Sunday, August 26, 2012

സര്‍ക്കാര്‍ അഭിഭാഷകനും അന്വേഷണ ഉദ്യോഗസ്ഥനും വിട്ടുനിന്നത് ഗൂഢാലോചന


കെ സുധാകരനെതിരായ കേസില്‍ ജൂഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നാല് തവണ നിര്‍ദേശിച്ചിട്ടും പൊലീസ് റിപ്പോര്‍ട്ട് നല്‍കാത്തത് ഉന്നത ഇടപെടല്‍മൂലം. സിബിഐ അന്വേഷണം നടക്കുന്നുവെന്ന് ബോധിപ്പിച്ച് തടിതപ്പാനായിരുന്നു പൊലീസിന്റെ നീക്കം. ഇതുസംബന്ധിച്ച് രേഖാമൂലം ബോധിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനും സര്‍ക്കാര്‍ അഭിഭാഷകനും കോടതിയില്‍ ഹാജരായില്ല. സുപ്രീംകോടതി ജഡ്ജി, ബാര്‍ ലൈസന്‍സ് കേസില്‍ അനുകൂലവിധി പുറപ്പെടുവിക്കാന്‍ 36 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് കണ്ടെന്ന സുധാകരന്റെ പ്രസംഗമാണ് കേസിനാധാരം. ഇതുമായി ബന്ധപ്പെട്ട് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തെന്ന് ബോധിപ്പിച്ച ആധികാരികരേഖ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. സിബിഐ അന്വേഷണമെന്ന വാദമുയര്‍ത്തി പൊലീസ് അന്വേഷണം മരവിപ്പിക്കാനും കേസില്‍നിന്ന് തലയൂരാനുമായിരുന്നു ശ്രമം. സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് പോലും പൊലീസിന് വ്യക്തതയില്ല. സിബിഐ കേസുമായി ബന്ധപ്പെട്ട് ഒരു വിശദാംശവും സംസ്ഥാന പൊലീസിന് കിട്ടിയിട്ടില്ല. കൈക്കൂലി ഇടപാട് നടന്നത് ഡല്‍ഹിയിലായതിനാല്‍ സിബിഐ കേസ് എടുത്തിരിക്കാമെന്നാണ് പൊലീസിന്റെ ഊഹം. കോടതി ഇതംഗീകരിക്കാന്‍ കൂട്ടാക്കാത്തത് പൊലീസിനെ വെട്ടിലാക്കിയിരിക്കയാണ്.

സിബിഐ അന്വേഷണം നടക്കുന്നെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് ഇവിടത്തെ കേസ് അവസാനിപ്പിക്കുമെന്നാണ് അന്വേഷണസംഘം കരുതിയത്. പ്രസംഗം നടന്നത് കൊട്ടാരക്കരയായതിനാല്‍ കേസ് പരിഗണിക്കാന്‍ തിരുവനന്തപുരം കോടതിക്ക് അധികാരമില്ലെന്നാണ് സുധാകരന്റെ വാദം. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ രാംകുമാറിന് സുധാകരന്‍ വക്കാലത്ത് നല്‍കി. എന്നാല്‍, രാംകുമാറും ശനിയാഴ്ച ഹാജരായില്ല. പ്രതിഭാഗം അഭിഭാഷകന്റെ വരവിനായി കോടതി കാക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. പ്രതിയുടെ അഭിഭാഷകന്‍ വരുന്നതിന് പൊലീസും പ്രോസിക്യൂഷനും സാവകാശം ചോദിച്ചതും വിചിത്രനടപടിയാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍നിന്ന് വിട്ടുനിന്നതും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നതും ദുരൂഹമാണ്. സിബിഐ അന്വേഷണം സംബന്ധിച്ച രേഖ ലഭിക്കുന്നതിന് ഡല്‍ഹിയില്‍ പോകണമെന്നാണ് പൊലീസിന്റെ ഭാഷ്യം. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

deshabhimani 260812

1 comment:

  1. കെ സുധാകരനെതിരായ കേസില്‍ ജൂഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നാല് തവണ നിര്‍ദേശിച്ചിട്ടും പൊലീസ് റിപ്പോര്‍ട്ട് നല്‍കാത്തത് ഉന്നത ഇടപെടല്‍മൂലം. സിബിഐ അന്വേഷണം നടക്കുന്നുവെന്ന് ബോധിപ്പിച്ച് തടിതപ്പാനായിരുന്നു പൊലീസിന്റെ നീക്കം. ഇതുസംബന്ധിച്ച് രേഖാമൂലം ബോധിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനും സര്‍ക്കാര്‍ അഭിഭാഷകനും കോടതിയില്‍ ഹാജരായില്ല.

    ReplyDelete