Tuesday, November 6, 2012

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചേരിപ്പോര്: കൈക്കൂലിക്കേസ് ഒതുക്കിയത് ഉന്നതരെ രക്ഷിക്കാന്‍


കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ സഹിതം പിടിയിലായിട്ടും പ്രതികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരെ രക്ഷിക്കാന്‍. ജീവനക്കാര്‍ കൈക്കൂലി വാങ്ങിയിരുന്നത് ഉന്നതര്‍ക്കുവേണ്ടിയാണെന്ന് വ്യക്തമായിട്ടുണ്ട്. പൊതുഭരണ വകുപ്പില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഡെപ്യൂട്ടേഷനിലെത്തിയ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കളായ സുനില്‍കുമാര്‍, കെ രമേശ് എന്നിവരാണ് പ്രതികള്‍. വ്യക്തമായ തെളിവ് ലഭിച്ച സാഹചര്യത്തില്‍ ഇരുവര്‍ക്കുമെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കേണ്ടതാണ്. ഇങ്ങനെ കേസെടുത്ത് അന്വേഷിച്ചാല്‍ ഉന്നതര്‍വരെ കുടുങ്ങുമെന്ന് വ്യക്തമായതോടെയാണ് പൊലീസില്‍ പരാതി നല്‍കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവം ഒതുക്കിയത്. താഴ്ന്ന തസ്തികയില്‍ ജോലിചെയ്യുന്ന സുനിലും രമേശും സ്വന്തംനിലയില്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചാലും ആവശ്യക്കാര്‍നല്‍കാനിടയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ക്ക് നല്‍കി കാര്യം ശരിപ്പെടുത്താമെന്ന് പറഞ്ഞാണ് കൈക്കൂലി വാങ്ങിയത്. പിടിയിലായവരില്‍ ഒരാള്‍ കംപ്യൂട്ടര്‍ സെല്ലിലും രണ്ടാമന്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിലുമാണ്. മുഖ്യമന്ത്രിക്കും അനുചരര്‍ക്കും വിശ്വസ്തരായവരെ മാത്രമേ ഇത്തരം സുപ്രധാന തസ്തികകളില്‍ ഇരുത്താറുള്ളൂ. സുപ്രധാന ഫയലുകളുടെ നീക്കുപോക്ക് അറിയിക്കാനാണ് പണം ആവശ്യപ്പെട്ടതെന്നാണ് കൈക്കൂലി നല്‍കിയവര്‍ പറയുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇടനിലക്കാരും അഴിമതിക്കാരും മുഖ്യമന്ത്രിയുടെ ഓഫീസ് കൈയടക്കിയെന്നാണ് എതിര്‍ ഗ്രൂപ്പില്‍പ്പെട്ടവരും സ്വന്തം ഗ്രൂപ്പിലെ ഒരുവിഭാഗവും പറയുന്നത്.

കൈക്കൂലി പിടിച്ചത് വാര്‍ത്തയായപ്പോള്‍ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചത്. ഇരു പ്രതികളെയും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് മാറ്റി സംഭവം ഒതുക്കാന്‍ ശ്രമിച്ചു. സുനിലിനെ ജോലിയില്‍ വീഴ്ച വരുത്തിയതിന് സ്ഥലംമാറ്റിയെന്നും രമേശിനെ മാതൃവകുപ്പിലേക്ക് തിരിച്ചെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. എന്നാല്‍, സുനില്‍ വരുത്തിയ വീഴ്ച എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. കൈക്കൂലി വാര്‍ത്ത പുറത്തായത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചേരിപ്പോര് തുടങ്ങി. വഴിവിട്ട പ്രവര്‍ത്തനങ്ങളെ പ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രചാരണവും ശക്തിപ്പെട്ടു. കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ഗ്രൂപ്പ് വൈരമാണ് കൈക്കൂലി സംഭവം മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടാനിടയാക്കിയതെന്നും ചര്‍ച്ചയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ അഴിമതിയാണ് കൈക്കൂലി സംഭവത്തിലൂടെ മറനീക്കി പുറത്തുവന്നത്. കോണ്‍ഗ്രസിന്റെ പ്രാദേശികനേതാക്കള്‍മുതല്‍ മുതിര്‍ന്ന നേതാക്കള്‍വരെ ഫയലുകള്‍ "അതിവേഗം" നീക്കാനും "ഉദ്ദിഷ്ട കാര്യസാധ്യ"ത്തിനുമായി സെക്രട്ടറിയറ്റ് പരിസരത്ത് തമ്പടിക്കുകയാണ്.

