Friday, November 2, 2018

അവർണന്റെ മാനത്തിനുവേണ്ടി ചോരചിന്തിയ പാലിയം സമരം

കൊച്ചി > സ്വാതന്ത്ര്യലബ്‌ധിക്കുശേഷവും വഴിനടക്കാനുള്ള  അവകാശത്തിനായി സമരം നടത്തേണ്ടിവന്ന നാടാണ‌് നമ്മുടേത‌്. കൊച്ചിയിൽ പാലിയം സമരത്തിനു തുടക്കംകുറിക്കുമ്പോൾ കോൺഗ്രസും  പ്രജാമണ്ഡലവും സോഷ്യലിസ‌്റ്റ‌് പാർടിയും എസ‌്എൻഡിപിയുമെല്ലാം രംഗത്തുണ്ടായിരുന്നെങ്കിലും ആക്രമണം രൂക്ഷമായപ്പോൾ അവർ പിന്തിരിഞ്ഞു. ഒടുവിൽ കമ്യൂണിസ‌്റ്റ‌് പാർടി ഒറ്റയ‌്ക്കു സമരം നയിച്ചാണ‌് അവർണർക്ക‌് വഴിനടക്കാനുള്ള അവകാശം  പിടിച്ചുവാങ്ങിയത‌്. എ ജി വേലായുധൻ എന്ന തുറമുഖത്തൊഴിലാളിയായ കമ്യൂണിസ‌്റ്റ‌് നേതാവ‌് രക്തസാക്ഷിയുമായി.

ധീര പോരാട്ടം നയിച്ച കമ്യൂണിസ‌്റ്റുകാർക്കൊപ്പം ആര്യാ പള്ളത്തിന്റെ നേതൃത്വത്തിലുള്ള അന്തർജനങ്ങളും കൊടുങ്ങല്ലൂർ കോവിലകത്തെ ഏതാനും തമ്പുരാക്കന്മാരും തമ്പുരാട്ടികളുമുണ്ടായിരുന്നു. സമരത്തെ പിന്തുണച്ച കുറേ പാലിയത്തച്ചന്മാർക്ക‌് യാഥാസ്ഥിതികർ വിളിപ്പേരും നൽകി ‘ചോവൻ അച്ചൻ’ എന്ന‌്.

കൊച്ചി രാജാക്കന്മാരുടെ പാരമ്പര്യ മന്ത്രിമാരായിരുന്നു പറവൂർ ചേന്ദമംഗലത്തെ പാലിയത്തച്ചന്മാർ. കൊച്ചിയിലെ പ്രഭുകുടുംബങ്ങളിൽ ഒന്ന‌്. പാലിയം കുടുംബം, ക്ഷേത്രങ്ങൾ എന്നിവയ‌്ക്കു മുന്നിലുള്ള വഴികളിലൂടെ അഹിന്ദുക്കൾക്ക‌് നടക്കാമായിരുന്നെങ്കിലും അവർണരെ നടക്കാൻ അനുവദിച്ചിരുന്നില്ല. 1946ൽ എറണാകുളത്തു ചേർന്ന അവകാശപ്രഖ്യാപന സമ്മേളനം പാലിയത്ത‌് വഴിനടപ്പ‌് അവകാശമായി ഉന്നയിച്ചു. കർമസമിതി രൂപീകരിച്ച‌് നിരവധി യോഗങ്ങൾ നടത്തി. കർമസമിതി പാലിയത്തച്ചനെക്കണ്ട‌് സംസാരിച്ചുവെങ്കിലും ഫലമുണ്ടായില്ല.

