Thursday, March 24, 2011

ഇടതുമുന്നണിയുടെ ജനപിന്തുണ വര്‍ധിച്ചു: ബുദ്ധദേവ്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ജനത എട്ടാമത്തെ ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തിലേറ്റുമെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായിരുന്ന രാഷ്ട്രീയസാഹചര്യമല്ല ഇപ്പോഴുള്ളത്. ആ തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്കെതിരെ വോട്ടുചെയ്ത ജനങ്ങളുടെ മനോഭാവത്തില്‍ കാര്യമായ മാറ്റംവന്നു. തൃണമൂലിനെ കൂടുതല്‍ തിരിച്ചറിയാനും അവര്‍ക്ക് കഴിഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ മുസഫര്‍ അഹമ്മദ് ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിബൊര്‍ത്തന്‍(മാറ്റം) എന്ന മുദ്രാവാക്യമാണ് തൃണമൂല്‍ ഉയര്‍ത്തുന്നത്. എന്ത് മാറ്റമാണ് അവര്‍ ആഗ്രഹിക്കുന്നത്? ബംഗാള്‍ കാര്‍ഷികവളര്‍ച്ചയുടെ കാര്യത്തില്‍ ഏറ്റവും മുന്നിലാണ്. സംസ്ഥാനം ഭക്ഷ്യ സ്വയംപര്യാപ്തത നേടി. അത് മാറ്റണോ? ഭൂപരിഷ്കരണത്തിലും ഏറെ മുന്നിലാണ്. ഭൂമിയുടെ കൈവശാവകാശക്കാരില്‍ 80 ശതമാനവും സാധാരണ കര്‍ഷകരാണ്. ഇത് മാറ്റണോ? ന്യൂനപക്ഷ ജനവിഭാഗം സുരക്ഷിതരായി കഴിയുന്നു. പ്രാഥമിക വിദ്യാഭ്യാസപ്രായത്തിലുള്ള 99 ശതമാനം കുട്ടികളും സ്കൂളില്‍ ചേരുന്നു. അശരണരും അസംഘടിതരുമായ തൊഴിലാളികള്‍ക്കും ജനവിഭാഗങ്ങള്‍ക്കും പ്രോവിഡന്റ് ഫണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി. വ്യവസായവികസനം യാഥാര്‍ഥ്യമാക്കി. ഐടി വ്യവസായം വന്‍ കുതിപ്പ് നടത്തി. ഇതൊക്കെയാണോ മാറ്റേണ്ടത്? 34 വര്‍ഷമായി ജനജീവിതത്തിന് ഗുണകരമായി നിലകൊള്ളുന്ന ഈ സംവിധാനങ്ങള്‍ മാറ്റണമെന്നാണോ? മുഖ്യമന്ത്രി ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിനെതിരെ വികാരമില്ല. മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ സ്വപ്നങ്ങളല്ലാതെ തൃണമൂലിന് അധികാരത്തിലെത്താന്‍ ഒരു രാഷ്ട്രീയസാഹചര്യവുമില്ല. ഇടതുമുന്നണി സര്‍ക്കാര്‍ ചില മേഖലകളില്‍ എടുത്തുപറയത്തക്ക നേട്ടങ്ങളുണ്ടാക്കി. അത് ഉയര്‍ത്തിപ്പിടിച്ചാണ് വീണ്ടും ജനവിധി തേടുന്നത്. മാവോയിസ്റ് തീവ്രവാദം അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് ശാന്തമായ ജീവിതാന്തരീഷം ഉണ്ടാക്കാന്‍ മാവോയിസ്റ് തീവ്രവാദത്തെ സഹായിക്കുന്നവരെ തോല്‍പ്പിക്കണം. ഭൂമി ഏറ്റെടുക്കല്‍ തൊട്ടാല്‍പൊള്ളുന്ന വിഷയമാണെന്ന് ഇടതുമുന്നണി തിരിച്ചറിയുകയും സമവായമുണ്ടാക്കി മാത്രമേ ഭൂമി ഏറ്റെടുക്കൂവെന്ന് തീരുമാനിക്കുകയും ചെയ്തു. സിംഗൂര്‍, നന്ദിഗ്രാം പ്രശ്നങ്ങള്‍ക്കുശേഷവും വ്യവസായവികസനത്തിനായി 8100 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. മമത ബാനര്‍ജി റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നില്ല. പകരം ശിലാസ്ഥാപന മഹോത്സവം നടത്തുന്നു. കേരളത്തിലും പശ്ചിമബംഗാളിലും പാര്‍ടിയും ഗവമെന്റുമായി വൈരുധ്യമില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ഇടതുമുന്നണി ജയിച്ചാല്‍ താങ്കള്‍ വീണ്ടും മുഖ്യമന്ത്രിയാകുമോ എന്ന് ചോദിച്ചപ്പോള്‍, പാര്‍ടിയും ഇടതുമുന്നണിയുമാണ് അതൊക്കെ തീരുമാനിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
(വി ജയിന്‍)

