Thursday, March 24, 2011

മനോരമയ്ക്ക് അഴിമതി എത്ര മഹത്തരം

വായനാക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് രാഷ്ട്രീയമുതലെടുപ്പിന് കളമൊരുക്കുന്ന അസാധാരണ വൈഭവം കാണാം ബുധനാഴ്ചത്തെ മനോരമയില്‍. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നാംപുറത്ത് നിയമോപദേശം നല്‍കുന്ന മനോരമ അകത്തെ പേജില്‍, ജയിലില്‍ കിടന്നുള്ള പിള്ളയുടെ മത്സരശ്രമത്തെ മഹത്വവല്‍ക്കരിക്കാനുള്ള പാഴ്വേലയാണ് നടത്തുന്നത്. ജയിലില്‍ കിടന്ന് മത്സരിച്ച് നിയമസഭാംഗങ്ങളായ കേരളരാഷ്ട്രീയത്തിലെ ലബ്ധപ്രതിഷ്ഠരായ ചില നേതാക്കളോട് താരതമ്യം ചെയ്താണ് പിള്ളയുടെ ശ്രമത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത്. ബേബി ജോണ്‍, സി കണ്ണന്‍, സി വാസുദേവമേനോന്‍ എന്നിവരുടെ ഉദാഹരണമാണ് പത്രം ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍, ഈ താരതമ്യം ശുദ്ധ അസംബന്ധമാണെന്നു മാത്രമല്ല, ചരിത്രത്തോടും നിയമസംവിധാനങ്ങളോടും രാഷ്ട്രീയ ധാര്‍മികതയോടും കാട്ടുന്ന കടുത്ത ധിക്കാരവും കൊഞ്ഞനംകുത്തലുമാണ്. ബേബിജോണും സി യും വാസുദേവമേനോനും കനലും കണ്ണീരും നിറഞ്ഞ രാഷ്ട്രീയത്തിന് ജീവിതം സമര്‍പ്പിച്ചവരായിരുന്നു. ഇവര്‍ മൂവരും ജയിലില്‍ കഴിയേണ്ടി വന്നത് കര്‍ഷകരും തൊഴിലാളികളും അടക്കം പണിയെടുക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ പേരിലായിരുന്നു. സാധാരണക്കാരുടെ ജീവിതദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ ജന്മിഗുണ്ടകളോടും പൊലീസിനോടും അധികാരിവര്‍ഗത്തോടും ഏറ്റുമുട്ടിയവരായിരുന്നു. അതിന്റെയെല്ലാം പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരുമായിരുന്നു. അങ്ങനെ സാമൂഹ്യജീവിതത്തെ പുതുക്കിപ്പണിയാന്‍ സ്വന്തം ജീവിതവും ചോരയും സമര്‍പ്പിച്ച നേതാക്കളെവിടെ, പൊതുഖജനാവ് കൊള്ളയടിച്ചതിന്റെ പേരില്‍ അഴിയെണ്ണുന്ന പിള്ളയെവിടെ?

ഇത് രണ്ടും സമാനമാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിലെ യുക്തിയും വസ്തുനിഷ്ഠതയുമാണ് മനസ്സിലാകാത്തത്. ഇത്തരം യുക്തിരഹിത്യം വായനക്കാരിലെത്തിക്കാന്‍ ബേബിജോണ്‍ പങ്കെടുത്ത ജനകീയസമരത്തെപ്പറ്റിയുള്ള കാര്യങ്ങളും പത്രം നിരത്തുന്നുണ്ട്. 'ചവറ ലഹളക്കേസി'ല്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നപ്പോഴാണ് ബേബി ജോണ്‍ 1951ല്‍ നടന്ന തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചതെന്നാണ് മനോരമ പറയുന്നത്. എന്നാല്‍, ഇത് വസ്തുതാപരമായി ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊല്ലവര്‍ഷം 1124 (1950) ല്‍ നടന്ന 'ഇടവം 12' സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് ബേബി ജോണ്‍ ശിക്ഷിക്കപ്പെടുന്നത്. കൊല്ലം പാര്‍വതി മില്‍ തൊഴിലാളികളുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ചവറയില്‍നിന്ന് പ്രകടനമായി പോകുകയും പ്രകടനത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ കൊല്ലം ടൌണില്‍ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്ത സംഭവമാണ് ഇടവം 12 സമരം. ഈ സമരത്തിലാണ് ബേബി ജോണടക്കമുള്ളവര്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായതും അദ്ദേഹം ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ചതും.

സ്വാതന്ത്ര്യസമരത്തിലെ ഐതിഹാസിക ഏടായ മലബാര്‍ കലാപത്തെ മാപ്പിള ലഹളയെന്നു പറഞ്ഞ് അധിക്ഷേപിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പാത പിന്തുടര്‍ന്ന് മനോരമ ഇടവം 12 സമരത്തെയും ചവറ ലഹളയെന്നു പറഞ്ഞ് താഴ്ത്തിക്കെട്ടാനും ശ്രമിക്കുന്നു. ഈ സമരത്തില്‍ പങ്കെടുത്തവരില്‍ പുത്തേഴത്ത് ഹരിദാസ്, വടക്കുന്നേല്‍ കാര്‍ത്തികേയന്‍ എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്.

ദേശാഭിമാനി 240311

1 comment:

  1. വായനാക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് രാഷ്ട്രീയമുതലെടുപ്പിന് കളമൊരുക്കുന്ന അസാധാരണ വൈഭവം കാണാം ബുധനാഴ്ചത്തെ മനോരമയില്‍. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നാംപുറത്ത് നിയമോപദേശം നല്‍കുന്ന മനോരമ അകത്തെ പേജില്‍, ജയിലില്‍ കിടന്നുള്ള പിള്ളയുടെ മത്സരശ്രമത്തെ മഹത്വവല്‍ക്കരിക്കാനുള്ള പാഴ്വേലയാണ് നടത്തുന്നത്. ജയിലില്‍ കിടന്ന് മത്സരിച്ച് നിയമസഭാംഗങ്ങളായ കേരളരാഷ്ട്രീയത്തിലെ ലബ്ധപ്രതിഷ്ഠരായ ചില നേതാക്കളോട് താരതമ്യം ചെയ്താണ് പിള്ളയുടെ ശ്രമത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത്. ബേബി ജോണ്‍, സി കണ്ണന്‍, സി വാസുദേവമേനോന്‍ എന്നിവരുടെ ഉദാഹരണമാണ് പത്രം ചൂണ്ടിക്കാട്ടുന്നത്.

    ReplyDelete