1947 ഡിസംബർ നാലിന‌് കോൺഗ്രസ‌് നേതാവ‌് സി കേശവനാണ‌്  പാലിയംസമരം ഉദ‌്ഘാടനംചെയ‌്തത‌്. എന്നാൽ, പാലിയം സ്വകാര്യ റോഡാണ‌് എന്നുകാണിച്ച‌് പാലിയത്തുകാർ കോടതിയിൽനിന്ന‌് നിരോധന ഉത്തരവു വാങ്ങി. ഉത്തരവ‌് ലംഘിച്ച‌് പ്രകടനം നടത്തിയവരെ അറസ‌്റ്റ‌്ചെയ‌്തു. ചെത്തുകാർ നടത്തിയ ജാഥയെ സവർണർ ആക്രമിച്ചു. നിരവധി പേർക്കു പരിക്കേറ്റു. തുടർന്ന‌് കൊച്ചി പ്രജാമണ്ഡലം, കമ്യൂണിസ‌്റ്റ‌് പാർടി, എസ‌്എൻഡിപി, പുലയമഹാസഭ എന്നിവചേർന്ന‌് പാലിയം സമരസമിതി രൂപീകരിച്ചു. സമരസമിതിയുടെ നേതൃത്വത്തിൽ ജാഥ നടത്തിയപ്പോൾ ജാഥാംഗം വടക്കുംപുറത്ത‌് രാഘവനെ ഗുണ്ടകൾ കുത്തിപ്പരിക്കേൽപ്പിച്ചു.

ഗുണ്ടകൾക്കൊപ്പം ഭരണാധികാരികളും ചേർന്ന‌് സമരക്കാരെ ആക്രമിച്ചു.  ആണ്ടവൻ വൈദ്യൻ എന്ന സമരസേനാനി ജയിലിൽ മർദനത്തിൽ മരിച്ചു. മർദനം രൂക്ഷമായപ്പോൾ മറ്റ‌് സംഘടനകൾ പിൻവാങ്ങി. സമരത്തിനു പിന്തുണയില്ലെന്ന‌് എസ‌്എൻഡിപിയും സി കേശവനും നിലപാടെടുത്തു. ഒടുവിൽ കമ്യൂണിസ‌്റ്റുകാർമാത്രം അടിപതറാതെനിന്നു. പി ഗംഗാധരനായിരുന്നു നേതാവ‌്. സമരം എ കെ ജി ഉദ‌്ഘാടനംചെയ‌്തു.

1948 മാർച്ച‌് 12ന‌് ക്ഷേത്രത്തിൽ അവർണരോടൊപ്പം കടക്കുമെന്ന‌് എ കെ ജി പ്രഖ്യാപിച്ചു. എന്നാൽ, മാർച്ച‌് ആറിന‌് കോഴിക്കോട്ടുവച്ച‌് എ കെ ജിയെ അറസ‌്റ്റുചെയ‌്തു. സമരസ്ഥലത്ത‌് എ കെ ജി പ്രവേശിക്കുന്നത‌് സർക്കാർ നിരോധിച്ചു. തുടർന്ന‌് സമരസ്ഥലത്തിനടുത്ത‌് ആണ്ടിപ്പിള്ളിക്കടവിൽ ക്യാമ്പ‌്ചെയ‌്ത‌് സമരത്തിനു നേതൃത്വം നൽകി. മാർച്ച‌് ഒമ്പതിന‌് തൃപ്പൂണിത്തുറ, ഇടക്കൊച്ചി, എറണാകുളം, എളങ്കുന്നപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന‌് പാലിയം ലക്ഷ്യമാക്കി ജാഥ ആരംഭിച്ചു. വഴിയിൽ പലേടത്തും ജാഥയ‌്ക്കുനേരെ ആക്രമണമുണ്ടായി. എന്നാൽ, ജാഥ മുന്നോട്ടുതന്നെ നീങ്ങി. ഒടുവിൽ പാലിയം എസ‌്റ്റേറ്റ‌് ഓഫീസിനുമുന്നിൽ പൊലീസും ഗുണ്ടകളും ചേർന്ന‌് സമരക്കാരെ നേരിട്ടു. നരനായാട്ടുതന്നെ നടന്നു. സമരക്കാർക്കുനേരെ ആനയെ അഴിച്ചുവിട്ടു. ക്രൂരമർദനത്തിൽ കമ്യൂണിസ‌്റ്റ‌് നേതാവ‌് എ ജി വേലായുധൻ കൊല്ലപ്പെട്ടതോടെ സമരം താൽക്കാലികമായി നിർത്തിയെങ്കിലും അതേവർഷംതന്നെ കൊച്ചിയിൽ അവർണർക്കും ക്ഷേത്രപ്രവേശനം അനുവദിച്ച‌് അധികാരികൾക്ക‌് ഉത്തരവിറക്കേണ്ടിവന്നു.

No comments:

Post a Comment