കോഴിക്കോട‌് > വിശ്വാസികളെ മുന്നിൽനിർത്തി ശബരിമലയെ കലാപഭൂമിയാക്കാൻ ബിജെപി നടത്തിയ ഗൂഡനീക്കം പുറത്തായി. ക്ഷേത്രം തന്ത്രിയും ബിജെപി നേതൃത്വവും നടത്തിയ ഗൂഡാലോചനയാണ‌് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിലൂടെ വെളിച്ചത്തായത‌്. തുലാമാസം ഒന്നുമുതൽ അഞ്ചുവരെ നട തുറന്നപ്പോൾ ബിജെപി തയ്യാറാക്കിയ അജൻഡയനുസരിച്ചാണ‌് സമരം നടത്തിയതെന്ന‌് പി എസ‌് ശ്രീധരൻപിള്ള വ്യക‌്തമാക്കി. ബിജെപിക്ക‌് ലഭിച്ച സുവർണാവസരമാണ‌് ശബരിമല പ്രശ‌്നം.
ബിജെപിയുടെ അജൻഡയനുസരിച്ച‌് അവിടെ നടത്തിയ സമരത്തിൽ മറ്റുള്ളവർ വന്ന‌് വീഴുകയായിരുന്നു. പാർടി നിർദേശമനുസരിച്ച‌് സംസ്ഥാന ജനറൽ സെക്രട്ടറിമാർ അത‌് വിജയകരമായി നടപ്പാക്കിയെന്നും പറയുന്ന ശ്രീധരൻപിള്ളയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ തിങ്കളാഴ‌്ച മാധ്യമങ്ങൾ പുറത്തുവിട്ടു. യുവമോർച്ച സംസ്ഥാന സമിതി യോഗം കോഴിക്കോട്ട‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീധരൻപിള്ളയുടെ വാക്കുകൾ തന്ത്രി കണ‌്ഠര‌് രാജീവര‌് തള്ളി. ഈ പറയുന്ന ദിവസം ശ്രീധരൻ പിള്ളയെ ഫോണിൽ വിളിച്ചിട്ടില്ല. അന്ന‌് കണ‌്ഠര‌് മോഹനരുമായി സംസാരിച്ചതായും സ്വകാര്യ ചാനലിന‌് നൽകിയ അഭിമുഖത്തിൽ തന്ത്രി പറഞ്ഞു.
ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിൽ നിന്ന‌്:
അജൻഡ സെറ്റ‌് ചെയ്യാൻ സാധിക്കുന്നവരാണ‌് വിജയിക്കുക. നമുക്ക‌് ഇപ്പോൾ വന്നത‌് സുവർണാവസരമാണ‌്. ശബരിമല ഒരു സമസ്യയാണ‌്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാൻ കഴിയും എന്നാണ‌് നോക്കേണ്ടത‌്. മറ്റുള്ളവരുടെ അജൻഡയ‌്ക്ക‌് വഴങ്ങുന്നവരല്ല ബിജെപിക്കാർ. ഇപ്പോൾ നമ്മുടെ കൈയിലാണ‌് അജൻഡ. ആ അജൻഡയിൽ കമ്യൂണിസ‌്റ്റുകാരും കോൺഗ്രസുകാരും വീഴണം. ഇപ്പോൾ നമ്മുടെ അജൻഡയിൽ അവർ ഓരോന്നായി അടിയറവ‌് പറഞ്ഞിരിക്കയാണ‌്. അവസാനം നമ്മളും ഭരണകൂടവും ഭരിക്കുന്ന കക്ഷിയും മാത്രമേ ഉണ്ടാകൂ. കോൺഗ്രസിന്റെ കൈയിലേക്ക‌് വീഴുമായിരുന്ന കളം നമ്മുടെ കൈയിൽ വന്നു.
ശബരിമലയിൽ 10 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള സ‌്ത്രീകൾ പോകാതിരിക്കാൻ പരമാവധി നമ്മൾ പേരാട്ടം നടത്തണം. താൽക്കാലിക നേട്ടമല്ല വേണ്ടത‌്.
