Thursday, March 24, 2011
കോണ്‍ഗ്രസില്‍ കലാപം പടരുന്നു
വീതംവയ്പ് വിവാദത്തില്‍ മുങ്ങി പുറത്തിറങ്ങിയ സ്ഥാനാര്‍ഥിപ്പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം പടരുന്നു. സംസ്ഥാനത്തുടനീളം പ്രകടനവും കോലം കത്തിക്കലും നേതാക്കളുടെ പരസ്യ പ്രതിഷേധവും അരങ്ങേറി. പലയിടത്തും റിബലുകള്‍ രംഗത്തിറങ്ങി. ഇതിനിടെ, ഏകപക്ഷീയമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച സീറ്റുകള്‍ തങ്ങള്‍ക്കു വേണ്ടെന്ന് സിഎംപി വ്യക്തമാക്കി. അനുവദിച്ച ഏഴു സീറ്റില്‍ രണ്ടിടത്ത് മത്സരിക്കില്ലെന്ന് സോഷ്യലിസ്റ് ജനത നേതാവ് വീരേന്ദ്രകുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനു മുമ്പ് പൊട്ടിപ്പുറപ്പെട്ട കലാപം പ്രഖ്യാപനത്തോടെ രൂക്ഷമായി.
കെ കരുണാകരന്റെ മകളും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ പത്മജ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച കൊച്ചിയില്‍ ഗ്രൂപ്പു യോഗം ചേര്‍ന്നു. കരുണാകരന്റെ ആത്മാവ് പൊറുക്കാത്ത പാതകമാണ് കെപിസിസി നേതൃത്വം കാണിച്ചതെന്ന് പത്മജ തുറന്നടിച്ചു. കൊച്ചിയിലും തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തേക്കും കരുണാകരന്റെ കൂറ്റന്‍ കട്ടൌട്ടുകളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ മുദ്രാവാക്യം മുഴക്കി. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മത്സരിക്കുന്നതിനെ കെപിസിസി എക്സിക്യൂട്ടീവ് അംഗവും മുന്‍മന്ത്രിയുമായ കെ കെ രാമചന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. രണ്ടിലൊരാള്‍ പിന്മാറിയേ പറ്റൂ എന്ന് അദ്ദേഹം ദേശാഭിമാനിയോടു പറഞ്ഞു. ചെങ്ങന്നൂരില്‍ റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് പ്രഖ്യാപിച്ചു. ഷൊര്‍ണൂരില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച ശാന്താ ജയറാമിനെ പ്രചാരണത്തിന് ഇറങ്ങുന്നതില്‍ നിന്ന് കെപിസിസി വിലക്കി. എം ആര്‍ മുരളിക്കു വേണ്ടി തന്നെ ബലിയാടാക്കുന്നതില്‍ പ്രതിഷേധിച്ച് ചിറ്റൂരില്‍ റിബലായി മത്സരിക്കുമെന്ന് ശാന്ത അറിയിച്ചു.
കെപിസിസി എക്സിക്യൂട്ടീവിലുള്ള ഏഴു വനിതകളില്‍ ഒരാളെ മാത്രം സ്ഥാനാര്‍ഥിയാക്കിയതിനെതിരെ മഹിളാ നേതാക്കളിലും രോഷം പുകയുന്നു. ലതിക സുഭാഷിനെ മാത്രമാണ് സ്ഥാനാര്‍ഥിയാക്കിയത്. അതാകട്ടെ മലമ്പുഴയില്‍ ചാവേറായും. മലമ്പുഴ ആരും ഏറ്റെടുക്കാതെ വന്നപ്പോഴാണ് ഇവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്. കൊച്ചിയില്‍ ഡൊമിനിക് പ്രസന്റേഷനെതിരെ മുസ്ളിംലീഗ് ജില്ലാകമ്മിറ്റി അംഗം റിബലായി പത്രിക നല്‍കാന്‍ തീരുമാനിച്ചു. മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീറിനെതിരെ മത്സരിക്കുമെന്ന് ലീഗ് കോഴിക്കോട് സൌത്ത് മണ്ഡലം കൌണ്‍സില്‍ അംഗവും സംസ്ഥാന സെക്രട്ടറി ടി പി എം സഹിറിന്റെ മകനുമായ ടി പി എം ഹാഷിര്‍ അലി പറഞ്ഞു. പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് ബുധനാഴ്ചയും പരസ്യമായി സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രതികരിച്ചു. നേതൃത്വത്തിനു കച്ചവടതാല്‍പ്പര്യമാണെന്ന് ഗോപിനാഥ് തുറന്നടിച്ചു.
