Friday, November 2, 2018

പക്ഷേ ‘ബീഫ‌് തിന്നുന്ന നെഹ‌്റു’വാണ‌് അന്ന‌് ജയിച്ചത‌്

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർക്കുന്ന അതേ ശക്തികളുടെ മുൻഗാമികൾ തന്നെയാണ് ഏഴ് ദശാബ്‌ദം മുമ്പ് ഹിന്ദു സ്ത്രീകൾക്ക‌് സ്വത്തിനും ജീവനാംശത്തിനും അവകാശം ലഭിക്കുന്നതിനെതിരെ രംഗത്ത് വന്നത്. ഹിന്ദു കുടുംബങ്ങളിൽ അടിമസമാന ജീവിതം നയിച്ച സ്ത്രീയുടെ മോചനത്തിന് വഴിതുറന്നത് നെഹ്റുവും അംബേദ്ക്കറും തുടങ്ങിവച്ച ഹിന്ദുസമുദായ പരിഷ്‌കാരങ്ങളായിരുന്നു. ഹിന്ദുത്വ വർഗീയ വാദികളോടും കോൺഗ്രസിനകത്തുള്ള ഹുന്ദുത്വവാദികളോടും നെഹ്റുവും പുരോഗമന ചിന്താഗതിക്കാരും നടത്തിയ വർഷങ്ങൾ നീണ്ട പോരാട്ടത്തിന്റെ ഭാഗമായാണ‌് സ്ത്രീകൾക്ക‌് കുടുംബ സ്വത്തിൽ അവകാശം ലഭിച്ചതും വിവാഹമോചനം സാധ്യമായതും.

ഹിന്ദു വ്യക്തി നിയമം

മതാത്മക സമൂഹത്തിൽനിന്ന‌് ആധുനിക ജനാധിപത്യ സമൂഹത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്തുക ലക്ഷ്യമാക്കിയാണ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും നിയമ മന്ത്രി അംബേദ്കറും ചേർന്ന് ഹിന്ദു വ്യക്തി നിയമം കൊണ്ടുവന്നത്. സ്ത്രീകളെ നിയന്ത്രിച്ചുനിർത്തിയാണ് ജാതിസമൂഹം മുന്നോട്ടുപോകുന്നത് എന്ന‌് ഈ നേതാക്കൾ കണ്ടിരുന്നു. അതിനാൽ വിധവകൾക്കും പെൺമക്കൾക്കും തുല്യമായ സ്വത്തവകാശം നൽകുന്നതും വിവാഹമോചനം അനുവദിക്കുന്നതുമായിരുന്നു ഈ ബിൽ. എന്നാൽ, ഭരണഘടനാ അസംബ്ലിയിൽ നാല് വർഷം അത് ചർച്ചക്ക് വിഷയമായെങ്കിലും അംഗീകരിച്ചില്ല. ബില്ലിനെ ശക്തമായി എതിർത്തത് ഭരണഘടനാ അസംബ്ലിയുടെ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ രാജേന്ദ്രപ്രസാദാണ്. ബില്ലിനോടുള്ള ഈ എതിർപ്പ് കോൺഗ്രസിനെ അറുപിന്തിരിപ്പൻ യാഥാസ്ഥിതിക കക്ഷിയാക്കി മാറ്റുമെന്ന് നെഹ്റു രാജേന്ദ്രപ്രസാദിന് മുന്നറിയിപ്പ് നൽകി. നിയമം വിവേചനപരമാണെന്നും അസംബ്ലി ഇത് പാസാക്കിയാലും അംഗീകാരം നൽകില്ലെന്നും രാജേന്ദ്രപ്രസാദ് അറിയിച്ചു. പട്ടേലിന്റെ നോമിനിയായി കോൺഗ്രസ് അധ്യക്ഷനായ പുരുഷോത്തം ദാസ് ഠണ്ഡനും ഹിന്ദു വ്യക്തിനിയമത്തിനെതിരെ രംഗത്ത് വന്നു. മുരത്ത ഹിന്ദു വർഗീയവാദിയായ ഠണ്ഡൻ കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നെഹ്റു ഇത്രയും  കുറിച്ചിട്ടു. ‘വർഗീയവാദവും പുനരുത്ഥാനവാദവും പതുക്കെ കോൺഗ്രസിനെ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു’. 

