Sunday, November 4, 2018

മാറാത്ത ക്ഷേത്രാചാരമില്ല, മാറ്റാനാകാത്തതുമില്ല‐ രാജൻ ഗുരുക്കൾ എഴുതുന്നു

ക്ഷേത്രാചാരം ചിരപുരാതനമാണെന്നും അതുമാറ്റാനാകില്ലെന്നും ശഠിക്കുന്നത‌്  ക്ഷേത്രാചാര ചരിത്രത്തെപ്പറ്റി  ഒരുചുക്കുമറിയാത്തതുകൊണ്ടാണ്.  മാറാത്തതും മാറ്റാനാകാത്തതുമായി ഒരാചാരവുമില്ല. ഒരുമാറ്റത്തിനും വിധേയമായിക്കൂടെന്നു കരുതുന്ന മന്ത്രോച്ചാരണംപോലും പ്രാദേശിക ഭാഷാമൊഴിയനുസരിച്ചു  മാറി.  പ്രാതിസാഖ്യനിഷ്കർഷകളുടെ ശിക്ഷയും  പരിരക്ഷയുമുണ്ടായിട്ടും വേദോച്ചാരണം  മാറിയതിനെപ്പറ്റിയാണു പറയുന്നത്. പിന്നെയാണോ ക്ഷേത്രാചാരങ്ങളുടെ കാര്യം.

പരമ്പരാഗതമെന്നുകരുതുന്ന ആചാരങ്ങളൊക്കെ മാറിമാറി വന്നവയാണ്. അടുത്തകാലത്തുമാറിയതും അക്കൂട്ടത്തിലുണ്ടാകും. പക്ഷേ എല്ലാം ചിരപുരാതനം എന്നാണറിയപ്പെടുക. ക്ഷേത്രാചാരങ്ങളൊക്കെ പരശുരാമനുണ്ടാക്കിയതാണെന്നും അവ ചിട്ടപ്പെടുത്തിയത‌് ശങ്കരാചാര്യരാണെന്നും ഒരുപറച്ചിലുണ്ട്.  പരശുരാമനൊരു  പുരാണ കഥാപാത്രവും അവതാരവുമൊക്കെയാണ്. ശങ്കരനാകട്ടെ   അദ്വൈതവേദാന്തിയും. ക്ഷേത്രാരാധനയെന്നല്ല വൈദികമീമാംസകരുടെ ക്രിയകളോടുപോലും  പൊരുത്തപ്പെടാത്ത ശങ്കരനെന്തു ചിട്ടപ്പെടുത്തിയെന്നാ? ബ്രഹ്മജ്ഞാനിയായ ഉപനിഷദിക്കെന്തു ദൈവാരാധന?

ക്ഷേത്രാരാധന ആരാധനയുടെ നീണ്ട ചരിത്രത്തിലൂടെ പരിണമിച്ചുണ്ടായ സ്ഥാപനമാണ‌്  ക്ഷേത്രം. ഒരുപാടുകാലം ആരാധന കാട്ടിലെ മരച്ചോട്ടിലായിരുന്നു.  ക്ഷേത്ര വാസ്തുവിദ്യ രൂപപ്പെട്ടത‌്‌ ബൗദ്ധവിഹാരങ്ങളുടെയും ചൈത്യങ്ങളുടെയും മാതൃക പിന്തുടർന്നാണ്‌. ശിലയിലോ പഞ്ചലോഹത്തിലോ ബിംബം പണിത് അവഗാഹംചെയ്ത് അഷ്ടബന്ധമിട്ടുറപ്പിച്ച‌്, വലത്ത‌് സപ്തമാതൃക്കളെയും ഗണപതിയെയും ഭൈരവനെയും സ്ഥാനംചെയ്തു മന്ത്രങ്ങളും ക്രിയകളുംവഴി ആവാഹിത ചൈതന്യമായി ദേവസാന്നിധ്യം ഉറപ്പിച്ച‌് അഞ്ചു പ്രാകാരങ്ങളും കെട്ടി ക്ഷേത്രം നിർമിക്കുന്ന രീതി ദക്ഷിണേന്ത്യയിലാകെ പ്രചാരത്തിലായിട്ട‌് ആയിരത്തിരുനൂറു കൊല്ലത്തിലധികമായില്ല. കേരളത്തിലത്തരം ക്ഷേത്രങ്ങളുണ്ടാകുന്നത് ഒമ്പതാംനൂറ്റാണ്ടിലാണ്. അവ നമ്പൂതിരിഗ്രാമങ്ങളുടെ സിരാകേന്ദ്രങ്ങളായിരുന്നു. വൈദികരായ നമ്പൂതിരി ഭൂവുടമകൾക്ക‌്‌ അക്കാലത്ത‌് ക്ഷേത്രാരാധനയില്ല. അതിനാലവരാരും ക്ഷേത്രത്തിലെ നിത്യപൂജകളിലിടപെട്ടിരുന്നില്ല. എന്നാലവരുടെ അധികാരസ്ഥാപനമായിരുന്നു അന്ന് ക്ഷേത്രം. അതുകൊണ്ട‌് ക്ഷേത്രശുദ്ധി നിശ്ചയിച്ചതും  ശുദ്ധികർമങ്ങളൊക്കെ ചെയ്തതും വൈദികരായിരുന്നു. അതുകൊണ്ടുതന്നെ തന്ത്രവൃത്തികളെല്ലാം വൈദികമോ അവയുടെ വകഭേദങ്ങളോ ആയി.