ദീർഘകാലം നീണ്ടുനിൽക്കുന്ന പോരാട്ടമാണ‌് ആവശ്യം. അതിന‌് പല തട്ടുകളുമുണ്ട‌്. ശബരിമലയിൽ തുലാമാസം ഒന്നുമുതൽ അഞ്ചുവരെ നട തുറന്നപ്പോൾ ബിജെപിയാണ‌് സമരം പ്ലാൻ ചെയ‌്ത‌് നടപ്പാക്കിയത‌്.
പാർടി നിർദേശമനുസരിച്ച‌് സംസ്ഥാന ജനറൽ സെക്രട്ടറിമാർ വിവിധ സ്ഥലങ്ങളിൽ നിന്നു. അവർ അത‌് വിജയകരമായി നടപ്പാക്കി. 19ന‌് ഐ ജി ശ്രീജിത‌് രണ്ടുയുവതികളെയുമായി പോയപ്പോൾ തടഞ്ഞത‌് യുവമോർച്ച ജില്ലാ സെക്രട്ടറിയാണ‌്.അന്ന‌് ശബരിമലയിൽ യുവതികൾ എത്തിയപ്പോൾ തന്ത്രി മറ്റൊരു ഫോണിൽ എന്നോട‌് സംസാരിച്ചു. തന്ത്രി അപ്പോൾ അസ്വസ്ഥനായിരുന്നു. നടയടച്ചിട്ടാൽ കോടതിയലക്ഷ്യമാവില്ലേ എന്ന‌് തന്ത്രി ചോദിച്ചു.
തിരുമേനി ഒറ്റയ‌്ക്കല്ല, കോടതിയലക്ഷ്യം നിലനിൽക്കില്ലെന്ന‌് ഞാൻ പറഞ്ഞു. കോടതിയലക്ഷ്യക്കേസ‌് എടുക്കുകയാണെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും. ‘തിരുമേനി ഒറ്റയ‌്ക്കല്ല’ എന്ന ഒറ്റവാക്ക‌് മതി എന്നുപറഞ്ഞാണ‌് നട അടച്ചിടുമെന്ന ദൃഢമായ തീരുമാനം തന്ത്രി എടുത്തത‌്. ആ തീരുമാനമാണ‌് പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത‌്. ഇന്നും തന്ത്രി അതേപോലെ ചെയ്യുമെന്ന‌് പ്രതീക്ഷിക്കുന്നു.
എന്നെ ഒന്നാംപ്രതിയും തന്ത്രിയെ രണ്ടാം പ്രതിയുമാക്കി കോടതിയലക്ഷ്യക്കേസ‌് ഫയൽ ചെയ്യുകയാണ‌് മാർക‌്സിസ‌്റ്റുകാർ ചെയ‌്തത‌്. അന്ന‌് ഞാൻ തന്ത്രിയോട‌് പറഞ്ഞത‌് അറംപറ്റിയ പോലെയായി. എല്ലാം ഭഗവാന്റെ നിശ‌്ചയമാണ‌്.
ഞാനും തന്ത്രിയും കോടതിയലക്ഷ്യത്തിന‌് പ്രതിയാക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഒന്നുകൂടി ഉയർന്നിരിക്കുന്നു എന്നതാണ‌് വസ‌്തുത. സ‌്ത്രീകളെ ശബരിമലയിൽ കൊണ്ടുപോയാൽ എന്തുചെയ്യണമെന്ന‌് തീരുമാനിക്കാൻ അവിടെ തന്ത്രിസമൂഹമുണ്ട‌്. ആ തന്ത്രിസമൂഹത്തിന‌് ബിജെപിയിൽ കൂടുതൽ വിശ്വാസമുണ്ട‌്. കൂടാതെ സംസ്ഥാന അധ്യക്ഷനിലും വിശ്വാസമുണ്ട്.
No comments:
Post a Comment