Friday, August 31, 2012

പ്രവാസികളെ കൊള്ളയടിച്ച് വ്യോമയാന കമ്പനികള്‍


റമദാന്‍-ഓണം അവധിക്കുശേഷം ഗള്‍ഫിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികളെ പിഴിഞ്ഞ് വ്യോമയാനകമ്പനികള്‍. വര്‍ധിപ്പിച്ച യാത്രാനിരക്കില്‍ ഒരിളവും വരുത്താതെ പ്രവാസികളെ കൊള്ളയടിക്കുകയാണ് എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍. കൊച്ചി-ദുബായ് സര്‍വീസിന് എയര്‍ ഇന്ത്യ 50,900 രൂപയാണ് ഈടാക്കുന്നത്. ജിദ്ദയിലേക്കും റിയാദിലേക്കും 50,800 രൂപ. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചി-ദുബായ് സര്‍വീസിന് 30,000 രൂപയാണ് നിരക്ക്. മറ്റു കമ്പനികളും നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഒക്ടോബര്‍വരെ ടിക്കറ്റ് കിട്ടാനില്ലാത്തതും പ്രവാസികളെ ദുരിതത്തിലാക്കി.

നിലവില്‍ കൊച്ചിയില്‍നിന്ന് നേരിട്ട് ഗള്‍ഫിലേക്ക് വിമാനടിക്കറ്റ് കിട്ടാനില്ല. കൊച്ചിയില്‍നിന്ന് ഡല്‍ഹി, മുംബൈ എന്നിവിടങ്ങള്‍വഴിയാണ് ടിക്കറ്റ് ലഭിക്കുന്നത്. ജെറ്റ് എയര്‍വെയ്സാണ് ഇത്തരം സര്‍വീസ് കൂടുതല്‍ നടത്തുന്നത്. ഇതിന് 42,000 രൂപവരെ ഈടാക്കുന്നുണ്ട്. പൈലറ്റുമാരുടെ സമരത്തിനുശേഷം എയര്‍ ഇന്ത്യ സര്‍വീസ് വെട്ടിക്കുറച്ചിരുന്നു. ഇതും നിരക്കുവര്‍ധനയ്ക്ക് കാരണമായി. സെപ്തംബറില്‍ ഹജ്ജ് സീസണ്‍ ആരംഭിക്കുന്നതോടെ ഇനിയും നിരക്ക് ഉയരും. നിരക്കുവര്‍ധന പരമാവധി മുതലെടുക്കാനാണ് കമ്പനികളുടെ ശ്രമമെന്ന് അയാട്ട ഏജന്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബിജി ഈപ്പന്‍ പറഞ്ഞു.

കമ്പനികള്‍ കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്നില്ല. നിരക്കുവര്‍ധന നിയന്ത്രിക്കാനും സംവിധാനമില്ല. നിരവധിതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്ന് ബിജി പറഞ്ഞു. കൊച്ചിയില്‍നിന്ന് യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള നിരക്കും കുതിച്ചുയര്‍ന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 80 മുതല്‍ 90 ശതമാനംവരെയാണ് വര്‍ധന. 2011ല്‍ കൊച്ചിയില്‍നിന്ന് യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കുമുള്ള വിമാന നിരക്ക് 50,000 രൂപയോളമായിരുന്നു. ഈ വര്‍ഷം അത് 80,000 രൂപയോളമായി. സിംഗപ്പുര്‍, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ളത് ഇരട്ടിയോളം വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം 17,000 രൂപയോളമായിരുന്നെങ്കില്‍ ഇത്തവണ 30,000 കവിഞ്ഞു. മലേഷ്യയിലേക്കുള്ള നിരക്ക് 12,500ല്‍നിന്ന് 25,000 ആയി.

deshabhimani 310812

1 comment:

  1. റമദാന്‍-ഓണം അവധിക്കുശേഷം ഗള്‍ഫിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികളെ പിഴിഞ്ഞ് വ്യോമയാനകമ്പനികള്‍. വര്‍ധിപ്പിച്ച യാത്രാനിരക്കില്‍ ഒരിളവും വരുത്താതെ പ്രവാസികളെ കൊള്ളയടിക്കുകയാണ് എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍. കൊച്ചി-ദുബായ് സര്‍വീസിന് എയര്‍ ഇന്ത്യ 50,900 രൂപയാണ് ഈടാക്കുന്നത്. ജിദ്ദയിലേക്കും റിയാദിലേക്കും 50,800 രൂപ. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചി-ദുബായ് സര്‍വീസിന് 30,000 രൂപയാണ് നിരക്ക്. മറ്റു കമ്പനികളും നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഒക്ടോബര്‍വരെ ടിക്കറ്റ് കിട്ടാനില്ലാത്തതും പ്രവാസികളെ ദുരിതത്തിലാക്കി.

    ReplyDelete