ശുദ്ധിസങ്കല്പം

ദേവചൈതന്യം വരുത്തിയ ക്ഷേത്രബിംബത്തിന്റെ ശുദ്ധം മാറിക്കൂടാ. അതിന‌് പ്രാകാരങ്ങളഞ്ചും  ശുദ്ധമായിരിക്കണം. ബിംബശുദ്ധിയും പ്രാസാദശുദ്ധിയും ഉറപ്പുവരുത്തുന്നതിനാണ‌്‌ ക്ഷേത്രാചാരങ്ങളോരോന്നും കല്പിച്ചത്. അവയെ ക്ഷേത്രാഗമങ്ങളെന്നു പറയും. വൈദികവും വൈദികേതരവുമായ മന്ത്രങ്ങളും ക്രിയകളും ചേർന്നതാണവ. ബ്രാഹ്മണങ്ങളിൽനിന്നാണീ വാങ്മയത്തിന്റെ തുടക്കം. അവ പ്രയോഗ പാരമ്പര്യപാഠങ്ങളായി പല വൈദികരും  രേഖപ്പെടുത്തിവച്ചിട്ടുണ്ട്. കുഴിക്കാട്ടുപച്ച, മാടമ്പുപച്ച, കാരിമുക്കുപച്ച  തുടങ്ങിയവ ഉദാഹരണം. പിൽക്കാലത്ത‌് രചിക്കപ്പെട്ട പല ശൈവ, വൈഷ്ണവ ആഗമങ്ങളിലെ പ്രസക്തഭാഗങ്ങളെടുത്ത‌് പ്രയോഗപാഠമായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. തന്ത്രസമുച്ചയം അത്തരം ഒരു സമഗ്ര തന്ത്രഗ്രന്ഥമാണ്.

ശുദ്ധം മാറിയ ക്ഷേത്രത്തെ ശുദ്ധമാക്കുന്ന തന്ത്രിമാരുടെ ക്രിയകളിന്നും പ്രാചീന  വൈദികകാലത്തെ പശുപാലകസമൂഹത്തിന്റെ ക്രിയകളുടെ തുടർച്ചയാണ്. പഞ്ചഗവ്യമാണിന്നും ശുദ്ധം വരുത്താനുള്ള മുഖ്യവസ്തു.  ബിംബം ശുദ്ധം മാറിയാലതിനെ അവഗാഹക്കുറ്റിയിലാക്കി ചാണകവും  ഗോമൂത്രവും പാലും തൈരും നെയ്യും  നിറച്ച്‌ അടച്ചുവയ‌്ക്കും. പഞ്ചഗവ്യം പൂജിച്ചും നേദിച്ചും ചെയ്യുന്നവയാണ‌് മിക്ക ശുദ്ധിക്രിയകളും.   പശുവിനെയും കിടാവിനെയും ക്ഷേത്രാങ്കണത്തിൽ രണ്ടാഴ്ചയോളം കെട്ടിയിട്ടു ഗോമൂത്രവും ചാണകവും വീഴ്ത്തുന്ന  ഗോനിവാസമെന്ന  ക്രിയയിലൂടെയാണ‌് പ്രാസാദശുദ്ധി വരുത്തുക. നാൽപ്പാമരത്തൊലി, പുണ്യാഹച്ചുണ്ട, അക്ഷതം, കുശപ്പുല്ല്, താമരവളയം, ദർഭമുഷ്ടി, പുറ്റുമണ്ണ് തുടങ്ങിയ പലതും ശുദ്ധിക്രിയകൾക്ക് ഉപയോഗിക്കും.  പക്ഷേ വിധിപ്രകാരം ശുദ്ധിവരുത്താനൊരുപാടു കലശങ്ങളും  പ്രായശ്ചിത്ത ഹോമങ്ങളും ദാനങ്ങളും ഒക്കെയായി ദിവസങ്ങളോളം നീളുന്ന ക്രിയ  വേണം. ദേശമംഗലത്തും തരണനല്ലൂരും പറമ്പൂരുമൊക്കെ ഇവയുടെ വരിക്കണക്കുണ്ട്. ഗോപുരത്തിലൊരിത്തിരി ഉണ്ണിമൂത്രം വീണതിന‌് സർവകർമങ്ങളും നിർത്തി ആയിരത്തൊന്നു കലശമാടി ശുദ്ധിവരുത്തിയതിന്റെ വരിക്കണക്കു കാണാം.  അതായിരുന്നു ഒരുകാലത്തെ ക്ഷേത്രാചാരം.  ഇന്ന‌് കലശം വെറും വെള്ളമൊഴിച്ചുകഴുകുന്ന വെറും ധാരകോരലായി  ചുരുങ്ങിയില്ലേ? ഏതശുദ്ധിക്കും ഇന്ന് എളുപ്പവിദ്യയായ പുണ്യാഹം മതിയെന്നായില്ലേ?

