സൗദി അറേബ്യയില്‍ അനധികൃതമായി ജോലിചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് നിയമാനുസൃത രീതിയിലേക്ക് മാറാനോ രാജ്യംവിടാനോയുള്ള സമയപരിധി നവംബര്‍ നാലുവരെ നീട്ടി. അബ്ദുള്ള രാജാവിന്റെ ഉത്തരവ് പ്രകാരം സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ സമയപരിധി ബുധനാഴ്ച അവസാനിക്കേണ്ടതായിരുന്നു. നിതാഖാത്ത് സമയപരിധി കൂട്ടണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സൗദിയോട് അഭ്യര്‍ഥിച്ചിരുന്നു.
ഇളവ് കാലം തുടങ്ങിയത് മുതല്‍ നിരവധി പേരാണ് രജിസ്ട്രേഷനായി ഔദ്യോഗിക കേന്ദ്രങ്ങളെ സമീപിച്ചത്. ഇതില്‍ നിരവധി അപേക്ഷകള്‍ക്ക് ഇനിയും തീര്‍പ്പ് കല്‍പ്പിക്കാനായിട്ടില്ല. സമയപരിധി അവസാനിച്ചതിന് ശേഷവും സൗദിയില്‍ തങ്ങുന്ന അനധികൃത തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ തൊഴിലാളികള്‍ ആശങ്കയിലായിരുന്നു.
സമയപരിധി നീട്ടിയതോടെ സൗദിയില്‍ അനധികൃതമായി ജോലിചെയ്യുന്ന വിദേശികള്‍ക്ക് നിയമാനുസൃത രീതിയിലേക്ക് മാറാന്‍ വീണ്ടും അവസരമൊരുങ്ങിയിരിക്കുകയാണ്. ഇളവുകാലം തുടങ്ങിയത് മുതല്‍ ആരംഭിച്ച രജിസ്ട്രേഷനിലൂടെ ലഭിച്ച മുഴുവന്‍ ഇന്ത്യക്കാരുടെയും വിവരങ്ങള്‍ സൗദി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇളവ് നീട്ടുമെന്ന പ്രതീക്ഷ കൂടി വരുന്നു
ജിദ്ദ: അബ്ദുള്ള രാജാവ് പ്രഖ്യാപിച്ച മൂന്നുമാസത്തെ ഇളവ് അവസാനിക്കാന്‍ കേവലം അഞ്ചുദിവസം മാത്രം ബാക്കി നില്‍ക്കെ ഇളവ് മൂന്നുമാസത്തേക്ക് കൂടി നീട്ടാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹം ശക്തമാകുന്നു. കാലാവധി നീട്ടിയതായി ഔദ്യോഗിക അറിയിപ്പ് പോലെയാണ് എസ്എംഎസ് സന്ദേശം പ്രവഹിക്കുന്നത്. ഇളവ് നീട്ടുന്നതിനായി തൊഴില്‍ മന്ത്രാലയം ശക്തമായ ശുപാര്‍ശ നല്‍കിയ സാഹചര്യത്തില്‍ ഇളവ് മൂന്നുമാസത്തിനു കൂടി നീട്ടുമെന്ന് തന്നെയാണ് പലരുടേയും പ്രതീക്ഷ.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് യുദ്ധകാല അടിസ്ഥാനത്തില്‍ 22,000 ഓളം ഇസി അപേക്ഷകര്‍ക്ക് നല്‍കി കഴിഞ്ഞു. ഇസി നല്‍കിയവരുടെ എല്ലാം പട്ടിക വിരലടയാളം എടുക്കാനായി തര്‍ഹീളില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ബാക്കിവരുന്ന 1,500 പേരുടെ വിരലടയാളം എടുക്കാനുള്ള ടോക്കന്‍ അടുത്ത ചൊവ്വാഴ്ചക്കായി കോണ്‍സുലേറ്റ് നല്‍കി കഴിഞ്ഞു. മറ്റുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും വളരെ മുന്നിലാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പൈന്‍ എന്നീ എംബസികള്‍ കാലാവധി നീട്ടി ലഭിക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടുകഴിഞ്ഞു.
യുപി, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ ആളുകള്‍ കോണ്‍സുലേറ്റില്‍ ഇസി ക്കായി അപേക്ഷിച്ചിരുന്നത്. എന്നാല്‍ ഇളവിന്റെ കാലാവധി തീരാറായത്തോടെ നൂറുകണക്കിന് മലയാളികള്‍ കോണ്‍സുലേറ്റിനെ സമീപിക്കാന്‍ തുടങ്ങി. കാലാവധി നീട്ടിയോ എന്ന് അന്വേഷണവുമായി ഏറ്റവും കൂടുതല്‍ ഫോണ്‍ വിളികള്‍ വരുന്നത് മലയാളികളില്‍ നിന്നാണ്. കാലാവധി നീട്ടും എന്ന പ്രതീക്ഷയില്‍ മലയാളികളില്‍ പലരും കോണ്‍സുലേറ്റ് അറിയിപ്പുകളൊക്കെ വേണ്ടത്ര ഗൗരവത്തില്‍ എടുത്തിട്ടില്ല. കാലാവധി നീട്ടും എന്ന അഭ്യൂഹം ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നതും, വാര്‍ത്ത പരത്തുന്നതും മലയാളികള്‍ തന്നെയാണ്.
(അബ്ദുറഹിമാന്‍ വണ്ടൂര്‍)
deshabhimani
No comments:
Post a Comment