ദേശാഭിമാനി 240311

2 comments:

  1. ശ്ചിമബംഗാള്‍ ജനത എട്ടാമത്തെ ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തിലേറ്റുമെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായിരുന്ന രാഷ്ട്രീയസാഹചര്യമല്ല ഇപ്പോഴുള്ളത്. ആ തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്കെതിരെ വോട്ടുചെയ്ത ജനങ്ങളുടെ മനോഭാവത്തില്‍ കാര്യമായ മാറ്റംവന്നു. തൃണമൂലിനെ കൂടുതല്‍ തിരിച്ചറിയാനും അവര്‍ക്ക് കഴിഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ മുസഫര്‍ അഹമ്മദ് ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. പശ്ചിമബംഗാളില്‍ തൃണമൂല്‍കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന എസ്യുസിഐ തെറ്റിപ്പിരിഞ്ഞു. മമതാ ബാനര്‍ജി വഞ്ചിച്ചതിനാലാണ് ബന്ധം ഉപേക്ഷിച്ചതെന്ന് എസ്യുസിഐ സംസ്ഥാന സെക്രട്ടറി പ്രവാസ ഘോഷ് പറഞ്ഞു. ആരുടെയും പിന്തുണയില്ലാതെ തങ്ങള്‍ ജയിച്ചുവരുന്ന രണ്ടു സീറ്റ് മാത്രം നീക്കിവച്ച് തങ്ങളെ അപമാനിക്കുകയാണ് മമത ചെയ്തത്. 22 സീറ്റാണ് ആവശ്യപ്പെട്ടത്. അവസാനം 12 സീറ്റെങ്കിലും തരണമെന്ന് അപേക്ഷിച്ചു. നിരവധി തവണ അഭ്യര്‍ഥിച്ചിട്ടും കാണാന്‍പോലും മമത കൂട്ടാക്കിയില്ല. കേന്ദ്രമന്ത്രിയാകുന്നതുവരെ സൌമ്യമായി പെരുമാറിയിരുന്ന മമത ഇപ്പോള്‍ അഹങ്കാരമാണ് കാണിക്കുന്നത്. 2008ല്‍ തങ്ങളുടെ ഓഫീസില്‍ല്‍എത്തിയാണ് മമത സിപിഐ എമ്മിനെതിരെ പ്രവര്‍ത്തിക്കാന്‍ സഹായം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയും രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും മമത ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ഘോഷ് പറഞ്ഞു. പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജിയും പിസിസി പ്രസിഡന്റ് മനാസ് ഭുനിയയും മത്സരിക്കുന്നന്നമണ്ഡലങ്ങള്‍ ഉള്‍പ്പെടെ 19 ഇടത്ത് സ്ഥാനാഥികളെ നിര്‍ത്തുമെന്നും ഘോഷ് അറിയിച്ചു.

    ReplyDelete