ഫ്രാൻസിലെ ദസ്സാൾട്ട് കമ്പനിയിൽനിന്ന് ഇന്ത്യ വാങ്ങിയ അഞ്ച് റഫേൽ യുദ്ധവിമാനത്തെ ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ ഉപചാരപൂർവമാണ് സ്വീകരിച്ചത്. അവ ഇറങ്ങുന്നതിന്റെ ഭാഗമായി അംബാലയിലും നാല് സമീപഗ്രാമത്തിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയുണ്ടായി. ഫോട്ടോയെടുപ്പും വീഡിയോചിത്രീകരണവും നിരോധിച്ചു. പടിഞ്ഞാറൻ അറേബ്യൻ സമുദ്രത്തിൽ നിലയുറപ്പിച്ച പടക്കപ്പൽ ഐഎൻഎസ് കൊൽക്കത്തയുമായി ആശയവിനിമയം നടത്തിയാണ് റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നത്. ഏറ്റുമാനൂർ സ്വദേശി വിങ് കമാൻഡർ വിവേക് വിക്രമും പൈലറ്റുമാരുടെ സംഘത്തിലുണ്ടായത് കേരളത്തിനും അഭിമാനിക്കാം. വ്യോമസേനയുടെ പതിനേഴാം ഗോൾഡൻ ആരോ സ്ക്വാഡ്രണിലേക്ക് ആഗസ്‌ത് 15നുശേഷം റഫേലുകൾ അണിചേരും. ഇസ്രയേലിൽനിന്നുള്ള ചില സാങ്കേതിക സഹായങ്ങൾക്ക് കാത്തിരിക്കുകയാണ്.
വിമാനങ്ങളുടെ ചിത്രങ്ങൾ ട്വീറ്റുചെയ്‌ത പ്രധാനമന്ത്രി നരേന്ദ്ര മോഡി, ‘രാജ്യത്തിന് കാവൽനിൽക്കുന്നതിനേക്കാൾ വലിയ പുണ്യമില്ല; മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാൾ മഹത്തായ പ്രതിജ്ഞയുമില്ല’ എന്ന് സംസ്‌കൃതത്തിലാണ് സ്വാഗതമോതിയത്. റഫേൽവിമാനങ്ങൾ ഇന്ത്യൻമണ്ണ് തൊട്ടത് ചില സങ്കുചിത ദേശീയവാദ സംഘടനകളും മാധ്യമങ്ങളും വിശ്വാസത്തിന്റെയും ശത്രുനിർവചനത്തിന്റെയും ശക്തിപ്രകടനത്തിന്റെയും ആഘോഷമാക്കി. സേനയിൽ പുതിയ അത്യാധുനിക യുദ്ധവിമാനങ്ങൾ വന്നുചേരുന്നത് അത്യപൂർവ നടപടിയായും അയൽരാജ്യങ്ങൾക്കുള്ള കനത്ത മുന്നറിയിപ്പായും പ്രധാന ചാനലുകളടക്കം കരഘോഷം മുഴക്കിയത് അതേ നിലവാരത്തിലാണ്. റഫേലിനെ ശ്രീരാമനോട് ഉപമിക്കാനും ചിലർ മുതിർന്നു. ദസ്സാൾട്ട് ഫാക്ടറിയെ റഫേലിന്റെ ജന്മഭൂമിയെന്നായിരുന്നു അതിരുകടന്ന വിശേഷണം.
രാമൻ വരുന്നു, റഫേൽ വരുന്നു എന്നായി ഒരു സമീകരണം. വിമാനങ്ങൾ നിലംതൊടവെ രാമ, രാമ ജപമന്ത്രം ഉരുവിട്ട പത്രപ്രവർത്തകനെയും കണ്ടു. ‘ചൈനയും പാകിസ്ഥാനും വിറച്ചു, ഇമ്രാൻഖാൻ ഭയന്നുവിയർത്തു’ എന്നുവരെ നീണ്ടു ശീർഷകങ്ങൾ. വ്യോമസേനയുടെ പുത്തൻ പോരാളിയെ ഭയക്കുന്നവർ ഇന്ത്യയുടെ മണ്ണിനുനേരെ ഭീഷണിയുയർത്തുന്നവരാണെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അഭിപ്രായത്തിന്റെ പരിഭാഷപോലെ റഫേലിനുമുന്നിൽ ശത്രുക്കൾ പരാജയപ്പെടുമെന്നാണ് ഒരു ചാനൽ വിജയഭേരി മുഴക്കിയതും.
യുപിഎ ഭരണകാലത്ത് 126 റഫേൽ വിമാനം ഇറക്കുമതി ചെയ്യാനായിരുന്നു തീരുമാനം. ഫ്രാൻസിൽനിന്ന് അവ നേരിട്ട് വാങ്ങുമെന്ന പ്രഖ്യാപനത്തോടെ മോഡിസർക്കാർ കരാർ മാറ്റി. പ്രതിപക്ഷ പാർടികളും സൈനികവിദഗ്‌ധരും ഇക്കാര്യത്തിൽ ഗൗരവതരങ്ങളായ സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഒരു വിമാനത്തിന് 526 കോടിക്കു പകരം 1670 കോടി നൽകിയത്, 126 വിമാനം വാങ്ങുമെന്ന തീരുമാനത്തിൽനിന്ന് മാറി 36 എണ്ണമാക്കി ഇടപാട് ചുരുക്കിയത്, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിനെ ഒഴിവാക്കി പാപ്പരായ അനിൽ അംബാനിയെ കരാറിന് പരിഗണിച്ചത് തുടങ്ങിയ പ്രശ്‌നങ്ങളിൽ യുക്തമായ ഔദ്യോഗിക വിശദീകരണം ഇതുവരെയുണ്ടായിട്ടില്ല.
അനിൽ അംബാനിയുടെ റിലയൻസ‌് ഗ്രൂപ്പിന‌് വമ്പൻ നികുതി ഇളവ‌് കൊടുക്കാൻ ഫ്രാൻസ‌് തയ്യാറായത‌് ഏതുവഴിയിലൂടെയും റഫേൽകരാർ ഉറപ്പിക്കാനായിരുന്നു. ദസ്സാൾട്ടുമായുള്ള കരാർ കൂടിയാലോചനകൾ മുന്നേറവെയായിരുന്നു ആ ഇളവ് നൽകിയതും. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം പല ആഗോള കോർപറേറ്റുകളും നേരിട്ട തകർച്ചയുടെ വഴിയിൽത്തന്നെയായിരുന്നു ദസ്സാൾട്ടും. പ്രതിരോധ‐ സിവിൽ ഉപയോഗങ്ങൾക്കുള്ള വിമാനങ്ങളുടെ വിൽപ്പനയിൽ വന്ന കാര്യമായ ഇടിവായിരുന്നു പ്രധാനഭീഷണി. പ്രതിരോധ രംഗത്തുനിന്നുള്ള ദസ്സാൾട്ടിന്റെ 2016ലെ വരുമാനം 135 കോടി ഡോളറായിരുന്നത‌് 2017ൽ 212.4 കോടി ഡോളറായി വർധിച്ചു. 58,000 കോടി രൂപയ‌്ക്ക‌് 36 റഫേൽ വിമാനം വാങ്ങുന്നതിന‌് ഇന്ത്യയുമായി ഒപ്പുവച്ച കരാറാണ‌് ഈ കുതിപ്പിനു പിന്നിലെ കാരണം. 2016ൽ കരാർ ഒപ്പിട്ടയുടൻ മോഡി ഗവൺമെന്റ് വൻതുക അഡ്വാൻസും അനുവദിച്ചു. വഴിവിട്ട ഈ സഹായമാണ‌് ദസ്സാൾട്ടിന് വലിയ താങ്ങായതും.
ഉയർന്ന നിരക്കിൽ റഫേൽ വാങ്ങാനുള്ള മോഡി സർക്കാരിന്റെ തീരുമാനം മറ്റുവിധത്തിലും ആ കുത്തകയ്‌ക്കും ഫ്രാൻസിനും അനുഗുണമായി ഭവിച്ചു. ഈജിപ‌്തും ഖത്തറും ഉൾപ്പെടെ അത്തരം കരാറുകൾക്ക് തയ്യാറായി. തീർത്തും മത്സരാധിഷ്‌ഠിതമായ പോർവിമാന നിർമാണമേഖലയിലെ കമ്പനികളെ പിന്നിലാക്കാൻ അവയെല്ലാം ദസ്സാൾട്ടിന‌് സഹായകവുമായി. രാജ്യത്തെ കോർപറേറ്റ് ഭീമന് പെട്ടെന്ന‌് ലഭിച്ച വ്യാപാര കരാറിൽ ഫ്രഞ്ച‌് സർക്കാരും ആഹ്ലാദിച്ചു. നികുതി കുടിശ്ശികയായി അനിൽ അംബാനി നൽകാനുണ്ടായിരുന്ന 1100 കോടിയിലേറെ രൂപ റഫേൽ കരാറിനെത്തുടർന്ന‌് ഫ്രാൻസ് ഉപേക്ഷിച്ചു. ഇന്ത്യൻ നിർബന്ധപ്രകാരമാണ‌് റഫേൽ കരാറിൽ റിലയൻസിനെ പങ്കാളിയാക്കിയതെന്ന‌് അന്നത്തെ ഫ്രഞ്ച‌് പ്രസിഡന്റ‌് ഫ്രാൻസ്വ ഓളന്ദ‌് തുറന്നുപറഞ്ഞിരുന്നു.
യുപിഎ ഭരണകാലത്ത് രൂപംനൽകിയ ധാരണപത്രം മാറ്റി പുതിയതുണ്ടാക്കാൻ 2015 ഫെബ്രുവരിക്കും ഒക്ടോബറിനും മധ്യത്തിലാണ‌് ഇന്ത്യ‐ ഫ്രാൻസ് കൂടിയാലോചനകൾ നടന്നത‌്. വാണിജ്യചർച്ചകൾക്ക് പ്രതിരോധമന്ത്രാലയം നിയോഗിച്ച ഏഴംഗ സംഘം നടത്തിയ വിലപേശലിനു സമാന്തരമായി പ്രധാനമന്ത്രിയുടെ ഓഫീസ‌് ഫ്രാൻസുമായി ചർച്ച നടത്തിയെന്ന‌് വ്യക്തമാക്കുന്ന രേഖകൾ പിന്നീട‌് പുറത്തുവന്നു. റഫേലിനെ ആവേശപൂർവം വരവേറ്റെങ്കിലും വിവാദങ്ങൾ ബാക്കിയാണ്.
deshabhimani editorial 010820
No comments:
Post a Comment