സ്ത്രീ സ്വാതന്ത്ര്യത്തിന്‌ എതിരെയും

സ്ത്രീകൾക്ക‌് സ്വത്തവകാശവും മറ്റും നൽകുന്ന വ്യക്തിനിയമത്തിനെതിരെ അന്നും ഇന്നും തെരുവിൽ യുദ്ധം ചെയ്‌തത് ഹിന്ദുത്വ വർഗീയവാദികളായിരുന്നു. അതിനായി അവർ ഹിന്ദു വ്യക്തിനിയമ വിരുദ്ധസമിതിക്ക് രൂപം നൽകി.  ഭരണഘടനാ അസംബ്ലിക്ക‌് ഹിന്ദു വ്യക്തിനിയമത്തിൽ കൈകടത്താൻ അവകാശമില്ലെന്ന് പറഞ്ഞ സമിതി, ധർമശാസ്ത്ര വിധിയനുസരിച്ചാണ് ഹിന്ദുക്കളുടെ കാര്യങ്ങൾ നിശ്ചയിക്കപ്പെടുകയെന്നും വ്യക്തമാക്കി. ആർഎസ്എസും ഹിന്ദു മഹാസഭയും രാമരാജ്യ പരിഷത്തും എല്ലാം ചേർന്നതായിരുന്നു ഈ സമിതി.  ഹിന്ദു ധർമ സംഘത്തിന്റെ പ്രസിഡന്റ് സ്വാമി കർപത്രിജി മഹാരാജായിരുന്നു ഇതിന്റെ നേതാവ്. ‘ഒരു മുൻ അയിത്തക്കാരന് (അംബേദ്ക്കർ) ബ്രാഹ്മണരുടെ അധികാരപരിധിയിൽ കൈകടത്താൻ എന്തവകാശം' എന്ന് ചോദിച്ച സ്വാമി യാജ്ഞവൽക്യ സ്‌മൃതിയെ ഉദ്ധരിച്ചാണ് ബഹുഭാര്യത്വം ഹിന്ദുക്കളുടെ അവകാശമാണെന്ന് വാദിച്ചത്. വിവാഹബന്ധം വേർപെടുത്തുന്നത് ഹിന്ദു പാരമ്പര്യത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ധർമയുദ്ധത്തിന് തയ്യാറെടുക്കാനും ധർമ യോദ്ധാക്കളാകാനും സ്വമി ഹിന്ദുക്കളെ ആഹ്വാനം ചെയ്‌തു.

തെരുവുയുദ്ധം

1949 ഡിസംബർ 11ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ ആർഎസ്എസ് നേതൃത്വത്തിൽ ഹിന്ദു വ്യക്തിനിയമത്തിനെതിരെ പൊതുയോഗം സംഘടിപ്പിച്ചു. ‘ഹിന്ദു സമുദായത്തിനെതിരെയുള്ള ആറ്റം ബോംബാണ‌്' വ്യക്തിനിയമമെന്ന് ആർഎസ്എസ് ആക്രോശിച്ചു. വ്യക്തിനിയമത്തെ റൗലറ്റ് ആക്ടിനോട് ഉപമിച്ച ആർഎസ്എസ് പ്രസ്തുത നിയമത്തിനെതിരെയുള്ള ജനരോഷമാണ് ബ്രിട്ടീഷ് സർക്കാരിനെ വീഴ്ത്തിയതെങ്കിൽ ഹിന്ദു വ്യക്തിനിയമത്തിനെതിരായ ജനരോഷം നെഹ്റു സർക്കാരിനെയും വീഴ്ത്തുമെന്ന‌് പ്രഖ്യാപിച്ചു. ഹിന്ദുമതം അപകടത്തിലാണെന്ന മുദ്രാവാക്യം ഇന്നത്തെ പോലെ അന്നും ഉയർന്നു. എന്തിന് ഹിന്ദുക്കൾക്ക‌് മാത്രം വ്യക്തിനിയമം, പൊതു വ്യക്തിനിയമമല്ലേ വേണ്ടത് എന്ന ചോദ്യവും ഉയർന്നു. വ്യക്തി നിയമത്തെ എതിർത്തവർ പൊതു സിവിൽകോഡിന്റെ ആരാധകരാകുന്നത് ഹിന്ദുമത വ്യക്തിനിയമം തടയാനാണെന്ന് അംബേദ്കർ മുന്നറിയിപ്പ് നൽകി. 1951 സെപ്തംബറിൽ ആർഎസ്എസ് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

