Sunday, August 26, 2012

നെല്ലിയാമ്പതിയില്‍ 25 ഏക്കര്‍ ടൂറിസം ഗ്രൂപ്പുകള്‍ക്ക്


"എമര്‍ജിങ് കേരള"യുടെ മറവില്‍ നെല്ലിയാമ്പതി വനഭൂമിയും ഭൂമാഫിയക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി ആരംഭിച്ചു. വന്‍കിട സ്വകാര്യ ടൂറിസം ഗ്രൂപ്പുകള്‍ക്ക് 25 ഏക്കര്‍ വനഭൂമി കൈമാറാനുള്ള സര്‍ക്കാര്‍ നിര്‍ദേശം "എമര്‍ജിങ് കേരള"യുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അടുത്തമാസം കൊട്ടിഘോഷിച്ച് നടത്തുന്ന "എമര്‍ജിങ് കേരള" വന്‍കിട സ്വകാര്യസംരംഭകര്‍ക്കും- ഭൂമാഫിയകള്‍ക്കും സംസ്ഥാനത്തിന്റെ സമ്പത്ത് അടിയറവയ്ക്കാനുള്ള നീക്കമാണെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായി.

സംസ്ഥാന വ്യവസായവകുപ്പ് സംഘടിപ്പിക്കുന്ന "എമര്‍ജിങ് കേരള"യില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കരിമണല്‍ഖനത്തിന് അനുമതി നല്‍കാനുള്ള നീക്കം വിവാദമായിരിക്കെയാണ് വനഭൂമിയും അടിയറവയ്ക്കുന്നത്. നെല്ലിയാമ്പതിയില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് ഫോറസ്റ്റ് ലോഡ്ജും ഹെല്‍ത്ത് റിസോര്‍ട്ടുകളും സ്ഥാപിക്കാനാണ് ഭൂമി നല്‍കുകയെന്ന് സര്‍ക്കാര്‍ പറയുന്നു. പാട്ടക്കാലാവധി കഴിഞ്ഞ നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായതിനിടെയാണ് ടൂറിസംപദ്ധതികള്‍ക്കായി സ്വകാര്യ ഏജന്‍സികളെ ക്ഷണിച്ചിരിക്കുന്നത്. തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ മന്ത്രി മാണിയും ചീഫ് വിപ്പ് പി സി ജോര്‍ജും പരസ്യമായി രംഗത്തിറങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണയും ഇവര്‍ക്കുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരായ വി ഡി സതീശനും ടി എന്‍ പ്രതാപനും ജോര്‍ജിനെതിരെ രംഗത്തുവന്നത് യുഡിഎഫില്‍ സൃഷ്ടിച്ച പ്രതിസന്ധി ക്കിടയിലാണ് "എമര്‍ജിങ് കേരള"യുടെ മറപിടിച്ചുള്ള ഇടപാട്.

വ്യവസായവകുപ്പും ഇതോടെ നെല്ലിയാമ്പതി വിഷയത്തില്‍ പ്രതിക്കൂട്ടിലാവുകയാണ്. പ്രമുഖ സ്വകാര്യ ടൂറിസം ശൃംഖലകള്‍ ഇതിനകം പദ്ധതിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. ഭൂമി സ്വന്തമാക്കാന്‍ സര്‍ക്കാരില്‍ ഇവര്‍ സ്വാധീനം ചെലുത്തുകയാണ്. നെല്ലിയാമ്പതിയില്‍ ടൂറിസംവകുപ്പിന്റെ കൈവശമുള്ള 25 ഏക്കര്‍ വനഭൂമിയാണ് പദ്ധതിക്കായി "എമര്‍ജിങ് കേരള"യില്‍ വച്ചിരിക്കുന്നത്. ഫോറസ്റ്റ് ലോഡ്ജ്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയ്ക്കായി 25 കോടിയുടെയും ഹോളിസ്റ്റിക് ഹെല്‍ത്ത് റിസോര്‍ട്ടിനായി 50 കോടിയുടെയും പദ്ധതിക്കാണ് നിര്‍ദേശം.

