Tuesday, November 6, 2012

ന്യൂനപക്ഷ വിഭാഗത്തിലെ യുവാക്കളെ ബോധപൂര്‍വം പ്രതികളാക്കരുത്: കാരാട്ട്


നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) ജനദ്രോഹ വ്യവസ്ഥകള്‍ പിന്‍വലിക്കാന്‍ സമാന ചിന്താഗതിക്കാരുമായി യോജിച്ചുപോരാടുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. രാഷ്ട്രീയ ഭീകരതയ്ക്കെതിരായ ജനകീയ പ്രചാരണം&ൃെൂൗീ; എന്ന സംഘടന സംഘടിപ്പിച്ച "മുസ്ലീം യുവാക്കളെ ലക്ഷ്യമിട്ട് ഭീകരതയുടെ രാഷ്ട്രീയം" എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.

ടാഡ, പോട്ട പോലുള്ള കരിനിയമങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ മറ്റ്മതേതര കക്ഷികളുമായി ഇടതുപക്ഷ പാര്‍ടികള്‍ യോജിച്ചു പ്രവര്‍ത്തിച്ചു. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരിനിയമങ്ങള്‍ ഇല്ലായ്മ ചെയ്യാനായി. ഈ നിയമങ്ങളിലെ വിവാദ വ്യവസ്ഥകള്‍ തന്നെയാണ് യുഎപിഎ നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. മാലെഗാവ്, മക്കമസ്ജിദ് തുടങ്ങിയ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നിരപരാധികളെ അറസ്റ്റുചെയ്ത ജയിലില്‍ അടച്ചത് ഈ വ്യവസ്ഥകള്‍ പ്രകാരമായിരുന്നു. യുഎപിഎ നിയമത്തില്‍ 2008ല്‍ ഭേദഗതി വരുത്തിയാണ് വിവാദ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്. മുംബൈ ഭീകരാക്രമണത്തിന്റെ തൊട്ടുപിന്നാലെയായിരുന്നു ഭീകരതയെ ചെറുക്കാനെന്ന പേരില്‍ ഈ നടപടി. ഈ ഭേദഗതികള്‍ പിന്‍വലിപ്പിക്കാന്‍ മതേതര പാര്‍ടികള്‍ യോജിച്ചുപ്രവര്‍ത്തിക്കണം. ഭഭീകരവാദക്കേസുകളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാരെ ബോധപൂര്‍വ്വം തെറ്റായി ഉള്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണ്. ഇത് ന്യൂനപക്ഷങ്ങളുടെ മാത്രം പ്രശ്നമായി കാണേണ്ടതില്ല. ജനാധിപത്യത്തിന്റെയും മതേതരത്തിന്റെയുമൊക്കെ പ്രശ്നമായി ഇത്തരം നീക്കങ്ങളെ നോക്കികാണണമെന്നും കാരാട്ട് പറഞ്ഞു.

സിപിഐ നേതാവ് എ ബി ബര്‍ദന്‍, കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍, ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, എല്‍ജെപി നേതാവ് രാംവിലാസ് പസ്വാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani 051112

No comments:

Post a Comment