Sunday, November 4, 2018

ടി കെ മാധവനിൽനിന്ന‌് ചെന്നിത്തലയിലേക്കെത്തുമ്പോൾ

തിരുവനന്തപുരം >  ശബരിമല ക്ഷേത്രത്തിൽ സ‌്ത്രീകൾക്ക‌് പ്രവേശനം നൽകണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സമരംചെയ്യുന്ന കോൺഗ്രസ‌്  നേതൃത്വം തിരിച്ചുപോകുന്നത‌് ഒരു നൂറ്റാണ്ട‌് പിറകിലേക്ക‌്. ക്ഷേത്രപ്രവേശനത്തിനുവേണ്ടിയും അയിത്തത്തിനെതിരെയും സമരംചെയ‌്ത പാർടിയായിരുന്നു ഒരുനൂറ്റാണ്ടുമുമ്പ‌് കോൺഗ്രസ‌്. അതേകോൺഗ്രസ‌് ഇപ്പോൾ ഒരുനൂറ്റാണ്ട‌് പിറകിലേക്ക‌് കേരളത്തെ വലിച്ചിഴയ‌്ക്കുന്നു. വോട്ട‌് രാഷ്ട്രീയത്തിന്റെ ഭാഗമായി വിശ്വാസികൾക്കിടയിൽ ചേരിതിരിവുണ്ടാക്കി തമ്മിലടിപ്പിക്കുമ്പോൾ സംസ്ഥാനത്തെ കോൺഗ്രസ‌് വികലമാക്കുന്നത‌് ചരിത്രത്തെയും സംസ‌്കാരത്തെയും.

മറന്നോ വൈക്കം, ഗുരുവായൂർ സത്യഗ്രഹം

1923ൽ ചേർന്ന കോൺഗ്രസ‌്  നേതൃയോഗം എടുത്ത  തീരുമാനത്തെ തുടർന്നുനടന്ന വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങൾ നീതിനിഷേധത്തിനെതിരായ ജ്വലിക്കുന്ന പോരാട്ടങ്ങളുടെ പട്ടികയിൽ  തലയുയർത്തിനിൽക്കുന്നു. എല്ലാവർക്കും ക്ഷേത്രപ്രവേശനത്തിനായും വിവേചനത്തിനെതിരായും സമരംചെയ‌്ത അതേ കോൺഗ്രസിന്റെ ദയനീയമുഖമാണ‌് ഇപ്പോൾ തുറന്നുകാട്ടപ്പെടുന്നതും. തിരുവിതാംകൂറിൽ 1924–25 കാലഘട്ടത്തിൽ  അയിത്തത്തിനെതിരായി നടന്ന പ്രക്ഷോഭമാണ് വൈക്കം സത്യഗ്രഹം. മഹാദേവ ക്ഷേത്രത്തിലേക്കുള്ള പൊതുവഴിയിലൂടെ എല്ലാ ജാതിക്കാർക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്യം ലഭിക്കുന്നതിനായിരുന്നു സമരം.  ശ്രീനാരായണഗുരു, കുമാരനാശാൻ എന്നിവരുടെ പിന്തുണയോടെ കോൺഗ്രസ‌് നേതാക്കളായ ടി കെ മാധവൻ, മന്നത്ത‌് പത‌്മനാഭൻ, കെ പി കേശവമേനോൻ, സി വി കുഞ്ഞിരാമൻ, കെ  കേളപ്പൻ  തുടങ്ങിയവരാണ‌് നേതൃത്വം നൽകിയത‌്. 1925ൽ മഹാത‌്മാഗാന്ധി തന്നെ നേരിട്ട‌് വൈക്കത്തെത്തി. സത്യഗ്രഹ സമരത്തിന്റെ ഭാഗമായി നാഗർകോവിലിൽനിന്നും വൈക്കത്തുനിന്നും ഓരോ ജാഥ പുറപ്പെട്ട‌് തിരുവനന്തപുരത്ത‌് എത്തി. രാജാവിന് നിവേദനം നൽകി. ആയിരക്കണക്കിന‌് സത്യഗ്രഹികൾ ജയിലിലടയ‌്ക്കപ്പെട്ടു. എന്നിട്ടും പിന്മാറിയില്ല.

