അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ഉത്തർപ്രദേശ് അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന് ഏറ്റെടുത്തത് സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. അയോധ്യാതർക്കം ഇരുപക്ഷത്തിനും സ്വീകാര്യമായ ഉഭയകക്ഷി കരാർ വഴിയോ കോടതിവിധിയുടെ അടിസ്ഥാനത്തിലോ പരിഹരിക്കണമെന്ന നിലപാടാണ് സിപിഐ എം തുടക്കംമുതൽ സ്വീകരിച്ചത്. സുപ്രീംകോടതി വിധി പറയുകയും രാമക്ഷേത്ര നിർമാണത്തിന് വഴി തുറക്കുകയും ചെയ്‌തു.
നിർമാണച്ചുമതല ട്രസ്‌റ്റ് ഏറ്റെടുക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. ട്രസ്‌റ്റാണ് ഈ കടമ നിറവേറ്റേണ്ടത്.
1992 ഡിസംബർ ആറിന് ബാബ്‌റി മസ്‌ജിദ് തകർത്തതിനെ ക്രിമിനൽ കൃത്യമായി കണ്ട് കോടതി അപലപിച്ചു. ഇതിൽ കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം, മസ്‌ജിദിന്റെ തകർച്ചയ്‌ക്ക് മുൻകാലപ്രാബല്യത്തോടെ നിയമസാധുത നൽകുന്നവിധം കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കരുത്.
കോവിഡ് മഹാമാരി രാജ്യമെമ്പാടും പടരുകയാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം മതപരമായ സമ്മേളനം അനുവദനീയമല്ല. അയോധ്യയിൽ പുരോഹിതർക്കും പൊലീസുകാർക്കും കോവിഡ് ബാധിച്ചെന്ന റിപ്പോർട്ട് മനുഷ്യജീവൻ നേരിടുന്ന ഭീഷണി എടുത്തുകാട്ടുന്നു.
ഭരണഘടനാതത്വങ്ങളായ മതനിരപേക്ഷതയും നീതിയും ഉയർത്തിപ്പിടിക്കാൻ രാജ്യത്തെ ജനങ്ങളോട് പിബി ആഹ്വാനം ചെയ്‌തു. കോവിഡ് പ്രതിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ മതവികാരം ചൂഷണം ചെയ്യാൻ അനുവദിക്കരുതെന്നും പിബി ജനങ്ങളോട് ആഹ്വാനംചെയ്‌തു.
രാമക്ഷേത്ര നിർമാണം: കോൺഗ്രസ് നിലപാടിനെ വിമർശിച്ച് സമസ്ത
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്‌ത കോൺഗ്രസ് നേതാക്കളുടെ നിലപാടിനെ നിശിതമായി വിമർശിച്ച് സമസ്‌ത. മൃദു ഹിന്ദുത്വ നയം തുടർന്നാൽ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽനിന്ന് കോൺഗ്രസിന്റെ അടയാളം മാഞ്ഞുപോകുന്ന കാലം വിദൂരമല്ല–- സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ) വിഭാഗം വ്യക്തമാക്കി. മുഖപത്രമായ ‘സുപ്രഭാത’ത്തിലൂടെയാണ് വിമർശനം. ക്ഷേത്രനിർമാണത്തെ പിന്തുണച്ച മുതിർന്ന കോൺഗ്രസ് നേതാക്കളായ കമൽ നാഥിന്റെയും ദിഗ്‌വിജയ് സിങ്ങിന്റെയും നിലപാട് സൂചിപ്പിച്ചാണ് സമസ്തയുടെ മുന്നറിയിപ്പ്.
ഇത്തരം നേതാക്കൾ തുടരുന്നിടത്തോളം കാലം ഇന്ത്യയിൽ കോൺഗ്രസിന് ഭാവിയില്ല. രാഷ്ട്രീയലാഭത്തിനായി രാജീവ് ഗാന്ധി ബാബറി മസ്ജിദ് ശിലാന്യാസത്തിനും പൂജക്കും തുറന്നുകൊടുത്തതാണ് രാജ്യത്ത് സംഘപരിവാരത്തിന് നേട്ടമായതെന്നും മുഖപ്രസംഗത്തിൽ പറഞ്ഞു.
നെഹ്റു കോൺഗ്രസിന്റെ നെറ്റിത്തടത്തിൽ പതിപ്പിച്ച മതേതര മുദ്ര അധികാര രാഷ്ട്രീയത്തിന്റെ മാധുര്യം നുണഞ്ഞിറക്കിയ ഏതാനും കോൺഗ്രസ് നേതാക്കൾ മായ്ച്ചുകൊണ്ടിരിക്കയാണ്–- ഇത് കോൺഗ്രസിൽനിന്ന് പ്രതീക്ഷിക്കാത്തത് എന്ന ശീർഷകത്തിലുള്ള മുഖപ്രസംഗത്തിൽ പറയുന്നു. 17 കോടി മുസ്ലിങ്ങളുടെ ഹൃദയങ്ങളെ കീറിമുറിച്ചാണ് അയോധ്യയിലെ ക്ഷേത്രത്തിന് തറയൊരുക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ഓർക്കണം.
