Thursday, March 24, 2011

'തങ്കമണി'യുടെ കണ്ണീരിന് കാല്‍ നൂറ്റാണ്ട്

ഇടുക്കി: യു ഡി എഫ് സര്‍ക്കാരിന്റെ കുപ്രസിദ്ധമായ തങ്കമണിയിലെ നരനായാട്ടിന് കാല്‍നൂറ്റാണ്ട് തികയുകയുന്നു. ഒരു മലയോര ഗ്രാമത്തിലേയ്ക്ക് പൊലീസുകാരെയും ഗുണ്ടകളെയും ഇറക്കിവിട്ട് യു ഡി എഫ് സര്‍ക്കാര്‍ നടത്തിയ അക്രമത്തിന്റെയും മാനഭംഗത്തിന്റെയും പേടിപ്പെടുത്തുന്ന ഓര്‍മകള്‍ ഗ്രാമവാസികളുടെ മനസില്‍ ഇന്നലെയെന്നപോലെ തെളിഞ്ഞുനില്‍ക്കുന്നു.

1986 ഒക്‌ടോബര്‍ 20നാണ് ഇടുക്കി ജില്ലയിലെ മലയോരഗ്രാമമായ തങ്കമണിയിലെ ജനങ്ങള്‍ ക്രൂരമായി വേട്ടയാടപ്പെട്ടത്. പൊലീസിന്റെയും യു ഡി എഫ് കൊണ്ടുവന്ന ഗുണ്ടകളുടെയും ആക്രമണത്തില്‍ കോഴിമല അവറാച്ചന്‍ എന്ന പാവം മനുഷ്യന്‍ കൊലചെയ്യപ്പെടുകയും ഒട്ടേറെ സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാകുകയും ചെയ്തു. പുരുഷന്‍മാരും സ്ത്രീകളും കുട്ടികളുമടക്കം ഒരു ഗ്രാമത്തിലെ ജനങ്ങള്‍ പൈശാചികമായ രീതിയില്‍ മര്‍ദനത്തിന് ഇരയായി.

വിദ്യാര്‍ഥികളടക്കം  ആയിരക്കണക്കിനാളുകള്‍ ദൈനംദിനം യാത്രചെയ്യുന്ന തങ്കമണി  ബസുകള്‍ റോഡ് മോശമായി എന്നതിന്റെ പേരില്‍ രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള പാറക്കടവില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതിനെ ചൊല്ലി  വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കമാണ് ഈ ദുരന്തത്തിലേയ്ക്ക് വഴിവച്ചത്. തങ്കമണിയിലേയ്ക്ക് ബസ് ഓടിക്കണം എന്നാവശ്യപ്പെട്ട വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു. തുടര്‍ന്ന് അവിടേയ്‌ക്കെത്തിയ അതേ ബസിലുള്ള ജീവനക്കാരും വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം തുടര്‍ന്നു. ഈ വിഷയം രമ്യമായി പരിഹരിക്കേണ്ട പൊലീസുകാര്‍ ബസ് മുതലാളിമാരുടെ പക്ഷം ചേരുകയും ബസുടമകളുടെ ഗുണ്ടകളും പൊലീസുകാരും  കണ്ണില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിക്കുകയും തങ്കമണിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇത് പ്രതിരോധിക്കാന്‍ തങ്കമണി പള്ളി ഇടവകയിലെ പുരോഹിതനടക്കം എല്ലാ വിഭാഗം ജനങ്ങളും രംഗത്തെത്തിയതോടെ പൊലീസ് കൂടുതല്‍ അക്രമാസക്തരാകുകയും ജനക്കൂട്ടത്തിന്റെ നേര്‍ക്ക് നിറയൊഴിക്കുകയുമായിരുന്നു. കോഴിമല അവറാച്ചന്‍ എന്നയാള്‍ സംഭവസ്ഥലത്ത് മരിച്ചുവീണു. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. പിന്നീട് തങ്കമണി എന്ന കുടിയേറ്റ ഗ്രാമത്തില്‍ നടന്നത് ഗുണ്ടകളുടെയും പൊലീസിന്റെയും തേര്‍വാഴ്ചയാണ്. അറസ്റ്റ് ഭയന്ന് എല്ലാ വീട്ടിലെയും പുരുഷന്‍മാര്‍ തൊട്ടടുത്തുള്ള കുരിശുമലയിലേയ്ക്ക് പിന്‍വാങ്ങി. രാത്രിയില്‍ പൊലീസ് അതിക്രമിച്ചുകയറിയത്് സ്ത്രീകളും കുട്ടികളും മാത്രമടങ്ങുന്ന വീടുകളിലേയ്ക്കായിരുന്നു.

