Wednesday, March 23, 2011

കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ്റ്: പ്രവര്‍ത്തകര്‍ വീണ്ടും തെരുവില്‍

സ്വന്തം ലേഖകന്‍ തൃശൂര്‍: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം പുറത്തുവരുംമുമ്പ് വീണ്ടും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഒരാഴ്ചയായി തുടരുന്ന പ്രതിഷേധപ്രകടനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച തൃശൂര്‍ ടൌണിലും മാളയിലുമാണ് പ്രതിഷേധം അലയടിച്ചത്. നാട്ടികയില്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം ഭാരവാഹി രാജിവയ്ക്കുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നാരോപിച്ച് നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച വൈകിട്ട് തൃശൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. രാമനിലയം പരിസരത്തുനിന്നാരംഭിച്ച പ്രകടനം കോര്‍പറേഷനു മുന്നില്‍ സമാപിച്ചു. യുവാക്കളെ വെട്ടി നിരത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാപ്പില്ലെന്ന് പ്രകടനക്കാര്‍ പ്രഖ്യാപിച്ചു. ഇക്കുറിയും സീറ്റ് നിഷേധിച്ച ഡിസിസി വൈസ് പ്രസിഡന്റ് ഒ അബ്ദുള്‍റഹ്മാന്‍കുട്ടിക്ക് അനുകൂലമായും കൊടുങ്ങല്ലൂരില്‍ സ്ഥാനാര്‍ഥിയാവുന്ന മാള മുന്‍ എംഎല്‍എ ടി യു രാധാകൃഷ്ണന് എതിരായും മുദ്രാവാക്യം വിളിച്ചു. ഡിസിസി എക്സിക്യുട്ടീവ് അംഗം സുലൈമാന്‍ ചേലക്കര, ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് പൊറ്റയില്‍, കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് കാച്ചപ്പിള്ളി, ഡിസിസി അംഗം കെ പി ഉമ്മര്‍, നിഷാദ് കെ ചേറ്റുവ, ട്രൂസന്‍ ചേറ്റുപുഴ, ഷാനവാസ് തിരുവത്ര തുടങ്ങിയവര്‍ പ്രകടനത്തിലുണ്ടായിരുന്നു.

കൊടുങ്ങല്ലൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവുമെന്ന് കരുതുന്ന മാള മുന്‍ എംഎല്‍എ ടി യു രാധാകൃഷ്ണനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാള ടൌണില്‍ ഉപവാസസമരം നടത്തി. കെ മുരളീധരനെ കൊടുങ്ങല്ലൂരില്‍ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ടി യു രാധാകൃഷ്ണന്റേത് കോഴ നല്‍കി വാങ്ങിയ സീറ്റാണെന്നും 2006ലെ പരാജയം ഇക്കുറിയും ഏറ്റുവാങ്ങുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കി. 'ടി യു രാധാകൃഷ്ണന്‍ വേണ്ടേ വേണ്ട, കൊടുങ്ങല്ലൂരില്‍ വേണ്ടേ വേണ്ട' തുടങ്ങിയ മുദ്രാവാക്യങ്ങളും അവര്‍ വിളിച്ചു. മാള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീപ് പരമേശ്വരന്‍, കെ കെ മുഹമ്മദ് ഹനീഫ്, ടി പി പരമേശ്വരന്‍ നമ്പൂതിരി, പി കെ സിദ്ദിഖ്, ജോയ് പാത്താടന്‍, ഗഫൂര്‍, മുളംപറമ്പില്‍, പി എസ് മധു, ടി ഐ അബ്ദുള്‍ കരീം, മുഹമ്മദ് ഷെജിന്‍ മേത്തര്‍, ബെന്നി ഐനിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ന്യൂനപക്ഷങ്ങളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കെപിസിസി ന്യൂനപക്ഷ വിഭാഗം നാട്ടിക ബ്ളോക്ക് ചെയര്‍മാന്‍ പി എസ് പി നസീര്‍ തല്‍സ്ഥാനം രാജിവച്ചു.

