ജാതി–മത വ്യത്യാസമില്ലാതെ, പട്ടികജാതി വിഭാഗക്കാർക്കുൾപ്പെടെ സ്കൂളിൽ പ്രവേശനം നൽകണമെന്ന ഉത്തരവിറങ്ങിയപ്പോൾ പൂത്രകോവിലെ എലിമെൻഡറി സ്കൂൾ പ്രവർത്തിപ്പിക്കാനാവില്ലെന്ന് പറഞ്ഞ് പൂട്ടിപ്പോവുകയായിരുന്നു പ്രധാനാധ്യാപകൻ രാമസ്വാമി.
വണ്ടൂർ (മലപ്പുറം) > അവർണർക്ക‌് സ‌്കൂൾ പ്രവേശനം നൽകിയതിൽ പ്രതിഷേധിച്ച‌് സ‌്കൂൾ അടച്ചുപൂട്ടിയതും ചരിത്രം. അവർണർക്ക‌് സ‌്കൂൾ പ്രവേശനം നൽകിയ 1950ലെ മലബാർ ഡിസ്ട്രിക്ട‌് ബോർഡ് ഉത്തരവിനെ പ്രമാണിമാർ നേരിട്ടത‌് അങ്ങേയറ്റത്തെ അസഹിഷ‌്ണുതയോടെ. ഉത്തരവ‌് നടപ്പാക്കാതിരിക്കാൻ സ‌്കൂൾ അടച്ചുപൂട്ടിയ പ്രധാനാധ്യാപകന്റെ നടപടിയെ യു സി കുടുംബത്തിന്റെ (ഉപ്പിലാപ്പറ്റ ചെന്നല്ലീരിമന) സഹായത്തോടെ ചെറുത്തുതോൽപ്പിച്ച ചരിത്രമാണ‌് വണ്ടൂർ പൂത്രകോവ് പോരൂർ ഗവ. എൽപി സ്കൂളിന്റേത‌്.
ജാതി–മത വ്യത്യാസമില്ലാതെ, പട്ടികജാതി വിഭാഗക്കാർക്കുൾപ്പെടെ സ്കൂളിൽ പ്രവേശനം നൽകണമെന്ന ഉത്തരവിറങ്ങിയപ്പോൾ പൂത്രകോവിലെ എലിമെൻഡറി സ്കൂൾ പ്രവർത്തിപ്പിക്കാനാവില്ലെന്ന് പറഞ്ഞ് പൂട്ടിപ്പോവുകയായിരുന്നു പ്രധാനാധ്യാപകൻ രാമസ്വാമി. തുടർന്ന‌്, എല്ലാ വിഭാഗം വിദ്യാർഥികളെയും ഉൾക്കൊള്ളിച്ച് സ്കൂൾ തുടങ്ങാൻ അവസരമൊരുക്കണമെന്ന ആവശ്യവുമായി സ‌്കൂളിലെ അധ്യാപകൻ നാരായണൻ പോരൂരിലെ യു സി കുടുംബത്തെ സമീപിക്കുകയായിരുന്നു. യു സി കുടുംബത്തിലെ കാരണവരായിരുന്ന ശങ്കരൻ നമ്പൂതിരിയാണ‌് സ‌്കൂൾ തുറന്നുപ്രവർത്തിക്കാനാവശ്യമായ സൗകര്യമൊരുക്കിയത‌്. മക്കളായ വാസുദേവൻ നമ്പൂതിരിയുടെയും കൃഷ്ണൻ നമ്പൂതിരിയുടെയും മുൻകൈയിൽ പോരൂരിൽ ‘താഴെ സ്കൂൾ’ എന്നറിയപ്പെടുന്ന കെട്ടിടത്തിലേക്ക‌് പൂത്രകോവ് എലിമെൻഡറി സ്കൂൾ മാറ്റി. എല്ലാവർക്കും പഠിക്കാനുള്ള അവസരവുമൊരുക്കി. 1961ൽ ഇൗ സ‌്കൂൾ സർക്കാർ ഏറ്റെടുത്തശേഷമാണ‌് പഴയ സ്ഥലത്തേക്ക‌് മാറിയത‌്.
അവർണരുടെ സ‌്കൂൾ പ്രവേശനത്തിനെതിരെ സമൂഹത്തിലെ ഒരുവിഭാഗം നിലപാട‌് തുടരവേ 1951ൽ യു സി കുടുംബം മറ്റൊരു സ‌്കൂളും തുടങ്ങിയിരുന്നു– ഇന്നത്തെ യുസി എൻഎൻഎംഎ യുപി സ്കൂൾ. എല്ലാ ജാതി–മത വിഭാഗങ്ങളിലുള്ളവർക്കും പ്രവേശനം നൽകി. ആദ്യഘട്ടത്തിൽ ശ്രീനിവാസ് ഇല്ലത്തെ (കിഴക്കേവാരിയം) കിഴക്കിനിയിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം. യു സി വാസുദേവൻ നമ്പൂതിരിയും യു സി നാരായണൻ നമ്പൂതിരിയുമാണ് ഇതിന് നേതൃത്വം നൽകിയത്. ജാതിവിലക്കുകളെ അതിജീവിച്ച ചരിത്രവുമായി രണ്ട‌് വിദ്യാലയങ്ങളും ഇന്നും പൊതുവിദ്യാഭ്യാസ മേഖലയിൽ സജീവം.
No comments:
Post a Comment