ഗാന്ധിജിയും അധികാരികളുമായി നടന്ന ചർച്ചയെത്തുടർന്ന‌് 1925 ജൂണിൽ വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള നാല് റോഡുകളിൽ മൂന്നെണ്ണത്തിൽ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചു.  ഭാഗികമായി മാത്രമേ ലക്ഷ്യം നേടിയുള്ളൂവെങ്കിലും  ഈ സമരമാണ‌് പിന്നീട‌് വിവേചനങ്ങൾക്കെതിരായ സമരങ്ങളുടെ  ഉൗർജം. ഇതിന്റെ തുടർച്ചയായി അമ്പലപ്പുഴ, തിരുവാർപ്പ‌്, ശുചീന്ദ്രം ക്ഷേത്ര നിരത്തുകളിൽ അവർണർക്ക‌് സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചു. 1928 ജൂണോടെ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളിലും അവർണർക്ക‌്  സഞ്ചാര സ്വാതന്ത്യം അനുവദിച്ചു.1931ന‌് ചേർന്ന കെപിസിസി യോഗത്തിലാണ‌് ഗുരുവായൂർ ക്ഷേത്രപ്രവേശനത്തിന‌ായി പ്രക്ഷേ‌ാഭം സംഘടിപ്പിക്കാൻ തീരുമാനിച്ചത‌്. കെ കേളപ്പന്റെയും എ കെ ജിയുടെയും കൃഷ‌്ണപിള്ളയുടെയും നേതൃത്വത്തിൽ നടന്നത‌് ഐതിഹാസിക പ്ര‌‌‌‌ക്ഷേ‌ാഭം. 1932 സെപ‌്തംബർ 21 മുതൽ ഒക്ടോബർ രണ്ടുവരെ കെ കേളപ്പൻ നിരാഹാരം അനുഷ‌്ഠിച്ചു.   ഇത്തരം  പ്രക്ഷേ‌ാഭങ്ങളെയും കേരളം  ആർജിച്ച നേട്ടങ്ങളെയുമാണ‌് മുല്ലപ്പള്ളിയും ചെന്നിത്തലയും സുധാകരനുമെല്ലാമടങ്ങുന്ന അഭിനവ ഗാന്ധിയൻമാർ തകർത്തെറിയുന്നത‌്.

എം രഘുനാഥ‌്

ശബരിമല: വിധി ശരിയെന്ന‌് എഐസിസി

ന്യൂഡൽഹി > ശബരിമലയിൽ എല്ലാ സ‌്ത്രീകൾക്കും പ്രവേശനം അനുവദിച്ച  സുപ്രീംകോടതി വിധി ശരിയെന്ന നിലപാടാണ‌് എഐസിസിയ‌്ക്കുള്ളതെന്ന‌് എഐസിസി വക്താവ‌് മനീഷ‌് തിവാരി. വിശ്വാസികളായ സ‌്ത്രീകളെ തടയാൻ പമ്പയിലേക്ക‌് പോകുമെന്ന കെപിസിസി വർക്കിങ‌് പ്രസിഡന്റ‌് കെ സുധാകരന്റെ പ്രഖ്യാപനത്തെപ്പറ്റി അറിയില്ലെന്ന‌് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

വിഷയത്തിൽ ആർഎസ‌്എസ‌് ഉൾപ്പെടെയുള്ള തീവ്രഹൈന്ദവ സംഘടനകൾ നടത്തുന്ന കലാപശ്രമങ്ങളെ കോൺഗ്രസ‌് സംസ്ഥാന ഘടകം പിന്തുണയ‌്ക്കുന്നതായി അറിയില്ല. സ‌്ത്രീകളെ തടയാൻ മുതിർന്ന നേതാക്കൾ പമ്പയിൽ പോകുന്നതിനെ കുറിച്ചും അറിവില്ല. സംസ്ഥാന ഘടകത്തോട‌് ഇക്കാര്യത്തിൽ വിശദാംശങ്ങൾ തേടും. ശബരിമല വിഷയത്തിൽ സുപ്രീംകോടതിയുടേത‌് ശരിയായ വിധിയെന്ന നിലപാട‌് തന്നെയാണ‌് കോൺഗ്രസിനുള്ളത‌്– മനീഷ‌് തിവാരി പറഞ്ഞു.

No comments:

Post a Comment