കത്തോലിക്കാ സഭക്ക് കോണ്‍ഗ്രസ് അര്‍ഹമായ പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച് അതിരൂപത ജാഗ്രതാസമിതി രംഗത്തുവന്നിട്ടുണ്ട്. സഭക്കു സ്വാധീനമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെതിരെ സഭ സ്ഥനാര്‍ഥികളെ നിറുത്തുമെന്നും മുന്നറിയിപ്പു നല്‍കി. സീറ്റ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ അനുയായികള്‍ ചേരിതിരിഞ്ഞ് ജില്ലയുടെ പല ഭാഗങ്ങളിലും ഇതിനകം പ്രകടനം നടത്തി. നിജി ജസ്റ്റിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഒരു വിഭാഗം തൃശൂരിലും ഒല്ലൂരിലും പ്രകടനം നടത്തി. കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയില്‍ സി എന്‍ ബാലകൃഷ്ണനെതിരെയും പ്രകടനം നടന്നു. കയ്പമംഗലം ജെഎസ്എസിനു നല്‍കിയതില്‍ പ്രതിഷേധിച്ച് പ്രദേശത്തെ യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. കൊടുങ്ങല്ലൂര്‍ വിട്ടുകിട്ടാത്തതില്‍ ജെഎസ്എസും പ്രതിഷേധത്തിലാണ്. നാട്ടികയും കുന്നംകുളവും സിഎംപിക്കു നല്‍കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂരില്‍ എം വി രാഘവന്റെ കോലം കത്തിച്ചു. കുന്നംകുളത്തും പ്രതിഷേധ പ്രകടനം നടന്നു. ഗുരുവായൂരില്‍ ലിഗിന്റെ ഇറക്കുമതി സ്ഥാനാര്‍ഥി വരുന്നതില്‍ പ്രതിഷേധിച്ച് ചാവക്കാട്ടെ ലീഗ് പ്രവര്‍ത്തകരും തെരുവിലിറങ്ങി. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി യുഡിഎഫിലെ കലാപം നാള്‍ക്കുനാള്‍ ശക്തിപ്പെടുകയാണ്.

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

പാലക്കാട്: സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും സംബന്ധിച്ചുണ്ടായ തര്‍ക്കം ജില്ലയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയിലെത്തിച്ചു. പാലക്കാടും മണ്ണാര്‍ക്കാടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞു. കോട്ടമൈതാനത്തുനിന്ന് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനമാണ് അക്രമാസക്തമായത്. ശകുന്തള ജങ്ഷനില്‍ സ്ഥാപിച്ച കയര്‍ബോര്‍ഡ് ചെയര്‍മാന്‍ വി എസ് വിജയരാഘവന്റെ ബോര്‍ഡ് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചു. പ്രവര്‍ത്തകരുടെ കല്ലേറില്‍ ഡിസിസി ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. ഗോപിനാഥിന് പകരം ഷാഫി പറമ്പിലിനെ പാലക്കാട് സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കമാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. 'ഷാഫിയെ വേണ്ട എ വി യെ വിളിക്കൂ, ഗോപിനാഥ് ഇല്ലെങ്കില്‍ പാലക്കാട് വേണ്ട' തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രകടനം. മലമ്പുഴയിലേക്ക് വി എസ് വിജയരാഘവന്റെ പേര് പരിഗണിച്ചതാണ് പ്രശ്നം രൂക്ഷമാക്കിയതെന്നും ഒരു വിഭാഗം പറയുന്നു. ഷാഫിയുടെ പേര് ആദ്യം പരിഗണിച്ചത് മലമ്പുഴയിലായിരുന്നുവെന്നും ഇവിടെ വിജയരാഘവന്റെ പേര് വന്നതോടെ ഷാഫിയെ പാലക്കാട്ടേക്ക് മാറ്റിയതുമാണ് ഗോപിനാഥിന് സീറ്റ് നഷ്ടപ്പെടാന്‍ കാരണമെന്നും ഇവര്‍ വിശ്വസിക്കുന്നു.

