Friday, November 2, 2018

ശബരിമല: കോടതിവിധിയും നവോത്ഥാന പാരമ്പര്യവും

ശബരിമലയെ മുൻനിർത്തി ഹൈന്ദവ വർഗീയവാദികൾ കേരളത്തിൽ പുതിയൊരു സമരമുഖം തുറക്കാൻ പണിപ്പെടുകയാണ്. പല പതിറ്റാണ്ടുകൾ പണിപ്പെട്ടിട്ടും ഫലിക്കാതെപോയ ദൗത്യത്തിൽ ഇതുവഴി വിജയംവരിക്കാനാകുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്. കേരളീയ നവോത്ഥാനപാരമ്പര്യത്തെയും ഭരണഘടനാമൂല്യങ്ങളെയും നിയമവാഴ്ചയെയും വെല്ലുവിളിച്ചുകൊണ്ട് കല്ലും കുറുവടിയും ആയുധങ്ങളുമായി മുഖംമൂടിയ അക്രമിസംഘങ്ങൾ ശബരിമലയുടെ വഴിത്താരകളിൽ അണിനിരന്നു. മാധ്യമപ്രവർത്തകരെയും ഭക്തരെയും പൊലീസിനെയും ഒരുപോലെ കടന്നാക്രമിച്ചു.

വിശ്വാസസംരക്ഷണത്തിന്റെയും ആചാരസംരക്ഷണത്തിന്റെയും പേരിൽ അരങ്ങേറുന്ന ഈ അക്രമങ്ങൾക്കുപിന്നിൽ യഥാർഥത്തിൽ ഒറ്റ താൽപ്പര്യമേയുള്ളൂ. അത് കേരളത്തെ വർഗീയമായി  വിഭജിക്കുക എന്നതാണ്. വിഷലിപ്തമായ ഈ ഗൂഢശ്രമങ്ങളുടെ മറയാണ് ഇന്ന് ശബരിമല. പണ്ട് ഹിന്ദുകോഡ് ബിൽ അവതരിപ്പിച്ച അംബേദ്കർക്കെതിരെ, അയിത്തജാതിക്കാരന് ഇതിലെന്തുകാര്യം എന്ന അട്ടഹാസങ്ങളുമായി തെരുവിലിറങ്ങിയ അതേ സവർണവർഗീയതയാണ് ഇപ്പോൾ ശബരിമലയിലും പുതിയ ചോദ്യങ്ങളുമായി അഴിഞ്ഞാടുന്നത്. ദേശീയപ്രസ്ഥാനത്തിന്റെയും അയിത്തോച്ചാടനത്തിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന കോൺഗ്രസാകട്ടെ ഹൈന്ദവ വർഗീയതയ്ക്ക് ചൂട്ടുപിടിച്ച് വഴികാണിക്കുന്ന സേവകവൃന്ദമായി തരംതാണുകഴിഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്നങ്ങളെ വ്യത്യസ്ത തലങ്ങളിൽ പരിശോധിക്കേണ്ടതുണ്ട്. എങ്കിൽമാത്രമേ അതിൽ ഉള്ളടങ്ങിയിരിക്കുന്ന യാഥാർഥ്യം ശരിയായി തെളിഞ്ഞുകിട്ടുകയുള്ളൂ. പത്തുവയസ്സിനും അമ്പതുവയസ്സിനും ഇടയ്ക്കുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ നിയമപരമായും ഭരണഘടനാപരവുമായ ഉള്ളടക്കമാണ് അതിലാദ്യത്തേത്. ശബരിമലയിൽ സ്ത്രീപ്രവേശനം നിഷേധിക്കുന്ന ആചാരത്തിന്റെ വാസ്തവമെന്ത് എന്നതാണ് മറ്റൊരു പ്രശ്നം. മൂന്നാമത്തേത് ശബരിമലക്ഷേത്രത്തിന്റെ ചരിത്രവും അതിന്റെ ബഹുസ്വര പാരമ്പര്യവുമാണ്. ഹൈന്ദവ വർഗീയവാദികൾ ഇപ്പോൾ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്ന സമരത്തിന്റെ രാഷ്ട്രീയ ഉള്ളടക്കവും അതിലെ നിഗൂഢതാൽപ്പര്യങ്ങളുമാണ‌് ഒടുവിലത്തേത്. ഇവയെല്ലാം കൂടിക്കലങ്ങി നിൽക്കുന്ന ഒരു സങ്കീർണപ്രമേയമാണ് ശബരിമലയിലെ സ്ത്രീപ്രവേശനം.

