മാനന്തവാടി: രോഗങ്ങളെ ചെറുത്തുതോല്‍പ്പിക്കാനുള്ള യത്‌നത്തിലാണ് വയനാടിന്റെ പഴയകാല എം എല്‍ എയായ കെ കെ അണ്ണന്‍. വംശീയ വൈദ്യനാണെങ്കിലും എഴുപത്തിനാലാം വയസില്‍ അണ്ണനും രോഗങ്ങള്‍ക്ക് അടിമപ്പെട്ടു. സ്വയം ചികിത്സക്കൊപ്പം മറ്റുള്ളവര്‍ക്കും ചികിത്സ നടത്തുന്നുണ്ട് അണ്ണന്‍. പ്രായം കല്‍പിച്ച അരുതായ്മകള്‍ക്കിടയിലും നാലര പതിറ്റാണ്ട് മുന്‍പത്തെ തിരഞ്ഞെടുപ്പിന്റെ ത്രില്‍ അണ്ണന്റെ മനസില്‍ ജ്വലിച്ചുനില്‍ക്കുന്നു.
ശരിക്കും ഇരുണ്ട ഭൂഖണ്ഡം തന്നെയായിരുന്നു അണ്ണന്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വയനാട്. ഐക്യ കേരളത്തിന്റെ ആദ്യത്തെയും രണ്ടാമത്തെയും തിരഞ്ഞെടുപ്പില്‍ ഇന്നത്തെ വയനാട് ജില്ല മൊത്തമായി വയനാട് ദ്വയാംഗ മണ്ഡലമായിരുന്നു. 1965ലാണ് മൂന്ന് നിയോജക മണ്ഡലങ്ങള്‍ നിലവില്‍ വന്നത്. ഇതില്‍ വടക്കേവയനാടും തെക്കേവയനാടും മണ്ഡലങ്ങള്‍ ആദിവാസി സംവരണവും. വിദ്യാര്‍ഥിയായിരിക്കെ തന്നെ അധ്യാപകന്റെ പ്രേരണയാല്‍ കമ്മ്യൂണിസത്തില്‍ ആകൃഷ്ടനായ അണ്ണന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കണ്ണൂരിലേക്ക് വണ്ടി കയറി. അവിടെ സി പി ഐ ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കവെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. കനപ്പെട്ട കമ്യൂണിസ്റ്റുകാരനായ ആദിവാസി യുവാവ് കൂടെയുള്ളപ്പോള്‍ പാര്‍ട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അണ്ണന്‍ തന്നെ വടക്കേവയനാട്ടില്‍ സ്ഥാനാര്‍ഥി.
വാഹനമോ ഉച്ചഭാഷിണിയോ ഒന്നുമില്ലാത്തതായിരുന്നു അന്നത്തെ പ്രചാരണം. മെഗാഫോണായിരുന്നു ഏക പ്രചാരണ മാധ്യമം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരും അടയാളവും അറിയിക്കാന്‍ ചുവരെഴുത്തും അപൂര്‍വമായി മാത്രം ബ്ലാക്ക് ആന്റ് വൈറ്റ് പോസ്റ്ററും. സ്ഥാനാര്‍ഥി പര്യടനമെന്നൊക്കെ പറഞ്ഞാല്‍ പദയാത്ര തന്നെ ശരണം. ഓരോ ദിവസവും നടന്നുനീങ്ങുന്ന പ്രചാരണത്തെ കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ല. യാത്രയില്‍ ഏറെയും കൊടുങ്കാട്ടിലൂടെയായതിനാല്‍ വന്യമൃഗങ്ങളെ മാത്രം ശ്രദ്ധിച്ചാല്‍ മതി. ശരീരത്തിന് ക്ഷീണം ഉണ്ടാവില്ല. തിരുനെല്ലി പോലുള്ള പ്രദേശങ്ങളിലെത്താന്‍ ഒരു ദിവസം തന്നെ വേണ്ടിവന്നു. മുന്‍കൂട്ടി നിശ്ചയിച്ചതിലും എട്ടും പത്തും മണിക്കൂര്‍ വൈകിയാണ് തിരുനെല്ലി ഭാഗത്തെ സ്വീകരണ കേന്ദ്രങ്ങളിലെത്തിയത്.