കെപിസിസി സെക്രട്ടറി പി ജെ പൌലോസിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മണ്ണാര്‍ക്കാട് ചൊവ്വാഴ്ച എ ഗ്രൂപ്പ് പ്രകടനം നടത്തിയത്. ടൌണില്‍ നടത്തിയ പ്രകടനത്തില്‍ കോണ്‍ഗ്രസിന്റെ മണ്ഡലം, ബ്ളോക്ക് ഭാരവാഹികള്‍ പങ്കെടുത്തിരുന്നു. ഒറ്റപ്പാലത്തായിരുന്നു പൌലോസിനെ പരിഗണിച്ചത്. എന്നാല്‍ ഇവിടെ ഐ ഗ്രൂപ്പിലെ വി കെ ശ്രീകണ്ഠന് സീറ്റ് ഏതാണ്ട് ഉറപ്പായി. പട്ടാമ്പിയിലെയും ഷൊര്‍ണൂരിലെയും വിമതകവന്‍ഷനുകളും പാലക്കാട്ടും മണ്ണാര്‍ക്കാടും അരങ്ങേറിയ പ്രതിഷേധ ജാഥകളും കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്നതാണ്. ജില്ലയില്‍ 12 മണ്ഡലങ്ങളില്‍ ഏഴെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. എന്നാല്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധം കത്തിക്കാളുകയാണ്. സ്വന്തക്കാരെയും സ്തുതിപാഠകരെയും കുത്തിനിറച്ച സ്ഥാനാര്‍ഥി പട്ടികക്കെതിരെയാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരിക്കുന്നത്.

പട്ടാമ്പിയില്‍ തുടക്കമിട്ട വിമതനീക്കം ഇപ്പോള്‍ മറ്റ് മണ്ഡലങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. പട്ടാമ്പിയില്‍ എ ഗ്രൂപ്പിലെ സി പി മുഹമ്മദിന് സീറ്റ് നല്‍കരുതെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ഗ്രൂപ്പില്‍പ്പെട്ട ഡിസിസി സെക്രട്ടറി കെഎസ്ബിഎ തങ്ങളുടെ നേതൃത്വത്തിലായിരുന്നു യോഗം. 600ഓളം പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഷൊര്‍ണൂരിലും കോണ്‍ഗ്രസ് പാളയത്തില്‍ പടയൊരുക്കം തുടങ്ങി. എം ആര്‍ മുരളിയെ പിന്തുണക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ ഗ്രൂപ്പ് മറന്നാണ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസിനെ ഇക്കാലംവരെ തള്ളിപ്പറഞ്ഞ മുരളിക്ക് സീറ്റ് നല്‍കുന്നത് യഥാര്‍ഥ പ്രവര്‍ത്തകരെ അപമാനിക്കലാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കോണ്‍ഗ്രസിനെ ജെവിഎസിന്റെ മുന്നില്‍ അടിയറവയ്ക്കുന്ന നടപടിയാണ് കെപിസിസി നേതൃത്വം കൈക്കൊള്ളുന്നതെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയിരുന്നു. നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതോടെ മുരളിയുടെ നിലനില്‍പ്പും പരുങ്ങലിലായി. സ്ഥാനാര്‍ഥി നിര്‍ണയത്തിനു പുറമെ ആലത്തൂര്‍,തരൂര്‍ സീറ്റുകള്‍ മാണിവിഭാഗത്തിനും ജേക്കബ്ബ് വിഭാഗത്തിനും നല്‍കിയതിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പ്രാദേശിക നേതൃത്വത്തിനും കടുത്ത അതൃപ്തിയാണുള്ളത്. ചിറ്റൂരില്‍ സീറ്റ് ലഭിക്കാത്തത് സോഷ്യലിസ്റ്റ് ജനതാദളിനെയും ചൊടിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment