Saturday, November 3, 2018

ശബരിമല സ‌്ത്രീപ്രവേശനത്തിനെതിരെ കോടതിയെ സമീപിച്ചത‌് ബിജെപി നേതാവ‌്

സ‌്ത്രീകൾക്കാകെ പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധി ആർഎസ‌്എസ‌് സ്വാഗതംചെയ്യുന്നതിലെ കാപട്യം വ്യക്തമാക്കുന്നതാണ‌് പഴയ കോടതി ഇടപെടൽ.    എൻജിഒ സംഘ‌് സംസ്ഥാന സെക്രട്ടറി വി രാജേന്ദ്രനാണ‌് സ‌്ത്രീകൾ പ്രവേശിച്ചതിനെതിരെ കോടതിയെ സമീപിച്ചത‌്. കായംകുളം സ്വദേശിയായ രാജേന്ദ്രൻ ഇപ്പോൾ ബിജെപി സംസ്ഥാനസമിതി അംഗമാണ‌്.

1986ൽ റാന്നി കോടതിയിൽനിന്നാണ‌് സ‌്ത്രീപ്രവേശനത്തിനെതിരെ ഉത്തരവ‌് സമ്പാദിച്ചത‌്. സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായി നടി സുധാചന്ദ്രനും മറ്റും 1985ൽ ശബരിമലയിലെത്തിയിരുന്നു. സഹനടിമാർക്കൊപ്പം ശ്രീകോവിലിന‌് മുന്നിലെത്തി തൊഴുതുവെന്ന‌് വിവരം പുറത്തുവന്നതോടെ രാജേന്ദ്രൻ കോടതിയെ സമീപിച്ചു. റാന്നി  ജുഡീഷൽ മജിസ‌്ട്രേട്ട് കോടതിയിൽ പരാതി നൽകി.  പരിപാവനമായ പതിനെട്ടാംപടിയിൽ സ‌്ത്രീകൾ കയറി അശുദ്ധമാക്കി മതവികാരം വ്രണപ്പെടുത്തിയെന്നതായിരുന്നു  പരാതി. തുടർന്ന‌് സുധാചന്ദ്രനടക്കമുള്ളവർക്ക‌്  കോടതി പിഴവിധിച്ചു.

ബിജെപി സംസ്ഥാന സമിതി അംഗമായതിനാൽ പുതിയ വിധിക്കെതിരെ നേരിട്ട‌് അപ്പീലിനില്ലെന്നാണ‌് രാജേന്ദ്രന്റെ ഇപ്പോഴത്തെ നിലപാട‌്. അതേസമയം, മറ്റുള്ളവരുമായി ചേർന്ന‌് അപ്പീൽ നൽകുമെന്നും  വ്യക്തമാക്കി.

ശബരിമല സ‌്ത്രീ പ്രവേശം: സംഘപരിവാർ സമരം ഇരട്ടത്താപ്പ‌്

തിരുവനന്തപുരം> ശബരിമലയിൽ സ‌്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള സംഘപരിവാർ സമരം ഇരട്ടത്താപ്പും സ്വന്തം നിലപാടിൽനിന്നുള്ള ഒളിച്ചോട്ടവും. സംഘപരിവാർ സംഘടനകളുടെ നേതൃത്വം വഹിക്കുന്ന ആർഎസ‌്എസും ബിജെപി കേന്ദ്രനേതൃത്വവും  സ‌്ത്രീപ്രവേശത്തെ ന്യായീകരിക്കുമ്പോഴാണ‌്  ഇവിടെ ബിജെപി സംസ്ഥാന നേതൃത്വവും സംഘപരിവാറും കലാപത്തിന‌് ശ്രമിക്കുന്നത‌്. വർഗീയചേരിതിരിവ‌് സൃഷ്ടിച്ച‌്  മുതലെടുക്കുകയെന്ന തന്ത്രമാണ‌് ഇതിനു പിന്നിൽ. സുപ്രീം കോടതിവിധിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെയാണ‌് സമരം. എന്നാൽ, വിധി നടപ്പാക്കുക എന്നത‌് സംസ്ഥാന സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ‌്.

വിധിയിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകാൻ അവസരമുണ്ട‌്. ഏതെങ്കിലും സംഘപരിവാർ സംഘടന അതിന‌് തയ്യാറാകുന്നില്ല.  കേന്ദ്രം ഭരിക്കുന്നതും ബിജെപിയാണ‌്. കേന്ദ്രസർക്കാരിനും പുനഃപരിശോധനാഹർജി നൽകാം. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട‌് ആത്മാർഥതയുള്ളതാണെങ്കിൽ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുകയാണ‌് വേണ്ടത‌്. കേസ‌് സുപ്രീംകോടതി പരിഗണിച്ചപ്പോഴും കേന്ദ്രം നിലപാട‌് വ്യക്തമാക്കിയിരുന്നില്ല. സ‌്ത്രീപ്രവേശത്തെ എതിർക്കുകയാണെങ്കിൽ അത‌് കോടതിയിൽ അറിയിക്കാൻ അവസരമുണ്ടായിരുന്നു.
ബിജെപി സർക്കാർ അതിന‌ുതയ്യാറായില്ല. ആർഎസ‌്എസിന്റെയും ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും നിലപാട‌് സ‌്ത്രീപ്രവേശത്തിന‌് അനുകൂലമായതിനാലാണ‌് ഇത്തരം സമീപനം കോടതിയിൽ സ്വീകരിച്ചതും. 2016ൽ ചേർന്ന ആർഎസ‌്എസ‌് ദേശീയ ബൈഠകിൽ സ‌്ത്രീപ്രവേശം അനിവാര്യമാണെന്ന‌ നിലപാടാണ‌് സ്വീകരിച്ചത‌്‌.

ആർ‌എസ‌്എസിന്റെയും ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും നിലപാ ട‌് മാറ്റിയില്ലെന്നിരിക്കെ ഇവിടെ സമരം നടത്തുന്നത‌് ഇരട്ടത്താപ്പ‌് മാത്രമാണ‌്. കേരളത്തിലെ അയ്യപ്പഭക്തർക്കിടയിൽ അസ്വസ്ഥതയും വിദ്വേഷവും വിതയ‌്ക്കുകയാണ‌് ഇതിലൂടെ ലക്ഷ്യമിടുന്നത‌്.

ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള ഏകപക്ഷീയമായി പ്രഖ്യാപിച്ച  സമരത്തെ മറ്റുനേതാക്കൾ ഇനിയും അംഗീകരിച്ചിട്ടുമില്ല. ബിജെപി സംസ്ഥാന നേതാക്കൾക്കിടയിൽത്തന്നെയുള്ള ഭിന്നതയാണ‌് ഇത‌് വ്യക്തമാക്കുന്നത‌്.സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ സുരേന്ദ്രൻ പ്രവേശം അനുവദിക്കണമെന്നും നിത്യപൂജ വേണമെന്നും ആവശ്യപ്പെട്ട‌് സംസ്ഥാന നേതൃത്വത്തിന‌് കത്ത‌് നൽകിയിരുന്നു.

ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിലവിലുള്ള ഗ്രൂപ്പുവഴക്കും വടംവലിയും സമരത്തിന‌ു പിന്നിലുണ്ട‌്. നേതൃത്വം പിടിച്ചെടുക്കാനും അണികളെ വലവീശാനുമുള്ള എളുപ്പ‌വഴിയായാണ‌് ഈ സമരത്തെയും ശ്രീധരൻപിള്ള കാണുന്നതെന്നാണ‌് എതിർപക്ഷത്തിന്റെ വാദം.

