Friday, November 2, 2018

'ഇന്നലെ ചെയ്‌‌തോരബദ്ധം...''

പ്രത്യേക പ്രായപരിധിയിലുൾപ്പെടുന്ന സ്ത്രീകൾക്ക് ശബരിമല ക്ഷേത്രപ്രവേശത്തിലുണ്ടായിരുന്ന വിലക്കുകൾ എടുത്തുകളഞ്ഞ സുപ്രീംകോടതി വിധിക്കും, ആ വിധി നടപ്പാക്കാൻ ഭരണഘടനാപരമായി ബാധ്യസ്ഥമായ സംസ്ഥാനസർക്കാരിനുമെതിരെ, ജനവികാരമിളക്കി കലാപസദൃശ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ ബിജെപിയും കോൺഗ്രസും രംഗത്തിറങ്ങിയിരിക്കുകയാണ‌്. കോടതിവിധി സ്വീകാര്യമല്ലെങ്കിൽ തൽപ്പരകക്ഷികൾക്ക‌് കോടതിയെത്തന്നെ സമീപിക്കാവുന്നതാണ്. കേന്ദ്രം ഭരിക്കുന്ന പാർടിയടക്കം ഈ വിഷയത്തിൽ കക്ഷിയായതുകൊണ്ട് വിധി മറികടക്കാൻ പാർലമെന്റിൽ നിയമനിർമാണമോ ഭരണഘടനാ ഭേദഗതിപോലുമോ ആകാം. ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്നവർക്ക് ഇതല്ലാതെ മറ്റുപോംവഴിയില്ല. എന്നാൽ, അങ്ങാടിയിൽ തോറ്റതിന് അമ്മയോട്, കോടതി വിധി പിടിക്കാത്തതുകൊണ്ട് കേരള സർക്കാരിനോട് തെരുവുയുദ്ധം ചെയ്യുന്നതിന്റെ സാംഗത്യം വിശദീകരിക്കാൻ ബന്ധപ്പെട്ടവർക്ക് ബാധ്യതയുണ്ട‌്. അവരതിന‌് സന്നദ്ധരാകാത്തതിനാൽ കോടതി വിധിയെന്ന വീണുകിട്ടിയ വടികൊണ്ട് സംസ്ഥാന മന്ത്രിസഭയെ പ്രഹരിക്കലാണ് ഈ അഭിനവ 'അയ്യപ്പഭക്തരുടെ' ലക്ഷ്യമെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.

അടുത്തകാലത്ത് കേരളത്തിൽ നടന്ന ചില സംഭവങ്ങളുടെ, ഈയിടെ സുപ്രീംകോടതിതന്നെ പുറപ്പെടുവിച്ച ചില സുപ്രധാന വിധികളുടെ പശ്ചാത്തലത്തിൽ  പരിശോധക്കേണ്ട ഒരുവിഷയമാണിത്. താരാധിപത്യവും ആൺകോയ്മയും നിലനിന്നിരുന്ന മലയാളസിനിമാലോകത്ത് നൂതനമായൊരു പെൺകൂട്ടായ്മ അനീതികളെ ചോദ്യംചെയ്യാൻ കരുത്തുകാട്ടുകയുണ്ടായി. ഒരു ക്രൈസ്തവ പുരോഹിത പ്രമുഖന്റെ പീഡനം തുറന്നുകാട്ടാനും എതിർക്കാനും കന്യാസ്ത്രീകൾതന്നെ മുന്നോട്ടുവരികയുണ്ടായി. ഇരു സന്ദർഭങ്ങളിലും ഒരുപോലെ കേരളഭരണം ഇരകൾക്കൊപ്പം നിലയുറപ്പിക്കുകയും'വേട്ടക്കാരെ' വലയിലാക്കുകയും ചെയ്തു. മഹാരാജാസിലെ അഭിമന്യുവിന്റെ അരുംകൊലയ്ക്കെതിരെ കേരളസമൂഹം കൈക്കൊണ്ട സമീപനവും സവിശേഷവും ശ്രദ്ധേയവുമായിരുന്നു. പരസ്പരം ഐക്യപ്പെട്ടും സഹായിച്ചും സഹകരിച്ചും ഒക്കെയാണ് മലയാളി, മഹാപ്രളയം സൃഷ്ടിച്ച അഭൂതപൂർവമായ  പ്രതിസന്ധിയെ മറികടന്നത്. അതിജീവനത്തിന‌് നേതൃത്വം നൽകിയ മുഖ്യമന്ത്രിയെ കേരളംമാത്രമല്ല, ലോകം മുഴുവൻ ശ്രദ്ധിച്ചു.