ബിംബശുദ്ധിയും പ്രാസാദശുദ്ധിയും ഒരിക്കലും പാലിക്കാനാകാത്ത ക്ഷേത്രമാണ് ശബരിമലയിലേത്. പതിനെട്ട‌് കുന്നുകളാണതിന്റെ അന്തപ്രാകാരം. അത്ര വലിയൊരിടത്തെങ്ങനെ പ്രാസാദശുദ്ധി ഉറപ്പാക്കും?

മാറാത്ത ആചാരമില്ല

ക്ഷേത്രാചാരങ്ങളെല്ലാം സാമൂഹ്യാചാരങ്ങളുടെ ഭാഗമാണ്. അതുകൊണ്ട‌്  കാലാകാലങ്ങളിലെ സാമൂഹ്യ പരിവർത്തനങ്ങൾക്കനുസരിച്ച് അവ മാറിക്കൊണ്ടിരുന്നു. ജാതി വ്യവസ്ഥയ‌്ക്ക‌് മേൽക്കൈ ഉണ്ടായിരുന്ന സമൂഹത്തിലെ ക്ഷേത്രങ്ങളെല്ലാം സവർണരുടേതായിരുന്നു. അവരൊക്കെ അയിത്തം നോക്കുകയും തീണ്ടാപ്പാടകലം പാലിക്കുകയും ചെയ്യുന്നവരായതുമൂലം അവരുടെ ദൈവങ്ങളും അപ്രകാരം സങ്കല്പിക്കപ്പെട്ടു. സവർണക്ഷേത്രങ്ങളിലെ ബിംബശുദ്ധിയും പ്രാസാദശുദ്ധി യും ഉറപ്പുവരുത്തിയത‌് പ്രധാനമായും തീണ്ടുന്ന ജാതിക്കാരെ അകറ്റിനിർത്തിയായിരുന്നല്ലോ. അയിത്താചാരം ക്ഷേത്രാചാരങ്ങളുടെ ഭാഗമായിരുന്നു. പുലയരും ഈഴവരും തീണ്ടി ശുദ്ധംമാറിയതിന‌് നിർമാല്യം മുട്ടിച്ച് മുളയിട്ടും  ദാനങ്ങളും പ്രായശ്ചിത്തഹോമവും  ചെയ്തും കലശങ്ങളാടിയും  ബിംബശുദ്ധിയും പ്രാസാദശുദ്ധിയും വരുത്തിയതിന്റെ വരിക്കണക്കുകളൊരുപാടുണ്ട്. കാലം മാറി. ക്ഷേത്രാചാരത്തിലെ ദുരാചാരത്തിനെതിരെ പ്രക്ഷോഭങ്ങളുയർന്നു. ക്ഷേത്രപ്രവേശനവിളംബരമുണ്ടായി. ജാതിക്കോമരങ്ങളടങ്ങി. പിന്നീടവരെവിടെയെങ്കിലും ചെന്നു തുള്ളിനിന്നോ?

