Friday, November 2, 2018

ശബരിമലയില്‍ ആചാരങ്ങള്‍ നിരവധി മാറി

പത്തനംതിട്ട > ശബരിമല അയ്യപ്പ ദര്‍ശനം അണുവിട വ്യതിചലിക്കാത്ത ആചാരങ്ങളില്‍ അധിഷ്ഠിതമെന്ന് സംഘപരിവാറുകള്‍ രാഷ്ട്രീയമുതലെടുപ്പിനായി വാദിക്കുമ്പോള്‍ ശബരിമലയിലെ ആദ്യകാല ആചാരങ്ങളില്‍ പലതും പൊളിച്ചെഴുതിയ കാര്യം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.

ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ വേണം പതിനെട്ടാം പടി കയറാനെന്നാണ് ആചാരം. കാലം മാറിയതോടെ സൗകര്യാര്‍ഥം മാലയിടുകയും മലചവിട്ടുകയുമെന്നതായി മാറി. വിദേശങ്ങളില്‍ നിന്ന് നാട്ടിലെത്തിയാല്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ എത്തി മാലയിട്ട് അടുത്ത ദിവസം തന്നെ ശബരിമലയിലെത്തുകയാണ് ഇപ്പോള്‍. വ്രതത്തിന്റെ ഭാഗമായി ദീക്ഷ വളര്‍ത്തുന്നതു പോലും ബുദ്ധിമുട്ടായി. പലരും ക്ലീന്‍ഷേവ് ചെയ്‌താണ് മലകയറ്റം.

അയ്യപ്പ ദര്‍ശനത്തിന് പോകുമ്പോള്‍ ഇരുമുടിക്കെട്ട് ഒരുക്കുന്നതും മുന്‍കാലങ്ങളില്‍ പ്രത്യേക രീതിയിലായിരുന്നു. പ്രത്യേകിച്ച് വീടുകളിലോ ക്ഷേത്രങ്ങളിലോ ആയിരുന്നു ഇരുമുടിക്കെട്ട് തയ്യാറാക്കിയിരുന്നത്. അരി, അവല്‍, മലര്‍, കര്‍പ്പൂരം, ഭസ്മം, നെയ്‌ത്തേങ്ങ ഉള്‍പ്പെടെ മൂന്ന് തേങ്ങ എന്നിവ ഇരുമുടിക്കെട്ടില്‍ ഉണ്ടാകും. ഇന്ന് പമ്പയിലെത്തിയാല്‍ ദേവസ്വംബോര്‍ഡ് തയ്യാറാക്കിയ റെഡിമെയ്ഡ് ഇരുമുടിക്കെട്ട് കിട്ടും. പണം അടച്ചാല്‍ എത്രവേണമെങ്കിലും വാങ്ങാന്‍ കഴിയുമെന്ന പ്രത്യേകതയും ഉണ്ട്.

കറുപ്പ് ആയിരുന്നു ശബരിമല തീര്‍ഥാടകന്റെ വേഷം. അടിയാളന്റെയും അധഃകൃതന്റെയും നിറം എന്ന നിലയിലാണ് കറുപ്പ് ഉപയോഗിച്ചു വന്നത്.  ചിലര്‍ നീലയും ധരിച്ചുപോന്നു. എന്നാല്‍, സംഘപരിവാറുകള്‍ അത് കാവിവല്‍ക്കരിച്ചു. ആദ്യമായി പോകുന്നവര്‍ നിലയ്ക്കല്‍ ക്ഷേത്രത്തിലെത്തി നാളികേരം ഉടയ്ക്കണമെന്നത് ഒരാചാരമാണ്. ശാസ്താവിന്റെ അച്ഛന്‍ അവിടെ സ്ഥിതിചെയ്യുന്നുവെന്നാണ് വിശ്വാസം. പമ്പാ ഗണപതി ക്ഷേത്രത്തിലും നാളികേരം ഉടയ്ക്കും. തുടര്‍ന്ന് ശരംകുത്തിയിലെത്തി ശരം എറിയും. പുരാതന കാലത്ത് നഗ്‌നപാദരായി വീട്ടില്‍നിന്നിറങ്ങി എരുമേലി പേട്ട തുള്ളി 60 കിലോമീറ്റര്‍ നടന്ന് ശരംകുത്തിയില്‍ എത്തി ശരം എറിഞ്ഞ് അയ്യപ്പദര്‍ശനം നടത്തുകയായിരുന്നു.

പണ്ട് പതിനെട്ടാം പടിയില്‍ നാളികേരം ഉടയ്ക്കുകയായിരുന്നു പതിവ്്. എന്നാല്‍, പതിനെട്ടാം പടി സ്വര്‍ണം പൂശിയതോടെ തീര്‍ഥാടകന്റെ ആ അവകാശം നിലച്ചു. പതിനെട്ടാംപടിക്ക് സമീപം ഭസ്മക്കുളത്തില്‍ മുങ്ങി കുളിച്ചിരുന്ന ആചാരവും നഷ്ടമായി. ദേവപ്രശ്‌നത്തില്‍ ഭസ്മക്കുളം മാറ്റണമെന്ന് പറഞ്ഞ് മാറ്റുകയായിരുന്നു. വീണ്ടും സ്ഥാനം മാറ്റണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്.

