Friday, November 2, 2018

വിശ്വാസികളോട‌് സുപ്രീംകോടതി പറഞ്ഞത‌്

മതവും വിശ്വാസവും ഒരുതരത്തിലുള്ള വിവേചനവും അനുവദിക്കുന്നില്ല. എന്നാൽ, പുരുഷമേധാവിത്വ മനോഭാവത്തിൽ നിന്ന‌് ഉടലെടുക്കുന്ന ചില ആചാരങ്ങളാണ‌് ലിംഗസമത്വം ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കുന്നത‌്. ഭക്തരും ഈശ്വരനുമായുള്ളത‌് അതീന്ദ്രിയബന്ധം. ആ ബന്ധത്തിനിടയ‌്ക്ക‌് ഉപാധികളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലുള്ള ഉടമ്പടികൾക്ക‌് സ്ഥാനമില്ല.

ഹിന്ദുമതത്തിൽ സ‌്ത്രീകളോട‌് വിവേചനം കാണിക്കണമെന്ന‌് ഒരിടത്തും പറയുന്നില്ല. മറിച്ച‌്, പുരുഷനേക്കാൾ ഉയർന്ന സ്ഥാനമാണ‌് മിക്കപ്പോഴും സ‌്ത്രീകൾക്ക‌് നൽകിയിട്ടുള്ളത‌്. സ‌്ത്രീകളോട‌് വിവേചനം കാണിക്കുന്നത‌് ഹിന്ദുമതത്തിന‌് വിരുദ്ധമാണ‌്. സ‌്ത്രീകളോട‌് ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന‌് പറയുന്നത‌് ഹിന്ദുമതത്തിന്റെ അന്തഃസത്തയ‌്ക്ക‌് വിരുദ്ധമാണ‌്.

സ‌്ത്രീസാന്നിധ്യം ബ്രഹ്മചര്യത്തിന‌് വെല്ലുവിളി ഉയർത്തുമെന്ന വാദം തെറ്റാണ‌്. ബ്രഹ്മചാരിയാകാമെന്ന‌് ഒരാൾ പ്രതിജ്ഞ എടുത്തിട്ടുണ്ടെങ്കിൽ, സ‌്ത്രീസാന്നിധ്യം അതിന‌് ഭീഷണിയല്ല. അഥവാ, സ‌്ത്രീകൾ ഭീഷണിയാകുന്നുണ്ടെങ്കിൽ അത്തരം ബ്രഹ്മചര്യത്തിന‌് ഒരർഥവുമില്ല.

ശബരിമലയിൽ പ്രത്യേക പ്രായപരിധിയിലുള്ള സ‌്ത്രീകൾക്ക‌് ഏർപ്പെടുത്തിയ വിലക്ക‌് നീക്കിയാൽ ഹിന്ദുമതത്തിന്റെ അടിസ്ഥാന സ്വഭാവംതന്നെ മാറുമെന്ന‌് കരുതുന്നില്ല. കാലാകാലമായി പിന്തുടർന്നു പോന്ന ആചാരമാണിതെന്ന‌് തെളിയിക്കാൻ ആവശ്യമായ രേഖകൾ ഇല്ല. വേദങ്ങളിലോ ഇതിഹാസങ്ങളിലോ ഇത‌് സംബന്ധിച്ച വ്യക്തമായ പരാമർശങ്ങളുമില്ല. മലയാളമാസത്തിലെ ആദ്യത്തെ അഞ്ച‌് ദിവസങ്ങളിലും മറ്റും സ‌്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചിരുന്നതിന‌് തെളിവുമുണ്ട‌്.പുറത്തുനിന്ന‌് അടിച്ചേൽപ്പിക്കുന്ന അന്ധവിശ്വാസങ്ങളും പുറമേനിന്ന‌് അടിഞ്ഞുകൂടുന്ന അനാവശ്യമായ ആചാരങ്ങളും മതത്തിന്റെ അവിഭാജ്യഘടകമെന്ന നിലയിൽ പരിഗണിക്കാൻ കഴിയില്ല.

