Tuesday, July 2, 2013

സിനിമ കച്ചവടം മാത്രമായെന്ന് അടൂര്‍

ജീവിതത്തെ മാറ്റിനിര്‍ത്തി ലാഭമുണ്ടാക്കാനുള്ള ഉല്‍പ്പന്നം മാത്രമായി ഇന്നത്തെ സിനിമ മാറിയെന്ന് വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

യഥാര്‍ഥ ജീവിതവുമായി ഇന്നത്തെ സിനിമകള്‍ ബന്ധം പുലര്‍ത്തുന്നില്ല. യാഥാര്‍ഥ്യത്തില്‍നിന്ന് എത്ര അകലുന്നുവോ അത്രയും സാമ്പത്തികനേട്ടമുണ്ടാകുമെന്ന തരത്തിലാണ് മലയാളസിനിമയുടെ പോക്ക്. ജീവിതത്തെ നേരിടാനാണ് കലകള്‍ പഠിപ്പിക്കുന്നത്. ഇന്നത്തെ സിനിമകള്‍ ജീവിതത്തില്‍നിന്ന് ഒളിച്ചോടാനാണ് പറയുന്നത്. ലിംക ബുക്ക് ഓഫ് റെക്കോഡ്സിന്റെ മലയാളം പതിപ്പിന്റെ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റൗഡികളുടെ കഥയാണ് ഇന്ന് ഭൂരിഭാഗം മലയാളസിനിമകളും പറയുന്നത്. 60 വയസ്സുള്ള റൗഡിയായ നായകന്‍ 16 വയസ്സുള്ള നായികയെ സ്വന്തമാക്കുന്നു. അടിസ്ഥാനപരമായി എല്ലാ ചിത്രങ്ങളുടെയും കഥ ഇതുതന്നെ. ഒരുകാലത്ത് അത്ഭുതവും ആവേശവും സിനിമ സമ്മാനിച്ചിരുന്നു. ഇന്ന് വളര്‍ന്നുവരുന്ന പ്രവണതകള്‍ പലതും നിരാശാജനകമാണ്. സാങ്കേതിക വളര്‍ച്ചയ്ക്കനുസരിച്ച് സിനിമയുടെ സാധ്യത പ്രയോജനപ്പെടുത്തുന്നില്ല. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ല. സമൂഹത്തില്‍ത്തന്നെ ഈ നിരാശ വ്യാപകമാണ്. സമൂഹത്തില്‍ വളര്‍ന്നുവരുന്ന പീഡനങ്ങളും മറ്റും ഇതോടൊപ്പം ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായമില്ലാതെയാണ് പണ്ട് സിനിമയെടുത്തിരുന്നത്. ഇന്നത്തെ തലമുറ സിനിമയെ സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നില്ല. പുതുതലമുറ സിനിമകളെക്കുറിച്ച് കേട്ടിട്ടുണ്ട്; കണ്ടിട്ടില്ല. ആരെയും മാറ്റിനിര്‍ത്തണമെന്ന് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യഭാഷ ഇന്ന് എല്ലാവര്‍ക്കും പ്രാപ്യമായെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ പറഞ്ഞു.

ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സിന്റെ ഈവര്‍ഷത്തെ മലയാളം പതിപ്പ് അടൂര്‍, സന്തോഷ് ശിവന്‍, ലിംക ബുക്കിന്റെ എഡിറ്റര്‍ വിജയ ഘോഷ്, കൊക്കകോള ഇന്ത്യ പബ്ലിക് അഫയേഴ്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ദീപക് ജോളി, സീനിയര്‍ വൈസ് പ്രസിഡന്റ് (ലീഗല്‍) ശുക്ല വാസന്‍, ഹിന്ദുസ്ഥാന്‍ കൊക്കകോള സംസ്ഥാന മേധാവി അജയ് കെ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനംചെയ്തു.

സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സിന്റെ പീപ്പിള്‍ ഓഫ് ദി ഇയര്‍ പുരസ്കാരം അടൂരിനും സന്തോഷ് ശിവനും സമ്മാനിച്ചു. ഇന്ത്യന്‍ സിനിമയുടെ ശതാബ്ദിയോടനുബന്ധിച്ച് ഇക്കുറി പ്രത്യേക സിനിമാപതിപ്പാണ്. മലപ്പുറത്തുനിന്നുള്ള ലിംകാ റെക്കോഡ് ജേതാവ് മനു കള്ളിക്കാട് തയ്യാറാക്കിയ കൊളാഷ് പോര്‍ട്രേറ്റും ചടങ്ങില്‍ പ്രകാശനംചെയ്തു. സോപാനം സ്കൂളിന്റെ പഞ്ചവാദ്യം, ദിലീപ് ശുകപുരത്തിന്റെ ചെണ്ടമേളം, കലാമണ്ഡലം ഹേമലതയുടെ മോഹിനിയാട്ടം, ലക്ഷ്മി ബന്‍സണിന്റെ സംഗീതം എന്നിവയും അരങ്ങേറി

deshabhimani

No comments:

Post a Comment