വിവേചനം പാടില്ല

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച കോടതിവിധി അതിന്റെ ഭരണഘടനാപരവും നിയമപരവുമായ അടിസ്ഥാനങ്ങൾ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.  മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടനയുടെ 25–ാം വകുപ്പ് പൗരന്മാർക്ക് നൽകുന്ന അവകാശം ഉയർത്തിപ്പിടിക്കുകയാണ് കോടതി പ്രാഥമികമായി ചെയ്യുന്നത്. മതവിശ്വാസത്തിന് വ്യക്തികൾക്ക് തുല്യാവകാശമാണ് ഉള്ളത്. അതിൽ ലിംഗപരമായ വിവേചനം പാടില്ല. ലിംഗപരമായ വിവേചനം അനുവദിക്കുന്നത് വ്യക്തികൾക്ക് തുല്യാവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14–ാം അനുച്ഛേദത്തിനും  ജാതി, മതം, വംശം, ലിംഗം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല എന്ന് നിഷ്കർഷിക്കുന്ന 15–ാം അനുച്ഛേദത്തിനും എതിരാണെന്ന് കോടതി വിലയിരുത്തുന്നു. ഇങ്ങനെ അടിസ്ഥാനപരമായി ഭരണഘടനാവിരുദ്ധമായ ഒന്നാണ് സ്ത്രീകൾക്ക് പ്രവേശനം വിലക്കുന്ന സമീപനം എന്നതുകൊണ്ടാണ് കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിലെ 3 (ബി) വകുപ്പ് റദ്ദാക്കുന്നതായി കോടതി വിധിച്ചത്.

സുപ്രീംകോടതിയുടെ ഈ വിധിന്യായം ഉയർത്തിപ്പിടിക്കുന്ന സവിശേഷമായ ഒരു പ്രമേയമുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ സാമൂഹ്യ ധാർമികതാസങ്കൽപ്പങ്ങളും  ഭരണഘടനയുടെ ധാർമികതാസങ്കൽപ്പങ്ങളും തമ്മിൽ അഭിപ്രായഭിന്നത ഉണ്ടായാൽ ഭരണഘടനാപരമായ ധാർമികതയാണ് ഉയർത്തിപ്പിടിക്കേണ്ടത് എന്ന കാര്യമാണത്. സവിശേഷ ജാതി‐മത‐പ്രാദേശിക സമൂഹങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും ഭരണഘടനാപരമായ ധാർമികതയേക്കാൾ പ്രധാനമല്ല. ഏതെങ്കിലുമൊരു സവിശേഷവിഭാഗത്തിന്റെ വിശ്വാസത്തിന്റെപേരിൽ ആർത്തവത്തെ അശുദ്ധിയായി കാണുന്നത് ഭരണഘടനാപരമായി സ്വീകാര്യമല്ല. ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് പ്രവേശനം വിലക്കുന്നത് ഭരണഘടന കുറ്റകരമായി കണ്ടിട്ടുള്ള അയിത്തത്തിന്റെ മറ്റൊരു രൂപമാണ്. അത്തരമൊരു നിലപാട് ഒരു നിലയ്ക്കും സ്വീകരിക്കാനാകില്ല എന്ന് ഇന്ത്യയിലെ പരമോന്നത നീതിന്യായപീഠം കരുതുന്നു.

