Thursday, March 24, 2011

യുഡിഎഫിന് രാഷ്ട്രീയ ദാരിദ്ര്യം

കണ്ണൂര്‍:

'തെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന രാഷ്ട്രീയം യുഡിഎഫിനില്ല. ആശയദാരിദ്ര്യം ബാധിച്ച മുന്നണിയായി അത് അധഃപതിച്ചു. അഴിമതിയില്‍ പിടയുന്ന യുഡിഎഫിന് ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസവുമില്ല'- കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റും ദേവസ്വംമന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ദേശാഭിമാനിക്കനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് എന്ന കൂട്ടുകെട്ട് പ്രതിസന്ധിയിലാകും. സീറ്റ് വിഭജനത്തില്‍ തുടങ്ങിയ തര്‍ക്കം തുടരാനാണ് സാധ്യത. രാഷ്ട്രീയ അടിത്തറയും നയവും ഇല്ലാത്ത മുന്നണിക്ക് അധികം മുന്നോട്ടുപോകാനുമാകില്ല. വിവിധ താല്‍പ്പര്യങ്ങള്‍ തമ്മിലടിക്കുന്ന സഖ്യമാണ് യുഡിഎഫ്. ആ മുന്നണിയിലെ പോര് ജനങ്ങള്‍ കാണുന്നുണ്ട്. താല്‍ക്കാലിക നേട്ടത്തിനായുള്ള കൂട്ടുകെട്ട് സംസ്ഥാനത്തിന്റെ ഭാവിക്ക് ആപത്താണ്. നാടിന്റെ ഭദ്രതയും വികസനവും തകരും. യുഡിഎഫ് നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയത് എല്‍ഡിഎഫ് അല്ല. സ്വന്തം പാര്‍ടിക്കാരാണ്. കോണ്‍ഗ്രസും ദുര്‍ബലമാണ്. പാര്‍ടിയിലെ പ്രശ്നങ്ങള്‍പോലും പരിഹരിക്കാനാകുന്നില്ല. മുന്നണിക്ക് മാതൃകയാകേണ്ട കക്ഷി അഴിമതിയിലും ഗ്രൂപ്പുപോരിലും മുങ്ങിക്കുളിച്ചിരിക്കയാണ്. പ്രതിപക്ഷ നേതാവുപോലും സംശയത്തിന്റെ നിഴലിലാണ്. രമേശ് ചെന്നിത്തല മത്സരിക്കുന്നത് കോണ്‍ഗ്രസിലെ അധികാരതര്‍ക്കത്തിന്റെ ഭാഗമാണ്. ഹൈക്കമാന്‍ഡിനുപോലും നിയന്ത്രിക്കാനാകാത്തവിധം പ്രശ്നങ്ങള്‍ വളര്‍ന്നു. അതുകൊണ്ടാണ് സ്ഥാനാര്‍ഥിനിര്‍ണയത്തിലും സീറ്റ് വിഭജനത്തിലും എ കെ ആന്റണി ഇടപെടാതിരുന്നത്.

പ്രതിപക്ഷ സഹകരണം പൂര്‍ണമായി ഉപയോഗപ്പെടുത്തുകയെന്ന ജനാധിപത്യ മര്യാദ എല്‍ഡിഎഫ് കാട്ടി. എന്നാല്‍,കേന്ദ്രത്തില്‍നിന്ന് അര്‍ഹമായ വിഹിതം കിട്ടാത്ത സന്ദര്‍ഭങ്ങളില്‍ യോജിച്ച നീക്കങ്ങള്‍ക്ക് യുഡിഎഫിന്റെ സഹായം ലഭിച്ചില്ല. റേഷനരിയുടെ കാര്യത്തില്‍ ഉള്‍പ്പെടെ ഇവര്‍ താല്‍പ്പര്യം കാണിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അനുഭവത്തിലൂടെ ജനം അറിഞ്ഞതാണ്. ട്രഷറി പൂട്ടേണ്ട അവസ്ഥ ഒരിക്കലും ഉണ്ടായില്ല. തൊഴില്‍സമരങ്ങളില്ലാത്ത അഞ്ചുവര്‍ഷമാണ് കടന്നുപോയത്. അടഞ്ഞുകിടന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ തുറന്ന് ലാഭത്തിലാക്കി. ഒരു അഴിമതി ആരോപണവും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. സാമ്പത്തികമാന്ദ്യത്തില്‍ ലോക ടൂറിസംമേഖല തകര്‍ന്നപ്പോഴും കേരളത്തില്‍ വളര്‍ച്ച നേടാനായി. ക്രമസമാധാനം, ആരോഗ്യം, ഊര്‍ജം, നിക്ഷേപം എന്നീ മേഖലകളില്‍ കേന്ദ്ര അവാര്‍ഡുകള്‍ നേടാന്‍ കേരളത്തിനായത് ഭരണനേട്ടത്തിന്റെ തെളിവാണ്. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നത് ഇടതുപക്ഷം മാത്രമാണ്- കടന്നപ്പള്ളി കൂട്ടിച്ചേര്‍ത്തു.
(പി സുരേശന്‍)

ദേശാഭിമാനി 240311

2 comments:

  1. 'തെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന രാഷ്ട്രീയം യുഡിഎഫിനില്ല. ആശയദാരിദ്ര്യം ബാധിച്ച മുന്നണിയായി അത് അധഃപതിച്ചു. അഴിമതിയില്‍ പിടയുന്ന യുഡിഎഫിന് ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസവുമില്ല'- കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റും ദേവസ്വംമന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ദേശാഭിമാനിക്കനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    ReplyDelete
  2. ഞങ്ങള്‍ക്ക് ലോട്ടറിയും, ലാവലിനും , മൂന്നാറും പിന്നെ കിളിരൂരും!

    ReplyDelete