Friday, November 2, 2018

വിശ്വാസികളെ കേട്ടില്ലെന്ന പ്രചാരണം തെറ്റ്, വിവിധ കക്ഷികള്‍ കോടതിയില്‍ പറഞ്ഞതെന്ത്

ന്യൂഡൽഹി > ശബരിമല സ‌്ത്രീപ്രവേശവിധിയുമായി ബന്ധപ്പെട്ട‌് വിശ്വാസികളുടെ വാദങ്ങൾ കോടതി മുമ്പാകെ എത്തിയില്ലെന്ന പ്രചാരണം തെറ്റാണെന്ന‌്  വ്യക്തമാക്കുന്നു  കക്ഷികളുടെ വാദമുഖങ്ങൾ. ഇന്ത്യയിലെ പ്രമുഖ അഭിഭാഷകരാണ്‌ കക്ഷികൾക്കുവേണ്ടി ഹാജരായത്‌. ദിവസങ്ങളോളം നീണ്ട വാദംകേൾക്കലിനൊടുവിലാണ‌് സുപ്രീംകോടതി ഭരണഘടനാബെഞ്ച‌് ചരിത്രവിധി പുറപ്പെടുവിച്ചത‌്. ശബരിമലയും അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ, ആചാരാനുഷ‌്ഠാനങ്ങൾ, വിശ്വാസങ്ങൾ തുടങ്ങിയ വസ‌്തുതകളെല്ലാം കോടതി വിശദമായി പരിശോധിച്ചു.

ഇന്ത്യൻ യങ‌് ലോയേഴ‌്സ‌് അസോസിയേഷൻ
ശബരിമല ഹിന്ദുമതത്തിനുള്ളിലെ പ്രത്യേക വിഭാഗമാണെന്ന വാദം നിയമപരമായി നിലനിൽക്കില്ലെന്ന‌് ഇന്ത്യൻ യങ‌് ലോയേഴ‌്സ‌് അസോസിയേഷനുവേണ്ടി ഹാജരായ രവിപ്രകാശ‌് ഗുപ‌്ത പറഞ്ഞു. ദേവസ്വംബോർഡ‌് നിയന്ത്രിക്കുന്ന, പൊതുഫണ്ട‌്  ഉപയോഗിച്ച‌് പ്രവർത്തിക്കുന്ന ക്ഷേത്രത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തെ വിലക്കാനാകില്ല. പണ്ട‌് കാലങ്ങളിൽ സ‌്ത്രീകൾ ക്ഷേത്രത്തിലെത്താത്തത‌് വനത്തിലൂടെ ദീർഘദൂരം യാത്രചെയ്യാനും മറ്റുമുള്ള പ്രയാസം കാരണമാണ‌്. 41 ദിവസം വ്രതമെടുത്തവർക്കേ പ്രവേശനം അനുവദിക്കൂവെന്ന നിബന്ധന വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ല.

തിരുവിതാംകൂർ ദേവസ്വം ബോർഡ‌്
ശബരിമലയിൽ സ‌്ത്രീകളുടെ പ്രവേശനത്തിന് വിലക്കേർപ്പെടുത്തുന്നത് പുരുഷമേധാവിത്വ മനോഭാവമാണെന്ന വിലയിരുത്തൽ തെറ്റാണെന്ന‌് ദേവസ്വം ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക‌്സിങ‌്‌വി ചൂണ്ടിക്കാട്ടി. സ്ത്രീകളെ മനഃപൂർവം ഒഴിവാക്കണമെന്ന‌് ആരും ഉന്നയിക്കുന്നില്ല. ശബരിമല അയ്യപ്പൻ നൈഷ്ഠികബ്രഹ്മചാരിയാണ‌്. ഇന്ദ്രിയനിഗ്രഹവും കഠിനവ്രതവും ആത്മനിരാസവും വഴിയാണ് പ്രതിഷ്ഠയുടെ ചൈതന്യം നിലനിൽക്കുന്നത‌്. പ്രതിഷ‌്ഠയുടെ സ്വഭാവം കാരണമാണ‌് പ്രത്യേക പ്രായപരിധിയിലുള്ള സ‌്ത്രീകളെ ഒഴിവാക്കുന്നത‌്. കാലാകാലമായി പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങളെ യുക്തിയുടെ കണ്ണിലൂടെമാത്രം നോക്കിക്കാണാനാകില്ല. ശബരിമലയുടെ പൗരാണികത, മതത്തിനുള്ളിലെ വ്യത്യസ്തപദവി, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവ കണക്കിലെടുത്തുള്ള തീരുമാനമാണ് ഉണ്ടാകേണ്ടത‌്. ഇക്കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ കോടതിക്ക‌് അത‌് പരിശോധിച്ച‌് ഉചിതമായ തീരുമാനമെടുക്കാം.

