Tuesday, July 2, 2013

ഇന്ത്യന്‍ എംബസിയിലും യുഎസ് ചാരപ്പണി

ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നയതന്ത്രരഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ "പ്രിസം" ആഗോള ചാരപ്പണിയിലൂടെ അമേരിക്ക ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവ് എഡ്വേഡ് സ്നോഡെന്‍ പുറത്തുവിട്ടു. വിവിധ രാജ്യങ്ങളുടെ എംബസികളിലും നയതന്ത്ര ഓഫീസുകളിലും നിന്ന് അത്യാധുനികവും വിപുലവുമായ ക്രമീകരണങ്ങളുടെ സഹായത്തോടെയാണ് അമേരിക്കന്‍ ചാരസംഘടനകള്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് സ്നോഡെന്റെ പക്കലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് പത്രമായ "ഗാര്‍ഡിയന്‍" റിപ്പോര്‍ട്ടുചെയ്തു. അമേരിക്കയിലെ ഇന്ത്യന്‍ എംബസിയടക്കം 38 നയതന്ത്രകേന്ദ്രത്തിലാണ് ചാരപ്പണി നടത്തിയത്. പ്രിസം പദ്ധതിവഴി അമേരിക്ക വിവരങ്ങള്‍ ചോര്‍ത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്താണ്. മുപ്പത്തെട്ട് ലക്ഷ്യങ്ങളില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ അസാധാരണമായ ചാരവൃത്തിയാണ് അമേരിക്ക നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യങ്ങള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിലും കംപ്യൂട്ടറുകളിലും മൈക്രോഫോണുകള്‍ ഉള്‍പ്പെടെയുള്ള സൂക്ഷ്മ ഉപകരണങ്ങള്‍ സ്ഥാപിച്ചു. പ്രത്യേക ആന്റിനകള്‍വഴി അതത് സമയത്തുതന്നെ ഈ ഓഫീസുകളിലെ ആശയവിനിമയം മുഴുവന്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു. "ഡ്രോപ്മെയര്‍" എന്നാണ് ഒരു ചോര്‍ത്തല്‍രീതിക്ക് അമേരിക്കന്‍രേഖകളില്‍ കാണുന്ന രഹസ്യകോഡ്. 2007ലെ ചില രേഖകള്‍പ്രകാരം ഇയു എംബസികളിലെ ഫാക്സ് മെഷീനുകളില്‍ സ്ഥാപിച്ച ചോര്‍ത്തല്‍ ഉപകരണമാണിത്. യൂറോപ്യന്‍ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളില്‍നിന്ന് അതത് വിദേശ മന്ത്രാലയങ്ങളിലേക്ക് വിവരങ്ങള്‍ അറിയിക്കാന്‍ ഉപയോഗിച്ചിരുന്ന ഫാക്സ് മെഷീനുകളില്‍നിന്ന് ഇതുവഴി ചോര്‍ത്തല്‍ നടത്തുകയായിരുന്നു. സഖ്യരാജ്യങ്ങളില്‍നിന്നുപോലും അമേരിക്ക ചാരപ്പണി നടത്തി. യൂറോപ്യന്‍ യൂണിയന്റെ കാര്യാലയങ്ങള്‍ക്കുപുറമേ ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികളും ചാരവൃത്തിക്ക് ഇരയായി. അമേരിക്കന്‍പക്ഷത്തെ ശക്തരായ ഇന്ത്യ, ജപ്പാന്‍, തുര്‍ക്കി, ദക്ഷിണകൊറിയ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ രഹസ്യങ്ങളും ചോര്‍ത്തിയെന്ന് ഗാര്‍ഡിയന്‍ വെളിപ്പെടുത്തി. 2010 സെപ്തംബറിലെ ചാരപ്പണിയുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ ചില യൂറോപ്യന്‍ രാജ്യങ്ങളെക്കുറിച്ച് ഈ സമയത്തെ രേഖകളില്‍ പരാമര്‍ശമില്ല.

അമേരിക്കന്‍ ദേശീയസുരക്ഷാ ഏജന്‍സിയുടെ കരാര്‍ കമ്പനിയായ ബൂസ് അലന്‍ ഹാമില്‍ട്ടണിലെ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്ററായിരുന്ന സ്നോഡെന്‍ "പ്രിസം" ചാരപ്പണിയുടെ രേഖകള്‍ സ്വന്തം ലാപ്ടോപ്പിലേക്ക് പകര്‍ത്തിയാണ് രാജ്യം വിട്ടത്. ചൈനീസ് പ്രദേശമായ ഹോങ്കോങ്ങില്‍ എത്തിയശേഷമാണ് അദ്ദേഹം ഈ രേഖകള്‍ അമേരിക്കന്‍- ബ്രിട്ടീഷ് പത്രങ്ങള്‍വഴി ലോകത്തെ അറിയിച്ചത്. ചാരവൃത്തിക്കുറ്റം ചുമത്തി അമേരിക്ക വേട്ടയാടുന്ന ഈ മുപ്പതുകാരന്‍ ഹോങ്കോങ്ങില്‍നിന്ന് പറന്ന് റഷ്യയുടെ മോസ്കോ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ അദ്ദേഹം അഭയം അഭ്യര്‍ഥിച്ചിട്ടുണ്ട്. സ്നോഡെന് അഭയം നല്‍കരുതെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നോട് ആവശ്യപ്പെട്ടതായി ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറീയ കഴിഞ്ഞദിവസം വെളിപ്പെടുത്തി. അതേസമയം, ഇയു ഓഫീസുകളില്‍നിന്നുപോലും വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിനോട് പ്രതികരിക്കാനാകാതെ അമേരിക്ക കുഴങ്ങുകയാണ്. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ഇയു വിദേശകാര്യ മേധാവി കാതറീന്‍ ആഷ്ടണ്‍ അമേരിക്കന്‍ വിദേശ സെക്രട്ടറി ജോണ്‍ കെറിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തനിക്ക് അറിയില്ലെന്നാണ് കെറി പ്രതികരിച്ചത്. തങ്ങളുടെ ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങളും അന്താരാഷ്ട്രകാര്യങ്ങളില്‍ ഇത്തരം ഇടപെടലുകള്‍ നടത്താറുണ്ടെന്നും അദ്ദേഹം ന്യായീകരിച്ചു.

deshabhimani

No comments:

Post a Comment