അംബേദ്‌കറുടെ രാജി

ബിൽ പാസ്സാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങിയത്. ബില്ലിന് നൂറുകണക്കിന് ഭേദഗതികളാണ് വന്നത‌്. ഒരു വർഷമെടുത്ത് ബില്ലിന്റെ നാല് വകുപ്പുകൾ മാത്രമാണ് പാസ്സായത്. അവസാനം പാർലമെന്റിന്റെ കാലാവധി തീർന്നതോടെ ബിൽ ലാപ്‌സാവുകയും ചെയ്‌തു. ബിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് അംബേദ്‌കർ മന്ത്രിസ്ഥാനം രാജിവച്ചു. തന്റെ രാജി പ്രസംഗത്തിൽ അംബേദ്‌കർ പൊട്ടിത്തെറിച്ചു. ‘ഹിന്ദു സമൂഹത്തിന്റെ ആത്മാവായ, വർഗത്തിനും വർഗത്തിനുമിടയിൽ, ലിംഗത്തിനും ലിംഗത്തിനുമിടയിൽ അസമത്വം ശേഷിപ്പിച്ച്, സാമ്പത്തിക പ്രശ്നങ്ങളെപ്പറ്റി നിയമനിർമാണം തുടരുന്നത് നമ്മുടെ ഭരണഘടനയെ പ്രഹസനമാക്കും. അത് മലക്കൂമ്പാരത്തിന് മേൽ കൊട്ടാരം പണിയലായിരിക്കും.' 

നെഹ്റുവിനെതിരെ പടയൊരുക്കം

ഇന്ത്യ റിപ്പബ്ലിക്കായതിന് ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ഹിന്ദു വ്യക്തിനിയമത്തിന്റെ പ്രചാരകനായ നെഹ്റുവിനെ തോൽപ്പിക്കാൻ ഹിന്ദു വ്യക്തിനിയമ വിരുദ്ധ സമിതി അലഹബാദിൽ പ്രഭുദത്ത് ബ്രഹ്മചാരി എന്ന സന്യാസിയെ  സ്ഥാനാർഥിയാക്കി. ജനസംഘവും ഹിന്ദു മഹാസഭയും രാമരാജ്യ പരിഷത്തും ആർഎസ്എസും മറ്റും ഇയാൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ഹിന്ദുപാരമ്പര്യം നിലനിർത്താൻ ഹിന്ദു വ്യക്തിനിയമത്തെ പരാജയപ്പടുത്തുക. അതോടൊപ്പം ‘ബീഫ് തിന്നുന്ന'നെഹ്റുവിനെ പരാജയപ്പെടുത്തുക. ഇതായിരുന്നു മുദ്രാവാക്യം.
പഞ്ചാബിലെ ലുധിയാനയിൽനിന്ന് തെരഞ്ഞെടുപ്പ് പ്രചാരണമാരംഭിച്ച നെഹ്റു വർഗീയതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ‘ശുദ്ധവായു കടന്നുവരാനായി എല്ലാ ജനാലകളും വാതിലുകളും തുറന്നിടാൻ' ഹിന്ദു സമുദായത്തോട് നെഹ്റു അഭ്യർഥിച്ചു. ‘ഹിന്ദുരാഷ്ട്രം ഭ്രാന്തമായ ആശയമാണെന്നും' അദ്ദേഹം പറഞ്ഞു. രണ്ടര ലക്ഷം വോട്ട് നേടി നെഹ്റു വിജയിച്ചു. ബ്രഹ്മചാരിക്ക് കിട്ടിയത‌് 56,000 വോട്ട്. ലോക‌്സഭയിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടി. നേരത്തെ അവതരിപ്പിച്ച ഹിന്ദു വ്യക്തിനിയമത്തിന് പകരം അതിനെ ഇഴപിരിച്ചെടുത്ത് നാല് നിയമനിർമാണങ്ങളായി പാസ്സാക്കി.

പുരുഷാധിപത്യം തകർക്കപ്പെടുകയും സ്ത്രീകൾക്ക് തുല്യ നീതി ലഭിക്കുകയും ചെയ്യാത്തിടത്തോളം രാഷ്ട്രത്തിന് പുരോഗതി നേടാനാവില്ലെന്ന് നെഹ്റു പറഞ്ഞു.  സ്ത്രീകളോട് സീതയും സാവിത്രിയുമായി ജീവിക്കാൻ ഉപദേശിക്കുകയും പുരുഷന്മാർ  രാമചന്ദ്രനായും സത്യവാനായും ജീവിക്കാൻ ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നത് കാപട്യമാണെന്ന‌് നെഹ്റു തുറന്നടിച്ചു.

രാഷ്ട്രീയമായും ആശയപരമായും എതിരിട്ടാണ‌് ഹിന്ദുത്വ വർഗീയതയുടെ വളർച്ച തടയേണ്ടതെന്ന‌് നെഹ്റു തെളിയിച്ചു.  ഹിന്ദുക്ഷേത്രങ്ങൾ കയറിയിറങ്ങുന്ന രാഹുൽഗാന്ധിയെയും ശബരിമലയിൽ സ്ത്രീ പ്രവേശനം തടയാനിറങ്ങുന്ന രമേശ് ചെന്നിത്തലയെയും തിരുത്താൻ ഇന്ന‌് പക്ഷേ, നെഹ‌്റുവില്ലല്ലോ.

No comments:

Post a Comment