Friday, November 2, 2018

ശബരിമല: ആർഎസ്എസിന്റെ മനുവാദി ജീർണമുഖം വെളിപ്പെട്ടു

തങ്ങൾ ഹിന്ദുമതത്തിനകത്തെ പരിഷ‌്കരണ പ്രസ്ഥാനമാണെന്ന ആർഎസ്എസിന്റെ വ്യാജവാദം പാടെ തകർന്നുപോയി എന്നതാണ് ശബരിമല കോടതിവിധി ഉണ്ടാക്കിയ ഒരു ഇംപാക്ട്. അവരുടെ മനുവാദി ജീർണമുഖം വെളിപ്പെട്ടു. ചായത്തൊട്ടിയിൽ വീണ‌് രാജാവായ നീലക്കുറുക്കൻ നിലാവ് കണ്ട് ഓരിയിട്ട് കുരുക്കിലായതുപോലെയാണ് കാര്യങ്ങൾ സംഭവിച്ചത്. വലിയ അങ്കലാപ്പിലാണ് ഇന്ന് സംഘപരിവാർ നേതൃത്വം. നേതാക്കൾ പരസ‌്പരവിരുദ്ധമായി  സംസാരിക്കുന്നു. സ്വന്തം പത്രത്തിൽ എഴുതുന്നത് ഒന്ന്. പുറത്ത് പ്രസംഗിക്കുന്നത് വേറൊന്ന്. "ശബരിമലയിൽ എല്ലാ സ‌്ത്രീകൾക്കും പ്രവേശിക്കാമെന്ന കോടതിവിധിയെ ബിജെപി അംഗീകരിക്കുന്നുണ്ടോ, ഇല്ലയോ?’ എന്ന ചാനൽ അവതാരകയുടെ ചോദ്യത്തിന് ഒരുവക മഞ്ഞച്ചിരിയാണ് പ്രസിഡന്റ‌് ശ്രീധരൻപിള്ള മറുപടിയായി നൽകിയത്.

ഇന്ത്യയിൽ മനുസ‌്മൃതി ഉദ്ഘോഷിക്കുന്ന വർണാശ്രമ ധർമവ്യവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ് ആർഎസ്എസിന്റെ ജന്മദൗത്യം എന്ന് ചരിത്രത്തെ കണ്ണുതുറന്നുനോക്കുന്ന എല്ലാവർക്കുമറിയാം. വർണവ്യവസ്ഥയിൽ പിന്നോക്കക്കാർമാത്രമല്ല എല്ലാ ജാതിക്കാരായ സ‌്ത്രീകളും രണ്ടാം ജന്മമാണ്. കൗമാരത്തിൽ പിതാവിനെയും യൗവനത്തിൽ ഭർത്താവിനെയും വാർധക്യത്തിൽ മകനെയും ആശ്രയിച്ചും പരിചരിച്ചും കഴിയേണ്ട ഒരു വീട്ടടിമ. ഭർത്താവ‌് മരിച്ചാൽ അദ്ദേഹത്തിന്റെ ചിതയിൽ ചാടി മരിക്കുകയോ അല്ലാത്തപക്ഷം ചത്തതിനൊക്കുമേ എന്ന മട്ടിൽ ജീവിച്ചിരിക്കുകയോ ചെയ്യുക എന്നതാണ് അവൾക്കുള്ള വിധി. ഈ വിധിയുടെ നടത്തിപ്പാണ് ആർഎസ്എസിന്റെ യഥാർഥ ദൗത്യം. പക്ഷേ, നമുക്കറിയാമല്ലോ ശബരിമലയെ സംബന്ധിച്ച് കോടതി നടപടികൾ തുടങ്ങിവച്ച കാലംമുതലേ ആർഎസ്എസ് അവിടത്തെ സ‌്ത്രീപ്രവേശത്തിന് അനുകൂലമായിരുന്നു. കോടതിവിധി വന്നപ്പോൾ അവർ അതിനെ പരസ്യമായി സ്വാഗതംചെയ‌്തു. വിധിക്കെതിരെ ചെറുവിരലനക്കാൻപോലും ആർഎസ്എസ് നയിക്കുന്ന കേന്ദ്ര സർക്കാർ തയ്യാറായില്ല. ഓർഡിനൻസിനെക്കുറിച്ചുള്ള തൊഗാഡിയയുടെ ചോദ്യത്തിനു മുന്നിൽ അവർ വിറച്ചുനിൽക്കുകയാണ്. പ്രഥമദൃഷ്ട്യാ ഇതൊരു വൈരുധ്യമായി തോന്നാം.