ശബരിമലയ‌്ക്ക‌് മതത്തിനുള്ളിലെ പ്രത്യേക വിഭാഗം എന്ന പദവിയില്ല. ശൈവ, വൈഷ‌്ണ വിശ്വാസികൾക്ക‌ും ആ പദവി നൽകിയിട്ടില്ല. ഹിന്ദുമതത്തിനുള്ളിൽത്തന്നെ ശിവനെ ആരാധിക്കുന്നവർ, വിഷ‌്ണുവിനെ ആരാധിക്കുന്നവർ എന്ന രീതിയിലാണ‌് അവരെ പരിഗണിക്കുന്നത‌്. അതുപോലെ, ‘അയ്യപ്പന്മാർ’ ഹിന്ദുമതത്തിനുള്ളിൽത്തന്നെ അയ്യപ്പനിൽ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ‌്.

കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ അപൂർവമായി സ‌്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചിരുന്നുവെന്ന‌് പരാമർശിച്ചിട്ടുണ്ട‌്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സത്യവാങ‌്മൂലത്തിലും ഈ പരാമർശമുണ്ട‌്. തന്ത്രിയുടെ ഉപദേശപ്രകാരമാണ‌് പ്രത്യേക പ്രായപരിധിയിലുള്ള സ‌്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന‌് വിലക്കിയതെന്നും വ്യക്തമായിട്ടുണ്ട‌്.

ദളിതർ, സ‌്ത്രീകൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ തുടങ്ങിയവരുടെ അവകാശങ്ങൾ ഉറപ്പിക്കുന്നതിനും അവർക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിനും വേണ്ട വ്യവസ്ഥകൾ ഭരണഘടന രൂപീകരിക്കുന്ന ഘട്ടത്തിൽത്തന്നെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്. മതം, വിശ്വാസം, ആരാധന തുടങ്ങിയവ കൂടുതൽ സഹിഷ‌്ണുതയും അനുകമ്പയുമുള്ള സമൂഹത്തെ യാഥാർഥ്യമാക്കാൻ വേണ്ട സംവിധാനങ്ങളായി നിലനിൽക്കണമെന്നാണ‌് ഭരണഘടന വിഭാവനം ചെയ്യുന്നത‌്.

ആചാരത്തിന്റെപേരിൽ സ‌്ത്രീകൾക്ക‌് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന‌് വിലക്കേർപ്പെടുന്നതിനെ ഭരണഘടന ന്യായീകരിച്ചാൽ,  ഭരണഘടനതന്നെ പൗരന്മാർക്ക‌് വാഗ‌്ദാനംചെയ്യുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എങ്ങനെ സംരക്ഷിക്കപ്പെടും?

ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിന്റെ  നൈഷ‌്ഠികബ്രഹ്മചര്യ സ്വഭാവം വ്യക്തമാക്കാൻ വേണ്ട ചില തെളിവുകൾ കോടതിമുമ്പാകെ സമർപ്പിച്ചിട്ടുണ്ടെങ്കിലും പ്രത്യേകപ്രായത്തിലുള്ള സ‌്ത്രീകൾക്ക‌് വിലക്കേർപ്പെടുത്താൻ അത‌് കാരണമാകുന്നത‌് എങ്ങനെയെന്ന‌്  തെളിയിക്കാൻവേണ്ട ഒരു രേഖയും കോടതിയുടെ മുന്നിൽ എത്തിയിട്ടില്ല.

ശബരിമലയിൽ പ്രത്യേക പ്രായപരിധിയിലുള്ള സ‌്ത്രീകൾക്ക‌് വിലക്കേർപ്പെടുത്തിയ കേരള‌ ഹൈക്കോടതിവിധി തെറ്റാണ‌്. തന്ത്രിമാരുടെ അഭിപ്രായംമാത്രം പരിഗണിച്ചാണ‌് വിഷയത്തിൽ ഹൈക്കോടതി തീരുമാനമെടുത്തത‌്. കൃത്യമായ അന്വേഷണം ഈ വിഷയത്തിൽ ഹൈക്കോടതി നടത്തിയിട്ടില്ല. ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണം കോടതികളുടെ ദൗത്യമാണ‌്. ഈ ദൗത്യം നിറവേറ്റുന്നതിൽ കേരള‌ ഹൈക്കോടതി പരാജയപ്പെട്ടു.

