Wednesday, July 3, 2013

കാലവര്‍ഷം കനിഞ്ഞിട്ടും വെള്ളം സംഭരിക്കാന്‍ പദ്ധതികളില്ല

സംസ്ഥാനത്ത് കാലവര്‍ഷം ഏറ്റവുമധികം മഴ നല്‍കിയിട്ടും മഴവെള്ള സംഭരണപദ്ധതികള്‍ ഫലപ്രദമാക്കുന്നില്ല. കഴിഞ്ഞതവണത്തേക്കാള്‍ 81 ശതമാനം അധികം മഴയാണ് ഇത്തവണ ലഭിച്ചത്. ഭൂഗര്‍ഭജല സംരക്ഷണംവഴി ഇത് വരുന്ന വേനലില്‍ ജലക്ഷാമത്തിന് പരിഹാരമായി വിദഗ്ധര്‍ നിര്‍ദേശിച്ചെങ്കിലും ഒരു പദ്ധതിയും ആവിഷ്കരിച്ചിട്ടില്ല.

സാധാരണ തുലാവര്‍ഷംവഴി ലഭിക്കുന്ന മഴവെള്ളമാണ് സംഭരണത്തിന് ഉപയോഗിക്കാറുള്ളത്. കഴിഞ്ഞ തുലാവര്‍ഷവും കേരളത്തില്‍ ദുര്‍ബലമായത് വേനലില്‍ ജലക്ഷാമം ഇരട്ടിയാക്കി. അതിന് പരിഹാരമെന്നോണമാണ് ഇപ്പോള്‍ ലഭിച്ച ജലം സംരക്ഷിക്കണമെന്ന് ജലവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, സംസ്ഥാനത്തെ ഭൂഗര്‍ഭ ജലവിതാനത്തിന്റെ കണക്ക് നവംബറിലാണ് ഭൂഗര്‍ഭജലവകുപ്പ് എടുക്കുക. ഈ കണക്ക് ജല സംരക്ഷണത്തിന് സഹായകമാകുന്നുമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴിയും വിവിധ സന്നദ്ധസംഘടനകള്‍ വഴിയുമുള്ള മഴവെള്ള സംഭരണപദ്ധതികള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇത്തരം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഫണ്ടും അനുവദിക്കുന്നില്ല.

കേരളത്തില്‍ ആലപ്പുഴ ഒഴികെ 13 ജില്ലകളും മഴവെള്ള സംഭരണത്തിന് അനുകൂലമായ പ്രദേശങ്ങളാണെന്നാണ് പഠനം. തൃശൂരിലെ കൊരട്ടിയില്‍ പഞ്ചായത്തും കളമശ്ശേരി എസ്സിഎംഎസും ചേര്‍ന്ന് മഴവെള്ള സംഭരണ പദ്ധതി നടപ്പാക്കി വരുന്നതായി കുസാറ്റ് മണ്‍സൂണ്‍ പഠനകേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. സി കെ രാജന്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്തിലെ പൊതുഉടമസസ്ഥതയിലുള്ള 60 കിണറും 50 കുളവും മാലിന്യവിമുക്തമാക്കി മഴക്കാലത്ത് ജലം സംഭരിക്കുന്നു. വേനലിലെ ജലക്ഷാമം പരിഹരിക്കാനും കാര്‍ഷികജലസേചനത്തിനും ഉതകുന്ന ഇത്തരം പദ്ധതികള്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലുമുണ്ടായാല്‍ ജലദൗര്‍ലഭ്യത്തിന് ശാശ്വതപരിഹാരമാകും. മഴക്കെടുതി മൂലമുള്ള വെളളക്കെട്ട് കുറയ്ക്കാനും ഇതുപകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇക്കുറി ഏറ്റവുമധികം മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. കുറവ് തിരുവനന്തപുരത്തും. കണ്ണൂരില്‍ ജൂണ്‍ ഒന്നുമുതല്‍ 26 വരെ 140.8 സെന്റീമീറ്റര്‍ മഴ കിട്ടി. കിട്ടേണ്ട 69.3 സെന്റീമീറ്ററിനേക്കാള്‍ 103 ശതമാനം അധികം. തിരുവനന്തപുരത്ത് ശരാശരിയായ 29.5 സെന്റീമീറ്ററിന്റെ സ്ഥാനത്ത് 53.1 സെന്റീമീറ്റര്‍ മഴ കിട്ടി. ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പലതും തുറന്നുവിട്ടു. ഇടുക്കി അണക്കെട്ടിലേക്ക് 1527.702 ദശലക്ഷം ഘനയടി വെള്ളമെത്തി. സംഭരണശേഷിയുടെ 31.48 ശതമാനം ജലം നിറഞ്ഞു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 29.36 അടി ജലം കൂടുതല്‍. ഇതിന് ആനുപാതികമായി ഇതര പ്രദേശങ്ങളിലെ ഭൂമിയിലും ജലം ലഭിച്ചിട്ടുണ്ട്. ഇത് സംരക്ഷിക്കുന്നതിന് ശാസ്ത്രീയ നിര്‍ദേശങ്ങള്‍ നിരവധിയുണ്ടെങ്കിലും നടപടിക്ക് അധികൃതര്‍ തയ്യാറാകുന്നില്ല.
(ഇ പി വിനയകൃഷ്ണന്‍)

deshabhimani

No comments:

Post a Comment