ക്യാമറ പരിശോധിക്കില്ലെന്ന് മുഖ്യമന്ത്രി

തിരു: തന്റെ ഓഫീസിലെ രണ്ട് ജീവനക്കാര്‍ കൈക്കൂലി വാങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അത്തരത്തില്‍ പരാതി കിട്ടാത്തതിനാല്‍ താന്‍ ക്യാമറാദൃശ്യങ്ങള്‍ പരിശോധിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണമെങ്കില്‍ പരിശോധിക്കാം. ആരോപണവിധേയരില്‍ ഒരാള്‍മാത്രമേ തന്റെ സ്റ്റാഫിലുണ്ടായിരുന്നുള്ളൂ. കൃത്യമായി ജോലിക്ക് വരാത്തതുകൊണ്ടാണ് അയാളെ മാറ്റിയതെന്നും കംപ്യൂട്ടര്‍ സെക്ഷനിലെ ജീവനക്കാരനെ മാറ്റിയത് ഭരണപരമായ മാറ്റത്തിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൈക്കൂലി

തിരു: മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു. ദൃശ്യങ്ങള്‍ പൂഴ്ത്താന്‍ ശ്രമിച്ചെങ്കിലും സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഇരുവരെയും ഓഫീസില്‍നിന്ന് മാറ്റി. പൊതുഭരണ വകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി നോക്കിയിരുന്ന സുനില്‍കുമാര്‍, കെ രമേശ് എന്നിവരാണ് കൈക്കൂലി വാങ്ങിയത്. സെക്രട്ടറിയറ്റിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ശക്തമായ തെളിവായിട്ടും ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്ന ഫയലുകളുടെ നീക്കം ചോര്‍ത്തിക്കൊടുത്താണ് ഇവര്‍ കൈക്കൂലി വാങ്ങിയിരുന്നത്.

ഓഫീസിലെ ഉന്നതരായ രണ്ടുപേരാണ് ഇരുവര്‍ക്കും ഫയല്‍ വിവരം കൈമാറിയിരുന്നത്. കംപ്യൂട്ടര്‍ സെല്ലിലായിരുന്നു രമേശ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിലായിരുന്നു സുനില്‍. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടറിയറ്റ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകരാണ്. സെക്രട്ടറിയറ്റ് വളപ്പും പരിസരവും നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്യാമറയില്‍ പത്തുദിവസം മുമ്പാണ് ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇതിന്റെ സിഡി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു ഉദ്യോഗസ്ഥന്‍ ഇടപെട്ട് പൂഴ്ത്തി. കൈക്കൂലി നല്‍കിയ ഒരാള്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതിനെത്തുടര്‍ന്ന്് സിഡി പരിശോധിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ദൃശ്യങ്ങള്‍ വ്യക്തമല്ലെന്ന് പറഞ്ഞ് നടപടി ഒഴിവാക്കാനും ശ്രമം നടന്നു. ഫയലുകളുടെ വിവരം കൈക്കൂലിക്കാരായ ജീവനക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത ഉന്നതര്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ല. "സുതാര്യകേരളം" പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് 24 മണിക്കൂറും ക്യാമറാ നിരീക്ഷണത്തിലാക്കിയിരുന്നു. ഈ ദൃശ്യങ്ങള്‍ വെബ്സൈറ്റിലും ലഭ്യമാക്കി. എന്നാല്‍, നിരീക്ഷണ ക്യാമറ സംവിധാനം കുറെ ദിവസമായി പ്രവര്‍ത്തിപ്പിക്കുന്നില്ല. നവീകരണ ജോലി നടക്കുന്നതിനാല്‍ ഓഫീസ് ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നാണ് ഔദ്യോഗിക ഭാഷ്യം.

ജീവനക്കാരെ ഒഴിവാക്കിയത് കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ അല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ജോലിയില്‍ വീഴ്ചവരുത്തിയതിനാണ് സുനിലിനെ ഒഴിവാക്കിയതെന്നും രമേശിനെ മാതൃവകുപ്പിലേക്ക് തിരിച്ചയച്ചത് സാധാരണ മാറ്റമാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ കേന്ദ്രീകരിച്ച് അരങ്ങേറുന്ന വന്‍ അഴിമതിയിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ എല്ലാം സുതാര്യമെന്നവകാശപ്പെട്ട് ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. ഭരണസിരാകേന്ദ്രം താവളമാക്കിയ അഴിമതിക്കാരുടെ ശൃംഖലയിലെ ചെറുകണ്ണികള്‍ മാത്രമാണ് ക്യാമറയില്‍ കുടുങ്ങിയ രണ്ടുപേര്‍. സെക്രട്ടറിയറ്റും പരിസരവും ഇടനിലക്കാരും ബിനാമികളും കൈയടക്കിയിരിക്കുകയാണിപ്പോള്‍.

deshabhimani

1 comment:

  1. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ സഹിതം പിടിയിലായിട്ടും പ്രതികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരെ രക്ഷിക്കാന്‍. ജീവനക്കാര്‍ കൈക്കൂലി വാങ്ങിയിരുന്നത് ഉന്നതര്‍ക്കുവേണ്ടിയാണെന്ന് വ്യക്തമായിട്ടുണ്ട്.

    ReplyDelete