ഇരട്ടമുഖം: മത വർഗീയ രാഷ്‌‌‌‌‌ട്രീയത്തിന്റെ പ്രത്യേകത

വാക്കിലും പ്രവൃത്തിയിലുമുള്ള ഈ വൈരുധ്യം, അഥവാ ഇരട്ടമുഖം എല്ലാത്തരം മത വർഗീയ രാഷ്ട്രീയത്തിന്റെയും പ്രത്യേകതയാണ്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടന  അവർ അവകാശപ്പെടുന്നതുപോലെ മുസ്ലിം മതവിശ്വാസികളുടെ അല്ല  മറിച്ച്  മൂലധന സാമ്രാജ്യത്തിന്റെ നിർമിതിയാണെന്ന് ചിന്തിക്കുന്നവർക്ക് അറിയാം. കേരളത്തിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടുപോലുള്ള മുസ്ലിം തീവ്രസംഘങ്ങൾ മനുഷ്യാവകാശം, സാമൂഹ്യനീതി തുടങ്ങിയ കമനീയ മുദ്രാവാക്യങ്ങളുടെ മുഖംമൂടിവച്ചാണ് പ്രവർത്തിച്ചുപോരുന്നത്. മനുഷ്യാവകാശങ്ങൾക്കുവേണ്ടി തെരുവിൽ ഒച്ചവയ‌്ക്കുന്നവർക്ക് ചോദ്യക്കടലാസ് എഴുതിയ അധ്യാപകന്റെ കൈ വെട്ടിമാറ്റാൻ ഒരു മടിയുമില്ല. സാമൂഹ്യനീതിക്കുവേണ്ടി ശബ‌്‌ദമുയർത്തുന്നവർക്ക‌് അധഃസ്ഥിത സമൂഹത്തിൽനിന്ന് നഗരത്തിൽ പഠിക്കാനെത്തിയ ഒരു അഭിമന്യുകുമാരനെ കുത്തിക്കൊല്ലാൻ ഒരു ശങ്കയും ഉണ്ടായില്ല.

നിലനിൽപ്പിനുവേണ്ടിമാത്രമാണ്  ആർഎസ‌്എസ‌്  "മതപരിഷ‌്കരണവാദി’ എന്ന മുഖംമൂടി ഉപയോഗിക്കുന്നത്. പുരോഹിതവർഗം അവരുടെ സ്വകാര്യ താൽപ്പര്യങ്ങൾക്കുവേണ്ടി നിർമിച്ച‌ുവച്ചിരിക്കുന്ന ആയിരക്കണക്കിന് ആചാരങ്ങൾമൂലം, ജീവിതം എന്ന പ്രാഥമികമായ അവകാശംപോലും നിഷേധിക്കപ്പെട്ട‌് നരകിക്കുന്ന കോടാനുകോടികൾ ഉള്ള ഒരു മതത്തെയാണ് തങ്ങൾ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതെന്ന് സംഘപരിവാറിന് ബോധ്യമുണ്ട്. അപ്പോൾ മതപരിഷ‌്കരണം അഥവാ ആചാരങ്ങളുടെ പുനഃപരിശോധന എന്ന സംഗതി മുന്നോട്ടുവയ‌്ക്കാതെ നിവൃത്തിയില്ല.

