Wednesday, November 14, 2012
മാനദണ്ഡം വ്യക്തമാക്കാതെ യുജിസിയുടെ കള്ളക്കളി വീണ്ടും
പരീക്ഷയ്ക്കുശേഷം മാനദണ്ഡങ്ങള്‍ പുതുക്കി വിദ്യാര്‍ഥികളെ വഞ്ചിച്ചെന്ന ആരോപണം മറികടക്കാന്‍ യുജിസി നെറ്റ് പരീക്ഷയുടെ സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പുതുക്കിയ ലിസ്റ്റിലും ഏതു മാനദണ്ഡപ്രകാരമാണ് കൂടുതല്‍ വിജയികളെ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാതെ യുജിസി കള്ളക്കളി തുടരുകയാണ്. പുതുക്കിയ ലിസ്റ്റുപ്രകാരം ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ് 1685 പേര്‍ക്കും ലക്ചര്‍ഷിപ് യോഗ്യത 13,493 പേര്‍ക്കുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 24ന് നടത്തിയ പരീക്ഷയുടെ ഫലം സെപ്തംബര്‍ 18ന് പ്രസിദ്ധീകരിച്ചിരുന്നു. 5,71,627 പേര്‍ പരീക്ഷയെഴുതിയതില്‍ 43,975 പേര്‍മാത്രമാണ് വിജയിച്ചത്. പരീക്ഷയ്ക്കുമുമ്പുള്ള വിജ്ഞാപനമാനദണ്ഡങ്ങള്‍ പരീക്ഷയ്ക്കുശേഷം മാറ്റിയതോടെയാണ് കൂട്ടത്തോല്‍വി ഉണ്ടായത്. സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ജയിക്കാനായില്ല.
പരീക്ഷയ്ക്കുമുമ്പ് യുജിസി പുറത്തിറക്കിയ വിജ്ഞാപനപ്രകാരം യഥാക്രമം പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട്, പാര്‍ട്ട് മൂന്ന് വിഷയങ്ങള്‍ക്ക് മിനിമം മാര്‍ക്ക് നിശ്ചയിച്ചിരുന്നത് ജനറല്‍ വിഭാഗത്തിന് യഥാക്രമം 40, 40, 50 ശതമാനം, ഒബിസി വിഭാഗത്തിന് 35, 35, 45 ശതമാനം, എസ്സി- എസ്ടി- ശരീരവൈകല്യമുള്ളവര്‍ക്ക് 35, 35, 40 ശതമാനം എന്നിങ്ങനെയായിരുന്നു. എന്നാല്‍, പരീക്ഷാഫലം പുറത്തിറങ്ങിയപ്പോള്‍ മൂന്ന് പാര്‍ട്ടിനുംകൂടി ജനറല്‍ വിഭാഗത്തിന് 65 ശതമാനവും ഒബിസിക്ക് 60 ശതമാനവും എസ്സി- എസ്ടിക്ക് 55 ശതമാനവും മാര്‍ക്ക് ലഭിച്ചാല്‍മാത്രമേ ലക്ചര്‍ഷിപ് യോഗ്യത ലഭിക്കൂ എന്ന വ്യവസ്ഥകൂടി ഉള്‍പ്പെടുത്തി. ഫലം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പാണ് യുജിസി പുതിയ മാനദണ്ഡം പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്നാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അയോഗ്യരായത്.
വിജ്ഞാപനത്തിനുശേഷം മാനദണ്ഡങ്ങള്‍ മാറ്റിയതിനെതിരെ വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച ഹര്‍ജികള്‍ വിവിധ കോടതികളുടെ പരിഗണനയിലാണ്. നെറ്റ് ഫലം വന്നപ്പോള്‍ ഉത്തരേന്ത്യയിലെ ചില സര്‍വകലാശാലകളില്‍നിന്ന് പരീക്ഷയെഴുതിയവരാണ് കൂടുതലും യോഗ്യത നേടിയതെന്നും ആക്ഷേപമുയര്‍ന്നിരുന്നു. പരാതികള്‍ കോടതിയുടെ പരിഗണനയിലിരിക്കെയാണ് യുജിസി വെബ്സൈറ്റില്‍ സപ്ലിമെന്ററി ലിസ്റ്റ് വന്നത്. നിരവധി പരാതി ഉയര്‍ന്നതിനാല്‍ ഒരു കമ്മിറ്റിയെ നിശ്ചയിച്ചുവെന്നും അവരുടെ നിര്‍ദേശപ്രകാരം സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നുവെന്നും മാത്രമാണ് വെബ്സൈറ്റിലുള്ളത്. മാനദണ്ഡം അറിയിക്കാതെയുള്ള പുതിയ ലിസ്റ്റും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
deshabhimani
Labels:
വിദ്യാഭ്യാസം
Subscribe to:
Post Comments (Atom)
No comments:
Post a Comment