പ്രത്യേക വിശ്വാസിസമൂഹമല്ല

അയ്യപ്പഭക്തന്മാർ ഒരു സവിശേഷ വിശ്വാസിസമൂഹമാണോ എന്ന കാര്യമാണ് കോടതി പരിശോധിച്ച മറ്റൊരു കാര്യം. സവിശേഷ വിശ്വാസിസമൂഹമായി പരിഗണിക്കപ്പെടുന്നതിന്റെ അടിസ്ഥാനമായി പരിഗണിക്കുന്ന പ്രത്യേക വിശ്വാസമോ പ്രത്യേക സംഘടനയോ അതിനെ അടിസ്ഥാനാക്കിയുള്ള പേരും പദവിയുമോ ഒന്നും ശബരിമലയിലെ അയ്യപ്പഭക്തർക്കില്ല എന്നാണ് കോടതി കണ്ടെത്തിയത്. ഹിന്ദുമതവിശ്വാസികൾക്കപ്പുറം അയ്യപ്പഭക്തർ പ്രത്യേക വിശ്വാസിസമൂഹമായി അറിയപ്പെടുന്നില്ല.  ഇന്ത്യയിൽ നൂറുകണക്കിന് അയ്യപ്പക്ഷേത്രങ്ങൾ വേറെയുണ്ട്. അവയെല്ലാം പൊതുവായ ഹൈന്ദവ മതവിശ്വാസത്തിന്റെ ഭാഗമായാണ് നിലനിൽക്കുന്നത്. ശബരിമലയുടെ കാര്യവും വ്യത്യസ്തമല്ല. അതുകൊണ്ടുതന്നെ ശബരിമലയിലെ സ്ത്രീപ്രവേശന വിലക്ക് സവിശേഷ വിശ്വാസിസമൂഹത്തിന്റെ ആചാരപാരമ്പര്യമായി പരിഗണിക്കാനാകില്ല. അത്തരം വിശ്വാസിസമൂഹങ്ങൾക്ക് ഭരണഘടന നൽകുന്ന പ്രത്യേക പരിഗണനയും അവകാശങ്ങളും ഇവിടെ സംഗതമല്ല. സ്ത്രീപ്രവേശന വിലക്ക് ശബരിമലയുടെ അനിവാര്യമായ ആചാരങ്ങളിലൊന്നല്ല എന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ പലപ്പോഴായി സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചിരുന്ന കാര്യം, 1991 ലെ കേരള ഹൈക്കോടതി വിധിയെ ആശ്രയിച്ചുകൊണ്ടുതന്നെ സുപ്രീംകോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഇതോടൊപ്പം, മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും ഭരണഘടനാപരവും നിയമപരവുമായ പരിശോധനയ്ക്ക് പുറത്താണ് എന്ന വാദം സുപ്രീംകോടതി നിരസിക്കുകയും ചെയ്തിട്ടുണ്ട്. 1951 ലെ നരസു അപ്പമാലി കേസിൽ ബോംബെ ഹൈക്കോടതി നടത്തിയ വിധിപ്രസ്താവത്തെ മറികടന്നുകൊണ്ട്, ഭരണഘടനാപരമായ മൗലികാവകാശങ്ങൾക്കും നിയമവ്യവസ്ഥയ്ക്കും എതിരായ ആചാര‐വിശ്വാസങ്ങളെ നിയമപരമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കാം എന്ന് കോടതി പ്രസ്താവിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1965ലെ പ്രവേശനചട്ടത്തിന്റെ 3(ബി) വകുപ്പ് കോടതി റദ്ദാക്കിയത്. ഒപ്പംതന്നെ അതേ ചട്ടത്തിന്റെ 3, 4 വകുപ്പുകൾക്ക് 3(ബി) എതിരാണ് എന്നും കോടതി ചൂണ്ടിക്കാണിച്ചു. എല്ലാ ഹിന്ദുമതവിശ്വാസികൾക്കും പ്രവേശനം അനുവദിക്കുന്ന മൂന്നാം വകുപ്പിനും  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അതിൽ വിവേചനം പാടില്ല എന്ന നാലാം വകുപ്പിനും എതിരാണ് ആർത്തവത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിരോധിക്കുന്ന 3(ബി) വകുപ്പ്. ആ നിലയിൽ പരസ്പര വിരുദ്ധമായ ഉള്ളടക്കമാണ് പ്രവേശനവിലക്കിന് ആധാരമായ ചട്ടങ്ങൾക്ക് ഉള്ളതെന്നും ആ വകുപ്പ് റദ്ദാക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടി. 