നെയ്യഭിഷേകം നടത്തി ഭഗവാനെ ദര്‍ശിച്ച് മാളികപ്പുറം ദര്‍ശനവും കഴിഞ്ഞ് നവഗ്രഹങ്ങളെയും നഗപ്രതിഷ്ഠയേയും തൊഴുത് മലയിറങ്ങുകയാണ് പതിവ്. പതിനെട്ടാം പടിക്ക് താഴെ നടന്നിരുന്ന ശയന പ്രദക്ഷിണം ഇന്ന് ഇല്ലാതായിട്ടുണ്ട്. തിരക്ക് കാരണം ശയനപ്രദക്ഷിണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.

ശബരിമലയെ ഏറെ ശ്രദ്ധേയമാക്കിയത് പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്കാണ്. ഇത് തനിയെ തെളിയുന്നു എന്ന ധാരണയായിരുന്നു ലോകം മുഴുവന്‍. എന്നാല്‍, അങ്ങനെയല്ലെന്നും ആദിവാസികള്‍ കത്തിക്കുന്നതാണെന്നും പിന്നീട് വ്യക്തമായി. ഇത് പരക്കെ അറിയാമായിരുന്നിട്ടും ഇന്നും മകരവിളക്ക് നാളിലെ ദീപാരാധന സമയത്ത് പൊന്നമ്പലമേട്ടില്‍ വേണ്ടപ്പെട്ടവര്‍ ഇത് കൃത്യമായി  കത്തിക്കുന്നുണ്ട്.

മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസി മൂപ്പനൂം ഇളമുറക്കാരനും ചേര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ തേനഭിഷേകം നടത്തി വന്നിരുന്ന പുരാതന ആചാരം ആ വിഭാഗത്തെ ശബരിമലയില്‍നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായി അവസാനിപ്പിച്ചു. ഇന്ന് ഈ വിഭാഗത്തിലെ സ്ത്രീകളെയാണ് ശബരിമലയിലെത്തുന്ന യുവതികളെ നേരിടാന്‍ ഇറക്കിയിരിക്കുന്നതെന്നത് വിരോധാഭാസം. അയ്യപ്പന്‍ ആയുധവിദ്യ പഠിച്ച ഈഴവ വിഭാഗക്കാരായ ചിരപ്പന്‍ചിറ കുടുംബത്തിന് ശബരിമലയില്‍ അവകാശപ്പെട്ടിരുന്ന വെടിവഴിപാടും ഉപേക്ഷിച്ചു.

ബ്രിട്ടീഷ് ഭരണകാലത്ത് ക്ഷേത്രങ്ങളുടെ ചുമതല കേണല്‍ മണ്‍റോയ്ക്കായിരുന്നു.  കേരളത്തിലെ ക്ഷേത്രങ്ങള്‍ നാമവശേഷമാകാന്‍ തുടങ്ങിയപ്പോള്‍ ഒരു വിളംബരം വഴി രാജാവിന് കൈമാറി. ജനാധിപത്യ ഭരണത്തില്‍ 1949 ല്‍ ആണ് ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നത്. ആദ്യകാലത്ത്  മണ്ഡല- മകരവിളക്കിന് മാത്രമേ നട തുറന്നിരുന്നുള്ളു. പിന്നീടാണ് എല്ലാ മലയാള മാസവും ആദ്യത്തെ അഞ്ചു ദിവസവും ഓണത്തിനും നട തുറക്കാന്‍ തീരുമാനിച്ചത്.

ജി രാമന്‍ നായര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെയാണ് മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലായി ഉത്സവത്തിന് നട തുറക്കാന്‍ തുടങ്ങിയത്. ആചാര അനുഷ്‌ഠാനങ്ങളില്‍ കടുംപിടിത്തം നടത്തുന്ന തന്ത്രിയും കൊട്ടാരവും  ഈ മാറ്റങ്ങള്‍ക്കൊന്നും എതിര് നിന്നില്ലെന്നതും ശ്രദ്ധേയം.

സ്ത്രീവിരുദ്ധതയാണ് ശബരിമലയിലെ പ്രധാന ആചാരമെന്നും അത് മറ്റ് ആചാരങ്ങള്‍ പോലെ കാലക്രമേണ മാറ്റാന്‍ അനുവദിക്കില്ലെന്നതും ഒരു രാഷ്ട്രീയ ആഭാസമായി സംഘപരിവാറുകള്‍ കാണുന്നു.

എബ്രഹാം തടിയൂര്‍

No comments:

Post a Comment