ശബരിമല: ആക്രമണങ്ങള്‍ക്കായി കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് ക്രിമിനലുകളും; തെളിവുകളും ചിത്രങ്ങളും പുറത്ത്

തലശേരി > ശബരിമലയില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ നിന്നുള്ള ആര്‍എസ്എസ്  ക്രിമിനലുകളും. അയപ്പ ഭക്തരെന്നും സമരക്കാര്‍ എന്നും പറഞ്ഞ് അക്രമണത്തിന് നേതൃത്വം കൊടുത്തവരാണ് ഇവര്‍.

മാഹി, പാനൂര്‍, തലശേരി എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള, കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ പ്രതികളായ ആര്‍എസ്എസുകാരാണ് അയ്യപ്പ വേഷത്തില്‍ എത്തി ഭക്തരെ അക്രമിക്കുകയും ശബരിമലയിലും സമീപ പ്രദേശങ്ങളിലും കലാപം ശ്രമം നടത്തുകയും ചെയ്തത്.

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കൊപ്പവും വടക്കന്‍ മേഖലയില്‍ നിന്നുള്ള  ആര്‍എസ്എസുകാരുണ്ട്. പ്രത്യേക വാഹനങ്ങളിലാണ് ഇവരെ സ്ഥലത്തെത്തിച്ചത്. തലശേരിയില്‍ നിന്നുള്ള 15 ആര്‍എസ്എസുകാര്‍ പമ്പയിലും പരിസരങ്ങളിലും എത്തിയതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനും വിവരം ലഭിച്ചിട്ടുണ്ട്.

മനപൂര്‍വം അക്രമം സൃഷ്ടിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനായി എത്തിയ ഇവരില്‍ ചിലര്‍ അക്രമത്തിന് തൊട്ടു മുന്‍പ് എരുമേലിയില്‍ നിന്ന് സെല്‍ഫിയെടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെ പോസ്റ്റ് ചെയ്തതില്‍ നിന്നും മാഹിയിലെ കാര്‍ത്തു വിജയിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലയ്ക്കലെ അക്രമത്തിലും ഇയാള്‍ പങ്കെടുത്തതായി സൂചനയുണ്ട്.

തലശേരി ടെമ്പിള്‍ ഗേറ്റ്, മാഹി ചെമ്പ്ര, വെണ്ടുട്ടായി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ക്രിമിനലുകളും ശബരിമലയും പരിസരങ്ങളിലുമുണ്ട്. ബുധനാഴ്ച രാത്രി തലശേരി രണ്ടാം ഗേറ്റ് ദൈവത്താര്‍ മഠം പരിസരത്തു നിന്ന്  ബസില്‍ ക്രിമിനലുകളെ സ്വാമി വേഷത്തില്‍ ശബരിമലയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊന്നതടക്കം നിരവധി കൊലപാതകങ്ങള്‍ നടത്തിയ കുപ്രസിദ്ധ ക്രിമിനല്‍ മാഹി ചെമ്പ്രയിലെ കുപ്പി സുബീഷിന്റേതെന്ന് സംശയിക്കുന്ന അക്രമ ദൃശ്യം നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഖം മൂടിയ നിലയിലാണുള്ള ഇയാളുടെ ചിത്രമാണ് പ്രചരിക്കുന്നത്. പൊലീസും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

ശബരിമലയിൽ സ്‌ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്‌ത്‌ ജന്മഭൂമിയിൽ ലേഖനം; ബിജെപി ഇരട്ടത്താപ്പ്‌ തുടരുന്നു

കോഴിക്കോട് > ശബരിമല സ്ത്രീപ്രവേശന വിധിയില്‍ ഹിന്ദുത്വ സംഘടനകള്‍ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമം തുടരുന്നതിനിടെ സുപ്രീംകോടതി വിധിയെ പിന്തുണച്ചും സ്വാഗതം ചെയ്തും ബിജെപി മുഖപത്രത്തില്‍ ലേഖനം. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻപിള്ളയടക്കമുള്ള നേതാക്കൾ സുപ്രീം കോടതി വിധിയുടെ പേരിൽ സർക്കാരിനെതിരെ തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുന്നതിനിടെയാണ്‌ അവരുടെ ഇരട്ടത്താപ്പ്‌ വ്യക്തമാക്കുന്ന ലേഖനം ബിജെപി മുഖപത്രമായ ജന്മഭൂമിയിലെ എഡിറ്റോറിയൽ പേജിൽ വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ചത്‌.