മൗലികാവകാശങ്ങൾ ഭരണഘടനയുടെ അടിസ്ഥാനതത്വം

ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് സവിശേഷാധികാരങ്ങൾ ഉണ്ടെന്ന വാദവും കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്നു. പക്ഷേ, അത്തരം അധികാരാവകാശങ്ങൾ വ്യക്തികൾക്ക് ഭരണഘടന വാഗ്ദാനംചെയ്യുന്ന മൗലികാവകാശത്തേക്കാൾ വലുതല്ല എന്നാണ് കോടതി വിലയിരുത്തിയത്. വ്യക്തികളുടെ മൗലികാവകാശങ്ങൾ പ്രതിഷ്ഠയുടെ അവകാശാധികാരങ്ങളേക്കാൾ ഉയർന്നതും ഭരണഘടനയുടെ അടിസ്ഥാനതത്വവുമാണ്. അവയെ ബലികഴിച്ചുകൊണ്ട് പ്രതിഷ്ഠകളുടെ അവകാശാധികാരങ്ങൾ ഉയർത്തിപ്പിടിക്കാനാകില്ല. ഈ നിലയിൽ  നിയമപരവും ഭരണഘടനാപരവുമായ വിപുലമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ശബരിമല കേസിൽ വിധിപറഞ്ഞത്. ഭരണഘടനയെ ഒരു നിശ്ചലരേഖയായല്ല, മറിച്ച് പരിവർത്തനോന്മുഖമായ ഭരണഘടനാവാദം എന്ന ധാർമികാടിസ്ഥാനത്തിൽ വേണം പരിഗണിക്കാനെന്ന് തന്റെ പ്രത്യേക വിധിന്യായത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. മാറിവരുന്ന കാലവും അതിന്റെ നീതിബോധവും ഭരണഘടനാ വ്യാഖ്യാനങ്ങളിലും ഉണ്ടാകണമെന്നർഥം.   