1980ലെ കേന്ദ്ര വനിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പാണ് ഈ വനഭൂമി ടൂറിസംവകുപ്പിന് ലഭിച്ചത്. 1909ലെ കൊച്ചി വനവിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ഭൂമിയാണിത്. വനഭൂമി ഇതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കണമെങ്കില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. ഇതൊന്നും വാങ്ങാതെയാണ് പദ്ധതി എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എല്ലാ ഇളവുകളോടുംകൂടി തൊണ്ണൂറ്റൊമ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് ഭൂമി നല്‍കുമെന്നാണ് വാഗ്ദാനം. സര്‍ക്കാര്‍ഭൂമിയും പൊതുസ്വത്തും ആഗോളകുത്തകകള്‍ക്കും സ്വകാര്യ ഏജന്‍സികള്‍ക്കും കൈമാറാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ സംരംഭകമേളയായ "എമര്‍ജിങ് കേരള" എന്ന ആക്ഷേപം ശക്തമാണ്. ഭൂമാഫിയക്ക് സുഗമമായ പാതയൊരുക്കാന്‍ കേരള നെല്‍വയല്‍ തണ്ണീര്‍ത്തടനിയമവും യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു.


നെല്ലിയാമ്പതി: ഭൂമി വെട്ടിമുറിച്ചത് ഭൂപരിധി നിയമം മറികടക്കാന്‍

പാലക്കാട്: നെല്ലിയാമ്പതിയില്‍ കൈവശക്കാര്‍ എസ്റ്റേറ്റുകള്‍ വെട്ടിമുറിച്ച് ബന്ധുക്കളുടെ പേരിലാക്കിയത് ഭൂപരിധിനിയമത്തില്‍നിന്നു രക്ഷപ്പെടാന്‍. ഇത്തരത്തില്‍ കൈവശഭൂമി കൃഷിയിടങ്ങളാണെന്ന് വരുത്താനാണ് ഇപ്പോഴത്തെ ശ്രമം. 1909ലെ വിജ്ഞാപനപ്രകാരം നെല്ലിയാമ്പതിയിലുണ്ടായിരുന്നത് 25 എസ്റ്റേറ്റ്. അനധികൃതകൈമാറ്റവും വിഭജനവും വഴി ഇപ്പോഴത് 52 ആയി. ഓരോ എസ്റ്റേറ്റിലും രജിസ്റ്റര്‍ ചെയ്യാത്ത നിരവധി വേര്‍തിരിവുകളുമുണ്ട്. സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ പാട്ടഭൂമി കൈമാറാവൂ എന്ന വ്യവസ്ഥ ലംഘിച്ചാണ് എല്ലാ കൈമാറ്റവും. ഭൂപരിഷ്കരണം നടപ്പാക്കിയ ഘട്ടത്തില്‍ നെല്ലിയാമ്പതിയിലെ ഭൂമി ഏറ്റെടുക്കാതിരുന്നത് എസ്റ്റേറ്റുകളെന്ന പരിഗണനയിലാണ്. ഇപ്പോഴത്തെ കൈവശക്കാര്‍ നെല്ലിയാമ്പതിയിലെ പാട്ടഭൂമി സ്വന്തം പേരിലാക്കാനുള്ള തന്ത്രത്തിലാണ്. മക്കളുടെയും ബന്ധുക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പലയിടത്തും ഭൂമിയുടെ നിയന്ത്രണം ഒരാള്‍ക്കാണ്. തങ്ങളുടേത് കൃഷിഭൂമിയാണെന്ന വാദമാണ് ഇവര്‍ ഉന്നയിക്കുന്നത്. പാട്ടക്കരാര്‍ ലംഘിച്ച് എസ്റ്റേറ്റ് ഭൂമി പലരുടെ പേരിലാക്കി നല്‍കിയ രജിസ്ട്രേഷന്‍വകുപ്പിന്റെ നടപടിയിലും ദുരൂഹതയുണ്ട്.