വൈദ്യുതിയെക്കുറിച്ച് നാട്ടുകാര്‍ക്ക് കേട്ടുകേള്‍വി മാത്രമുള്ള കാലമായിരുന്നു. പെട്രോമാക്‌സാണ് ഏക ആശ്രയം. പാര്‍ട്ടിക്കൂറുകൊണ്ട് പാതിരാത്രിയായാല്‍ പോലും തണുത്തുവിറച്ച് സ്ഥാനാര്‍ഥിയെയും കാത്തുനില്‍ക്കുന്ന വോട്ടര്‍മാരുടെ മുഖങ്ങള്‍ ഇപ്പോഴും മനസിലുണ്ട്. വടക്കേവയനാട് മണ്ഡലത്തില്‍ പാര്‍ട്ടിക്ക് വലിയ വിജയപ്രതീക്ഷ ഇല്ലാതെയായിരുന്നു കന്നിമത്സരം. എന്നാല്‍ ഫലം വന്നപ്പോള്‍ നേരെമറിച്ചായി. 7617 വോട്ടിന്റെ ഭൂരിപക്ഷം. നിയമസഭാംഗമായി തിരഞ്ഞെടുത്തെങ്കിലും ഈ സഭ ചേര്‍ന്നതേയില്ല.
വീണ്ടും 1967ല്‍ മത്സരിക്കുമ്പോഴാവട്ടെ തികഞ്ഞ പ്രതീക്ഷയിലായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സോഷ്യലിസ്റ്റ് പാര്‍ട്ടിയുമൊക്കെ ചേര്‍ന്ന സപ്ത കക്ഷി മുന്നണി. പ്രതീക്ഷ പോലെ അത്തവണയും അയ്യായിരത്തില്‍പ്പരം വോട്ടിന്റെ വിജയം. 67ലെ തിരഞ്ഞെടുപ്പിലും വയനാടിന്റെ മുഖം ഇരുണ്ടുതന്നെയായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് വിവിധ ഭാഗങ്ങളിലെത്താന്‍ ഒരു ജീപ്പുണ്ടായിരുന്നു. വീണ്ടും ഒരിക്കല്‍ കൂടി അണ്ണന്‍ ഗോദയിലിറങ്ങി. 1982ല്‍ എല്‍ ഡി എഫില്‍ സി പി ഐ സ്ഥാനാര്‍ഥിയായി. പക്ഷെ ആറായിരത്തില്‍പ്പരം വോട്ടിന് തോറ്റു. രണ്ട് തവണ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും രണ്ട് വര്‍ഷത്തോളമാണ് എം എല്‍ എയായി പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടായത്.
ജനപക്ഷത്തുനിന്നുള്ള വികസന കാഴ്ചപ്പാടും അഴിമതി വിരുദ്ധ സമീപനവും ഇടതുപക്ഷത്തിന് മാത്രമേയുള്ളുവെന്ന് അണ്ണന്‍ പറയുന്നു. ജാതി-മത ശക്തികള്‍ കണ്ണിലെ കരടായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ കാണുന്ന സമീപനത്തില്‍ വലിയ മാറ്റം വന്നിട്ടില്ല. എന്നാല്‍ ഈ സമീപനത്തിന്റെ പൊള്ളത്തരവും സ്വാര്‍ഥചിന്തയും ബോധ്യപ്പെട്ട് മതവിശ്വാസികളില്‍ നല്ല പങ്കും നിലപാട് തിരുത്തി. തങ്ങളുടെ മതസ്വാതന്ത്ര്യം കാക്കുന്നതില്‍ മറ്റാരെക്കാളും കമ്മ്യൂണിസ്റ്റുകാരാണ് ഇരട്ടമുഖമില്ലാതെ ഇടപെടുന്നതെന്ന് ഓരോ സംഭവവും തെളിയിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലും സൃഷ്ടിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകാരുടെ പങ്ക് അടുത്തകാലത്തായി കൂടുതല്‍ ബോധ്യപ്പെടുകയാണ്.