യാഥാസ്ഥിതികരെ അസ്വസ്ഥരാക്കുന്ന വിധി

രാജ്യത്തെ പരമോന്നതകോടതി  യാഥാസ്ഥിതികരെ അസ്വസ്ഥരാക്കുന്ന മറ്റു ചില വിധികളും നിരീക്ഷണങ്ങളും ഈ അടുത്തകാലത്ത് നടത്തുകയുണ്ടായി. പ്രണയത്തിലും വിവാഹത്തിലും യുവത പ്രകടിപ്പിക്കുന്ന സ്വാതന്ത്ര്യം ഭരണഘടനാദത്തമായ അവരുടെ അവകാശമാണെന്നും അതിൽ തലയിടാൻ രക്ഷിതാക്കൾക്കുപോലും അവകാശമില്ലെന്നും 'ഹാദിയ'കേസിൽ കോടതി ചൂണ്ടിക്കാട്ടി. സ്ത്രീപുരുഷന്മാർ ഉഭയസമ്മതപ്രകാരം ലൈംഗികവേഴ‌്ചയിൽ ഏർപ്പെടുന്നതും സ്വവർഗരതിയും കുറ്റകൃത്യങ്ങളല്ലെന്ന വിധിന്യായം വ്യാപകമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിതുറന്നിട്ടു. ശബരിമല സ്ത്രീപ്രവേശത്തിന് 1991ലെ ഹൈക്കോടതി വിധി ഏർപ്പെടുത്തിയ നിയന്ത്രണം റദ്ദാക്കിയ ഉന്നത നീതിപീഠത്തിന്റെ ഉത്തരവ്, വ്യക്തിസ്വാതന്ത്ര്യവും ലിംഗസമത്വവും ഉയർത്തിപ്പിടിക്കുന്നുണ്ട്. നെടുനാൾ നിന്നുപോന്നിരുന്ന ഒരാചാരലംഘനത്തിന് പച്ചക്കൊടി കാട്ടുകയല്ല, കീഴ്കോടതിയുടെ ഉത്തരവ്, ഭരണഘടനയുടെ സത്തയ്ക്ക് നിരക്കുന്നതല്ലെന്ന് തിരിച്ചറിഞ്ഞ് തിരുത്തുകമാത്രമാണ് സുപ്രീംകോടതി ചെയ്തതെന്ന സത്യം ആചാരലംഘനത്തിന്റെ പേരുപറഞ്ഞ് കോലാഹലം കൂട്ടുന്നവർ മറച്ചുപിടിക്കുകയാണ‌്.  ഹൈക്കോടതി വിധി പ്രാബല്യത്തിലുള്ളപ്പോൾ നിർദിഷ്ട പ്രായപരിധിയിലുള്ള സ‌്ത്രീകളുടെ ക്ഷേത്രപ്രവേശം നിയമവിരുദ്ധമായിരുന്നു. എന്നാൽ, ഇപ്പോൾ നിരോധമോ നിർബന്ധമോ കൂടാതെ ക്ഷേത്രത്തിൽ പോകാനെന്നപോലെ പോകാതിരിക്കാനും സ്ത്രീകൾക്ക് സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു. ആളുകളുടെ സഞ്ചാരസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും തടയുന്നതും പലർക്കും അനുഭവിക്കുന്ന അവകാശം ചിലർക്ക് (ഇവിടെ ഒരു വിഭാഗം സ്ത്രീകൾക്ക‌്) നിഷേധിക്കുന്നതും ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കത്തോട് ഒത്തുപോകില്ലെന്നാണ് സുപ്രീംകോടതി കൃത്യമായി ചൂണ്ടിക്കാണിച്ചത്.