അയിത്തത്തിനെതിരെ പ്രമേയം പാസാക്കിയതിന്റെ വിരോധത്തിൽ ദേശീയപ്രസ്ഥാനത്തിൽനിന്ന് സലാം പറഞ്ഞവരാണ് ഇന്ത്യയിലെ രാഷ്ട്രീയ ഹിന്ദുത്വം. അവരുടെ സംഘടനയാണ് ആർഎസ്എസ്. സ്വാതന്ത്ര്യസമരപ്രസ്ഥാനമായ കോൺഗ്രസ് ഹിന്ദുമതത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടേണ്ട എന്ന താക്കീതാണ് അന്ന് സവർക്കർ മുന്നോട്ടുവച്ചത്. ആ താക്കീതിനെ അവലംബിച്ച് രാജ്യത്തെ സവർണപൗരോഹിത്യ മതഭ്രാന്തിനെ ഒരു രാഷ്ട്രീയ ശക്തിയാക്കാൻ അവർ ശ്രമിച്ചു. സവർണ രൺവീർസേനകൾ ഉണ്ടാക്കി ദളിത് കോളനികൾ ചുട്ടെരിക്കുമ്പോഴും പട്ടികജാതിക്കാരെ കൂട്ടക്കൊല ചെയ്യുമ്പോഴും, തൊട്ടുകൂടാത്തവർ തങ്ങളുടെ ശത്രുക്കളാണെന്ന വസ‌്തുത മറച്ചുവയ‌്ക്കാൻ അവർ ശ്രമിച്ചു. അതിനുപകരം മുസ്ലിം എന്ന വ്യാജശത്രുവിനെ നിർമിച്ച് ദളിത് പിന്നോക്ക വിഭാഗക്കാരെ അടിമകളായി കൂടെനിർത്താൻ പരിശ്രമിക്കുകയാണുണ്ടായത്.

വ്യാജപ്രശ്‌നങ്ങളുണ്ടാക്കി വർഗീയതയ‌്‌‌ക്ക‌് തിരികൊളുത്തുന്നവർ

അയിത്തത്തിനെതിരെ പ്രസ്ഥാനം നയിക്കുകയും വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ‌്തത‌ുവഴിയാണ് ഗാന്ധി തങ്ങളുടെ ശത്രുവായത് എന്ന വസ‌്തുത ഹിന്ദുമതരാഷ്ട്രവാദികൾ എന്നും മൂടിവച്ചിരുന്നു. പകരം രാഷ്ട്രത്തിന്റെ വിഭജനകാലഘട്ടത്തിലെ ഗാന്ധിയുടെ "മുസ്ലിംപ്രീണനം’ ആണ് വിരോധകാരണം എന്ന് പ്രചരിപ്പിച്ചു. മണ്ഡൽ കമീഷൻകാലത്ത് ഉയർന്നുവന്ന സവർണരുടെ സംവരണ, സാമൂഹ്യനീതി വിരോധത്തെ പുതിയൊരു രാഷ്ട്രീയ ഊർജമായി സ്വീകരിക്കുകയും അതേസമയം പിന്നോക്കജാതിക്കാരെ കൂടെനിർത്താൻവേണ്ടി ബാബ‌്റി മസ്ജിദ് എന്ന വ്യാജപ്രശ്നമുണ്ടാക്കി വർഗീയകലാപത്തിന് തിരികൊളുത്തുകയും ചെയ‌്തു.  കാരണം, വർണവ്യവസ്ഥയിൽ യജമാനന്മാർമാത്രം പോരാ. അതിലേറെ അടിമകൾ ആവശ്യമുണ്ട്.

മതപരിഷ‌്കരണം എന്ന വ്യാജ മുഖം പ്രദർശിപ്പിച്ചാണ് വിവേകാനന്ദൻ, രാജാറാം മോഹൻ റോയ്, ദയാനന്ദ സരസ്വതി തുടങ്ങിയ ഹിന്ദുമത പരിഷ‌്കർത്താക്കളുടെ പടം ആർഎസ‌്എസ് ഉപയോഗിക്കുന്നത്. ഇതേ മുഖം കാണിച്ച് കേരളത്തിൽ ശ്രീനാരായണഗുരുവിനെ തങ്ങളുടെ പക്ഷത്താക്കാൻ ശ്രമിച്ചെങ്കിലും അത‌് പരാജയപ്പെട്ടു. ആർഎസ്എസിലെ ഏക ബുദ്ധിജീവി ആയ പി പരമേശ്വരൻ ഗുരുവിനെ ഹിന്ദുമതാചാര്യനാക്കാൻ ഒരു പുസ‌്തകംതന്നെ എഴുതിനോക്കി. പക്ഷേ, മതങ്ങളെ സംബന്ധിച്ച ഗുരുവിന്റെ സുചിന്തിതമായ കാഴ‌്ചപ്പാട‌് പരമേശ്വരന്റെ കൈ പൊള്ളിച്ചു. ഗുരുവിനെ കിട്ടിയില്ലെങ്കിലും ഒരു മതപരിഷ‌്കരണ പ്രസ്ഥാനമാണ് എന്ന അവകാശവാദത്തിന്റെ പേരിൽ വലിയ നേട്ടമാണ് സംഘപരിവാറിന് ഇന്ത്യയിൽ ഉണ്ടാക്കാൻ കഴിഞ്ഞത്.