തീണ്ടാർന്ന പെണ്ണുങ്ങളശുദ്ധമെന്ന ധാരണയും ഇതേ സാമൂഹ്യവ്യവസ്ഥയുടെ ഭാഗമാണ്. പ്രാചീന ഗോത്രവർഗത്തിലെ ഋതുമതി ഉർവരതയുടെ മൂർത്തരൂപവും മാസംതോറും നവീ കരിക്കപ്പെടുന്ന പരിശുദ്ധയുമാണ്. ശുദ്ധം മാറിയ ക്ഷേത്രം മുളയിട്ടു ശുദ്ധമാക്കുന്ന ആചാരം ഉർവരതയുടെ ഭാഗമായി മനസ്സിലാക്കാം. ഇന്ന‌് ആർത്തവത്തിന‌് അയിത്തം കല്പിക്കുന്നതും അതനുസരിച്ച‌് അവകാശം നിഷേധിക്കുന്നതും  ഭരണഘടനാവിരുദ്ധമെന്ന‌് സുപ്രീംകോടതി വ്യക്തമാക്കിക്കഴിഞ്ഞു.

ഐഡന്റിറ്റി ക്രൈസിസ് 

മാറാത്തതോ മാറ്റാനാകാത്തതോആയ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ല. ആചാരം മാറ്റാനാകില്ലെന്നു ബഹളംവയ‌്ക്കുന്നവരുടെ കണ്മുമ്പിൽത്തന്നെ ശബരിമലക്ഷേത്രാചാരങ്ങളെത്ര മാറി. പമ്പയെ മലിനമാക്കുന്നുവെന്നുവന്നതോടെ ‘ചിരപുരാതന’ പമ്പാസദ്യയെന്ന ആചാരം മാറ്റിച്ചില്ലേ? മലയിറങ്ങുന്നവരുടെ വിഴുപ്പ് പമ്പയിലുപേക്ഷിക്കുന്ന പുതിയദുരാചാരവും  നിർത്തിച്ചില്ലേ? കറുപ്പിനുപകരം ഗുരുസ്വാമിമാത്രം നീലയും കാവിയും ഉടുക്കുന്നത‌് അടുത്തകാലത്തു തുടങ്ങിയതാണ്‌. ഏതു വിധിപ്രകാരമാണത്? ആചാരമെന്ന പേരിലിങ്ങനെ പുതിയ കോപ്രായങ്ങളുണ്ടാകുന്നതും ഇല്ലാതാകുന്നതും ഈ ബഹളക്കാരറിയുന്നുണ്ടോ? അജ്ഞതയാണിവരുടെ ദോഷം. പരമ്പരാഗത ശാസ്ത്രവുമറിയില്ല, സയൻസുമറിയില്ല. രണ്ടുംകെട്ട ഇക്കൂട്ടരാണ‌് കേട്ടപാതി കേൾക്കാത്തപാതി ഹാലിളകി ആചാരസംരക്ഷകരായി ഓടുന്നത്. ആചാരങ്ങളിവരുടെ ഐഡന്റിറ്റിയായി മാറിയിരിക്കുന്നു.  ദുരാചാരങ്ങളെ കെട്ടിപ്പിടിച്ചേ നിലനിൽപ്പുള്ളൂ എന്ന അവസ്ഥ. ഐഡന്റിറ്റിയില്ലാ താകുന്ന പ്രതിസന്ധിയാണിത്‌.

സുപ്രീംകോടതിവിധിയോ ഭരണഘടനയോ മനുഷ്യാവകാശമോ അല്ല അയ്യപ്പന്റെ ബ്രഹ്മചര്യയാണ‌് പ്രധാനം എന്നുവന്നാലെന്തു ചെയ്യും? ഇതുവിശ്വാസത്തിന്റെ  പ്രശ‌്നമല്ല. യൗവനയുക്തകളുടെ പ്രവേശനം അയ്യപ്പന്റെ ബ്രഹ്മചര്യയ‌്ക്കു വിഘാതമാകുമെന്നു ഭയപ്പെടുന്നത‌്‌ വിശ്വാസമില്ലായ്മയല്ലേ വ്യക്തമാക്കുന്നത്? ഒരുതരം ആചാര മൗലികവാദമല്ലേ ഇത്? ആനുകാലികസമൂഹത്തിനും സംസ്കാരത്തി നും ചേരാത്ത ആചാരങ്ങളെ മുറുകെ പിടിക്കുന്നത് ഒരു സമുദായത്തിനും ഭൂഷണമല്ല. വിശ്വാസത്തിന്റെ പേരിലായാലും  വ്യക്തിപരമായാലും നീതിക്കുനിരക്കാത്ത ആചാരം ഭരണഘടനാവിരുദ്ധമാണ്.

രാജൻ ഗുരുക്കൾ
(പ്രമുഖ ചരിത്രകാരനാണ്‌ ലേഖകൻ)

No comments:

Post a Comment