ബിജെപിയുടെ രാഷ്ട്രീയ അജൻഡയെ തുറന്നുകാട്ടുന്നതിനുപകരം അവർക്കൊപ്പം ചേർന്നുപോകുന്ന രാഷ്ട്രീയനയം സ്വീകരിക്കുന്നത് ആത്മഹത്യാപരമാണെന്ന മുന്നറിയിപ്പും മുഖപ്രസംഗം നൽകുന്നു.
അയോധ്യ ഭൂമിപൂജ; അദ്വാനിക്കും ജോഷിക്കും ക്ഷണം ഫോണിലൂടെമാത്രം
ന്യൂഡൽഹി > ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിക്കും മുരളീമനോഹർ ജോഷിക്കും അയോധ്യയിലെ ഭൂമിപൂജ ചടങ്ങിലേക്ക് ഫോണിലൂടെയുള്ള ക്ഷണംമാത്രം. അഞ്ചിനുള്ള ചടങ്ങിലേക്ക് ഇവരെ ക്ഷണിക്കാത്തത് മാധ്യമവാര്‍ത്തയായതോടെയാണ് ഫോണിൽ ക്ഷണിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചത്.
ഇരുവരും വീഡിയോ കോൺഫറന്‍സിലൂടെയാകും ചടങ്ങില്‍ പങ്കെടുക്കുകയെന്ന് സൂചനയുണ്ട്.മുൻ കേന്ദ്രമന്ത്രി ഉമാഭാരതി, ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺസിങ് തുടങ്ങിയവർക്ക് നേരത്തേ ക്ഷണം ലഭിച്ചിരുന്നു. ബാബ്‌റി മസ്‌ജിദ് തകർത്ത ഗൂഢാലോചനക്കേസിൽ പ്രതികളായ അദ്വാനിയും ജോഷിയും കഴിഞ്ഞ ആഴ്‌ച ലഖ്‌നൗ സിബിഐ പ്രത്യേക കോടതിമുമ്പാകെ ഹാജരായിരുന്നു.
‘രാമക്ഷേത്ര നിര്‍മാണം ബിജെപി താല്‍പര്യം മാത്രമല്ല, ഹൈന്ദവ കോണ്‍ഗ്രസുകാരന്റെയും ആവശ്യം’ കമൽനാഥിനെ പിന്തുണച്ച് മഹിളാ കോൺഗ്രസ് നേതാവ്
കൊച്ചി> അയോധ്യയിൽ രാമക്ഷേത്രനിർമ്മാണം ബിജെപിയുടെ താൽപര്യം മാത്രമല്ലെന്നും ഹൈന്ദവ കോൺഗ്രസുകാരുടേയും ആഗ്രഹമാണെന്ന് മഹിളാ കോൺഗ്രസ് നേതാവ്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നിലപാട് വ്യക്‌തമാക്കിയത്. അയോധ്യയിലെ രാമക്ഷേത്രം നിർമിക്കുന്നത് എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണെന്ന മധ്യപ്രദേശ് കോൺഗ്രസ് തലവൻ കമൽനാഥിന്റെ നിലപാടിനെ ഷീബ പോസ്‌റ്റിൽ പിന്തുണയ്‌ക്കുന്നുമുണ്ട്.
‘രാമക്ഷേത്ര നിര്‍മ്മാണം എന്നത് രാജ്യ താല്പര്യം അല്ലെങ്കിലും ബിജെപിയുടെ മാത്രം താല്‍പര്യത്തിന് നടക്കാന്‍ പോകുന്നില്ല. ഇവിടെ വിശ്വാസികളായ എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും കൂടി നിര്‍മ്മാണത്തില്‍ പങ്കാളിത്തം ഉണ്ടാവണം’. ഷീബ പോസ്‌റ്റിൽ പറയുന്നു
രാമന്റെയും കൃഷ്ണന്റെയും ഉടമസ്ഥാവകാശം ഇവിടെയാരും ബിജെപിക്ക് ഒസ്യത്ത് നല്‍കിയിട്ടില്ല – രാമന്റെ ക്ഷേത്രം ആര്‍എസ്എസ്-ബിജെപിക്കാരുടെ മാത്രം തറവാടുവക സ്വത്തല്ല – ഇവിടെ ഞാനുള്‍പ്പെടുന്ന ഓരോ ഹൈന്ദവ കോണ്‍ഗ്രസു കാരന്റെയും വിശ്വാസികളായ കമ്മ്യൂണിസ്റ്റ്കാരന്റെയും കൂടിയാണ്.
കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രാമക്ഷേത്ര വിഷയത്തില്‍ സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് ആശയത്തിനും മതേതരത്വ സംസ്‌കാരത്തിനും എതിരല്ല.’ ആര്‍.എസ്സ്.എസ്സിനും ബിജെപിക്കും ഇന്ത്യയിലെ മതേതര ഹിന്ദുക്കള്‍ ഒരു ക്ഷേത്രവും തീറെഴുതിയിട്ടില്ല. ഏറ്റവും വലിയ മതേതര പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് നേതൃത്വം അതില്‍ പങ്കെടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല.
ക്ഷേത്രം ഞാനടങ്ങുന്ന ഹിന്ദുവിന്റേതാണ്.ബിജെപിയുടേതല്ല…! ഷീബ പറയുന്നു.
No comments:
Post a Comment