ആ മുഖംമൂടിയാണ് ശബരിമല സ‌്ത്രീപ്രവേശ വിധിയെത്തുടർന്നുള്ള വിവാദങ്ങളിലൂടെ അഴിഞ്ഞുവീണിരിക്കുന്നത്. തൊഗാഡിയ മുതൽക്കുള്ള മതഭ്രാന്തന്മാരുടെ വെല്ലുവിളിക്കു മുന്നിൽ മത്സരിച്ച് ആർഎസ്എസിന് സ്വന്തം മുഖം വെളിപ്പെടുത്തേണ്ടിവന്നിരിക്കുന്നു. ഇന്ന് ശവക്കുഴിയിൽനിന്ന് എഴുന്നേറ്റു വന്ന ചീഞ്ഞളിഞ്ഞ ജാതി ജന്മി നാടുവാഴിത്തത്തിന്റെ വാസ‌്തവ രൂപത്തിൽ അവർ നിൽക്കുന്നു. ഫ്യൂഡൽ ദ്രംഷ്ട്രകൾ പുറത്തുകാണുന്നു. ആചാരങ്ങൾ അത് ആരുടെയൊക്കെ വഴിയും ജീവിതവും തടസ്സപ്പെടുത്തുന്നതാണെങ്കിലും ഒരുനിലയ‌്ക്കും മാറ്റംവരുത്താൻ സാധ്യമല്ല എന്നാണ് അവർ ഇപ്പോൾ വിളിച്ചുപറയുന്നത്.

തമ്പ്രാൻ ജാഥ

ആചാരങ്ങൾ അലംഘനീയമാണെന്നും മനുഷ്യർക്കോ സമൂഹത്തിനോ അവരുടെ സർക്കാരിനോ നിയമത്തിനുപോലുമോ അതിൽ മാറ്റം വരുത്താൻ അവകാശമില്ലെന്നും വിളിച്ചുപറഞ്ഞ‌് തമ്പ്രാൻ ജാഥ നടത്തുന്ന ഒരു സംഘത്തിന്റെ കൂടെ ദളിത് പിന്നോക്ക ജനവിഭാഗങ്ങൾക്ക‌് നിൽക്കാൻ കഴിയുമോ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ആദിവാസി നേതാവ് സി കെ ജാനുവിന്റെ മനംമാറ്റത്തിലൂടെ വ്യക്തമായിരിക്കുന്നത്. എസ്എൻഡിപിയിൽ ഉണ്ടായ പുനരാലോചനയും വെള്ളാപ്പള്ളിയുടെ വഴുക്കലും ഇതു സൂചിപ്പിക്കുന്നു. എൻഡിഎയുടെ "ആചാരസംരക്ഷണജാഥ’ നയിക്കുന്ന ടി വി ബാബുവിന്റെ വിമത കെപിഎംഎസ് അത്യന്തം ആത്മസംഘർഷത്തിൽപെട്ട ഒരു പ്രസ‌്താവനയാണ‌് ശബരിമലയിലെ സവർണ പൗരോഹിത്യ നീക്കത്തിനെതിരെ പുറപ്പെടുവിച്ചിരിക്കുന്നത്.