വയനാട് ഇപ്പോള്‍ മറ്റേതൊരു ജില്ലയോടും കടപിടിക്കാവുന്ന സാമൂഹിക സാഹചര്യത്തിലേക്ക് നീങ്ങിയതിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കിയ എല്‍ ഡി എഫ് ഗവണ്മെന്റുകളുടെ പങ്ക് ആര്‍ക്കും അവഗണിക്കാനാവില്ല. പഴയ വടക്കേവയനാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതില്‍ കഴിഞ്ഞ തവണ വിജയിച്ച കെ സി കുഞ്ഞിരാമന്റെ ഇടപെടല്‍ ഫലം കണ്ടതായും അണ്ണന്‍ സാക്ഷ്യപ്പെടുത്തുന്നു.
1965ലും 1967ലും ജില്ലയിലെ മൂന്ന് മണ്ഡലങ്ങളും ഇടതുപക്ഷ നേതൃത്വത്തിലുള്ള മുന്നണിയാണ് നേടിയത്. കഴിഞ്ഞ തവണയും ഇതാവര്‍ത്തിച്ചു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കേരളം കണ്ട മികച്ച ഭരണത്തിലൊന്നാണ്. അതിന്റെ മികവ് ഇക്കുറി വയനാട്ടില്‍ പ്രകടമാവുമെന്ന് അണ്ണന്‍ അടിയുറച്ച് വിശ്വസിക്കുന്നു. ആരോഗ്യ സ്ഥിതി അനുവദിച്ചിരുന്നെങ്കില്‍ താനും ഇക്കുറി പ്രചാരണത്തിന് ഇറങ്ങുമായിരുന്നു. എന്നാല്‍ പുറത്തേക്കുള്ള യാത്ര ശരീരം അനുവദിക്കാത്ത സ്ഥിതിയില്‍ താന്‍ തിരഞ്ഞെടുപ്പിലെ നിരീക്ഷകനും മനസുകൊണ്ട് ഇടതുപക്ഷ സഹയാത്രികനുമായി തുടരുകയാണെന്നും അണ്ണന്‍ പറയുന്നു. തന്റെ ആഗ്രഹം കൂടി കണക്കിലെടുത്ത് ഭാര്യയും മക്കളും അവരുടെ കുടുംബവുമെല്ലാം ഇടതുപക്ഷ വിജയത്തിനായി യത്‌നിക്കുന്നവരായതില്‍ അണ്ണന്‍ അഭിമാനം കൊള്ളുന്നു.
ബിജു കിഴക്കേടത്ത് ജനയുഗം 220311
രോഗങ്ങളെ ചെറുത്തുതോല്‍പ്പിക്കാനുള്ള യത്‌നത്തിലാണ് വയനാടിന്റെ പഴയകാല എം എല്‍ എയായ കെ കെ അണ്ണന്‍. വംശീയ വൈദ്യനാണെങ്കിലും എഴുപത്തിനാലാം വയസില്‍ അണ്ണനും രോഗങ്ങള്‍ക്ക് അടിമപ്പെട്ടു. സ്വയം ചികിത്സക്കൊപ്പം മറ്റുള്ളവര്‍ക്കും ചികിത്സ നടത്തുന്നുണ്ട് അണ്ണന്‍. പ്രായം കല്‍പിച്ച അരുതായ്മകള്‍ക്കിടയിലും നാലര പതിറ്റാണ്ട് മുന്‍പത്തെ തിരഞ്ഞെടുപ്പിന്റെ ത്രില്‍ അണ്ണന്റെ മനസില്‍ ജ്വലിച്ചുനില്‍ക്കുന്നു.
ReplyDelete