ആചാരങ്ങൾ മാറുന്നു

ഇനി ആചാരലംഘനത്തിന്റെ പ്രശ്നംതന്നെയാണ് ഇവിടെ ഉള്ളതെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽത്തന്നെ, ആചാരങ്ങൾ അലംഘനീയമാണെന്ന് ആരാണ് പറഞ്ഞത്? ഇന്നലെ ചെയ്തുപോയ അബദ്ധങ്ങളാണ് ഇന്നത്തെ ആചാരങ്ങൾ എന്നും അതിന് സമ്മതം മൂളരുതെന്നും പറഞ്ഞത‌് കുമാരനാശാനാണ്. ഋതുമതികളുടെ ക്ഷേത്രപ്രവേശ വിലക്കാണ് ശബരിമലയിലെങ്കിൽ മുമ്പൊരുകാലത്ത‌് വിദ്യാലയപ്രവേശവും അവർക്ക് നിഷിദ്ധമായിരുന്നു. കെട്ട  ആചാരക്കെട്ട‌് പൊട്ടിക്കാൻ നിവർന്നു നിൽക്കാൻ ധൈര്യം കാട്ടിയ കന്യകയെ എം വി ഭട്ടതിരിപ്പാട് (പ്രേംജി) തന്റെ നാടകത്തിലെ (ഋതുമതി) നായികയാക്കുന്നുണ്ട്. സ്ത്രീയുടെ മുഖപടം അഴിച്ച് രാജ്യത്തിന്റെ മുറിവുകെട്ടണമെന്ന് വി ടിയും (അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്) 'കൈൽ പിടിക്കുന്ന കൈകൾ കൊടികളേന്തുന്ന’ കാലം വരുമെന്ന് കെ ടി മുഹമ്മദും (ഇതു ഭൂമിയാണ്) എഴുതിയിട്ടുണ്ട്. നമ്മുടെ കവിതയുടെയും കലയുടെയും മാത്രമല്ല ചരിത്രത്തിന്റെയും ചാലകശക്തി ആചാരലംഘനങ്ങളായിരുന്നു. വിശ്വാസം ഉള്ളിലുണരുന്നതാണെങ്കിൽ ആചാരം പുറമെനിന്ന് അടിച്ചേൽപ്പിക്കുന്നതാണ‌്. വിശ്വാസം അപാരതയാണെങ്കിൽ ആചാരം അതിരുകളും മതിലുകളുമാണ്. അതുകൊണ്ട് ആചാരവിരുദ്ധത അധികാരവിരുദ്ധതയും, ആചാരരക്ഷാവ്യഗ്രത ജാത്യധികാരവും ആണധികാരവുമെല്ലാം നിലനിർത്താനുള്ള തന്ത്രവുമാണ‌്. വൈക്കത്തും ഗുരുവായൂരിലും സമരമുഖങ്ങളിൽ ജ്വലിച്ചുനിന്നത‌് ടി കെ മാധവനും കെ കേളപ്പനും പി കൃഷ്ണപിള്ളയും എ കെ ഗോപാലനുമായിരുന്നു. സമരവിരോധികൾ ജാതി ജന്മിനാടുവാഴികൾക്കും ബ്രിട്ടീഷ് രാജിനും സ്തുതിപാടുന്നവരായിരുന്നു. ക്ഷേത്രമണ്ഡപത്തിലെ കൂട്ടമണിയടിച്ച് ആചാരലംഘനം നടത്തിയ ഉശിരുള്ളവരെ അടിക്കാനെത്തിയവരെ  ഉളുപ്പില്ലാത്തവരെന്നാണ് കൃഷ്ണപിള്ള അഭിസംബോധന ചെയ്തത്. ഇനിയും ഉളുപ്പില്ലാത്തവർക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്ന് ശബരിമലയുടെ പേരിൽ തെരുവിലിറങ്ങിയ കൂട്ടം തെളിയിച്ചിരിക്കുന്നു.  ആ കൂട്ടായ്മയിൽ പങ്കുചേരാനുള്ള ചർമബലം കേരളത്തിലെ കോൺഗ്രസിനുണ്ടാകില്ലെന്നാണ് കരുതിയത്. 1924ലെ വൈക്കം സത്യഗ്രഹത്തിന്റേതല്ല, 1959ലെ വിമോചനസമരത്തിന്റെ പൈതൃകമാണ് അവരുടേതെന്ന‌് ഇപ്പോൾ വ്യക്തമായി. ഈ പുത്തൻ വിമോചനസമരത്തിൽ പങ്കെടുക്കുമ്പോൾ  കോൺഗ്രസിന്റെ കൊടിപിടിക്കരുതെന്ന് പ്രത്യകം നിർദേശമുണ്ടത്രേ.  ഇന്ന് നവയാഥാസ്ഥിതികരുടെ വലയിൽവീണ‌് വലയുന്ന ചില സ്ത്രീകൾ ശബരിമല തങ്ങൾക്ക് ബാലികേറാമലയാണെന്ന് പറയുന്നു.

