Sunday, August 26, 2012

ഒരുവര്‍ഷത്തെ പ്രവര്‍ത്തന പരിപാടിക്ക് സിപിഐ എം രൂപരേഖ


കേരളീയ ജനജീവിതത്തെ സാരമായി ബാധിക്കുന്ന പ്രശ്നങ്ങളെ വിശകലനംചെയ്യുകയും അവയിലുള്ള സംഘടനപരമായ ഇടപെടല്‍ എങ്ങനെയെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിപാടിക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം രൂപരേഖ തയ്യാറാക്കും. പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രേഖ അവതരിപ്പിച്ചു. അതിനെ ആസ്പദമാക്കിയുള്ള ചര്‍ച്ച തുടരുന്നു. യോഗം ഞായറാഴ്ച സമാപിക്കും. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനാണ്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, എം എ ബേബി എന്നിവരും പങ്കെടുക്കുന്നു.

അന്ധവിശ്വാസവും അനാചാരവും വര്‍ധിക്കുന്നതും ജാതിമത വര്‍ഗീയശക്തികളുടെ വര്‍ധിച്ച ഇടപെടലും രൂപരേഖ വിശകലനം ചെയ്യുന്നു. നാടിന്റെ പുരോഗമന മനസ്സ് തകര്‍ക്കാനുള്ള സംഘടിതശ്രമം പ്രതിരോധിക്കേണ്ടതിന്റെ ആവശ്യവും നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ താഴെതട്ടില്‍നിന്നുതന്നെ കരുത്തുറ്റ പ്രവര്‍ത്തനം നടത്തേണ്ടതിന്റെ പ്രാധാന്യവും രേഖ വ്യക്തമാക്കുന്നു.

കാസര്‍കോട് ജില്ലയിലെ ഉദുമ പള്ളിക്കര കീക്കാനത്തെ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റും സിപിഐ എം കീക്കാനം ബ്രാഞ്ച് അംഗവുമായ ആലിങ്കാലില്‍ ടി മനോജിനെ മുസ്ലിംലീഗ് തീവ്രവാദി സംഘം ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. വേര്‍പാടില്‍ അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ എം കുന്ദമംഗലം ഏരിയ കമ്മിറ്റി അംഗവുമായ കെ സി നായര്‍, മുന്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗവും മുന്‍ വര്‍ക്കല എംഎല്‍എയുമായിരുന്ന എ അലിഹസ്സന്‍, മുന്‍ കൊച്ചി ഏരിയ കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായിരുന്ന കെ കെ അശോകന്‍, ഒഞ്ചിയം മുന്‍ ഏരിയ കമ്മിറ്റി അംഗം പറമ്പത്ത് കണാരന്‍, പോത്തന്‍കോട് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം എം മുസ്തഫ, പ്രശസ്ത മൃദംഗ വിദ്വാന്‍ മാവേലിക്കര വേലുക്കുട്ടിനായര്‍ എന്നിവരുടെ നിര്യാണത്തില്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കോഴിക്കോട്, കണ്ണൂര്‍, കോതമംഗലം എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ വേര്‍പാടിലും സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

deshabhimani 260812

1 comment:

  1. കേരളീയ ജനജീവിതത്തെ സാരമായി ബാധിക്കുന്ന പ്രശ്നങ്ങളെ വിശകലനംചെയ്യുകയും അവയിലുള്ള സംഘടനപരമായ ഇടപെടല്‍ എങ്ങനെയെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിപാടിക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം രൂപരേഖ തയ്യാറാക്കും. പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രേഖ അവതരിപ്പിച്ചു. അതിനെ ആസ്പദമാക്കിയുള്ള ചര്‍ച്ച തുടരുന്നു. യോഗം ഞായറാഴ്ച സമാപിക്കും. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനാണ്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, എം എ ബേബി എന്നിവരും പങ്കെടുക്കുന്നു.

    ReplyDelete