പുരുഷന്മാരുടെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാനുള്ള ബാധ്യത സ‌്ത്രീകൾക്കാണെന്ന വാദം നിയമപരമായി നിലനിൽക്കില്ല. ബ്രഹ്മചര്യത്തിന്റെ ബാധ്യത സ‌്ത്രീകളുടെ ചുമലിലിടുകയോ ബ്രഹ്മചര്യവ്രതം മുറിക്കാനുള്ള കാരണമായി സ‌്ത്രീകളെ ചിത്രീകരിക്കുകയോ ചെയ്യുന്ന വിശ്വാസങ്ങൾക്ക‌് ഭരണഘടനാസ്ഥാപനമായ കോടതിയുടെ പിന്തുണ നൽകാനാകില്ല.

ആർത്തവത്തിന്റെപേരിൽ അശുദ്ധയാണെന്ന വാദങ്ങൾ സ‌്ത്രീകൾക്ക‌് അവർ അർഹിച്ച അവകാശങ്ങൾ നിഷേധിക്കാനും അവരെ പുരുഷമേധാവിത്വത്തിന‌് വിധേയരാക്കാനുമുള്ള  ഉപാധിമാത്രമാണ‌്. ഒരാൾക്കും, ഒരു സംഘത്തിനും ആർത്തവത്തിന്റെപേരിൽ സ‌്ത്രീകളും ഈശ്വരനുമായുള്ള ബന്ധത്തിൽ വിലങ്ങുതടിയാകാൻ അധികാരമില്ല.

ജാതിവ്യവസ്ഥയുടെ ഭാഗമായ തൊട്ടുകൂടായ‌്മയും അശുദ്ധിയും  പലരീതിയിൽ ഇപ്പോഴും സമൂഹത്തിൽ സജീവമാണ‌്. സ‌്ത്രീകളെ വിധേയരാക്കാൻ ജാതിവ്യവസ്ഥ ‘ശുദ്ധി’, ‘അശുദ്ധി’ സങ്കൽപ്പങ്ങൾ ആയുധമാക്കുന്നു. സ‌്ത്രീകൾക്ക‌് അവരുടെ ശരീരങ്ങളുടെമേൽ പൂർണമായ അവകാശവും അധികാരവുമുണ്ട‌്. സ‌്ത്രീകൾ നേരിടുന്ന അവഹേളനങ്ങൾ, വിലക്കുകൾ, അശുദ്ധി  തുടങ്ങിയവയും ഭരണഘടനാപരമായി തെറ്റാണ‌്.


ശബരിമലയിൽ പ്രായഭേദമെന്യേ സ‌്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തിൽ സമവായത്തിലൂടെ പരിഹാരം കണ്ടെത്തണമെന്നത‌് ഉൾപ്പെടെയുള്ള പ്രായോഗിക നിർദേശങ്ങളടങ്ങിയ സത്യവാങ‌്മൂലമാണ‌് എൽഡിഎഫ‌് സർക്കാർ 2007ൽ സുപ്രീംകോടതിയിൽ സമർപ്പിച്ചത‌്.

സത്യവാങ‌്മൂലത്തിലെ പ്രധാന നിർദേശങ്ങൾ

1) ഹിന്ദുമതത്തെക്കുറിച്ചും ആചാരാനുഷ‌്ഠാനങ്ങളെ കുറിച്ചും ആഴത്തിൽ അറിവുള്ള പണ്ഡിതന്മാരും സാമൂഹ്യപരിഷ‌്കർത്താക്കളും അംഗങ്ങളായ കമീഷൻ  രൂപീകരിച്ച‌് ശബരിമലയിലെ സ‌്ത്രീപ്രവേശന വിഷയത്തിൽ നിർദേശങ്ങളും അഭിപ്രായങ്ങളും തേടാം.

2) കമീഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും സ്വീകാര്യമായ തീരുമാനത്തിൽ എത്തിച്ചേരാനുള്ള പ്രാപ‌്തി സുപ്രീംകോടതിക്കുണ്ട‌്.

3) സ‌്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചാൽ ക്രമസമാധാന പ്രശ‌്നമുണ്ടാകുമെന്നാണ‌് ചിലരുടെ വാദം. (സർക്കാരിന‌് ഈ വാദത്തോട‌് യോജിപ്പില്ല). എന്നാൽ, സ‌്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള എതിർപ്പിനുള്ള കാരണം ഈ വാദമാണെങ്കിൽ, അതിന‌ു പരിഹാരമായി സ‌്ത്രീകൾക്ക‌് ശബരിമലയിൽ പ്രവേശിക്കാനും ആരാധന നടത്താനും വ്യത്യസ‌്ത കാലയളവ‌് നിശ‌്ചയിക്കാൻ കഴിയുമോ എന്ന വിഷയം കോടതി പരിശോധിക്കണം.

4) മണ്ഡല, മകരവിളക്ക‌് കാലം ഒഴികെയുള്ള കാലയളവിൽ സ‌്ത്രീകൾക്ക‌് പ്രവേശനം അനുവദിക്കാൻ കഴിയുമോ എന്ന കാര്യവും പരിഗണിക്കാവുന്നതാണ‌്.

5) 41 ദിവസത്തെ വ്രതമെന്ന വ്യവസ്ഥയിൽ സ‌്ത്രീകൾക്ക‌ു വേണ്ടി ഇളവ‌് അനുവദിക്കാൻ കഴിയുമോ എന്ന വിഷയവും കോടതിക്ക‌് പരിശോധിക്കാം. സ‌്ത്രീകൾക്ക‌് പ്രവേശനം അനുവദിക്കുന്ന കാലയളവിൽ തന്ത്രി, പുരോഹിതർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടേതിന‌ു പുറമെയുള്ള ജോലികൾക്ക‌് വേണമെങ്കിൽ സ‌്ത്രീകളെ  ചുമതലപ്പെടുത്താവുന്നതാണ‌്.

6) തിരുവിതാംകൂർ അമ്മമഹാറാണി മഹാരാജാവിനും ദിവാനും ഒപ്പം 1939ൽ ശബരിമലയിൽ  പ്രവേശിച്ചിരുന്നതായി രേഖയുണ്ട‌്. 18–ാം പടി കയറാതെ ക്ഷേത്രത്തിന്റെ വടക്കേ കവാടത്തിലൂടെയാണ‌് ഇവർ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നത‌്. അമ്പലപ്പുഴ ശ്രീകൃഷ‌്ണക്ഷേത്രത്തിലെ സ‌്ത്രീകളും 18–ാംപടി കയറാതെ വടക്കേ കവാടത്തിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നതായി പറയപ്പെടുന്നു.

7) വിഷയത്തിൽ ഏതെങ്കിലും രീതിയിലുള്ള അനാവശ്യ വിവാദമുണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തിൽ നിലവിൽ ഹൈക്കോടതി ഉത്തരവ‌് നിലനിൽക്കുന്നുണ്ട‌്. ആ ഉത്തരവ‌് പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണ‌്. സുപ്രീംകോടതി ആവശ്യപ്പെട്ടതു കൊണ്ട‌് മാത്രമാണ‌് സർക്കാർ സത്യവാങ‌്മൂലം സമർപ്പിക്കുന്നത‌്. ഈ വിഷയത്തിൽ ഏതെങ്കിലും നിയമനിർമാണം നടത്താൻ ഉദ്ദേശ്യമില്ല. പരമോന്നത കോടതിയുടെ വിധിക്ക‌ു വേണ്ടി കാത്തിരിക്കുകയാണ‌്. ആ വിധി അനുസരിച്ച‌്  തുടർനടപടികൾ സ്വീകരിക്കാമെന്ന‌് ഉറപ്പ‌ുനൽകുന്നു.

2007ൽ സംസ്ഥാന സർക്കാർ ജോയിന്റ‌് സെക്രട്ടറിയായിരുന്ന എസ‌് കോമളൻ മുഖേന സമർപ്പിച്ച ഈ സത്യവാങ‌്മൂലത്തിൽ ഉറച്ചുനിൽക്കുന്നുവെന്നാണ‌് 2017ൽ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത‌്

സുപ്രീംകോടതി എല്ലാവരുടെയും വാദങ്ങൾ കേട്ടു; എല്ലാ തെളിവുകളും പരിഗണിച്ചു
എം അഖിൽ

ന്യൂഡൽഹി > ശബരിമലയിൽ എല്ലാ സ‌്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവ‌്‌  എല്ലാ വശങ്ങളും പരിശോധിച്ചശേഷമെന്ന‌് വിധിന്യായത്തിൽ വ്യക്തം. എതിർത്തും അനുകൂലിച്ചുമുള്ള എല്ലാകക്ഷികളുടെയും വാദങ്ങൾകേട്ടും ലഭ്യമായ എല്ലാതെളിവുകളും പരിഗണിച്ചുമാണ‌് ഭരണഘടനാമൂല്യം ഉയർത്തിപ്പിടിക്കുന്ന ഉത്തരവ‌്. ഇക്കാര്യം ഭൂരിപക്ഷവിധി പുറപ്പെടുവിച്ച ഭരണഘടനാബഞ്ചിലെ നാല‌് ജഡ‌്ജിമാരും മൂന്ന‌് വിധിന്യായങ്ങളിൽ അർഥശങ്കയ‌്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുമുണ്ട‌്.

2007ൽ എൽഡിഎഫ‌് സർക്കാർ സമർപ്പിച്ച സത്യവാങ‌്മൂലത്തിൽ, കോടതിക്ക‌് ഉചിതമെന്ന‌് തോന്നുന്നുവെങ്കിൽ വിഷയത്തെപ്പറ്റി പഠിക്കാൻ ഹിന്ദുമതത്തെക്കുറിച്ച‌് ആധികാരികജ്ഞാനമുള്ള പണ്ഡിതർ, സാമൂഹ്യപരിഷ‌്കർത്താക്കൾ തുടങ്ങിയവരെ അംഗങ്ങളാക്കി കമീഷൻ രൂപീകരിക്കാമെന്നതടക്കമുള്ള നിർദേശങ്ങളുണ്ട‌്. 2007ലെ അതേ നിലപാട‌ുതന്നെയാണെന്ന‌് സർക്കാർ 2017ലും ആവർത്തിച്ചു വ്യക്തമാക്കിയത‌്. സർക്കാരിനുപുറമെ തിരുവിതാംകൂർ ദേവസ്വംബോർഡ‌്, പന്തളംരാജകുടുംബം, തന്ത്രി, എൻഎസ‌്എസ‌് തുടങ്ങിയവരുടെയും മറ്റ‌് ചില സംഘടനകളുടെയും വ്യക്തികളുടെയും വാദം കേട്ടു. റിട്ട‌് ഹർജികൾ, സബ‌്മിഷനുകൾ, സത്യവാങ‌്മൂലങ്ങൾ എന്നിവ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ‌് ശബരിമലയിൽ പ്രത്യേക പ്രായത്തിലുള്ള സ‌്ത്രീകൾക്കുള്ള വിലക്ക‌് മതാചാരത്തിന്റെ അവിഭാജ്യഘടകമല്ലെന്ന നിഗമനത്തിൽ കോടതി എത്തിയത‌്. എന്നാൽ, ഈ വസ‌്തുതകൾ മനഃപൂർവം മറച്ചുവച്ച‌് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രചാരണങ്ങളാണ‌് നിക്ഷിപ‌്ത താൽപ്പര്യക്കാർ നടത്തുന്നത‌്.