സംസ്ഥാന സർക്കാർ
എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട‌്. സ‌്ത്രീകൾക്ക് മുഴുവൻ വിലക്കില്ലെന്നും 10 മുതൽ 50 വയസ്സ‌് വരെയുള്ളവർക്കേ വിലക്കുള്ളൂവെന്നും പറയുന്നതിൽ അർഥമില്ലെന്നും അഭിഭാഷകൻ ജയ‌്ദീപ‌് ഗുപ‌്ത വാദിച്ചു. 50, 55 വയസ്സ‌് വരെ ജീവിച്ചിരിക്കുമെന്ന് ആർക്കും ഉറപ്പില്ലാത്ത സാഹചര്യത്തിൽ നിശ്ചിതപ്രായം വരെയുള്ള വിലക്ക് ആയുഷ‌്കാല വിലക്കായി മാറും.

ക്ഷേത്രം തന്ത്രി
ശബരിമലയിലെ പ്രതിഷ്ഠയുടെ സവിശേഷസ്വഭാവമാണ് നൈഷ്ഠികബ്രഹ്മചര്യം. ആ സ്വഭാവത്തെ അംഗീകരിക്കാത്തവർക്ക് അവിടെ ആരാധന നടത്താൻ അവകാശമില്ലെന്ന‌് തന്ത്രിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി ഗിരി പറഞ്ഞു. പല തലമുറകളിലുള്ള സ്ത്രീകളും ശബരിമലയിലെ പ്രതിഷ്ഠയുടെ ബ്രഹ്മചര്യസ്വഭാവം അംഗീകരിച്ചിരുന്നു. ഒരാൾ തന്റെ വിശ്വാസം ഊട്ടിയുറപ്പിക്കാനാണ‌് ആരാധനാലയങ്ങൾ സന്ദർശിക്കേണ്ടത‌്. അല്ലാതെ ആചാരാനുഷ‌്ഠാനാങ്ങൾ ചോദ്യംചെയ്യാനാകരുത‌്.

നായർ സർവീസ‌് സൊസൈറ്റി
പ്രവേശനവിലക്ക‌് പുരുഷമേധാവിത്വപരമെന്ന വാദം അടിസ്ഥാനരഹിതമെന്ന‌് എൻഎസ‌്എസ‌് വാദിച്ചു. സാമൂഹികമായി മുന്നോക്കംനിൽക്കുന്ന വിദ്യാഭ്യാസസമ്പന്നരായ കേരളത്തിലെ സ‌്ത്രീസമൂഹം ശബരിമലയിലെ ആചാരങ്ങൾക്ക‌് എതിരല്ലെന്നും അഡ്വ. കെ പരാശരൻ വാദിച്ചു. സതി പോലെയുള്ള ദുരാചാരങ്ങളുമായി ശബരിമലയിലെ ആചാരങ്ങളെ താരതമ്യപ്പെടുത്തുന്നത‌് അംഗീകരിക്കാനാകില്ല. ശബരിമല അയ്യപ്പൻ നൈഷ‌്ഠികബ്രഹ്മചാരിയാണ‌്.  ശബരിമല അയ്യപ്പനിൽ വിശ്വസിക്കുന്ന ഭക്തർ ആ വിഗ്രഹത്തെ ദർശിക്കാനെത്തുമ്പോൾ ബ്രഹ്മചര്യം പാലിക്കണം. അതിനാൽ, സ‌്ത്രീസാമീപ്യം നിഷിദ്ധമാണ‌്.

പന്തളം രാജകുടുംബം
ശബരിമലയിൽ 10 മുതൽ 50 വയസ്സ‌് വരെയുള്ള സ‌്ത്രീകളുടെ പ്രവേശനവിലക്കിനെ ചോദ്യംചെയ‌്ത‌് ഹർജി സമർപ്പിച്ചവർക്ക‌് ദുരുദ്ദേശ്യം. ശബരിമലയുടെ കീർത്തിയോടൊപ്പം  ഹിന്ദുവിശ്വാസങ്ങളും ആചാരങ്ങളും തകർക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ‌് ഹർജിയെന്ന‌് സംശയിക്കുന്നു. മുതിർന്ന അഭിഭാഷകൻ കെ രാധാകൃഷ‌്ണനാണ‌് പന്തളം രാജകുടുംബത്തിനുവേണ്ടി ഹാജരായത‌്.