ആധുനിക കേരളത്തിന‌് വഴിയൊരുക്കിയവർ

കോടതിവിധിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന മറ്റൊരു വാദം സ്ത്രീപ്രവേശനവിലക്ക് എന്നത് ശബരിമലയിലെ ദീർഘകാലമായുള്ള ആചാരമാണ്; അത് ലംഘിക്കാനാകില്ല എന്നതാണ്. രണ്ട് നിലയിൽ ഈ പ്രശ്നം പരിശോധിക്കേണ്ടതുണ്ട്. ഒന്നാമത്തേത് മതത്തെയും ക്ഷേത്രത്തെയുമെല്ലാം ആചാരകേന്ദ്രങ്ങളായാണോ, അതോ മതം വാഗ്ദാനംചെയ്യുന്ന ധാർമികതയുടെ കേന്ദ്രങ്ങളായാണോ കാണേണ്ടത് എന്ന ചോദ്യമാണ്. സ്ത്രീപ്രവേശന വിലക്ക് ശബരിമലയിലെ അനിവാര്യമായ ഒരാചാരമായി നിലനിന്നിരുന്നുവോ എന്നതും അവിടെയുണ്ടായിരുന്ന എല്ലാ ആചാരങ്ങളും മാറ്റമില്ലാതെ പാലിക്കപ്പെടുന്നുവോ എന്നതുമാണ് രണ്ടാമത്തെ പ്രശ്നം. ആദ്യത്തെ പ്രമേയത്തിലേക്കുവന്നാൽ ആചാരങ്ങളെയും ആചാരബന്ധിതമായ മതങ്ങളെയും അടിമുടി വെല്ലുവിളിച്ചും തിരുത്തിയുമാണ് നവോത്ഥാനവും അതുവഴി ആധുനിക കേരളവും നിലവിൽവന്നത‌്. ആചാരമതത്തിൽനിന്ന‌് ധാർമികമായ മതസങ്കൽപ്പത്തിലേക്കും ദൈവഭാവനയിലേക്കുമുള്ള പരിവർത്തനം കൂടിയായിരുന്നു നമ്മുടെ നവോത്ഥാനം. അയ്യാ വൈകുണ്ഠനും നാരായണഗുരുവും അയ്യൻകാളിയും ചട്ടമ്പിസ്വാമിയും ആഗമാനന്ദ സ്വാമികളും പൊയ്കയിൽ അപ്പച്ചനും എല്ലാം മൃതപ്രായമായ എത്രയോ ആചാരങ്ങളെ വെല്ലുവിളിച്ചിട്ടാണ് പുതിയ കേരളത്തിന് വഴിയൊരുക്കിയത്. തന്ത്രാധികാരംകൊണ്ട് ദൈവത്തെ കൈപ്പിടിയിലാക്കിയ ബ്രാഹ്മണ്യത്തിന്റെ ആചാരവ്യവസ്ഥയ്ക്കെതിരായ കലാപമായിരുന്നു നമ്മുടെ നവോത്ഥാനം. ദേശീയപ്രസ്ഥാനവും ഇടതുപക്ഷപ്രസ്ഥാനവും കർഷകപ്രസ്ഥാനങ്ങളുമെല്ലാം അത് പലരൂപത്തിൽ ഏറ്റെടുത്താണ് വിവേകാനന്ദൻ 'ഭ്രാന്താലയം' എന്ന് വിളിച്ച കേരളത്തെ 'കേരളമാതൃക' എന്ന പിൽക്കാലപദവിയിലേക്ക് എത്തിച്ചത്. ആ മഹാപാരമ്പര്യത്തെയാണ് തെറിവിളികളുമായി വർഗീയ ഫാസിസ്റ്റുകൾ തെരുവിൽ നിരന്നുനിന്ന് വെല്ലുവിളിക്കുന്നത്. തിരുത്തപ്പെടാത്ത ഒരാചാരവും ഒരു മതത്തിലുമില്ല എന്നതാണ് ചരിത്രയാഥാർഥ്യം.

ഇനിയുള്ളത് ശബരിമലയിലെ സ്ത്രീപ്രവേശന വിലക്ക് അനിവാര്യമായ ഒരാചാരമായി എന്നും അവിടെയുണ്ടായിരുന്നോ എന്ന ചോദ്യമാണ്. വാസ്തവത്തിൽ എഴുപതിൽ താഴെ വർഷത്തിന്റെ ചരിത്രമേ ഈ വിലക്കിനുള്ളൂ. 1951 ലെ പുതുക്കിപ്പണിയലിനുശേഷമാണ് ഇങ്ങനെയൊരുത്തരവ് ഔപചാരികമായി പുറപ്പെടുവിക്കുന്നത്. അതിനു മുമ്പ‌് തിരുവിതാംകൂർ കൊട്ടാരത്തിലെ റാണിമാർ ഉൾപ്പെടെ എത്രയോ പേർ അവിടെ കയറിയിട്ടുണ്ട്. 1951 ൽ സ്ത്രീപ്രവേശന വിലക്ക് വന്നെങ്കിലും പിന്നീട് നാൽപ്പത‌് കൊല്ലത്തോളം അത് കാര്യമായൊന്നും പാലിക്കപ്പെട്ടില്ല. സിനിമാ ചിത്രീകരണവും ദേവസ്വം കമീഷണറുടെ മകളുടെ ചോറൂണും ഉൾപ്പെടെ എത്രയോ സന്ദർഭങ്ങളിൽ ഇക്കാലത്ത് യുവതികൾ നിർബാധം ശബരിമലയിലെത്തി. ഇതേച്ചൊല്ലി ഹൈക്കോടതിയിൽ ഒരു കേസ് വരികയും 1991 ഏപ്രിൽ 5 ന് ഹൈക്കോടതി യുവതീപ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തതിനുശേഷം മാത്രമാണ് ഈ നിരോധനം കർശനമായി പാലിക്കപ്പെടാൻ തുടങ്ങിയത്.

