Monday, August 3, 2020

നിയമനം വേണ്ടാത്തവരുടെ കണക്ക്‌ പൂഴ്‌ത്താൻ പറ്റില്ല ; വനിതാ കോൺസ്‌റ്റബിൾ ലിസ്റ്റ്‌ ഉടൻ

ഒരു ഉദ്യോഗാർഥിക്ക്‌ നിയമനശുപാർശ അയച്ചിട്ടും അയാൾ ജോലിക്ക്‌ വന്നില്ലെങ്കിൽ പിഎസ്‌സി സാധാരണ എന്താണ്‌ ചെയ്യുക... പ്രാഥമിക നടപടിക്രമം അറിയുന്നവർക്കറിയാം നോൺ ജോയിനിങ്‌ ഡ്യൂട്ടി (എൻജെഡി) റിപ്പോർട്ട്‌ ചെയ്യും. എൻജെഡി പിഎസ്‌സിക്ക്‌ പൂഴ്‌ത്തിവയ്‌ക്കാൻ പറ്റുമോ...? ഇല്ല എന്നു മാത്രമല്ല ഇതിൽ ഒരു ചെറിയ വീഴ്‌ച സംഭവിച്ചാൽപോലും  ഉദ്യോഗസ്ഥർ ഉത്തരം നൽകണം. അത്ര കൃത്യമാണ്‌ നടപടി ക്രമങ്ങൾ. വസ്തുത ഇതായിരിക്കെയാണ്‌ പിഎസ്‌സി റാങ്ക്‌ലിസ്‌റ്റ്‌ വൈകിപ്പിക്കുന്നുവെന്നും നോൺ ജോയിനിങ്‌ ഡ്യൂട്ടി (എൻജെഡി)റിപ്പോർട്ട്‌ ചെയ്യുന്നില്ലെന്നുമുള്ള പ്രചാരണവുമായി ചിലർ ഇറങ്ങുന്നത്‌. ഉദ്യോഗാർഥികളെ കബളിപ്പിച്ച്‌ സർക്കാരിനെതിരെ തിരിക്കുക എന്ന ദുഷ്‌ടലാക്കാണ്‌ ഇതിന്‌ പിന്നിൽ. 

പെർമനന്റ്‌ കാൻഡിഡേറ്റ്‌ നമ്പർ

നിയമന ശുപാർശയോടൊപ്പം പിഎസ്‌സി  ഉദ്യോഗാർഥിയുടെ പെർമനന്റ്‌ കാൻഡിഡേറ്റ്‌ നമ്പർ (പിസിഎൻ) അടങ്ങിയ ഒരു സർട്ടിഫിക്കറ്റ് അതാത്‌ വകുപ്പുകൾക്ക് അയക്കും. ജോലിക്ക്‌ ഹാജരായി കഴിയുമ്പോൾ അതത്‌ വകുപ്പുകൾ ഈ സർട്ടിഫിക്കറ്റ് പിഎസ്‌സിക്ക്‌ തിരിച്ചയക്കണം. ഹാജരാകാത്തവരുടെ കാര്യം കാലാവധി കഴിയുമ്പോൾ വകുപ്പുകൾ പിഎസ്‌സിയെ അറിയിക്കും.  ഇതോടെ ആ ഉദ്യോഗാർഥിയുടെ ടേൺ നഷ്ടമാകുകയും ചെയ്യും. ഇതിൽ ഒരു ചെറിയ വീഴ്‌ചപോലും ആർക്കും നടത്താനാകില്ല.

വിജേഷ്‌ ചൂടൽ

വനിതാ കോൺസ്‌റ്റബിൾ ലിസ്റ്റ്‌ ഉടൻ

വനിതാ പൊലീസ്‌ കോൺസ്‌റ്റബിൾ റാങ്ക്‌ലിസ്‌റ്റ്‌ നിയമപരമായ തടസ്സങ്ങളുടെ പേരിൽ നീണ്ടതിനെ പർവതീകരിച്ചാണ്‌ അടിസ്ഥാനമില്ലാത്ത മറ്റൊരു പ്രചാരണം. ഈ ലിസ്‌റ്റിൽപ്പെട്ട ഏതാനും പേർ കായികക്ഷമതാപരീക്ഷയുടെ തീയതി മാറ്റാൻ കോടതിയിൽ പോയതുവഴിയാണ്‌ ലിസ്റ്റ്‌ വൈകാൻ ഇടയായത്‌. ഇവർക്ക്‌ മാർച്ചിൽ കായികപരീക്ഷ തീരുമാനിക്കുകയും ചെയ്‌തു. കോവിഡ്‌ കാരണം ഇത്‌ നടത്താനായില്ല. ആഗസ്തിൽ നടത്താൻ ആലോചിച്ചെങ്കിലും കോവിഡ്‌ രൂക്ഷമായി. ഇനി അതിനുകാത്തു നിൽക്കാതെ റാങ്ക്‌ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കാൻ പിഎസ്‌സി നിർദേശം നൽകിയിട്ടുമുണ്ട്‌. കായികക്ഷമതാ പരീക്ഷ നടത്താത്തവർക്ക്‌ പിന്നീട്‌ നടത്തി കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിലൂടെ ഉൾപ്പെടുത്തും.

No comments:

Post a Comment