Wednesday, August 29, 2012

പി സി ജോര്‍ജിന്റെ അനുയായി 2 സിപിഐ എം പ്രവര്‍ത്തകരെ കുത്തി


കാഞ്ഞിരപ്പള്ളി: സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ അനുയായി കാഞ്ഞിരപ്പള്ളി ടൗണില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകരെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പി സി ജോര്‍ജ് ചൊവ്വാഴ്ച രാത്രി ഇതുവഴി കടന്നുപോയതിന് തൊട്ടുപിന്നാലെയാണക്രമം. പി സി ജോര്‍ജിനെ ആരോ കൂവിയെന്നാരോപിച്ചാണ് സിപിഐ എം പ്രവര്‍ത്തകരും ഓട്ടോതൊഴിലാളി യൂണിയന്‍(സിഐടിയു) ഭാവരവാഹികളുമായ കാഞ്ഞിരപ്പള്ളി വളവനാപാറ ഷാനവാസ്(34), വട്ടകപ്പാറ താജുദ്ദീന്‍(29) എന്നിവരെ നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാആക്ട് പ്രകാരം ജയില്‍വാസം അനുഭവിച്ചയാളുമായ ആനക്കല്ല് സ്വദേശി അജ്മല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരപരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി ഒന്‍പതോടെ കാഞ്ഞിരപ്പള്ളി പേട്ട കവല വഴി പി സി ജോര്‍ജ് കടന്നുപോയപ്പോള്‍ ഓട്ടോതൊഴിലാളികളടക്കം നിരവധിപേര്‍ അവിടെയുണ്ടായിരുന്നു. ഇതിനിടെ ആരോ കൂവിയെന്നാണ് ആക്ഷേപം. ജോര്‍ജ് കടന്നുപോയതിന് തൊട്ടുപിന്നാലെ പൊലീസ് എത്തി കവലയില്‍ നിന്ന രണ്ടുപേരെ പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇവരിലൊരാള്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകനും മറ്റൊരാള്‍ ബസ് ഡ്രൈവറുമാണ്. നിരപരാധികളായ ഇവരെ കൊണ്ടുപോയതിനു പിന്നാലെ ഓട്ടോ തൊഴിലാളികള്‍ സ്റ്റേഷനിലെത്തി.

ഇതിനിടെ സംഭവമറിഞ്ഞ് കോണ്‍ഗ്രസ് പ്രതിനിധിയായ കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം സുനില്‍ തേനംമാക്കലിന്റെ നേതൃത്വത്തില്‍ ഐഎന്‍ടിയുസിക്കാരും സ്റ്റേഷനിലെത്തി. പൊലീസുമായി സംസാരിച്ച് ഇരുവരെയും വെളിയിലിറക്കി ഇവിടെനിന്നും മടങ്ങുമ്പോഴാണ് അജ്മലും സംഘവും ചാടിവീണത്. "ആരാടാ പി സി ജോര്‍ജിനെ കൂവിയതെ"ന്ന് ചോദിച്ച് കത്തിയെടുത്ത് കുത്തുകയായിരുന്നു. ഷാനവാസിനും താജുദ്ദീനും കുത്തേറ്റു. മറ്റുള്ളവര്‍ ഒഴിഞ്ഞുമാറി. ഇതിനു ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. മറ്റുള്ളവര്‍ ചേര്‍ന്നാണ് കുത്തേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പി സി ജോര്‍ജിന്റെ അനുയായിയാണ് താനെന്ന് പരസ്യമായി പറഞ്ഞായിരുന്നു ആക്രമണം. താജുദീന്റെ പിന്‍ഭാഗത്തും ഷാനവാസിന്റെ കൈയ്ക്കുമാണ് കുത്തേറ്റത്. ഷാനവാസ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍(സിഐടിയു) കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയാണ്. ഇരുവരും സിപിഐ എം പൂതക്കുഴി ബ്രാഞ്ചംഗങ്ങളുമാണ്.

deshabhimani 290812

1 comment:

  1. സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ അനുയായി കാഞ്ഞിരപ്പള്ളി ടൗണില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകരെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പി സി ജോര്‍ജ് ചൊവ്വാഴ്ച രാത്രി ഇതുവഴി കടന്നുപോയതിന് തൊട്ടുപിന്നാലെയാണക്രമം. പി സി ജോര്‍ജിനെ ആരോ കൂവിയെന്നാരോപിച്ചാണ് സിപിഐ എം പ്രവര്‍ത്തകരും ഓട്ടോതൊഴിലാളി യൂണിയന്‍(സിഐടിയു) ഭാവരവാഹികളുമായ കാഞ്ഞിരപ്പള്ളി വളവനാപാറ ഷാനവാസ്(34), വട്ടകപ്പാറ താജുദ്ദീന്‍(29) എന്നിവരെ നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാആക്ട് പ്രകാരം ജയില്‍വാസം അനുഭവിച്ചയാളുമായ ആനക്കല്ല് സ്വദേശി അജ്മല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരപരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ReplyDelete