പള്ളിയും കന്യാസ്ത്രീമഠങ്ങളും അവര്‍ ഒഴിവാക്കിയില്ല. ഇരുട്ടില്‍ മുങ്ങിയ തങ്കമണി എന്ന ഗ്രാമത്തിന്റെ എല്ലാ ഭാഗങ്ങളിലും കേട്ടത് ആര്‍ത്തനാദങ്ങളും ആക്രോശങ്ങളും. കൊച്ചുകുട്ടികളെ അമ്മയുടെ മാറിടത്തില്‍ നിന്നും പിടിച്ചെടുത്ത് പുറത്തേക്കെറിഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയുംമേല്‍ അവരുടെ ഗൃഹനാഥനുവേണ്ടി അതിക്രൂരമായ മര്‍ദനമുറകള്‍ സ്വീകരിച്ചു. ഒപ്പം കൂട്ടമാനഭംഗവും. അന്തസുറ്റ ഒരു ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഒരിക്കലും ആരോടും പറയാനാവാത്ത ഒട്ടേറെ ദുരനുഭവങ്ങള്‍ ഉണ്ടായ രാത്രിയായിരുന്നു അത്.

കെ കരുണാകരന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കാലമായിരുന്നു അന്ന്. എന്നാല്‍ ഈ അതിക്രമത്തിനെതിരെ ഒരുവിരല്‍പോലും ചലിപ്പിക്കാന്‍ യു ഡി എഫും അന്നത്തെ മന്ത്രിസഭയും തയ്യാറായില്ല. തങ്കമണിയിലുള്ള ജനങ്ങളെ കഞ്ചാവുകൃഷിക്കാരും അക്രമികളും എന്നുപറഞ്ഞ് അവഗണിച്ച് വിഷയത്തില്‍ നിന്നും തലയൂരാനാണ് അന്ന് യു ഡി എഫ് ശ്രമിച്ചത്. എന്നാല്‍ അക്രമണത്തിന് വിധേയരായ ഒരു ജനതയ്ക്കുമുമ്പില്‍ രക്ഷകരായെത്താനും അവര്‍ക്കുവേണ്ടി സമരം ചെയ്യാനും എല്‍ ഡി എഫിനു കഴിഞ്ഞു. എല്‍ ഡി എഫ് സംസ്ഥാന നേതാക്കളായ പി കെ വാസുദേവന്‍ നായര്‍, ടി കെ രാമകൃഷ്ണന്‍ എന്നിവരും ജില്ലയില്‍ നിന്നും സി എ കുര്യന്‍, എം എം മണി എന്നിവരും ഒട്ടേറെ പൊതുപ്രവര്‍ത്തകരും ഈ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ഉറച്ച നിലപാടുകളെടുത്തപ്പോള്‍ അന്ന് യു ഡി എഫ് സര്‍ക്കാര്‍ തന്നെ പൊഴിഞ്ഞുവീണു. തുടര്‍ന്ന് വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ വെടിവയ്പില്‍ മരിച്ച കോഴിമല അവറാച്ചന്റെ കുടുംബത്തിന് ധനസഹായം നല്‍കുകയും ആക്രമണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തു. കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും അന്ന് എല്‍ ഡി എഫ് സന്നദ്ധമായി.
(കെ ആര്‍ രാജേന്ദ്രന്‍)

ജനയുഗം 240311

1 comment:

  1. ഇടുക്കി: യു ഡി എഫ് സര്‍ക്കാരിന്റെ കുപ്രസിദ്ധമായ തങ്കമണിയിലെ നരനായാട്ടിന് കാല്‍നൂറ്റാണ്ട് തികയുകയുന്നു. ഒരു മലയോര ഗ്രാമത്തിലേയ്ക്ക് പൊലീസുകാരെയും ഗുണ്ടകളെയും ഇറക്കിവിട്ട് യു ഡി എഫ് സര്‍ക്കാര്‍ നടത്തിയ അക്രമത്തിന്റെയും മാനഭംഗത്തിന്റെയും പേടിപ്പെടുത്തുന്ന ഓര്‍മകള്‍ ഗ്രാമവാസികളുടെ മനസില്‍ ഇന്നലെയെന്നപോലെ തെളിഞ്ഞുനില്‍ക്കുന്നു.

    1986 ഒക്‌ടോബര്‍ 20നാണ് ഇടുക്കി ജില്ലയിലെ മലയോരഗ്രാമമായ തങ്കമണിയിലെ ജനങ്ങള്‍ ക്രൂരമായി വേട്ടയാടപ്പെട്ടത്. പൊലീസിന്റെയും യു ഡി എഫ് കൊണ്ടുവന്ന ഗുണ്ടകളുടെയും ആക്രമണത്തില്‍ കോഴിമല അവറാച്ചന്‍ എന്ന പാവം മനുഷ്യന്‍ കൊലചെയ്യപ്പെടുകയും ഒട്ടേറെ സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാകുകയും ചെയ്തു. പുരുഷന്‍മാരും സ്ത്രീകളും കുട്ടികളുമടക്കം ഒരു ഗ്രാമത്തിലെ ജനങ്ങള്‍ പൈശാചികമായ രീതിയില്‍ മര്‍ദനത്തിന് ഇരയായി.

    ReplyDelete