ആചാരലംഘനങ്ങൾ

ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട് മറ്റൊരു ബന്ധം കൂടി ഇവിടെ ഉയരുന്നുണ്ട്. അത് ശബരിമലയിലെ എല്ലാ ആചാരങ്ങളും ഇപ്പോൾ പാലിക്കപ്പെടുന്നുണ്ടോ എന്നതാണ്. മകരവിളക്കു കൊളുത്താനും തേനഭിഷേകം നടത്താനും മലയരന്മാർക്കുണ്ടായിരുന്ന അവകാശം, വെടിവഴിപാടിന്റെ നടത്തിപ്പിന് ഈഴവ കുടുംബത്തിനുണ്ടായിരുന്ന അവകാശം ഇതൊക്കെ കാലാന്തരത്തിൽ സവർണവിഭാഗങ്ങൾ കൈയേറുകയാണ് ചെയ്തത്. അത്തരം ആചാരലംഘനങ്ങൾ ആർക്കും പ്രശ്നമായി തോന്നിയതേയില്ല. സവർണാധികാരത്തിന്റെയും ജാതിപ്രാമാണ്യത്തിന്റെയും കുത്തക തകരുമ്പോഴാണ് ചിലർക്ക് ആചാരം പ്രധാനമായിത്തീരുന്നത്. ശബരിമലയെച്ചൊല്ലി അരങ്ങേറുന്നത് സവർണമേധാവിത്വവും ഹൈന്ദവവർഗീയതയും കൈകോർത്തുകൊണ്ടുള്ള കലാപശ്രമമാണ് എന്ന് പറയേണ്ടിവരുന്നതും അതുകൊണ്ടാണ്.