സംഘപരിവാർ സ്ഥാപനമായ ഭാരതീയവിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സഞ്ജയനാണ്‌ ലേഖനം എഴുതിയിരിക്കുന്നത്‌. സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന്‌ സഞ്ജയൻ ലേഖനത്തിൽ വാദിക്കുന്നു.  മാത്രമല്ല സ്ത്രീ തീര്‍ത്ഥാടകര്‍ വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ എന്നും ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണെന്നും ലേഖനത്തിൽ പറയുന്നു. ശബരിമലയില്‍ അനാവശ്യ വിവാദങ്ങള്‍ക്ക്‌ പ്രസക്തിയില്ലെന്ന തലക്കെട്ടോടെയാണ് ലേഖനം. വൈകാരിക ഇളക്കത്തിന് സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ ചിന്താശൂന്യമായ നിലപാടുകള്‍ ഗുണം ചെയ്യില്ലെന്നും ലേഖനത്തില്‍ പറയുന്നു. യുക്തിഹീനമായ മാമൂലുകളെ അതേപടി നിലനിര്‍ത്തുവാനുള്ള സ്ഥാപിതതാല്പര്യക്കാരുടെ പരിശ്രമത്തിന് ചൂട്ടുപിടിച്ചു കൊടുക്കുന്നത് സമൂഹത്തില്‍ ജീര്‍ണ്ണതയും സംഘര്‍ഷവും ചൂഷണവും വര്‍ദ്ധിക്കാന്‍ മാത്രമേ സഹായിക്കൂവെന്നും ലേഖനം മുന്നറിയിപ്പ്‌ നൽകുന്നു.

സുപ്രീം കോടതി വിധിക്ക്‌ മുൻപുതന്നെ ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തിനനുകൂല നിലപാട്‌ സ്വീകരിച്ചിരുന്ന ആർഎസ്‌എസ്‌ വിധിയേയും സ്വാഗതം ചെയ്‌തിരുന്നു. എന്നാൽ സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യാമെന്ന ദുഷ്‌ടലാക്കോടെ പിന്നീട്‌ ആർഎസ്‌എസ്‌ മലക്കം മറിയുകയാണുണ്ടായത്‌. മുന്‍നിലപാട് മാറ്റി വിധിക്കെതിരെ നിയമമാര്‍ഗങ്ങള്‍ തേടണമെന്ന് കഴിഞ്ഞദിവസം ആര്‍എസ്എസ് പ്രസ്താവനയിറക്കിയത്‌ ഈ ലക്ഷ്യത്തോടെയാണ്‌. ഇതിനുപിന്നാലെയാണ് ബിജെപി മുഖപത്രത്തില്‍ ഇത്തരത്തിലൊരു ലേഖനം വന്നിരിക്കുന്നത്.

ഇതോടെ ശബരിമല വിധിയോടുള്ള സംഘപരിവാർ സമീപനത്തിലെ ഇരട്ടത്താപ്പ്‌ കൂടുതൽ വ്യക്തമാകുകയാണ്‌. ഒരുവശത്ത്‌ വിധിയെ സ്വാഗതം ചെയ്യുകയും അതോടൊപ്പം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും വർഗീയ വികാരം ഇളക്കിവിടാനും അണികളെ ഉപയോഗിക്കുകയും ചെയ്യുകയെന്ന തന്ത്രമാണ്‌ ബിജെപിയും സംഘപരിവാറും പയറ്റാൻ ശ്രമിക്കുന്നത്‌. സുപ്രീം കോടതി വിധിയുടെ പേരിൽ സർക്കാരിനെ പ്രതിസ്ഥാനത്ത്‌ നിർത്താനും അവർ ശ്രമിക്കുന്നു.

No comments:

Post a Comment