ഇത്തരത്തില്‍ അനധികൃതമായി ഭൂമി സ്വന്തമാക്കിയവരെയാണ് പി സി ജോര്‍ജും കെ എം മാണിയും ചെറുകിട കുടിയേറ്റ കര്‍ഷകരെന്ന് വിളിക്കുന്നത്. വിവാദം സൃഷ്ടിച്ച ചെറുനെല്ലി എസ്റ്റേറ്റിന്റെ ചരിത്രം മാത്രം മതി നെല്ലിയാമ്പതി തട്ടിപ്പിന്റെ കഥയറിയാന്‍. കൊച്ചി രാജാവ് 1867ല്‍ ഡബ്ല്യു സ്മിത് എസ്കര്‍ എന്നയാള്‍ക്കാണ് ഇത് പാട്ടത്തിനു നല്‍കിയത്. 1944ല്‍ പാലക്കാട് അയിലൂര്‍ സ്വദേശി എ എച്ച് കൃഷ്ണയ്യരും മക്കളും ഭൂമി സ്വന്തമാക്കി. 1975ല്‍ മലനാട് എന്റര്‍പ്രൈസസിന്റെ കൈകളിലായി. 1978ല്‍ ഇതു മുറിച്ച് മൂന്നുപേര്‍ക്കായി വിറ്റു. 121 ഏക്കര്‍ ദേവസ്യ കുര്യനും 91.9 ഏക്കര്‍ നബീല്‍ ഗ്രൂപ്പിനും 70.44 ഏക്കര്‍ കെ കെ എബ്രഹാമിനും ലഭിച്ചു. ദേവസ്യ കുര്യന്‍ ഇത് 14 പേര്‍ക്ക് വിഭജിച്ചു. നാലുമുതല്‍ പത്തര ഏക്കര്‍വരെ ഓരോരുത്തര്‍ക്കും രജിസ്റ്റര്‍ചെയ്തു. ഇതില്‍ എട്ടുപേര്‍ കുര്യന്റെ മക്കളും ബാക്കി ബന്ധുക്കളും. കെ കെ എബ്രഹാമിന്റെ കൈവശമുണ്ടായിരുന്ന 70.44 ഏക്കര്‍ 15 പേര്‍ക്കായി വീതിച്ചു. ഇതും ബന്ധുക്കള്‍ക്കാണ് രജിസ്റ്റര്‍ ചെയ്തത്. കെ കെ നബീല്‍ ഗ്രൂപ്പ് ഏഴുപേര്‍ക്ക് 13 ഏക്കര്‍ വീതം നല്‍കി. 1990ല്‍ വീണ്ടും ആറുപേര്‍ക്ക് കൈമാറി. ഭൂപരിധി നിയമത്തില്‍നിന്ന് രക്ഷപ്പെടുന്നതിനു പുറമെ തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കാതിരിക്കാനുള്ള തന്ത്രംകൂടിയായിരുന്നു വിഭജനം.
(സി അജിത്)


deshabhimani 260812

1 comment:

  1. "എമര്‍ജിങ് കേരള"യുടെ മറവില്‍ നെല്ലിയാമ്പതി വനഭൂമിയും ഭൂമാഫിയക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി ആരംഭിച്ചു. വന്‍കിട സ്വകാര്യ ടൂറിസം ഗ്രൂപ്പുകള്‍ക്ക് 25 ഏക്കര്‍ വനഭൂമി കൈമാറാനുള്ള സര്‍ക്കാര്‍ നിര്‍ദേശം "എമര്‍ജിങ് കേരള"യുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അടുത്തമാസം കൊട്ടിഘോഷിച്ച് നടത്തുന്ന "എമര്‍ജിങ് കേരള" വന്‍കിട സ്വകാര്യസംരംഭകര്‍ക്കും- ഭൂമാഫിയകള്‍ക്കും സംസ്ഥാനത്തിന്റെ സമ്പത്ത് അടിയറവയ്ക്കാനുള്ള നീക്കമാണെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായി.

    ReplyDelete