Wednesday, August 29, 2012

ഐ എസ് ആര്‍ ഒ ക്ക് സുരക്ഷാഭീഷണി


തലസ്ഥാനത്ത് വേളിമലകള്‍ മുതല്‍ കടലോരത്ത് തുമ്പ, വേളി പ്രദേശങ്ങള്‍ വരെ വ്യാപിച്ചു കിടക്കുന്ന ഐ എസ് ആര്‍ ഒയുടെ സൈനിക തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ക്കു നേരെ സംസ്ഥാന ടൂറിസം വകുപ്പും കേരളത്തിലെ സൂപ്പര്‍ ഭൂമാഫിയയായ ഇന്‍കെലും ചേര്‍ന്ന് വന്‍ സുരക്ഷാ ഭീക്ഷണി ഉയര്‍ത്തുന്നു.വേളി കടലോരത്ത് ടൂറിസം വകുപ്പും ഇന്‍കെലും ചേര്‍ന്ന് തുടങ്ങാനിരിക്കുന്ന നിശാകാല വിനോദമേഖലയും ബഹുനില ഹോട്ടലുകളുമടക്കമുള്ള ഒരു 'മിനി പാശ്ചാത്യ റിപ്പബ്ലിക്' ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുടെ സുരക്ഷിതത്വത്തിന് വന്‍ ഭീഷണി ഉയര്‍ത്തുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

വേളിമലയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ റിസര്‍ച്ച് കോംപ്ലക്‌സ്, തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം, ആക്കുളത്തെ ദക്ഷിണവ്യോമ കമാന്‍ഡ് എന്നീ യുദ്ധതന്ത്രപ്രധാന കേന്ദ്രങ്ങളോടു തൊട്ടുരുമ്മി അന്താരാഷ്ട്ര ഭീകരന്മാരുടേയും വിദേശ ലൈംഗികവാണിഭ സംഘങ്ങളുടേയും സാര്‍വദേശീയ മയക്കുമരുന്ന് കള്ളക്കടത്തു രാജാക്കന്മാരുടേയും ഒരു വിഹാരഭൂമി സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉയരുന്നത്. ബഹിരാകാശ കേന്ദ്രങ്ങള്‍ക്കും വ്യോമസേനാ താവളത്തിനും മാത്രമല്ല വന്‍ ദേശീയസുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര ആഭ്യന്തര വകുപ്പിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നു.

തായ്‌ലണ്ടിലെ സെക്‌സ് ടൂറിസത്തിന്റെ ചുവടൊപ്പിച്ച് വേളി കടലോരത്ത് നിശാകാല ജീവിതത്തിന് ഒരു പ്രത്യേകമേഖല തന്നെയുണ്ടാക്കുന്നതടക്കമുളള പ്രോജക്റ്റ് റിപ്പോര്‍ട്ട് സംസ്ഥാന ടൂറിസം വകുപ്പിന് സമര്‍പ്പിച്ചു കഴിഞ്ഞു. ഈ 'രാത്രീഞ്ചരമേഖല' വൈകിട്ട് ആറ് മുതല്‍ പുലരും വരെ തുറന്ന് പ്രവര്‍ത്തിക്കും. അന്താരാഷ്ട്ര മയക്കുമരുന്നുകള്ളക്കടത്തുകാര്‍ക്കും ഫൈവ് സ്റ്റാര്‍ ലൈംഗികവാണിഭ സംഘങ്ങള്‍ക്കും ഈ 'നൈറ്റ് ലൈഫ് സോണി'ല്‍ വിളയാടാന്‍ സൗകര്യമുണ്ടാവും.

ഇതിനുപുറമേ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ബാറുകള്‍, തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, മള്‍ട്ടി പ്ലക്‌സുകള്‍, ജാസ്-നഗ്നനൃത്ത ക്ലബ്ബുകള്‍ തുടങ്ങിയവയും തായ്‌ലണ്ടിലേയും അമേരിക്കയിലെ ലാസ്‌വേഗസ് മാതൃകയിലുമുണ്ടാവും. ഇന്‍ഡോര്‍ ഗെയിംസ്, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

ഇതിനുവേണ്ടി വേളിയിലെ 40,000 ചതുരശ്ര അടിസ്ഥലമാണ് ഏറ്റെടുക്കുന്നതെന്നാണ് പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും മുഖ്യമായും പെണ്‍വാണിഭ-വിദേശചാരത്താവളമാകാന്‍ പോകുന്ന പദ്ധതിക്ക് ഒരു ചതുരശ്ര കിലോമീറ്ററിലധികം സ്ഥലം വേണ്ടിവരുമെന്നാണ് കേന്ദ്ര അന്വേഷണ  ഏജന്‍സികളുടെ കണ്ടെത്തല്‍. ഇത്ര വിശാലമായ ഒരു ഭൂപ്രദേശം സൈനിക തന്ത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ക്ക് സമീപം തുടങ്ങാന്‍ അനുമതി നല്‍കുന്നത് വന്‍ സുരക്ഷാ അട്ടിമറിക്കിടയാക്കുമെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്‍കെലും ടൂറിസ്റ്റ് റിസോര്‍ട്ട് കേരള ലിമിറ്റഡും ചേര്‍ന്ന് നടപ്പാക്കാനിരിക്കുന്ന പദ്ധതി ഉയര്‍ത്തുന്ന സുരക്ഷാഭീഷണി തങ്ങള്‍ അതീവ ഗൗരവമായാണ് കാണുന്നതെന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ 'ജനയുഗ'ത്തോടു പറഞ്ഞു.
(കെ രംഗനാഥ്)

janayugom 290812

1 comment:

  1. തലസ്ഥാനത്ത് വേളിമലകള്‍ മുതല്‍ കടലോരത്ത് തുമ്പ, വേളി പ്രദേശങ്ങള്‍ വരെ വ്യാപിച്ചു കിടക്കുന്ന ഐ എസ് ആര്‍ ഒയുടെ സൈനിക തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ക്കു നേരെ സംസ്ഥാന ടൂറിസം വകുപ്പും കേരളത്തിലെ സൂപ്പര്‍ ഭൂമാഫിയയായ ഇന്‍കെലും ചേര്‍ന്ന് വന്‍ സുരക്ഷാ ഭീക്ഷണി ഉയര്‍ത്തുന്നു.വേളി കടലോരത്ത് ടൂറിസം വകുപ്പും ഇന്‍കെലും ചേര്‍ന്ന് തുടങ്ങാനിരിക്കുന്ന നിശാകാല വിനോദമേഖലയും ബഹുനില ഹോട്ടലുകളുമടക്കമുള്ള ഒരു 'മിനി പാശ്ചാത്യ റിപ്പബ്ലിക്' ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുടെ സുരക്ഷിതത്വത്തിന് വന്‍ ഭീഷണി ഉയര്‍ത്തുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

    ReplyDelete