കെപിസിസി വക്താവ് എം എം ഹസ്സന് സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഹസ്സന്റെ ആശിര്‍വാദത്തോടെ ജനശ്രീ ഭാരവാഹികള്‍ രംഗത്തിറങ്ങി. ഹസ്സനെ അപമാനിച്ചതായി ജനശ്രീ കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖിന് സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി. സിദ്ദിഖ് പുറത്തായത് ഹൈക്കമാന്‍ഡിനെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണെന്ന് പി ടി തോമസ് എംപി കുറ്റപ്പെടുത്തി. ഇതേക്കുറിച്ച് തന്നോടല്ല ചോദിക്കേണ്ടത് എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഇരിക്കൂറില്‍ കെ സി ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയും തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
രാഹുല്‍ഗാന്ധിയുടെ നോമിനിയായി ചാലക്കുടിയില്‍ കെട്ടിയേല്‍പ്പിച്ച കെ ടി ബെന്നിക്കെതിരെ മണ്ഡലത്തിലുടനീളം ശക്തമായ പ്രതിഷേധമാണ്. കാസര്‍കോട് ഉദുമയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി കെ ശ്രീധരന്റെ കോലം കത്തിച്ചു. കോണ്‍ഗ്രസ് നീക്കിവച്ച മൂന്നു സീറ്റിലും മത്സരിക്കില്ലെന്ന് സിഎംപി അറിയിച്ചു.സിഎംപിയുടെ പ്രശ്നങ്ങള്‍ യുഡിഎഫ് നേതൃത്വം പരിഹരിച്ചേ മതിയാകൂ എന്ന് കെ എം മാണി കോട്ടയത്ത് പറഞ്ഞു. സോഷ്യലിസ്റ് ജനതയ്ക്ക് അനുവദിച്ച ഏഴു സീറ്റില്‍ ഉള്‍പ്പെട്ട നെന്മാറയിലും മട്ടന്നൂരിലും മത്സരിക്കില്ലെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ഈ സീറ്റുകളില്‍ ഒഴികെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇതിനു പുറമെ, വീരേന്ദ്രകുമാറും കെ കൃഷ്ണന്‍കുട്ടിയും തമ്മിലുള്ള ഭിന്നതയും രൂക്ഷമായി. കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചെന്ന് കൃഷ്ണന്‍കുട്ടി ദേശാഭിമാനിയോടു പറഞ്ഞു. എന്നാല്‍, കൃഷ്ണന്‍കുട്ടി സ്വന്തം അഭിപ്രായമാണ് പറഞ്ഞതെന്ന് വീരന്‍ തിരിച്ചടിച്ചു.
(എം രഘുനാഥ്)
ബേഡകം കണ്‍വന്‍ഷനില്‍ കസേരയേറ്; കോലം കത്തിച്ചു
കുണ്ടംകുഴി: ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ബേഡകം മണ്ഡലം കണ്‍വന്‍ഷനില്‍ കസേരയേറും ബഹളവും. വിവിധ പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥി സി കെ ശ്രീധരന്റെ കോലം കത്തിച്ചു. കുണ്ടംകുഴി മാനസം ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച രാവിലെ വിളിച്ചുചേര്‍ത്ത ബേഡകം മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷനാണ് അലങ്കോലമായത്. ഹാളിനകത്ത് പ്രവേശിക്കാനാകാതെ സി കെ ശ്രീധരന് മടങ്ങേണ്ടി വന്നു.
ഉദ്ഘാടനത്തിനുശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ഉടന്‍ ഒരുവിഭാഗം സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ഹാളില്‍ പ്രകടനം നടത്തി. ഇരുന്നൂറ്റമ്പതോളം പേര്‍ പങ്കെടുക്കേണ്ട കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ എതിര്‍പ്പ് മൂലം അറുപതോളം പേരാണ് പങ്കെടുത്തത്. സി കെ ശ്രീധരന്‍ അഴിമതി വീരന്‍, ഫണ്ട് മുക്കിയ ശ്രീധരന് വോട്ടില്ല തുടങ്ങി മുദ്രാവാക്യങ്ങളുമായി എഴുന്നേറ്റ പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ഒരു വിഭാഗം ശ്രമിച്ചെങ്കിലും അതിനിടയില്‍ കസേരയെറിഞ്ഞും മറ്റും യോഗം അലങ്കോലമായി. ഉദുമ മണ്ഡലം പ്രസിഡന്റ് നാരായണന്‍, കുമാരന്‍ നായര്‍, പാദൂര്‍ കുഞ്ഞാമു എന്നിവരൊക്കെ കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നെങ്കിലും പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ സ്ഥലത്തെത്തിയ സ്ഥാനാര്‍ഥി കണ്‍വന്‍ഷന്‍ ഹാളിനകത്ത് കടക്കാനാകാതെ കുണ്ടംകുഴി ക്ഷേത്രത്തില്‍ പോയശേഷം കുറ്റിക്കോല്‍ വഴി ബോവിക്കാനത്തേക്ക് മടങ്ങി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി കെ ശ്രീധരന്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്നും ബന്തടുക്ക കൊലപാതകക്കേസ് നടത്തിപ്പില്‍ വക്കീല്‍ ഫീസ് കണക്കുപറഞ്ഞ് വാങ്ങിയിട്ടും കേസ് തോറ്റുകൊടുത്തുവെന്നുമുള്ള ആരോപണങ്ങളാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. സി കെ ശ്രീധരന്റെ പേര് പറഞ്ഞുകേട്ടതുമുതല്‍ കൊല്ലംപണ, പറയംപള്ളം തുടങ്ങിയ പ്രദേശങ്ങളില്‍ പ്രകടനങ്ങളും നേതാക്കളുടെ കോലം കത്തിക്കലും നടന്നിരുന്നു. മാങ്ങാട് ജങ്ഷനില്‍ ബുധനാഴ്ച വൈകിട്ട് ബാര, മാങ്ങാട് ഭാഗങ്ങളിലെ അമ്പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി സി കെ ശ്രീധരന്റെ കോലം കത്തിച്ചു. ബന്തടുക്ക മണ്ഡലം കണ്‍വന്‍ഷനില്‍ ഇതിനേക്കാള്‍ രൂക്ഷമായ പ്രതിഷേധമുണ്ടാകുമെന്നാണ് സൂചന.