വിധിക്കുവേണ്ടുന്ന തെളിവുകിട്ടി

വിശ്വാസികളുടെ വാദങ്ങൾ കേട്ടില്ല, തെളിവുകൾ പരിഗണിച്ചില്ല, സർക്കാർ നിലപാട‌് വ്യക്തമാക്കിയില്ല തുടങ്ങിയ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന‌് വിധിന്യായം വായിച്ചാൽ വ്യക്തമാണ‌്. പുതിയ തെളിവുകൾ ലഭിക്കുന്നത‌ുവരെ വിധി പുറപ്പെടുവിക്കുന്നത‌് മാറ്റിവയ‌്ക്കണമെന്ന ആവശ്യത്തിൽ കഴമ്പില്ലെന്ന‌് നാല‌് ജഡ‌്ജിമാരും വിധിന്യായങ്ങളിൽ പ്രസ‌്താവിച്ചിട്ടുമുണ്ട‌്. ‘വിഷയത്തിൽ തീരുമാനമെടുക്കാനാവശ്യമായ എല്ലാ തെളിവുകളും നിലവിൽ കോടതിക്ക‌് മുന്നിലുണ്ട‌്. ഹർജിക്കാരുടെ റിട്ട‌് പെറ്റീഷൻ, ഹർജിക്കാരുടെയും ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും സത്യവാങ‌്മൂലം, ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദങ്ങൾ എന്നിവ മതിയായ തെളിവുകളാണ‌്. ഭരണഘടനയുടെ 32–ാം അനുച്ഛേദപ്രകാരം സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട‌് സമർപ്പിക്കുന്ന റിട്ട‌് പെറ്റീഷനും സത്യവാങ‌്മൂലങ്ങളും തെളിവുകളെന്ന നിലയിൽ കൂടിയാണ‌് ഭരണഘടനാബെഞ്ച‌് പരിഗണിക്കുന്നത‌്’– ജസ്റ്റിസ‌് റോഹിന്റൺ ഫാലി നരിമാൻ വിധിന്യായത്തിൽ പറയുന്നു. ശബരിമലയിൽ പ്രായഭേദമെന്യേ സ‌്ത്രീകളെ പ്രവേശിപ്പിച്ചിരുന്നുവെന്നതിന‌് തെളിവുകൾ ഹൈക്കോടതിയുടെ മുമ്പിലുണ്ടായിരുന്നുവെന്ന‌് ജസ്റ്റിസ‌് ഡി വൈ ചന്ദ്രചൂഡും നിരീക്ഷിച്ചു.

തന്ത്രിമാരുടെ സത്യവാങ‌്മൂലത്തിനും അഭിപ്രായങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകിയതിനാലാണ‌് ഹൈക്കോടതി വിധി സ‌്ത്രീപ്രവേശനത്തിന‌് എതിരായതെന്ന ശ്രദ്ധേയനിരീക്ഷണവുമുണ്ട‌്. സ‌്ത്രീപ്രവേശന വിലക്ക‌് ന്യായീകരിക്കുന്നവരുടെ രേഖകളിലും വാദങ്ങളിലും അയ്യപ്പന്റെ ബ്രഹ്മചര്യ സ്വഭാവം വ്യക്തമായെങ്കിലും അതിന‌് പ്രത്യേക പ്രായപരിധിയിലുള്ള സ‌്ത്രീകളെ ഒഴിവാക്കുന്നതുമായി എന്താണ‌് ബന്ധമെന്ന ചോദ്യത്തിന‌് യുക്തിസഹവും തൃപ‌്തികരവുമായ ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും ചന്ദ്രചൂഡ‌് ചൂണ്ടിക്കാണിച്ചിട്ടുണ്ട‌്.

No comments:

Post a Comment