Tuesday, November 6, 2012
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്: ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന് കേരളത്തില്‍ മാത്രം 5 കോടി ലാഭം
യൂത്ത് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പ് കോടിക്കണക്കിനു രൂപ മറിയുന്ന വന്‍ ഇടപാട്. കേരളത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ അഞ്ചുകോടി രൂപയുടെ ലാഭമാണ് നടത്തിപ്പുകാരായ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് "ഫെയിം" പ്രതീക്ഷിക്കുന്നത്. 2010ല്‍ കേരളത്തില്‍നിന്ന് ഫെയിം മൂന്നുകോടി രൂപ ലാഭമുണ്ടാക്കി. ഇക്കുറി ബൂത്ത്തലത്തിലെ തെരഞ്ഞെടുപ്പില്‍ നിന്നുമാത്രം രണ്ടുകോടിയിലധികം രൂപ ലഭിക്കും. ബൂത്ത്തലത്തില്‍ മത്സരിക്കാന്‍ ഇവന്റ് മാനേജ്മെന്റുകാര്‍ക്ക് ഒരു സ്ഥാനാര്‍ഥി 100 രൂപയാണ് കെട്ടിവയ്ക്കേണ്ടത്. ഒരു ബൂത്തില്‍ അഞ്ച് ഭാരവാഹിയുണ്ട്. ഇതുപ്രകാരം സംസ്ഥാനത്തെ 20,500ല്‍ അധികംവരുന്ന യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഭാരവാഹിത്വത്തിലേക്ക് അഞ്ചുവീതം എ, ഐ വിഭാഗങ്ങള്‍മാത്രം മത്സരിച്ചാലും 2,05,000 സ്ഥാനാര്‍ഥിയുണ്ടാകും. ഇവരില്‍ ഒരാളില്‍നിന്ന് 100 രൂപവീതം കിട്ടിയാല്‍ത്തന്നെ ഫെയിമിന് ലഭിക്കുക 2.05 കോടി രൂപയാണ്. നാലാം ഗ്രൂപ്പ്, മുരളീധരന്‍ വിഭാഗം, ഗ്രൂപ്പുകള്‍ക്ക് അതീതമായി മത്സരിക്കുന്നവര്‍ എന്നിവരുടെ എണ്ണംകൂടി വരുമ്പോള്‍ തുക ഇനിയും കുത്തനെ കൂടും.
യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയാണ് തെരഞ്ഞെടുപ്പുപ്രക്രിയ ഫെയിമിനെ എല്‍പ്പിച്ചത്. തമിഴ്നാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ എല്ലാ ചെലവും കഴിഞ്ഞ് 12 കോടിയോളം രൂപ ലാഭം കിട്ടിയെന്നാണ് സൂചന. മുഴുവന്‍ സംസ്ഥാനത്തെയും തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും 50 കോടിയെങ്കിലും ഫെയിമിന് ലാഭംകിട്ടും. മണ്ഡലം തലത്തിലേക്ക് മത്സരിക്കാന്‍ 500 രൂപയാണ് കെട്ടിവയ്ക്കേണ്ടത്. 10 ഭാരവാഹികളാണ് മണ്ഡലത്തിലുണ്ടാകുക. ഒരോ മണ്ഡലത്തിലും 20 സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ത്തന്നെ സംസ്ഥാനത്തെ 2500ല്‍ അധികംവരുന്ന കമ്മിറ്റികളില്‍നിന്ന് 2.5 കോടി രൂപ ഫെയിമിന് ലഭിക്കും.
അസംബ്ലി കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ 1,500 രൂപയും പാര്‍ലമെന്റ് കമ്മിറ്റിയിലേക്ക് 3,000 രൂപയും സംസ്ഥാനകമ്മിറ്റിയിലേക്ക് 7000 രൂപയുമാണ് കെട്ടിവയ്ക്കേണ്ടത്. അസംബ്ലി, പാര്‍ലമെന്റ്, സംസ്ഥാന കമ്മറ്റികളിലേക്ക് പത്തുവീതം ഭാരവാഹികളാണ് ഉള്ളത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനുള്ള യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍തന്നെ പണമൊഴുക്ക് തുടങ്ങി. 15 രൂപ അംഗത്വഫീസിനു പുറമെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും നല്‍കണം. യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വം എടുക്കുന്നതിനു മാത്രം ഒരാള്‍ക്ക് കുറഞ്ഞത് 100 രൂപ ചെലവുവരും.
തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കമ്മിറ്റികള്‍ പിടിക്കാന്‍ ഗ്രൂപ്പുകള്‍ പണം വാരിയെറിഞ്ഞാണ് മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും ബൂത്ത്തലങ്ങളില്‍ ഗ്രൂപ്പുപോരും രൂക്ഷമായിട്ടുണ്ട്. പണമുള്ളവര്‍ക്കുമാത്രം അംഗമാകാനും ഭാരവാഹിയാകാനും കഴിയുന്ന അവസ്ഥയാണുള്ളതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഏതെങ്കിലും പ്രബല ഗ്രൂപ്പിനു വേണ്ടപ്പെട്ട ആളോ ഏതെങ്കിലും ലോബിയുടെ പിന്തുണയുള്ളവര്‍ക്കോ അല്ലാതെ ഭാരവാഹിയാകാന്‍ കഴിയാത്ത അവസ്ഥാണ് യൂത്ത് കോണ്‍ഗ്രസിലുള്ളത്.
(ജിജോ ജോര്‍ജ്)
deshabhimani 051112
Labels:
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
യൂത്ത് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പ് കോടിക്കണക്കിനു രൂപ മറിയുന്ന വന്‍ ഇടപാട്. കേരളത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ അഞ്ചുകോടി രൂപയുടെ ലാഭമാണ് നടത്തിപ്പുകാരായ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് "ഫെയിം" പ്രതീക്ഷിക്കുന്നത്.
ReplyDelete