ജോസഫ് പ്രചാരണത്തിനിറങ്ങി; ശ്രീകണ്ഠപുരത്ത് പ്രതിഷേധം ഇരമ്പി
ഇരിക്കൂര്‍: പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് ഏഴാം തവണയും ഇരിക്കൂറില്‍ സീറ്റ് തരപ്പെടുത്തി പ്രചാരണത്തിനെത്തിയ കെ സി ജോസഫിനെതിരെ കോണ്‍ഗ്രസില്‍ വ്യാപക പ്രതിഷേധം. പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാനായി ശ്രീകണ്ഠപുരം ബ്ളോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ ജോസഫ് എത്തിയതറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബുധനാഴ്ച ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ടൌണില്‍ ആരംഭിച്ച പ്രകടനം കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവനു മുന്നിലെത്തിയതോടെ പ്രകടനക്കാരും എ ഗ്രൂപ്പ് നേതാക്കളുമായി വാക്കേറ്റവുമുണ്ടായി. 'വിസിറ്റിങ് എംഎല്‍എ ഇനി ഇരിക്കൂറിനുവേണ്ട. കെ സി ജോസഫിനെ നാടുകടത്തുക, ഇനിയും വിഡ്ഢികളാകാന്‍ ഞങ്ങളില്ല' എന്നിങ്ങനെ മുദ്രാവാക്യം വിളികളോടെയാണ് അമ്പതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും പ്രകടനം നടത്തിയത്.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് നൌഷാദ് ബ്ളാത്തൂര്‍, ശ്രീകണ്ഠപുരം മണ്ഡലം സെക്രട്ടറി സിജോ മറ്റപ്പള്ളി, പി എം ടോമി, കെ എ ഷംസീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. കോണ്‍ഗ്രസ് ഓഫീസിനു മുന്നിലെത്തിയതോടെ പ്രകടനക്കാര്‍ ഓഫീസില്‍ കയറി ജോസഫിനെ കൈയേറ്റം ചെയ്യാതിരിക്കാന്‍ ബ്ളോക്ക് പ്രസിഡന്റ് പി ജെ ആന്റണിയും കൂട്ടരും ഇടപെട്ടു. വാക്കേറ്റം കൈയ്യാങ്കളിയോളമെത്തി. തെരഞ്ഞെടുപ്പ് ദിവസം വീണ്ടും കാണാമെന്ന വെല്ലുവിളിയോടെയാണ് പ്രതിഷേധക്കാര്‍ പിന്തിരിഞ്ഞത്. ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍, കെപിസിസി സെക്രട്ടറി സതീശന്‍ പാച്ചേനി എന്നിവര്‍ക്ക് അനുകൂലമായും പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു.
deshabhimani 240311
Subscribe to:
Post Comments (Atom)
വീതംവയ്പ് വിവാദത്തില്‍ മുങ്ങി പുറത്തിറങ്ങിയ സ്ഥാനാര്‍ഥിപ്പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം പടരുന്നു. സംസ്ഥാനത്തുടനീളം പ്രകടനവും കോലം കത്തിക്കലും നേതാക്കളുടെ പരസ്യ പ്രതിഷേധവും അരങ്ങേറി. പലയിടത്തും റിബലുകള്‍ രംഗത്തിറങ്ങി. ഇതിനിടെ, ഏകപക്ഷീയമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച സീറ്റുകള്‍ തങ്ങള്‍ക്കു വേണ്ടെന്ന് സിഎംപി വ്യക്തമാക്കി. അനുവദിച്ച ഏഴു സീറ്റില്‍ രണ്ടിടത്ത് മത്സരിക്കില്ലെന്ന് സോഷ്യലിസ്റ് ജനത നേതാവ് വീരേന്ദ്രകുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനു മുമ്പ് പൊട്ടിപ്പുറപ്പെട്ട കലാപം പ്രഖ്യാപനത്തോടെ രൂക്ഷമായി.
ReplyDelete