ക്ഷേത്രചരിത്രം

ശബരിമല ക്ഷേത്രത്തിന്റെ ചരിത്രം വെളിപ്പെടുത്തുന്ന സുപ്രധാന വസ്തുതകളിലൊന്ന് അത് ഒരൊറ്റ പാരമ്പര്യമെന്ന നിലയിൽ, മാറ്റമില്ലാതെ നിലനിൽക്കുന്ന ഒന്നല്ല എന്നതാണ്. 'ശാസ്താവ്' എന്ന പദം ബുദ്ധന്റെ പര്യായങ്ങളിലൊന്നായി അമരകോശം മുതൽക്കേയുണ്ട്.  ഇതടക്കം ധാരാളം സൂചനകൾ ‐ ധർമം, ശരണംവിളി, വ്രതനിഷ്ഠ, വിഗ്രഹലക്ഷണം, 18 പടികൾ, എന്നിങ്ങനെ ‐ ശബരിമലയുടെ ബൗദ്ധബന്ധം സൂചിപ്പിക്കുന്നതായുണ്ട്. ശബരിമലയിലെ ധർമശാസ്താവ് സാമന്തഭദ്രബോധിസത്വൻ ആണെന്ന് കേരളത്തിലെ വലിയ നരവംശപണ്ഡിതനായിരുന്ന എ അയ്യപ്പനും  അവലോകിതേശ്വരബോധിസത്വൻ ആണെന്ന് കേസരി ബാലകൃഷ്ണപിള്ളയും വിശദീകരിച്ചിട്ടുണ്ട്. അതുപോലെ തദ്ദേശീയ കാനനദൈവമായ അയ്യപ്പൻ, ശൈവ‐വൈഷ്ണവ പാരമ്പര്യത്തിന്റെ സംയോജിതസ്ഥാനമായ ഹരിഹരപുത്രൻ, തമിഴകത്തുനിന്ന‌് എത്തിയ അയ്യൻ, അയ്യനാർ തുടങ്ങിയ ദൈവസങ്കല്പങ്ങൾ, വാവരുടെ സാന്നിധ്യം തുടങ്ങിയ എത്രയോ ഘടകങ്ങൾ ശബരിമലയുടെ ബഹുത്വപൂർണവും ജാതിമതരഹിതവുമായ പാരമ്പര്യത്തിന്റെ സൂചനകളാണ്. ഈ വൈവിധ്യങ്ങളെയെല്ലാം മുൻനിർത്തിനോക്കിയാൽ ശബരിമലയെ സംബന്ധിച്ച് ഉറപ്പിച്ചുപറയാവുന്ന ഒരു കാര്യം അത് പരമ്പരാഗതമായ ബ്രാഹ്മണക്ഷേത്രങ്ങളിൽ ഒന്നല്ല എന്നതാണ്. ഇവയ്ക്കെല്ലാം മുകളിലാണ് പിന്നീട് സവർണ ആചാരങ്ങളും സവർണ പാരമ്പര്യവും മേൽക്കൈ നേടി ഉയർന്നുവന്നത്. അത് കൂടുതൽ ദൃഢമാക്കാനും ശബരിമലയുടെ വൈവിധ്യപൂർണമായ പാരമ്പര്യത്തെ തകർക്കാനുമുള്ള വർഗീയവാദികളുടെ ആസൂത്രിത ശ്രമമാണ് ഇപ്പോൾ അരങ്ങേറുന്നത്. ഇടതുപക്ഷത്തിനെതിരായ രാഷ്ട്രീയസമരമാക്കി ഇതിനെ മാറ്റുകയാണ് അവരുടെ അന്തിമലക്ഷ്യം. അതിനപ്പുറം ശബരിമലയുമായി അതിന് ബന്ധമൊന്നുമില്ല.

ഇടതുപക്ഷപ്രസ്ഥാനങ്ങളോ സർക്കാരോ ഇതിനായി പരാതി നൽകുകയോ നിയമനിർമാണം നടത്തുകയോ ചെയ്തിട്ടില്ല. സ്ത്രീ‐പുരുഷ സമത്വം എന്ന അടിസ്ഥാന നിലപാട് ഉയർത്തിപ്പിടിക്കുകയാണ് ഇടതുപക്ഷം ചെയ്തത്. ഇതിന്റെ മറുപുറത്ത് സമത്വത്തിന്റെയും സാഹോദര്യഭാവനയുടെയും അടിസ്ഥാനമൂല്യങ്ങളെ ഉച്ചാടനം ചെയ്യാനും അതുവഴി കേരളത്തെ വർഗീയതയുടെ പടനിലമാക്കി മാറ്റാനുമുള്ള ശ്രമമാണ് ഹൈന്ദവ വർഗീയവാദികൾ  ചെയ്തുകൊണ്ടിരിക്കുന്നത്. ശബരിമലപ്രശ്നത്തിന്റെ മറപറ്റിനിന്ന് നവോത്ഥാനപാരമ്പര്യത്തെ പിഴുതുമാറ്റി വർഗീയതയുടെയും ജാതിമേധാവിത്വത്തിന്റെയും ലോകം മടക്കിക്കൊണ്ടുവരാനാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ശബരിമലയെ മുൻനിർത്തി ഇപ്പോൾ ഉയരുന്നത്, പുറമേ അവർ പറയുന്നതുപോലെ, ആചാരസംരക്ഷണത്തിന്റെ പ്രശ്നം മാത്രമല്ല. മറിച്ച് കേരളത്തെ വർഗീയമായി വെട്ടിപ്പിളർക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ്. അതിനെ ചെറുത്തുതോൽപ്പിക്കാൻ കേരളീയർ ഒരുമിച്ച് അണിനിരക്കേണ്ടതുണ്ട്.

സുനിൽ പി ഇളയിടം

No comments:

Post a Comment