Thursday, March 17, 2011

ചിദംബരവും അഴഗിരിയും വോട്ടിന് പണം നല്‍കി

കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും രാഷ്ട്രീയ പാര്‍ടികള്‍ വോട്ടിനുവേണ്ടി വ്യാപകമായി പണമൊഴുക്കിയെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ആക്ടിങ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ ഫെഡറിക് ജെ കാപ്ളാന്‍ അമേരിക്കന്‍ വിദേശകാര്യവകുപ്പിനെ ഇക്കാര്യം അറിയിച്ചതായുള്ള വിക്കിലീക്സ് രേഖകള്‍ ദി ഹിന്ദു ദിനപത്രമാണ് പ്രസിദ്ധീകരിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകനും കേന്ദ്രമന്ത്രിയുമായ എം കെ അഴഗിരി, കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം എന്നിവര്‍ തെരഞ്ഞെടുപ്പ് വേളയില്‍ പണം നല്‍കി വോട്ടുപിടിച്ചെന്ന് 2009 മെയ് 13ന് കാപ്ളര്‍ അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

സ്ഥാനാര്‍ഥികള്‍ നേരിട്ട് പണം നല്‍കുന്നതിനുപുറമെ വോട്ടര്‍മാര്‍ക്ക് പണമെത്തിക്കുന്നതിന് മറ്റ് വഴികളും തേടുന്നുണ്ട്. പൊതു കിണര്‍ നിര്‍മാണം തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നു. ദിനപത്രത്തിനകത്ത് കവറിലാക്കിയും പണം വീടുകളിലെത്തിച്ചു. ഗ്രാമപ്രദേശങ്ങളും ചേരി പ്രദേശങ്ങളുമാണ് ഇവര്‍ ലക്ഷ്യമിട്ടത്. തെരഞ്ഞെടുപ്പിന് ഏതാനും ദിവസംമുന്‍പ് ഏജന്റുമാര്‍ പണം ചാക്കിലാക്കി ഗ്രാമങ്ങളിലെത്തി വോട്ടര്‍പട്ടിക നോക്കി ഓരോരുത്തര്‍ക്കും വിതരണം ചെയ്യുകയാണ് പതിവ്. പുലര്‍ച്ചെ രണ്ട് മുതല്‍ നാലുവരെയാണ് പണം വിതരണം. തമിഴ്നാട് ഇതേവരെ ദര്‍ശിക്കാത്ത തരത്തിലുള്ള ക്രമക്കേടാണ് മധുരയില്‍ അഴഗിരി നടത്തിയതെന്നാണ് കാപ്ളര്‍ പറയുന്നത്. 2009ല്‍ തിരുമംഗലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഓരോ വോട്ടര്‍മാര്‍ക്കും 5000 രൂപ വീതം നല്‍കിയെന്ന് അഴഗിരിയുടെ വിശ്വസ്തനും പണം വിതരണത്തിന് ചുക്കാന്‍ പിടിച്ചയാളുമായ പട്ടുരാജന്‍ വെളിപ്പെടുത്തുന്നു. ദിനപത്രത്തിനകത്ത് വച്ചാണ് തുക വോട്ടര്‍മാര്‍ക്ക് എത്തിച്ചത്. പണത്തോടൊപ്പം ഡിഎംകെയുടെ വോട്ടിങ് സ്ളിപ്പും നല്‍കി. 5000 രൂപ വീതം വിതരണം ചെയ്തത് തിരുമംഗലത്തിന്റെ സ്ഥിതിഗതി മാറ്റിമറിച്ചതായി മധുരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കണ്ണന്‍ കോണ്‍സുലേറ്റിനെ അറിയിച്ചതായും പറയുന്നു. നേരത്തെ 500 രൂപയായിരുന്നു പരമാവധി വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന തുകയെന്നും അദ്ദേഹം പറഞ്ഞു.

2009ല്‍ അഴഗിരി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പണവിതരണത്തിന് പരമ്പരാഗതശൈലിയിലേക്ക് തിരിയാന്‍ നിര്‍ബന്ധിതനായെങ്കിലും ദിനപത്രത്തിലൂടെയുള്ള വിതരണം തുടരാനും ആലോചന നടത്തി. മധുരയില്‍ സിപിഐ എം സ്ഥാനാര്‍ഥി പി മോഹനനെയാണ് അഴഗിരി പരാജയപ്പെടുത്തിയത്. പണം വിതരണം ചെയ്ത് ജനാധിപത്യം പൂര്‍ണമായും അട്ടിമറിച്ചാണ് അഴഗിരി വിജയിച്ചതെന്ന് സിപിഐ എം അന്ന് വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

പി ചിദംബരം മത്സരിച്ച ശിവഗംഗയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് മകന്‍ കാര്‍ത്തി ചിദംബരമാണ്. ഗ്രാമങ്ങള്‍ ചിതറിക്കിടക്കുന്നതിനാല്‍ നേരിട്ടുള്ള പണം വിതരണം പ്രായോഗികമായിരുന്നില്ല. എങ്കിലും ചിലര്‍ക്ക് കാര്‍ത്തി പണം നല്‍കിയതായി പേര് വെളിപ്പെടുത്താത്ത തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റ് വെളിപ്പെടുത്തുന്നതായി കോണ്‍സുലേറ്റ് പറയുന്നു. ക്ഷേത്രത്തിനും കമ്യൂണിറ്റി ഹാളിന്റെ നിര്‍മാണത്തിനും എന്ന പേരിലാണ് കാര്‍ത്തി വലിയതോതില്‍ പണം നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് കോണ്‍സുലേറ്റ് സംഘം ആന്ധ്രയിലെ മജ്ലിസ് ഇ ഇത്തെഹാദുല്‍ മുസ്ലിമീന്‍ എംപി അസ്സാദുദ്ദീന്‍ ഒവയ്സിയെ കണ്ടത്. താന്‍ പണം നല്‍കിയത് മറ്റുള്ളവരെ പോലെയല്ലെന്ന് ഒവയ്സി പറഞ്ഞു. കിണര്‍ നിര്‍മിക്കാന്‍ ഒരാള്‍ക്ക് 25,000 രൂപ നല്‍കി. അനാഥ പെകുട്ടിയുടെ വിവാഹത്തിന് 35,000 രൂപ വീതവും ചെലവഴിച്ചു. ഇത് അനധികൃതമല്ലേ എന്ന ചോദ്യത്തിന് ഇതാണ് ജനാധിപത്യത്തിന്റെ മഹത്വമെന്നായിരുന്നു മറുപടിയെന്നാണ് കപ്ളാന്റെ സന്ദേശത്തില്‍ അവകാശപ്പെടുന്നത്.

ദേശാഭിമാനി 170311

No comments:

Post a Comment