പീപ്പിൾ ഫോർ ധർമ
ശബരിമല അയ്യപ്പപ്രതിഷ‌്ഠയെ നിയമപരമായ പരിരക്ഷയുള്ള വ്യക്തിയായിത്തന്നെ പരിഗണിച്ച‌് ഭരണഘടനയുടെ 21, 25, 26 അനുച്ഛേദങ്ങൾ പ്രകാരമുള്ള അവകാശങ്ങൾ അനുവദിക്കണം. ഭരണഘടനയുടെ 21ാം അനുച്ഛേദപ്രകാരമുള്ള ‘വ്യക്തി സ്വാതന്ത്ര്യം’ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള അവകാശപ്രകാരം പ്രതിഷ‌്ഠയുടെ സ്വഭാവമായ നൈഷ‌്ഠികബ്രഹ്മചര്യം സംരക്ഷിക്കാനുള്ള അവകാശമായി അംഗീകരിക്കണം. അഡ്വ. സായ‌് ദീപകാണ‌് ഹാജരായത‌്.

അയ്യപ്പ സേവാസമാജം, ക്ഷേത്രസംരക്ഷണസമിതി, മാതൃസമിതി
വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ വിധിയുണ്ടായാൽ, ‘കേരളത്തിൽ മറ്റൊരു അയോധ്യ’ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന‌് ഇവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കൈലാസനാഥപിള്ള ചൂണ്ടിക്കാട്ടി. വിശ്വാസവിഷയങ്ങളിൽ തീരുമാനം എടുക്കുമ്പോൾ  കോടതി എല്ലാവശങ്ങളും സൂക്ഷ‌്മതയോടെ പരിശോധിക്കണം.

മഹിളാഅസോസിയേഷൻ
അശുദ്ധിയുടെപേരിൽ പ്രവേശനത്തിന‌് വിലക്കേർപ്പെടുത്തുന്നത‌് സ‌്ത്രീകളുടെ അന്തസ്സിന‌് കോട്ടമുണ്ടാക്കും. ശബരിമലയെ മതത്തിനുള്ളിലെ പ്രത്യേകവിഭാഗമായി കണക്കാക്കിയാലും ആ വിഭാഗത്തിലെ വിശ്വാസികളുടെ അവകാശങ്ങൾ, ആരാധാനാസ്വാതന്ത്രത്തിനുള്ള വ്യക്തിയുടെ അവകാശത്തിന‌് വിധേയമാണ‌്. മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥാണ‌് ഹാജരായത‌്.

നിഖിതആസാദ‌് അറോറ, സുഖ‌്ജീത‌്സിങ‌്
പ്രത്യേക പ്രായപരിധിയിലുള്ള സ‌്ത്രീകളെ പ്രവേശിപ്പിക്കുന്നതിന‌് വിലക്കേർപ്പെടുത്തിയത‌് ആർത്തവം എന്ന ഒറ്റക്കാരണത്താലാണെന്ന‌് വസ‌്തുത പരിശോധിച്ചാൽ മനസ്സിലാകുമെന്ന‌് ഇവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ‌്സിങ‌്ചൂണ്ടിക്കാട്ടി. ആർത്തവമുള്ള സ‌്ത്രീ അശുദ്ധയാണെന്ന വാദത്തിനുപിന്നിൽ തൊട്ടുകൂടായ‌്മയുണ്ടെന്ന യുക്തിയാണുള്ളത‌്. ശബരിമല ഹിന്ദുമതത്തിനുള്ളിലെ പ്രത്യേക വിഭാഗമാണെങ്കിലും പ്രവേശനവിലക്കിന‌് ന്യായീകരണമാകുന്നില്ലെന്നും അവർ വാദിച്ചു.

അഡ്വ. വി കെ ബിജു
ശബരിമലയിൽ പ്രായഭേദമെന്യേ സ‌്ത്രീകളെ പ്രവേശിപ്പിക്കണമോയെന്ന വിഷയത്തെപ്പറ്റി പഠിക്കാൻ വിദഗ‌്ധരടങ്ങിയ സമിതി രൂപീകരിക്കാൻ സുപ്രീംകോടതിക്ക‌് ഉത്തരവിടാമെന്ന‌് അഡ്വ. വി കെ ബിജു വാദിച്ചു. ഈ വിഷയം സംസ്ഥാനസർക്കാരിന്റെ സത്യവാങ‌്മൂലത്തിലും ഉന്നയിച്ചിട്ടുണ്ട‌്.

No comments:

Post a Comment