ഐടി മേഖലയിൽ വൻകുതിപ്പുമായി കേരളം. തൊഴിൽ ലഭ്യത, കയറ്റുമതി, വരുമാനം എന്നീ മേഖലകളിൽ എൽഡിഎഫ് സർക്കാർ കൈവരിച്ചത് സമഗ്രമായ വളർച്ച. നാലുവർഷത്തിനിടയിൽ (2020 ഫെബ്രുവരിവരെ) മൂന്ന് ഐടി പാർക്കുകളിലായി 29,510 പേർക്ക് പുതുതായി തൊഴിൽ ലഭിച്ചു. പുതിയ കമ്പനികളുടെ എണ്ണത്തിലും റൊക്കോഡ് വളർച്ചയാണ്. ഐടി കയറ്റുമതിയിൽ 3891.24 കോടി രൂപയുടെതാണ് വർധന. ഐടി പാർക്കുകളിലെ ഇടം (സ്‌പെയ്‌സ്) വൻതോതിൽ കൂട്ടിയും ലോകോത്തര കമ്പനികളെയടക്കം എത്തിച്ചുമാണ് ഈ നേട്ടം. കോവിഡ് പ്രതിസന്ധി ഇല്ലായിരുന്നുവെങ്കിൽ ഇതിലും വലിയ മുന്നേറ്റം കൈവരിക്കാനാകുമായിരുന്നു. തിരുവനന്തപുരത്ത് 2018 ഒക്ടോബറിൽ തുടക്കമിട്ട ടോറസ് ഡൗൺ ടൗൺ പദ്ധതി പൂർത്തിയാക്കുന്നതോടെ 25,000 പേർക്കുകൂടി തൊഴിൽ ലഭിക്കും.
മൂന്നു പാർക്കിലുമായി 52.44 ലക്ഷം ചതുരശ്രയടിയാണ് പുതുതായി കൂട്ടിച്ചേർത്തത്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ 19.5 ലക്ഷവും കൊച്ചി ഇൻഫോപാർക്കിൽ 30 ലക്ഷവും കോഴിക്കോട് സൈബർ പാർക്കിൽ 2.94 ലക്ഷം ചതുരശ്ര അടിയും വർധിപ്പിച്ചു. വരുന്ന ഒരുവർഷം 35.5 ലക്ഷം ചതുരശ്രയടികൂടി കൂട്ടാനുള്ള നിർമാണം പൂരോഗമിക്കുന്നു.
കോവിഡ് പ്രതിസന്ധിയിൽ സഹായപദ്ധതികളും വായ്‌പാ ഇളവുകളും വാടകക്കിഴിവുമടക്കം പ്രഖ്യാപിച്ച് സർക്കാർ ഒപ്പമുണ്ട്. വർക്ക് നിയർ ഹോം എന്ന ആശയത്തിലൂടെ ജീവനക്കാരുടെ വീടിനടുത്തേക്ക് പാർക്കിന്റെ സൗകര്യം എത്തിക്കാനുള്ള ശ്രമത്തിലാണ്. സെപ്‌തംബറിൽ സംസ്ഥാനത്താകെ 100 വർക്ക് നിയർ ഹോം ഒരുക്കാനാണ് പദ്ധതി.
എത്തിയത് 292 പുതിയ കമ്പനികൾ
നാലുവർഷത്തിനുള്ളിൽ 292 കമ്പനി പുതുതായെത്തി. ടെക്‌നോപാർക്കിൽ 82ഉം ഇൻഫോപാർക്കിൽ 179ഉം സൈബർ പാർക്കിൽ 31 കമ്പനിയും. ലോകോത്തര കമ്പനികളായ എച്ച് ആൻഡ് ആർ ബ്ലോക്ക്, നിസാൻ ഡിജിറ്റൽ, ടെക് മഹീന്ദ്ര, ടെറാനെറ്റ്, ഡബ്ല്യുടിസി ബ്രിഗേഡ്, വേ ഡോട്ട് കോം (ടെക്‌നോപാർക്ക്), ഇൻസ്‌പയേഡ് ഗെയിമിങ്, സെല്ലിസ്, യുഐഎസ് ഗ്ലോബൽ, കാസ്‌കേഡ് റെവന്യൂ മാനേജ്‌മെന്റ് (ഇൻഫോപാർക്ക്), സൈബർ പാർക്കിൽ വിനം സൊലൂഷൻസ്, ഐപിക്‌സ് ടെക് സർവീസ് (സൈബർ പാർക്ക്) എന്നിവ ഇതിൽ ഉൾപ്പെടുന്നു. യുഡിഎഫ് ഭരണകാലത്ത് മൂന്നു പാർക്കിലുമായി 250 പുതിയ കമ്പനികളാണ് എത്തിയത്. ഇതിൽ പലതും ചെറുകിട കമ്പനികളായിരുന്നു.
ടെക്‌നോപാർക്കിന് എ പ്ലസ്
സാമ്പത്തികഭദ്രതയ്‌ക്കുള്ള ക്രിസിൽ റേറ്റിങ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ടെക്‌നോപാർക്കിന് നഷ്ടമായിരുന്നു. 2019ൽ എ റേറ്റിങ് സ്വന്തമാക്കി. ഈ വർഷവും നിലനിർത്തി. 2011ൽ ബിബിബി റേറ്റിങ്ങായിരുന്നെങ്കിൽ 2014ൽ ഡി റേറ്റിങ്ങിലേക്ക് താണു. തുടർന്ന് 2016ൽ ബിബിയും 2017ൽ ബിബിബി പോസിറ്റീവും 2018ൽ ബിബിബി സ്‌റ്റേബിളും 2019ൽ എ സ്‌റ്റേബിളും കൈവരിച്ചു. വായ്‌പ തിരിച്ചടവിലെ കൃത്യത, സാമ്പത്തിക അച്ചടക്കം തുടങ്ങിയവ സംബന്ധിച്ചുള്ള ആധികാരിക റേറ്റിങ്ങാണ് ക്രിസിൽ.
*
മിൽജിത് രവീന്ദ്രൻ
No comments:
Post a Comment