ബിജെപിയുടെ തെരഞ്ഞെടുപ്പ‌ുതന്ത്രം

2014ൽ വികസനത്തെക്കുറിച്ച് പറഞ്ഞത‌് തെരഞ്ഞെടുപ്പുവേളകളിൽ പതിവുള്ള പൊള്ളയായ വാചകമടികളായിരുന്നുവെന്ന് ആദ്യം അമിത് ഷായും ഇപ്പോൾ നിതിൻ ഗഡ്കരിയും ഏറ്റുപറഞ്ഞിരിക്കുന്നു. എന്നാൽ, ഇത്തവണ വികസനമല്ല, വിഭജനമാണ് ബിജെപിയുടെ തെരഞ്ഞെടുപ്പുതന്ത്രം. ജാതി– മത– വംശ– ലിംഗഭേദമില്ലാതെ സകല ഇന്ത്യക്കാർക്കും തുല്യഅവകാശം ഉറപ്പുനൽകുന്ന മൗലിക പ്രമാണമായ ഭരണഘടനയോട് ആജന്മവൈരം അവർക്കുണ്ട്. 'മനുസ്മൃതി'യാണ് 'സംഘി'കളുടെ ‘മാഗ്നാകർട്ട'. അതുകൊണ്ട് പൗരാവകാശ ലംഘനത്തിന്റെ പേരിൽ ശബരിമലയിലെ സ്ത്രീപ്രവേശന നിരോധനം നീക്കിയ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിഗമനങ്ങളോട് അവർക്ക് യോജിക്കാനാകില്ല. സ്ത്രീകളെയും ദരിദ്രരെയും അശുദ്ധി കൽപ്പിച്ച് ചവിട്ടിത്താഴ്ത്തിയ ഇന്ത്യൻ മേധാവിവർഗത്തിന്റെ മർദനയന്ത്രവും കാലോചിതമായി പരിഷ്കരിച്ച് തങ്ങളുടെ രാഷ്ട്രീയവ്യവഹാരവുമായി വിളക്കിച്ചേർക്കാൻ സംഘപരിവാറിന് കഴിഞ്ഞിരിക്കുന്നു. ഉത്തമരും ശുദ്ധരുമായ ദേശികളുടെ ഭൂരിപക്ഷത്തെ സ്വയം പ്രതിനിധാനംചെയ്യുമ്പോൾ, അശുദ്ധരും അധമരുമായ വിദേശികളുടെ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയാണ് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെന്നും വാദിച്ചുറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തിൽ ഈ രാസായുധത്തിന്റെ പരീക്ഷണശാലയായി ശബരിമലയെ മാറ്റിയെടുക്കാൻ അവർ മോഹിക്കുന്നു.

ചരിത്രത്തെ അഴിച്ച‌ുപണിയുന്നു

കേരളീയന്റെ ഓർമകളെ, ചരിത്രത്തെ ഒക്കെ അവർ അഴിച്ചുപണിയുകയാണ്. ഓണം മഹാബലിയിൽനിന്ന് പിടിച്ചെടുത്ത് വാമനന് പതിച്ചുനൽകാനും നമ്മുടെ ചരിത്രത്തിന്റെ ജനകീയമായ ഉള്ളടക്കം ചോർത്തിയെടുത്ത് രാജകീയമായി അത് പുനരാഖ്യാനം ചെയ്യാനും 'ആർഎസ്എസ് വിചാരകേന്ദ്രങ്ങൾ' ഇളവില്ലാതെ വേലചെയ്യുന്നുണ്ട്. വനവാസികളുടെ കുലദേവതയായ ശബരിയുടെ നിർവ്യാജവും നിഷ്കളങ്കവുമായ ഭക്തിയിലാണ്, വരേണ്യപൗരോഹിത്യത്തിന്റെ ‘വിഭക്തി'യിലല്ല അയ്യപ്പൻ വാണിരുന്നത്. ബാബറുടെ(വാവർ) പള്ളിയിൽ പോയി പ്രാർഥിക്കാതെ അയ്യപ്പഭക്തരുടെ ശബരിമലദർശനം പൂർത്തിയാവുകയില്ല. ഉദാരവും വിശാലവുമായ ആരാധനയുടെ ഈ ശബരിമലമാർഗം ബാബറിപള്ളി പൊളിച്ച രാഷ്ട്രീയ ധാർഷ്ട്യത്തിന‌് മനസ്സിലാവുകയുമില്ല.

No comments:

Post a Comment