ആചാരലംഘനത്തിലൂടെയാണ് ആധുനികസമൂഹത്തിലേക്കുള്ള ജൈത്രയാത്ര ആരംഭിച്ചത‌്

ഒരു ശിവരാത്രിനാളിൽ നെയ്യാറിന്റെ തീരത്തെ അരുവിപ്പുറത്ത് നടന്ന ഒരു കൊടിയ ആചാരലംഘനത്തിലൂടെയാണ് ആധുനികസമൂഹത്തിലേക്കുള്ള ജൈത്രയാത്ര കേരളം ആരംഭിച്ചത്. ക്ഷേത്രങ്ങളും ദൈവവിശ്വാസവുമായി ബന്ധപ്പെടുത്തി പുരോഹിതവർഗം മുന്നോട്ടുവച്ച നിരവധി ആചാരങ്ങളെ പുനഃപരിശോധിച്ചും തിരുത്തിയും പ്രക്ഷോഭം നടത്തി ലംഘിച്ചും നിയമനിർമാണം നടത്തി ഉപേക്ഷിച്ചുമാണ് കേരളം ഇന്നത്തെ കേരളമായത്.  പൊതുവഴിയിൽ നടക്കാൻ ശ്രമിച്ചപ്പോഴും നാണം മറയ‌്ക്കുന്ന വസ‌്ത്രം ധരിക്കാൻ തീരുമാനിച്ചപ്പോഴും ക്ഷേത്രത്തിൽ കടക്കാൻ ആഗ്രഹിച്ചപ്പോഴും വിദ്യ സ്വപ‌്നം കണ്ടപ്പോഴും "ആചാരലംഘനം’ എന്ന ഭീഷണി വാളുപോലെ ഉയർന്നുവന്നിട്ടുണ്ട്. ഒരു തന്ത്രിയും അനുവദിച്ചിട്ടല്ല, ഒരു ദേവപ്രശ്നത്തിൽ കണ്ടെത്തിയിട്ടുമല്ല കേരളത്തിലെ അധഃസ്ഥിതജനത വഴിനടന്നതും ക്ഷേത്രത്തിൽ പ്രവേശിച്ചതും സ‌്കൂളിൽ പഠിച്ചതും.

നൂറ്റാണ്ടുകളായി നിലനിന്ന ആചാരങ്ങൾ പ്രക്ഷോഭംകൊണ്ടോ നിയമംമൂലമോ ലംഘിക്കപ്പെടുമ്പോൾ സാമാന്യജനങ്ങളായ വിശ്വാസികൾക്ക് അങ്കലാപ്പ് ഉണ്ടാവുക സ്വാഭാവികമാണ്. ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കണമെന്ന "സതി’ ആചാരം നിരോധിക്കപ്പെട്ടപ്പോഴും ജനങ്ങൾക്ക് ഭയവും ദേവകോപത്തെ മുൻനിർത്തിയുള്ള ആശങ്കകളും ഉണ്ടായിരുന്നു. ക്ഷേത്രപ്രവേശനവിളംബരം വന്നിട്ടും തങ്ങൾ അധഃസ്ഥിതരാണ് അശുദ്ധരാണ് എന്ന അപകർഷതാബോധം നിമിത്തം പലരും ക്ഷേത്രത്തിൽ കടക്കാൻ തയ്യാറായിരുന്നില്ല. സമൂഹത്തിൽ നടന്ന ജനാധിപത്യപരമായ സംവാദങ്ങളിലൂടെയാണ് അവരുടെ ഭയം മാറിക്കിട്ടിയത്.

നിർഭാഗ്യവശാൽ അത്തരം സംവാദങ്ങൾ നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കാനല്ല, മറിച്ച് ആ ആശങ്കകളെ രാഷ്ട്രീയമായി ഉപയോഗിച്ച് അധികാരത്തിൽ എത്താൻ കഴിയുമോ എന്നാണ് കുതന്ത്രംമാത്രം കൈമുതലുള്ള ചില രാഷ്ട്രീയ പാർടികൾ ശ്രമിക്കുന്നത്. കേരളത്തിൽ ആ തന്ത്രം വിലപ്പോവുകയില്ല.

അശോകന്‍ ചരുവില്‍

No comments:

Post a Comment