005മുതല്‍ തുടര്‍ച്ചയായി കപ്പല്‍ശാല ലാഭത്തിലാണ്. 1994ല്‍ 119.64 കോടി രൂപയുടെ മുന്‍ഗണനാ ഓഹരികള്‍ സര്‍ക്കാര്‍ എടുത്തതോടെയാണ് കപ്പല്‍ശാലയുടെ അതുവരെയുള്ള കടം ഇല്ലാതായത്. തുടര്‍ന്ന് 2009, 2011 വര്‍ഷങ്ങളിലായി ഈ തുകയില്‍ 80 കോടി രൂപ സര്‍ക്കാരിലേക്കു തിരിച്ചടക്കാനും കഴിഞ്ഞു. സാമ്പത്തികമായി ഭദ്രതയുള്ള ഈ സാഹചര്യത്തില്‍ പുകമറ സൃഷ്ടിച്ചുള്ള ഓഹരി വില്‍പ്പന നീക്കം അംഗീകരിക്കാനാവില്ലെന്ന് കപ്പല്‍ശാല തൊഴിലാളി നേതൃത്വം വ്യക്തമാക്കുന്നു. 2011-12 വര്‍ഷം 177 കോടി രൂപയുടെ ലാഭമാണ് ഉണ്ടാക്കിയത്. അതിനു മുമ്പത്തെ വര്‍ഷം 227 കോടിരൂപയും ലാഭമുണ്ടാക്കി. നിലവില്‍ 2410 കോടി രൂപയുടെ ഓര്‍ഡറും ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മികച്ച പാതയിലേക്കു കുതിക്കുന്ന കപ്പല്‍ശാലയുടെ ഓഹരി വില്‍ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.

ഓഹരിവില്‍പ്പന ഫലത്തില്‍ സ്വകാര്യവല്‍ക്കരണം തന്നെയാണെന്ന് കപ്പല്‍ശാല എംപ്ലോയിസ് ഫെഡറേഷന്‍(സിഐടിയു) ജനറല്‍ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള പറഞ്ഞു. ഓഹരി വിറ്റ് കപ്പല്‍ശാല വികസിപ്പിക്കുന്നത് ഫലത്തില്‍ ആ സ്ഥാപനംതന്നെ ഇല്ലാതാക്കുന്ന സ്ഥിതി സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പല്‍ശാലയുടെ ഓഹരി കൈയടക്കാന്‍ എത്തുന്നവരുടെ കണ്ണ് കോടികള്‍ വിലമതിക്കുന്ന അതിന്റെ ഭൂമിയിലായിരിക്കുമെന്ന് ഫെഡറേഷന്‍ സെക്രട്ടറി എം സി വിജയനാഥന്‍പിള്ള പറഞ്ഞു. നാവിക ആസ്ഥാനത്തിനു സമീപം തന്ത്രപ്രധാന മേഖലയില്‍ സ്ഥിതിചെയ്യുന്ന കപ്പല്‍ശാലയുടെ ഓഹരി വില്‍പ്പന നീക്കം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 250812

No comments:

Post a Comment